29 March Friday

ദുരിതബാധിതർക്കൊപ്പം സർക്കാരും ജനങ്ങളും

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


സമകാലികചരിത്രത്തിലെ ഏറ്റവും വലിയ കാലവർഷക്കെടുതിയാണ് കേരളം നേരിട്ടുവരുന്നത്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, റോഡുകൾ തകർന്നതുമൂലമുള്ള ഗതാഗാത തടസ്സം, കൃഷിനാശം എന്നിവയൊക്കെയാണ് ജീവിതം താറുമാറാക്കിയത്. പ്രളയം കുടിവെള്ളലഭ്യതപോലും തടസ്സപ്പെടുത്തി.   ഇതിനകം മുപ്പതിലധികംപേർക്ക് ജീവൻ നഷ്ടപ്പെട്ടു.

നൂറുകണക്കിനാളുകൾക്ക് സ്വന്തം ഭൂമിയും വീടും നഷ്ടപ്പെട്ടു.  സ്‌കൂൾ സർട്ടിഫിക്കറ്റ് മുതൽ സ്വത്ത് സംബന്ധിച്ച രേഖകൾവരെ പലർക്കും നഷ്ടമായി. ജീവൻ നിലനിർത്താനുള്ള ശ്രമകരമായ പ്രവർത്തനത്തിനിടയിലാണ് ഇത്തരം വിലപിടിപ്പുള്ള പലതും നഷ്ടമായത്.  സ്വന്തം വീടുവിട്ട‌് സുരക്ഷിതസ്ഥലങ്ങളിലേക്കും സർക്കാർ ഒരുക്കിയ  ക്യാമ്പുകളിലേക്കും താമസം മാറ്റിയ ആയിരങ്ങൾ. കുറച്ചുദിവസംകൂടി ഈ ദുരിത ജീവിതം തുടരാനാണിട. ഇവർക്ക് ആശ്വാസമേകുകയും പുതുജീവിതം കരുപ്പിടിപ്പിക്കാൻ സഹായം നൽകുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. കേന്ദ്രസേനകളുടെയും ദുരന്തനിവാരണ സേനകളുടെയും പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.  മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും  ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമാണ്.  ഭക്ഷണം, വെള്ളം, വസ്ത്രം, ശുചിമുറികൾ തുടങ്ങി അവശ്യംവേണ്ട സൗകര്യങ്ങളൊക്കെ ക്യാമ്പുകളിൽ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്.

വയനാട്ടിലെയുംമറ്റും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ദുരിതബാധിതർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്. എന്തിനേക്കാളും നിങ്ങളുടെ ജീവനാണ് സർക്കാരിന് വലുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ദുരിതബാധിതരോടുള്ള സർക്കാരിന്റെ മനുഷ്യത്വത്തിലൂന്നിയുള്ള നയസമീപനത്തിന്റെ പ്രഖ്യാപനംതന്നെയാണ്. മാനദണ്ഡങ്ങളുടെയുംമറ്റും ചുവപ്പുനാടകളിൽ കുരുങ്ങിനിൽക്കില്ല സഹായമെന്ന പ്രഖ്യാപനംതന്നെയാണത്.  മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക‌് നാലുലക്ഷം രൂപ, വീട് നഷ്ടപ്പെട്ടവർക്ക‌് അത് പുനർനിർമിക്കാൻ നാലുലക്ഷവും ഭൂമി നഷ്ടപ്പെട്ടവർക്ക് ആറുലക്ഷവും വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപയും സർക്കാർ സഹായം വാഗ്ദാനംചെയ്തു.  വീട് ഭാഗികമായി തകർന്നവർക്ക് അതിന്റെ കേടുപാടു തീർക്കാനായി സഹായം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു.  എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തര ആശ്വാസം എന്ന നിലയ‌്ക്ക് 3800 രൂപ നൽകാനും ധാരണയായി.  പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പുതിയവ നൽകുമെന്നും സർക്കാർ അറിയിച്ചു.  സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടവർക്ക് ജില്ലാതലത്തിൽ പ്രത്യേക അദാലത്ത് നടത്തി  പുതിയ രേഖകളുംമറ്റും സൗജന്യമായി നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

തകർന്ന കടകളും വീടുകളും റോഡുകളുംമറ്റും പുനർനിർമിക്കാൻ കോടിക്കണക്കിന് രൂപ വേണം. സർക്കാർമാത്രം വിചാരിച്ചാൽ ഇത്രയും വലിയ തുക ശേഖരിക്കുക അസാധ്യമാണ്. അതിനാൽ സംഘടനകളും വ്യക്തികളും സഹായമെത്തിക്കാൻ മുന്നോട്ടുവരണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് കൈയയച്ച് സഹായം നൽകാൻ എല്ലാവരും തയ്യാറാകണം. ഭരണ‐പ്രതിപക്ഷ വ്യത്യാസമില്ലാതെ ഈ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടാൻ നമുക്ക് കഴിയേണ്ടതുണ്ട്. 

കശ്മീർ: 35എ വകുപ്പ് നീക്കരുത് 
ഭരണഘടനയിലെ 35 എ വകുപ്പിനെ വെല്ലുവിളിച്ച് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജി മുൻനിർത്തി ബിജെപിയും ആർഎസ്എസും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടി വീണ്ടും ഉയർത്തുകയാണിപ്പോൾ.  1954ൽ പ്രസിഡന്റിന്റെ ഉത്തരവിലുടെയാണ് ജമ്മു കശ്മീർ ജനതയുടെ പ്രത്യേക പദവി നിലനിർത്താനായി 35 എ വകുപ്പ് ഉൾചേർക്കുന്നത്. ഇതനുസരിച്ച് ആരാണ് സംസ്ഥാനത്തെ സ്ഥിരം താമസക്കാരൻ എന്ന‌് നിശ്ചയിക്കാൻ ജമ്മു കശ്മീർ നിയമസഭയ‌്ക്കാണ‌് അധികാരം.  സംസ്ഥാനത്തിന്റെ പുറത്തുള്ളവർക്ക് ഇവിടെ സ്ഥിരം താമസക്കാരാകാൻ കഴിയില്ലെന്നർഥം.


പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും കശ്മീർ മുഖ്യമന്ത്രി ഷേഖ‌് അബ്ദുള്ളയും തമ്മിൽ 1952ൽ ഒപ്പുവച്ച ഡൽഹി കരാറനുസരിച്ചാണ് 35 എ വകുപ്പ് ഭരണഘടയിൽ ഉൾപ്പെടുത്തിയത്.  ഭരണഘടനയിലെ 370‐ാം വകുപ്പനസുരിച്ചാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന പ്രസിഡന്റിന്റെ ഉത്തരവ് ഇറക്കിയത്.  ഈ പ്രത്യേക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടത്.  ജമമു കശ്മീർ ജനതയ‌്ക്കുള്ള പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുകയും പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് നിലവിലുള്ള ജനസംഖ്യാനുപാതത്തിൽ മാറ്റംവരുത്തുകയും ചെയ്യുക എന്നത് ഹിന്ദുത്വശക്തികളുടെ എന്നത്തേയും ലക്ഷ്യമാണ്.

സുപ്രീംകോടതിയിൽ 35 എ വകുപ്പിനെ പ്രതിരോധിക്കാൻ അറ്റോർണി ജനറൽ തയ്യാറായില്ല. ഈ വിഷയത്തെക്കുറിച്ച‌് സംവാദമാകാമെന്നാണ് അറ്റോർണി ജനറൽ പറഞ്ഞത്. ഹിന്ദുത്വവാദികൾ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ജമ്മു കശ്മീരിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ത്യയിൽനിന്ന‌് അകന്ന പശ്ചാത്തലത്തിൽ 35എ നിർവീര്യമാക്കാനുള്ള നീക്കം എരിതീയിൽ എണ്ണ ഒഴിക്കലായിരിക്കും.  അസമിൽ ദേശീയ പൗരത്വപട്ടിക വഴിയാണ് വർഗീയവൽക്കരണത്തിനുള്ള ശ്രമമെങ്കിൽ കശ്മീരിൽ അത് 35 എ വകുപ്പ് ഉയർത്തിയാണെന്നുമാത്രം.  ഇത്തരം വർഗീയധ്രുവീകരണശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top