17 April Wednesday

കൈവിടരുത് കടലിന്റെ മക്കളെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2016


കാര്‍ഷികമേഖലയില്‍ ഭൂപരിഷ്കരണം കൊണ്ടുവന്ന് കൃഷിഭൂമി കൃഷിക്കാര്‍ക്ക് വിതരണംചെയ്തതുപോലെ മത്സ്യമേഖലയില്‍ കടലിന്റെ അവകാശം കടലില്‍ മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന സമഗ്ര ജലപരിഷ്കരണ നിയമം ആവിഷ്കരിച്ച് നടപ്പാക്കുമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രിക വാഗ്ദാനംചെയ്യുന്നത്. തീരദേശത്തേക്കും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലേക്കും സര്‍ക്കാരിന്റെ കണ്ണുകള്‍ പതിയുന്നില്ല എന്ന പരാതി പഴക്കമുള്ളതാണ്. കടല്‍ക്ഷോഭം വരുമ്പോഴുള്ള സൌജന്യ റേഷനും ചിലചില പ്രഖ്യാപനങ്ങളുമൊഴിച്ചു നിര്‍ത്തിയാല്‍, അര്‍ഹതപ്പെട്ടതൊന്നും സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നില്ല എന്ന് യുഡിഎഫ് ഭരണകാലത്ത് മത്സ്യത്തൊഴിലാളികള്‍ കക്ഷിഭേദമില്ലാതെ പരാതിപ്പെട്ടതാണ്. അരക്ഷിതജീവിതമാണ് മത്സ്യത്തൊഴിലാളികളുടേത്. ദാരിദ്യ്രവും അനാരോഗ്യകരമായ ചുറ്റുപാടും പ്രകൃതിക്ഷോഭത്തെക്കുറിച്ചുള്ള ഭീതിയും മനുഷ്യന്റെ ദുരിതം കാണാത്ത നിയമങ്ങളുടെ കുരുക്കുമായി സങ്കീര്‍ണമായ അനേകം പ്രശ്നങ്ങളുടെ നടുവിലാണ് മത്സ്യത്തൊഴിലാളികള്‍ ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും. ആ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ക്രിയാത്മക ഇടപെടല്‍ നടത്തിയത് ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളാണ്. 2006ലെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളിമേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്തി. തീരദേശത്തെ ജീവിതനിലവാരം മെച്ചപ്പെടുത്താനും മത്സ്യത്തൊഴിലാളികളുടെയാകെ സാമൂഹികഉന്നമനം യാഥാര്‍ഥ്യമാക്കുന്നതിനും ഉതകുന്ന അത്തരം ഇടപെടലിന്റെ തുടര്‍ച്ച കഴിഞ്ഞ അഞ്ചുവര്‍ഷം ഉണ്ടായില്ല. ആ നില മാറ്റുക എന്ന ലക്ഷ്യമാണ് പ്രകടനപത്രികയില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ചത്.

കേരളത്തിന്റെ തീരദേശത്ത് 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി എട്ടുലക്ഷത്തോളം മത്സ്യത്തൊഴിലാളികളുണ്ട്. ഇവരുടെ പ്രധാന ജീവനോപാധിയും സാമ്പത്തികസുരക്ഷയുടെ അടിസ്ഥാനവും മത്സ്യബന്ധനം തന്നെയാണ്. പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മത്സ്യം സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നെങ്കിലും മത്സ്യത്തൊഴിലാളിസമൂഹത്തിന്റെ ജീവിതനിലവാരം  ശോചനീയമായ നിലയില്‍ത്തന്നെയാണ്. തീരദേശപരിപാലന നിയമത്തിന്റെ സാങ്കേതികത്വം ഈ മേഖലയിലെ സാമൂഹിക അടിസ്ഥാനസൌകര്യ വികസനത്തിന് തടസ്സമായി നിലകൊള്ളുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മത്സ്യബന്ധനമേഖലയ്ക്കും മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും മുന്തിയ പരിഗണന നല്‍കി ഇടപെടുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുടെ രൂപരേഖയാണ് കഴിഞ്ഞദിവസം തലസ്ഥാനത്തെ സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത്. നിലവിലുള്ള അവസ്ഥ ദയനീയമാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. മത്സ്യഉല്‍പ്പാദനരംഗത്ത് സംസ്ഥാനം  കനത്ത തിരിച്ചടി നേരിടുകയാണ്. 2009–10ല്‍ ആകെ ഉല്‍പ്പാദനം 5.70 ലക്ഷം ടണ്‍ മത്സ്യസമ്പത്തായിരുന്നു. 2014–15ല്‍ 5.24 ലക്ഷം ടണ്ണായി കുറഞ്ഞു. അഞ്ചുശതമാനത്തിന്റെ ഇടിവാണുണ്ടായത്്.  കടല്‍മത്സ്യ ഉല്‍പ്പാദനത്തില്‍ കേരളം ഒന്നാംസ്ഥാനത്തായിരുന്നു. ഇപ്പോള്‍ നാലാമതാണ്. ഉള്‍നാടന്‍ മത്സ്യഉല്‍പ്പാദനത്തില്‍ എട്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ അവസ്ഥ മറികടക്കാനുള്ള ക്രിയാത്മക സമീപനം അനിവാര്യമായിരിക്കുന്നു. ആ തിരിച്ചറിവിലേക്കും അതിനായുള്ള കര്‍മപദ്ധതിയുടെ രൂപീകരണത്തിലേക്കും സര്‍ക്കാരും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളി ഫെഡറേഷനെപ്പോലുള്ള സംഘടനകളും മുന്നോട്ടുവരുന്നത് അഭിനന്ദനീയമാണ്.

മത്സ്യബന്ധനോപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിലേക്കുള്ള പ്രവേശന അധികാരം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനും പിടിച്ചുകൊണ്ടുവരുന്ന പച്ചമത്സ്യത്തിന്റെ ആദ്യവില്‍പ്പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക്  നിജപ്പെടുത്തുന്നതിനുമുള്ള നിയമനിര്‍മാണം എത്രയുംവേഗം നടക്കേണ്ടതുണ്ട്്. അതിനൊപ്പം, മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ കാലതാമസമില്ലാതെ പ്രായോഗികതലത്തില്‍ എത്തിക്കാനുള്ള ഇടപെടലും സര്‍ക്കാരില്‍നിന്നുണ്ടാകണം. മത്സ്യമേഖലയിലെ പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിന് എല്ലാവര്‍ക്കും വീട്, സാനിറ്ററി– കക്കൂസ് സൌകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി, ആരോഗ്യകരമായ പരിസരം എന്നിവ ഉറപ്പുവരുത്തുന്നതിന് സമഗ്രമായ തീരദേശപാര്‍പ്പിടപദ്ധതി നടപ്പാക്കുന്നതാണ് അതിലൊന്ന്. ആരോഗ്യ– വിദ്യാഭ്യാസ രംഗങ്ങളില്‍ മത്സ്യമേഖല നേരിടുന്ന പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതുള്‍പ്പെടെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണം. അപകടസാധ്യത കൂടിയ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് അവഗണനയുടെ വര്‍ധിച്ച വീതവും ലഭിക്കുന്നത് എന്ന പരാതി ന്യായമുള്ളതാണ്. അത് മാറ്റിയെടുക്കുന്നതിന് നിരന്തരമായ ഇടപെടലാണ് ആവശ്യം. പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ് എന്നതുപോലെതന്നെ, പരിഹാരപ്രക്രിയയും പ്രയാസമേറിയതാണ്. ക്ഷേമപദ്ധതികള്‍, നിയമനിര്‍മാണം, നിയമഭേദഗതികള്‍, അടിസ്ഥാനസൌകര്യ വികസനം, ദുരിതാശ്വാസം–  ഇങ്ങനെയുള്ള ഇടപെടലുകള്‍ക്കപ്പുറമാണ് ഈ മേഖലയിലെ ആവശ്യകത. അത് നിറവേറ്റാനുള്ള ബഹുമുഖമായ ഇടപെടലിനാണ് സര്‍ക്കാര്‍ തയ്യാറാകുന്നത് എന്നത് പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളിസമൂഹം കാണുന്നത്. ആ പ്രതീക്ഷ ഫലവത്താകാനുള്ള ശ്രദ്ധാപൂര്‍വമായ ചുവടുവയ്പുകള്‍ സര്‍ക്കാരിന്റെ എല്ലാ തലത്തിലും ഉണ്ടാകേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top