24 April Wednesday

മണ്ണും മനസ്സും അറിഞ്ഞ് വ്യവസായ വാണിജ്യനയം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 13, 2017

അടിസ്ഥാനജീവിത ഗുണമേന്മാസൂചികകളില്‍ കേരളത്തിന്റെ സ്ഥാനം ലോകനിലവാരത്തിനൊപ്പം നില്‍ക്കുമ്പോഴും ഉല്‍പ്പാദനമേഖലയിലും തൊഴിലവസരങ്ങളിലും എന്തുകൊണ്ട് പുറകോട്ടടിക്കപ്പെടുന്നു എന്ന ചോദ്യം ഗൌരവപൂര്‍ണമായ പരിഗണന അര്‍ഹിക്കുന്നു. ഉല്‍പ്പാദനവര്‍ധന എന്നലക്ഷ്യം സര്‍വ്വമേഖലയെയും തൊട്ടുനില്‍ക്കുന്ന വിഷയമെന്നനിലയില്‍ സമഗ്രമായ കര്‍മപരിപാടികള്‍ അനിവാര്യമാക്കുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ ഇതര സംസ്ഥാനത്തുനിന്ന് വരുത്തുന്ന പതിവ് മാറ്റി കുറെയെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുകയെന്നത് പുതിയൊരു സംസ്കാരമായി മലയാളി ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് കഴിഞ്ഞ ഒരുവര്‍ഷത്തിനകം കൈക്കൊണ്ട മുന്‍കൈനടപടികള്‍ ഇക്കാര്യത്തില്‍ വലിയ ഫലങ്ങള്‍ ഉളവാക്കി. കാര്‍ഷിക, പരമ്പരാഗത തൊഴില്‍രംഗങ്ങളില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ഇടപെടല്‍ സൃഷ്ടിച്ച ഉണര്‍വ് സംസ്ഥാനത്തെ പുതിയൊരു വികസനപന്ഥാവിലേക്കാണ് നയിക്കുന്നത്. 

അഭ്യസ്തവിദ്യര്‍ക്ക് സ്വദേശത്തുതന്നെ അര്‍ഹമായ തൊഴില്‍ എന്നത് കുറേക്കൂടി സൃഷ്ടിപരതയും ദീര്‍ഘവീക്ഷണവും ആവശ്യപ്പെടുന്ന പ്രവര്‍ത്തനപദ്ധതിയാണ്. ഓരോവര്‍ഷവും സാങ്കേതികപഠനം ഉള്‍പ്പെടെ പൂര്‍ത്തിയാക്കി പുറത്തുവരുന്ന രണ്ടു ലക്ഷത്തിലേറെ വരുന്ന തൊഴില്‍സേനയ്ക്ക് മാന്യമായ ജീവനോപാധി നല്‍കുകയെന്നത് കേരളം നേരിടുന്ന കടുത്ത വെല്ലുവിളിതന്നെയാണ്. സര്‍ക്കാര്‍ എന്ന തൊഴില്‍ദായകന് ഇതില്‍ നിര്‍വഹിക്കാവുന്ന പങ്ക് പരിമിതമാണ്. അപ്പോള്‍പിന്നെ തൊഴില്‍ സൃഷ്ടിക്കുക എന്നതിലുപരി, തൊഴില്‍ദായകരെ സൃഷ്ടിക്കുക എന്നതില്‍ ഊന്നുകയാണ് അഭികാമ്യം. കേരള സര്‍ക്കാരിന്റെ പുതിയ വ്യവസായ വാണിജ്യനയത്തില്‍ പ്രതിഫലിക്കുന്നതും ഈ കാഴ്ചപ്പാട് തന്നെ.

കേരളത്തെ ഒരു നിക്ഷേപകസൌഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് വിലങ്ങുതടികള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍  അതിരുകടന്ന ട്രേഡ് യൂണിയനിസം, അശാസ്ത്രീയമായ പരിസ്ഥിതിമൌലികവാദം, അഴിമതി എന്നൊക്കെയുള്ള പഴയ ഉത്തരങ്ങള്‍തന്നെയായിരിക്കും ലഭിക്കുക. ന്യായമായ തൊഴിലവകാശങ്ങളും  വേതനവും ഭാവിതലമുറയ്ക്കായി പ്രകൃതിയും സംരക്ഷിക്കുക എന്നത് ഒരിടത്തും അവഗണിക്കാവുന്ന കാര്യങ്ങളല്ലെന്നിരിക്കെ എന്തിന് ഇതിന്റെപേരില്‍ കേരളത്തെ അവമതിക്കണം. ട്രേഡ് യുണിയനും പരിസ്ഥിതിശ്രദ്ധയും ന്യുനതകളായല്ല, കേരളത്തിന്റെ മേന്മകളായാണ് പുതിയ നയത്തില്‍ കേരള സര്‍ക്കാര്‍ അടിവരയിടുന്നത്. ഓണ്‍ലൈനിലൂടെ സംരംഭകര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ലൈസന്‍സിങ്ങും മറ്റു കാര്യങ്ങളും നേരിട്ടറിയുന്നതിന് അവസരമുണ്ടാക്കി അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കും. ഏകജാലക ക്ളിയറന്‍സ് സംവിധാനം മെച്ചപ്പെടുത്തും. കേരളത്തെ പരിസ്ഥിതിസൌഹൃദരീതിയില്‍ ശക്തമായ നിക്ഷേപകസംസ്ഥാനമാക്കും, ന്യായമായ വേതനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ വന്‍തോതില്‍ സൃഷ്ടിച്ച് സമഗ്ര സാമ്പത്തിക പുരോഗതി കൈവരിക്കും, രാജ്യത്തെ ആദ്യ പത്ത് മുന്‍നിര സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ ഉയര്‍ത്തും തുടങ്ങിയവയാണ് നയപ്രഖ്യാപനത്തിന്റെ കാതല്‍.

ഇലക്ട്രോണിക്, പ്രതിരോധമേഖല, ടെക്സ്റ്റൈല്‍, വുഡ് പ്രോസസിങ്, ഖനനം, പെട്രോ കെമിക്കല്‍ തുടങ്ങി ആധുനികവും പരമ്പരാഗതവുമായ വ്യവസായങ്ങളില്‍ സംരംഭകര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കി തൊഴിലവസരങ്ങളിലും ഉല്‍പ്പാദനത്തിലും ഒരു കുതിച്ചുചാട്ടംതന്നെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നു.  മണല്‍, കല്ല് , ഇഷ്ടിക തുടങ്ങിയ നിര്‍മാണമേഖലയിലെ അസംസ്കൃതവസ്തുക്കളുടെ ദൌര്‍ലഭ്യവും വിലക്കയറ്റവും അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ സഹായകമാകും. ചെറുകിട വ്യവസായ വാണിജ്യരംഗങ്ങളില്‍ കുറഞ്ഞ നിരക്കില്‍ വായ്പാസൌകര്യത്തിന് സര്‍ക്കാര്‍ മേഖലയില്‍ത്തന്നെ സൌകര്യങ്ങള്‍ ഒരുക്കും.

കുടുംബാന്തരീക്ഷത്തില്‍ത്തന്നെ ചെറുകിട വ്യാവസായിക ഉല്‍പ്പാദനം എന്ന ആശയം കേരളത്തിന്റെ സാമൂഹ്യരംഗത്ത് വന്‍ചലനം ഉളവാക്കുന്നതാകും. വികേന്ദ്രീകൃത ഉല്‍പ്പാദന പരിപാടിയായ ഗാര്‍ഹിക നാനോ സ്ഥാപനങ്ങള്‍ വ്യത്യസ്തമായ ഒരു തൊഴില്‍സംസ്കാരം കേരളത്തിന് സമ്മാനിക്കും. നാശത്തിലേക്ക് കൂപ്പുകുത്തിയ പൊതുമേഖലാസ്ഥാപനങ്ങളില്‍ 13 എണ്ണം ഒരുവര്‍ഷത്തിനകം എല്‍ഡിഎഫ് ഗവണ്‍മെന്റ്  ലാഭത്തിലാക്കിക്കഴിഞ്ഞു.  അവശേഷിക്കുന്നവയെക്കൂടി സമയബന്ധിതമായി പുനരുദ്ധരിക്കുമെന്ന് വ്യവസായനയം ഉറപ്പുനല്‍കുന്നു. മുഴുവന്‍ പൊതുമേഖലയും ലാഭത്തിലാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും.  സ്വന്തം ലാഭം ഉപയോഗിച്ച് ഓരോ പൊതുമേഖലാസ്ഥാപനവും വിപുലീകരിക്കും.  ഒരോ പ്രദേശത്തുനിന്നും അസംസ്കൃത വസ്തുക്കള്‍ ശേഖരിച്ച് താഴെതട്ടില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പ്രേത്സാഹനം നല്‍കും.  അസംസ്കൃതവസ്തുക്കളുടെ വാങ്ങലിനും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കും പൊതുമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും. ബോര്‍ഡുകളില്‍ സാങ്കേതികവിദഗ്ധര്‍ക്കും തൊഴിലാളികള്‍ക്കും പങ്കാളിത്തം നല്‍കും. ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം സ്ഥാപനത്തിന്റെ ലാഭംകൂടി പരിഗണിച്ച് നടപ്പാക്കും. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളും സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയും ചെയ്യും. വ്യവസായ പാര്‍ക്കുകളില്‍ സ്ത്രീ സംരംഭകര്‍ക്കും പ്രവാസികള്‍ക്കും ഏര്‍പ്പെടുത്തിയ സംവരണം മാതൃകാപരമായ  തീരുമാനമാണ്.

തിരുവനന്തപുരത്ത് ലോകോത്തരസൌകര്യങ്ങളോടുകൂടിയ ലൈഫ് സയന്‍സ് പാര്‍ക്ക്, എറണാകുളം ആമ്പല്ലൂരില്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ അതിനൂതന സാങ്കേതികവിദ്യകളോടുകൂടിയ ഇലക്ട്രോണിക് ഇന്‍കുബേറ്റര്‍,  പാലക്കാട്ട് പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഘടകങ്ങള്‍, ഏറോസ്പേസ്, ഇലക്ട്രോണിക്സ് എന്നിവ ലക്ഷ്യമിട്ടുള്ള ഡിഫന്‍സ് പാര്‍ക്ക്, കാക്കനാട്ടില്‍ ഇലക്ട്രോണിക്സ് ഉല്‍പ്പാദന ക്ളസ്റ്റര്‍, ട്രാവന്‍കൂര്‍ സിമെന്റ്സില്‍ ഗ്രേ സിമെന്റ് ഉല്‍പ്പാദനം, വിദേശരാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി നേരിട്ട് ഇറക്കുമതിചെയ്യുന്നതിന് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ തുടങ്ങിയ പുതിയ വ്യവസായനയം മുന്നോട്ടുവയ്ക്കുന്ന മാതൃകാപദ്ധതികളാണ്. സമ്പദ്ഘടനയില്‍ പരിവര്‍ത്തനത്തിന് നാന്ദി കുറിക്കുന്ന ഈ വ്യവസായ വാണിജ്യനയം തൊഴിലുന്മുഖം മാത്രമല്ല, കേരളത്തിന്റെ മണ്ണും മനസ്സും അറിഞ്ഞുകൊണ്ടുള്ളത് കൂടിയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top