23 April Tuesday

ഫ്രാന്‍സിലെ പണിമുടക്ക് നല്‍കുന്ന സന്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2016

യൂറോപ്യന്‍ കപ്പ് ഫുട്ബോളിന്റെ വാര്‍ത്തകള്‍ക്കൊപ്പം ഫ്രാന്‍സിലെ തൊഴിലാളി പണിമുടക്കിന്റെ വാര്‍ത്തകളും മാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ്. സാമ്പത്തിക ഉദാരവല്‍ക്കരണനയ ഭ്രാന്തിന്റെ ഭാഗമായി സോഷ്യലിസ്റ്റ് പാര്‍ടി നേതാവ് ഫ്രാന്‍സ്വ ഓളന്ദ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച തൊഴില്‍നിയമത്തിനെതിരെയാണ് ഫ്രാന്‍സില്‍ പ്രക്ഷോഭം അലയടിക്കുന്നത്. മാര്‍ച്ച് 24നാണ് തൊഴില്‍മന്ത്രി മിറിയം എല്‍ ഖോമ്രി പുതിയ തൊഴില്‍നിയമം കൊണ്ടുവന്നത്. യൂറോപ്പില്‍മാത്രമല്ല, പാശ്ചാത്യലോകത്തുതന്നെ ഏറ്റവും പുരോഗമനപരമെന്ന് വിശേഷിപ്പിക്കുന്ന ഫ്രഞ്ച് തൊഴില്‍സംഹിതയെത്തന്നെ അട്ടിമറിക്കുന്നതാണ് എല്‍ ഖോമ്രി നിയമം. തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് ഫ്രഞ്ച് തൊഴില്‍സംഹിതയെങ്കില്‍,കമ്പനി മുതലാളിമാരുടെ ലാഭക്കൊതിക്ക് ഊന്നല്‍ നല്‍കുന്നതാണ് എല്‍ ഖോമ്രി നിയമം. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യാതെതന്നെ കമ്പനി ഉടമകള്‍ക്ക് യഥേഷ്ടം തൊഴില്‍വ്യവസ്ഥകള്‍ നിശ്ചയിക്കാമെന്നതാണ് നിയമത്തിലെ ഒരു പ്രധാന വ്യവസ്ഥ.  തൊഴിലാളികളുടെ തൊഴില്‍സമയവും മറ്റും യഥേഷ്ടം ഏകപക്ഷീയമായി നിശ്ചയിക്കാന്‍ തൊഴിലുടമയ്ക്ക് ഇനിമുതല്‍ അധികാരമുണ്ടായിരിക്കും. ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലിയെന്നത് 40 മണിക്കൂറായി ഉയര്‍ത്താനും ഓവര്‍ടൈമിന് നിലവിലുള്ള ഉയര്‍ന്ന കൂലിയില്‍ കുറവ് വരുത്താനും നിയമം നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകട്ടെ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിസമയം എന്നത് 60 മണിക്കൂറായി ഉയര്‍ത്താനും നിയമം നിര്‍ദേശിക്കുന്നു. കൂടുതല്‍ അധ്വാനം കുറഞ്ഞ കൂലിയെന്ന മുതലാളിത്തത്തിന്റെ മുദ്രാവാക്യം ഫ്രാന്‍സില്‍ വീണ്ടും യാഥാര്‍ഥ്യമാകുകയാണെന്നര്‍ഥം. മാത്രമല്ല, പുതിയ നിയമമനുസരിച്ച് തൊഴിലുടമയ്ക്ക് തൊഴിലാളിയെ യഥേഷ്ടം പിരിച്ചുവിടാനും ലേ ഓഫ് പ്രഖ്യാപിക്കാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പ്രവര്‍ത്തനക്ഷമത കൂട്ടാനുമാണ് പുതിയ നിയമനിര്‍മാണം എന്നാണ് സര്‍ക്കാരിന്റെ വാദം.  

എന്നാല്‍, മിറിയം എല്‍ ഖോമ്രി കൊണ്ടുവന്ന തൊഴില്‍നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഫ്രാന്‍സില്‍നിന്ന് ഉയര്‍ന്നുവന്നത്. വിപ്ളവങ്ങളുടെയും സമരങ്ങളുടെയും നാടായ ഫ്രാന്‍സില്‍ പുതിയ തൊഴില്‍നിയമത്തിനെതിരെ തൊഴിലാളികളും ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തുവന്നു. തൊഴിലാളിവിരുദ്ധമായ തൊഴില്‍നിയമം പിന്‍വലിക്കണമെന്ന് 70 ശതമാനം ജനങ്ങളും ആവശ്യപ്പെടുന്ന സ്ഥിതി സംജാതമായി. ന്യൂട്ട് ഡിബൌട്ട് (രാത്രിയിലെ നില്‍പ്പുസമരം) എന്ന പേരിലുള്ള പുതിയ സമരരൂപവും ഫ്രാന്‍സില്‍ ഉയര്‍ന്നുവന്നു. പാരീസിലും തുളൂസിലും ലിയോങ്ങിലും മാഴ്സെയിലും രാത്രികാലങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടി നടത്തുന്ന പൊതുസമ്മേളനങ്ങളാണ് ന്യൂട്ട് ഡിബൌട്ട്. അവിടെയെത്തുന്ന ഓരോ ആളും അവരുടെ പ്രതിഷേധം മൈക്കിലൂടെ അറിയിക്കുകയും ചെയ്യും. ഓളന്ദ് സര്‍ക്കാരിന്റെ തൊഴിലാളിവഞ്ചനയ്ക്കെതിരെയുള്ള ജനസഭകളായി ഇവ മാറി. അതോടൊപ്പം ഫ്രാന്‍സിലെ കമ്യൂണിസ്റ്റ് പാര്‍ടി ഉള്‍പ്പെടെയുള്ള ഇടതുപക്ഷപാര്‍ടികളും ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ (സിജിടി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ (സിഎന്‍ടി എഫ്) തുടങ്ങിയ ട്രേഡ്യൂണിയനുകളും പണിമുടക്കുകളും പ്രതിഷേധറാലികളും മറ്റും സംഘടിപ്പിക്കാന്‍ തുടങ്ങി. നിയമം കൊണ്ടുവരുന്നതിനുമുമ്പ് മാര്‍ച്ച് ഒമ്പതിന് നടത്തിയ പണിമുടക്കില്‍ രണ്ടരലക്ഷം തൊഴിലാളികളാണ് പങ്കെടുത്തത്. മാര്‍ച്ച് 31ന് നടത്തിയ പ്രക്ഷോഭത്തില്‍ 10 ലക്ഷത്തോളംപേര്‍ പങ്കെടുത്തു. പണിമുടക്ക് കാരണം അതിവേഗ ട്രെയിന്‍ ഗതാഗതവും വിമാനഗതാഗതവും ഭാഗികമായി നിലച്ചു. പാരീസ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ശുചീകരണപ്രവര്‍ത്തനവും പണിമുടക്ക് കാരണം തടസ്സപ്പെട്ടു. മാഴ്സെയിലേതുള്‍പ്പെടെയുള്ള എണ്ണശുദ്ധീകരണശാലകളുടെയും പകുതിയോളം വരുന്ന ആണവനിലയങ്ങളുടെയും പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. സമരത്തിന് നാള്‍ക്കുനാള്‍ പിന്തുണ വര്‍ധിക്കുന്നതോടെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ പ്രക്ഷോഭം ഒതുക്കാനാണ് പ്രസിഡന്റ് ഓളന്ദും പ്രധാനമന്ത്രി മാന്വല്‍ വാല്ലസും ശ്രമിക്കുന്നത്.  യൂറോ കപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് പാരീസ് ഉള്‍പ്പെടെയുള്ള നഗരങ്ങളെ സുരക്ഷാസേനയെക്കൊണ്ട് നിറച്ചിരിക്കുന്നത്. രണ്ടുലക്ഷത്തിലധികം സുരക്ഷാസേനയെയാണ് വിന്യസിച്ചിട്ടുള്ളത്. സമരം നടത്തുന്നവരുമായി ചര്‍ച്ചയില്ലെന്നും നിരുപാധികം സമരം പിന്‍വലിക്കണമെന്നുമാണ് സര്‍ക്കാരിന്റെ ഭീഷണി. ഫ്രാന്‍സിലെയും ജര്‍മനിയിലെയും ബൂര്‍ഷ്വാ മാധ്യമങ്ങളും സമരത്തിനെതിരെ വിഷംചീറ്റുകയാണ്. ലേ പോയിന്റ് എന്ന ഫ്രഞ്ച് വാരിക സമരക്കാരെ ഐഎസ് തീവ്രവാദികളുമായിപ്പോലും ഉപമിക്കുകയുണ്ടായി. ഭരണവര്‍ഗവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും കോര്‍പറേറ്റുകളും സമരത്തെ ഇകഴ്ത്തുമ്പോഴും സമരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. നവ ഉദാരവല്‍ക്കരണത്തിന് അനുകൂലമായി തൊഴില്‍നിയമങ്ങളില്‍ മാറ്റംവരുത്തുന്നതിനെതിരെ ഫ്രാന്‍സില്‍ പടരുന്ന പ്രക്ഷോഭം, മോഡിസര്‍ക്കാരിനും ഒരു മുന്നറിയിപ്പാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top