26 April Friday

തിളക്കം മങ്ങിയ വിജയം

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019


ആഫ്രിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ദക്ഷിണാഫ്രിക്കയിൽ മെയ് എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ തുടർച്ചയായ ആറാം വിജയം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്(എഎൻസി) നേടി. വർണവിവേചനത്തിനെതിരെ പൊരുതിനിന്ന, നെൽസൺ മണ്ഡേലയുടെയും ബെഞ്ചമിൻ മൊളോയിസിന്റെയും പ്രസ്ഥാനത്തിന് ചില തിരിച്ചടികളൊക്കെ ഉണ്ടായെങ്കിലും ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ‌് ഫലം വ്യക്തമാക്കുന്നു. പാർലമെന്റിലേക്കും ഒമ്പത് പ്രവിശ്യ അസംബ്ലിയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ എഎൻസിക്ക‌് വ്യക്തമായ വിജയം നേടാനായി. 57.5 ശതമാനം വോട്ടും 400 അംഗ ദേശീയ അസംബ്ലിയിൽ 230 സീറ്റും എഎൻസിക്ക് ലഭിച്ചു. ഒമ്പത് പ്രവിശ്യാ അസംബ്ലിയിൽ എട്ടിലും ഭരണം നേടാനും കഴിഞ്ഞു. ഇതോടെ പ്രസിഡന്റ് സിറിൽ റാമഫോസയ‌്ക്ക് അഞ്ച് വർഷംകൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകുമെന്ന് ഉറപ്പായി.

എന്നാൽ, ഈ വിജയത്തിനിടയിലും എഎൻസി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവയ‌്ക്കുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയപ്രസ്ഥാനമാണ് എഎൻസി. കൃത്യമായി പറഞ്ഞാൽ 1912 ലാണ് ഈ വിമോചനപ്രസ്ഥാനത്തിന് തുടക്കമിടുന്നത്. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ തുടക്കമിട്ട അഹിംസാ മാർഗത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഹിംസയായ വർണവിവേചനത്തെ നേരിട്ട പ്രസ്ഥാനമാണിത്. വർണവിവേചനത്തിന് അന്ത്യമിട്ടുകൊണ്ട് കാൽനൂറ്റാണ്ട് മുമ്പാണ് 1994 ൽ നെൽസൺ മണ്ഡേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡന്റാകുന്നത്. അന്നുമുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ 60 ശതമാനം ജനങ്ങളുടെ പിന്തുണ നേടിക്കൊണ്ടാണ് എഎൻസി നേതാക്കൾ ഭരണം നടത്തിയത്. മണ്ഡേലയ‌്ക്കുശേഷം അധികാരത്തിൽ വന്ന താബോ എംബക്കിക്ക് 2004 ലെ തെരഞ്ഞെടുപ്പിൽ 69 ശതമാനം പേരുടെ പിന്തുണപോലും ലഭിക്കുകയുണ്ടായി. എന്നാൽ, കാൽനൂറ്റാണ്ടിനിടയിൽ ആദ്യമായി എഎൻസിയുടെ വോട്ട് 57.50 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനം വോട്ടിന്റെ കുറവാണ് എഎൻസിക്കുണ്ടായത്.

വർണവിവേചനത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളുമായി കൈകോർത്ത് നടത്തിയ പോരാട്ടത്തിന്റെ ബലത്തിലാണ് ഇന്നും എഎൻസി അധികാരത്തിലിരിക്കുന്നത്. എന്നാൽ, പോരാട്ടകാലത്തെ മൂല്യങ്ങളിൽനിന്ന‌് എഎൻസി അകലാൻ തുടങ്ങിയിട്ട് ഏറെയായി. രണ്ടാമത്തെ പ്രസിഡന്റ് താബോ എംബക്കിയാണ് നിയോലിബറലിസം സാമ്പത്തിക അജൻഡയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ദാരിദ്ര്യവും അസമത്വവും വർധിച്ചു. ജനസംഖ്യയിൽ പകുതിയോളം പേർ കടുത്ത ദാരിദ്ര്യത്തിലമർന്നു. ലോകത്തിൽ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നായി ദക്ഷിണാഫ്രിക്ക മാറി. രാജ്യത്തിന്റെ 90 ശതമാനം സമ്പത്തും 65 ശതമാനം വരുമാനവും 10 ശതമാനത്തിന്റെ കൈകളിലായി. മുൻ എഎൻസി നേതാവും പ്രസിഡന്റുമായ ജേക്കബ് സുമയുടെ കാലത്ത് ഭരണം ഏതാനും കോർപറേറ്റുകൾക്കുവേണ്ടിയുള്ള ഭരണമായി അധഃപതിച്ചു. എഎൻസിയുമായി എന്നും സഖ്യത്തിലായിരുന്ന ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടിയടക്കം ഇതിനെതിരെ രംഗത്തുവന്നു. പുതുതലമുറയ‌്ക്ക് എഎൻസിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നതാണ് 18നും 30നും ഇടയിൽ പ്രായമുള്ള 60 ലക്ഷംപേർ ഇക്കുറി വോട്ട് രജിസ്‌റ്റർ ചെയ്യാതിരുന്നത്.

എഎൻസിയിലും അതിന്റെ ട്രേഡ് യൂണിയൻ വിഭാഗത്തിലും പിളർപ്പുണ്ടായി. കറുത്തവരുടെ ശാക്തീകരണം ലക്ഷ്യമിട്ട് ജൂലിയസ് മലേമയുടെ നേതൃത്വത്തിൽ ഇക്കണോമിക്ക് ഫ്രീഡം ഫ്രണ്ട്‌ (ഇഎഫ്എഫ്) എന്ന പ്രസ്ഥാനം രൂപംകൊണ്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നാല് ശതമാനം വോട്ട് വർധിപ്പിച്ച് ഈ പ്രസ്ഥാനം ഇക്കുറി 10.79 ശതമാനം വോട്ടും 44 സീറ്റും നേടി. എഎൻസി വലത്തോട്ടു നീങ്ങുന്നുവെന്ന‌ാരോപിച്ച് ട്രേഡ് യൂണിയൻ പ്രസ്ഥാനമായ കൊസാറ്റുവിലും പിളർപ്പുണ്ടായി. കൂടുതൽ ഇടതുപക്ഷക്കാരെന്ന് അവകാശപ്പെടുന്ന നാഷണൽ യൂണിയൻ ഓഫ് മെറ്റൽ വർക്കേഴ‌്സും സൗത്ത് ആഫ്രിക്കൻ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനും രൂപംകൊണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഇത്തരം പിളർപ്പുകളും പ്രതിച്ഛായാ നഷ്ടവുമാണ് എഎൻസിയുടെ പിന്നോട്ടുപോക്കിന് കാരണം. കഴിഞ്ഞ മെയ്ദിന റാലിയിൽ സംസാരിക്കവെ എഎൻസിയെ കൂടുതൽ ഇടത്തോട്ട് നയിക്കുമെന്നാണ‌് സിറിൽ റാമഫോസ വാഗ്ദാനം ചെയ്തത്. രാജ്യത്തിന്റെ ധനസമൃദ്ധിയിൽ ഒരു പങ്ക് തൊഴിലാളികൾക്ക് നൽകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ വാക്ക‌് പാലിക്കുന്ന പക്ഷം എഎൻസിക്ക‌് വർധിച്ച ജനവിശ്വാസം നിലനിർത്താനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top