26 April Friday

പാമൊലിന്‍ കേസ്: കോടതി ജാഗ്രത തുടരട്ടെ

വെബ് ഡെസ്‌ക്‌Updated: Friday May 13, 2016

പാമൊലിന്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന പച്ചക്കള്ളം പറഞ്ഞ് കേരള സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൌണ്‍സല്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് ഫലത്തില്‍ പ്രതികളുമായി കൂട്ടുചേര്‍ന്നതിന് തുല്യമാണ്. സര്‍ക്കാര്‍ വക്കീല്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന വിചിത്രരംഗമാണ് കോടതിയില്‍ കണ്ടത്. എന്തിനായിരുന്നു ഇത്? ഒരു കള്ളം പറഞ്ഞുനോക്കുക. അതില്‍ വിശ്വസിച്ചും രേഖകള്‍ പരിശോധിക്കാന്‍ നില്‍ക്കാതെയും സുപ്രീംകോടതി കേസ് അവസാനിപ്പിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാമല്ലോ. ഇതായിരുന്നു ചിന്ത.

കേസ് കള്ളക്കളിയിലൂടെ അവസാനിപ്പിക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. കേസ് തുടരണമെന്നും വിചാരണവേളയില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാവുന്നതാണെന്നും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയില്‍ത്തന്നെയുണ്ടായിരുന്ന ഒരു ഡിവിഷന്‍ ബെഞ്ച് നേരത്തെ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്. അതറിയാവുന്ന ഉമ്മന്‍ചാണ്ടി കേസില്‍ വിചാരണ നടക്കാന്‍ പാടില്ല എന്ന് നിശ്ചയിച്ചു. വിചാരണ ഒഴിവാക്കാന്‍ ഹൈക്കോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് കൌണ്‍സലിനെക്കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.

ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വളരെ സൂക്ഷ്മതയോടെ കേസ് രേഖകള്‍ പരിശോധിച്ചതുകൊണ്ട് മാത്രമാണ് സ്റ്റാന്‍ഡിങ് കൌണ്‍സലിന്റെ കള്ളത്തില്‍ തട്ടി കേസ് തീരുന്ന അവസ്ഥ ഒഴിവായത്. കേസ് രേഖകള്‍ പരിശോധിച്ച ജസ്റ്റിസ് ആര്‍ ഭാനുമതി അത്തരമൊരു തിരുത്തല്‍ ഹര്‍ജി സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കൌണ്‍സല്‍ പറഞ്ഞത് കള്ളമാണെന്നും കണ്ടെത്തി. ഹര്‍ജി നമ്പരും വിശദാംശങ്ങളും ഹാജരാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. കൌണ്‍സല്‍ നിന്നുവിയര്‍ത്തു. ഇതോടെയാണ് വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നോ എന്ന് ചീഫ് ജസ്റ്റിസ് പൊട്ടിത്തെറിച്ചത്. ആരുടെ നിര്‍ദേശപ്രകാരമാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്ന ജസ്റ്റിസ് യു യു ലളിതിന്റെ ചോദ്യവും മുകളില്‍നിന്നുള്ള നിര്‍ദേശം എന്ന സ്റ്റാന്‍ഡിങ് കൌണ്‍സലിന്റെ ഉത്തരവും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നുണ്ട്. സ്റ്റാന്‍ഡിങ് കൌണ്‍സല്‍ പറയുന്ന "മുകള്‍'' ഉമ്മന്‍ചാണ്ടിയാണെന്നത് ആര്‍ക്കാണറിയാത്തത്? വിചാരണ നടന്നാല്‍ ഏതു ഘട്ടത്തിലും താന്‍ പ്രതിയാകുമെന്ന് ബോധ്യമുള്ള ഉമ്മന്‍ചാണ്ടി ആ ഘട്ടത്തിലെത്താതെ കേസിന്റെ കഥ കഴിക്കാന്‍ പ്രയോഗിച്ച കുബുദ്ധിയാണത്. പുരാണപ്രസിദ്ധമായ കഥയില്‍ കൃഷ്ണന്‍ ജനിച്ചാല്‍ തന്റെ അന്തകനാകുമെന്നു ഭയന്ന് എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളയാന്‍ കംസന്‍ നിര്‍ദേശിച്ചില്ലേ. അതേപോലൊരു കംസബുദ്ധി! ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനുമുമ്പില്‍ കള്ളം പറഞ്ഞതിന് ഉമ്മന്‍ചാണ്ടിയാണ് സമാധാനം പറയേണ്ടത്.

എന്നും ഉമ്മന്‍ചാണ്ടി ഈ കേസ് ഇല്ലായ്മ ചെയ്യാനുള്ള വ്യഗ്രതയിലായിരുന്നു. കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭാതലത്തില്‍ തീരുമാനിച്ചു. വിചാരണക്കോടതിയില്‍ അതിനുള്ള അപേക്ഷ നല്‍കി. വിചാരണക്കോടതി അത് തള്ളി. ഉടന്‍ ഹൈക്കോടതിയില്‍ അപ്പീലുമായി പോയി. ഹൈക്കോടതി ആ അപ്പീല്‍ തള്ളി. പീന്നീട് പുനഃപരിശോധനാ ഹര്‍ജിയുമായി ചെന്നാല്‍ നല്ല തട്ടുകിട്ടും കോടതിയില്‍നിന്ന് എന്നുറപ്പായിരുന്നു. അത് ഭയന്ന് ആ വഴിക്ക് നീങ്ങാതിരുന്ന സര്‍ക്കാരാണ് പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതായി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ട് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും അത് ചെയ്യാതിരുന്നതിനുള്ള മുടന്തന്‍ ന്യായമായാണ് ഈ കള്ളം സുപ്രീംകോടതി മുമ്പാകെ പറഞ്ഞത്.സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടില്ല എന്നതാണ് സത്യം. കേസിലെ പ്രതി ടി എച്ച് മുസ്തഫയാണ് കോടതിയെ സമീപിച്ചത്. ഇതു ചൂണ്ടിക്കാട്ടപ്പെട്ടതോടെയാണ് സര്‍ക്കാരിന്റെ കള്ളം കൈയോടെ പിടിക്കപ്പെടുന്ന നിലയായത്. അതോടെയാണ് പാമൊലിന്‍ കേസില്‍ വിചാരണ തുടരട്ടെ എന്ന് കോടതി പറഞ്ഞത്; ആരെയും കുറ്റവിമുക്തരാക്കാനാകില്ലെന്ന് കോടതി വിലയിരുത്തിയത്. അങ്ങനെ പാമൊലിന്‍ കേസ് വിചാരണയിലേക്കെത്തുകയാണ്. ഈ വിചാരണവേളയിലാണ് തെളിവുകള്‍ പരിശോധിച്ച് ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കുന്ന കാര്യം പരിഗണിക്കുക. ആ ഭയംമൂലമാണ് ഉമ്മന്‍ചാണ്ടി കള്ളം പറഞ്ഞ് കോടതിയില്‍നിന്ന് വഴുതിമാറാന്‍ നോക്കുന്നത്. കോടതിയാകട്ടെ അതീവ സൂക്ഷ്മതയോടെ അത് കണ്ടുപിടിക്കുകയും ചെയ്തു.

കോടതി എന്നും ഈ കേസിന്റെ കാര്യത്തില്‍ ജാഗ്രത കാട്ടി. അതുകൊണ്ടാണല്ലോ, കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ചത് കുറ്റവാളിസ്ഥാനത്ത് നില്‍ക്കുന്ന ആള്‍ തന്നെയല്ലേ എന്ന് ഒരിക്കല്‍ സുപ്രീംകോടതി ചോദിച്ചത്. അതുകൊണ്ടാണല്ലോ, എഫ്ഐആര്‍ സ്ഥിരീകരിച്ചുകൊണ്ട് പതിനാറരക്കൊല്ലംമുമ്പ്, "സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേസ് പരവതാനിക്കുള്ളില്‍ ഒളിപ്പിക്കാന്‍ അനുവദിക്കില്ല'' എന്ന് ദൃഢസ്വരത്തില്‍ സുപ്രീംകോടതി പറഞ്ഞത്. ഈ ജാഗ്രത തുടരട്ടെ!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top