23 April Tuesday

തെരഞ്ഞെടുപ്പിലെ അരുതായ്‌മകൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019


കക്ഷി രാഷ്ട്രീയത്തിന്റെ കൈകടത്തലുകൾക്കും  താൽപ്പര്യങ്ങൾക്കും അപ്പുറമാണ് ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ സ്ഥാനം.  രാജ്യത്തെ കാത്തുരക്ഷിക്കാൻ നിയോഗിക്കപ്പെട്ട സൈനിക വിഭാഗങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് രാഷ‌്ട്രത്തോടും ഭരണഘടനയോടും ഇന്ത്യൻ സേനയോടും ചെയ്യുന്ന കൊടിയ വഞ്ചനയും അധിക്ഷേപവുമാണ്. അതുകൊണ്ടാണ്, ലോക‌്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി  സേനയെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ  കരസേന, നാവികസേന, വ്യോമസേന മുൻ മേധാവികളടക്കമുള്ള 150 മുതിർന്ന മുൻ സൈനികർക്ക‌്  സർവസൈന്യാധിപനായ രാഷ്ട്രപതിയെ സമീപിക്കേണ്ടിവന്നത്. മുൻ കരസേനാ മേധാവികളായ സുനീത് ഫ്രാൻസിസ് റോഡ്രിഗസ്, ശങ്കർ റോയ് ചൗധരി, ദീപക് കപൂർ, മുൻ നാവികസേനാ മോധവിമാരായിരുന്ന ലക്ഷ‌്മി നാരായൺ രാംദാസ്, വിഷ‌്ണു ഭാഗവത്, അരുൺ പ്രകാശ്, സുരേഷ് മേത്ത, മുൻ വ്യോമസേനാ മേധാവി എൻ സി സൂരി  എന്നിവരുടെ നേതൃത്വത്തിൽ  റിട്ടയേഡ്  സൈനികോദ്യോഗസ്ഥർ കൂട്ടത്തോടെയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ജനാധിപത്യം അപകടത്തിൽപ്പെടുന്നുവെന്ന‌് ആശങ്കപ്പെട്ട‌് സുപ്രീംകോടതി മുറിയിൽനിന്ന് നാല് മുതിർന്ന ന്യായാധിപർ ഇറങ്ങിവന്ന‌് ജനങ്ങളോട് സംസാരിച്ച അത്രതന്നെ ഗൗരവമുള്ള വിഷയമാണിത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ‘മോഡിയുടെ സേന’ എന്നാണ് സൈന്യത്തെ വിശേഷിപ്പിച്ചത്. അത് ചൂണ്ടിക്കാട്ടി,  സൈനിക ഓപ്പറേഷനുകളുടെ വിജയത്തിൽ അവകാശവാദം ഉന്നയിക്കുകയും സായുധസേനയെ മോഡിയുടെ സേന എന്നുവരെ വിളിക്കുകയും ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന്  മുൻ സൈനിക മേധാവികളുടെ നിവേദനത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, സൈനിക യുണിഫോമുകളും വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ  ഫോട്ടോകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെയും നിശിതമായി വിമർശിക്കുന്നതാണ് നിവേദനം. കേന്ദ്ര ഭരണകക്ഷി തന്നെയാണ് ഈ അരുതായ‌്മകൾ നിർലജ്ജം ചെയ‌്തുകൂട്ടുന്നത്. ജനാധിപത്യത്തിന്റെ അന്തഃസത്തയെ മാനിക്കുന്നവരെയാകെ അസ്വസ്ഥരാക്കുന്ന ഈ സംഭവങ്ങൾ അരങ്ങേറുമ്പോൾ തന്നെയാണ് പ്രധാനമന്ത്രിയുടെ ലാത്തൂർ പ്രസംഗം. ബാലാകോട്ട് ആക്രമണം നടത്തിയ ജവാൻമാർക്കും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും കന്നി വോട്ടർമാർ വോട്ട്സമർപ്പിക്കണം എന്നാണ‌് മോഡി പ്രസംഗിച്ചത്.  വേലിതന്നെ വിളവുതിന്നുന്ന അവസ്ഥയാണിത്.

ഇതേസമയംതന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് ബിജെപിയുടെ മറ്റൊരു തട്ടിപ്പുകൂടി സുപ്രീംകോടതിയിൽ പിടിക്കപ്പെട്ടിരിക്കുന്നു. ഇലക‌്ടറൽ ബോണ്ട് വഴി പണം  നൽകിയവരുടെ അടക്കം വിശദാംശങ്ങൾ രാഷ്ട്രീയപാർടികൾ അടുത്തമാസം മുപ്പതിനകം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.  കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രാഷ്ട്രീയ പാർടികൾക്ക് സംഭാവന നൽകുന്നതിന് ഇലക്‌ടറൽ ബോണ്ട് പ്രഖ്യാപിച്ചത്. നിലവിൽ ഉണ്ടായിരുന്ന സംവിധാനമനുസരിച്ച് 2000 രൂപയ‌്ക്ക‌് മുകളിൽ രാഷ്ട്രീയ പാർടികൾക്ക് സംഭവന ചെയ‌്താൽ തെരഞ്ഞെടുപ്പ് കമീഷനും ആദായ നികുതിവകുപ്പിനും വിവരം നൽകണം. ആ നയം അട്ടിമറിച്ചാണ്  ഇലക‌്ടറൽ ബോണ്ട് കൊണ്ടുവന്നത്. ഇതോടെ ഏത് കമ്പനികൾക്കും സംഭാവന നൽകാം.  സംഭാവന നൽകുന്ന കമ്പനികളുടെയോ വ്യക്തികളുടെയോ പേരുവിവരങ്ങളോ എത്ര രൂപ സംഭാവന നൽകി എന്നതോ പരസ്യപ്പെടുത്തുകയില്ല. കള്ളപ്പണംപോലും ഇങ്ങനെ രാഷ്ട്രീയ കക്ഷികളുടെ കൈയിലെത്തും. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയത് ബിജെപിയാണ്. അതിനെതിരെ ശക്തമായ ശബ്ദമുയർത്തിയതും കോടതിയെ സമീപിച്ചതും സിപിഐ എമ്മാണ്.

ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയ അപകടം കോർപറേറ്റ് ഹൗസുകൾ വൻതോതിൽ പണം നൽകുന്നു  എന്നതാണ്. ഇതിന് പകരമായി കോർപറേറ്റുകളുടെ  താൽപ്പര്യം സംരക്ഷിക്കുന്നതിനാണ് ഭരണവർഗവും ശ്രദ്ധിക്കുന്നത്. ഈ കൊടുക്കൽ വാങ്ങൽ സുഗമമാക്കാനാണ്   ഇലക്‌ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർടികൾക്ക് പണം സ്വീകരിക്കാൻ  അവസരം ഒരുക്കിയത്.  ഇത്തരത്തിൽ അനേക കോടികൾ സമാഹരിക്കുന്നതുവഴി രാഷ്ട്രീയ പാർടികളും ഈ കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കുന്നവരായി മാറുന്നു. ഇത് ജനാധിപത്യ സംവിധാനത്തെ  അപായപ്പെടുത്തും.  ജനങ്ങൾക്ക് ഇത്തരം ബോണ്ടുകൾ വഴിയുള്ള ഫണ്ട് ശേഖരത്തെക്കുറിച്ച് അറിയാനവസരമില്ലെങ്കിലും സർക്കാരിന് അറിയാം. അതുകൊണ്ടുതന്നെ മുഴുവൻ കോർപറേറ്റ് ഹൗസുകളും ഭരണകക്ഷിക്കുമാത്രം പണം നൽകുന്ന നിലയാണുള്ളത്. 95  ശതമാനം സംഭാവനകളും ബിജെപിയുടെ ഫണ്ടിലേക്ക് എത്തിക്കുന്നതിന് ഇതിലൂടെ സാധിച്ചിരിക്കുന്നു. 

എല്ലാ തലത്തിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു എന്നാണ‌് ഈ വ്യത്യസ‌്ത സംഭവങ്ങളിൽനിന്ന് വ്യക്തമാകുന്നത്. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളാകെയും തകർക്കാനുള്ള ഒരുക്കമാണ് സംഘപരിവാർ നടത്തുന്നത്. അതിനായി ഏതുമാർഗവും അവർ ഉപയോഗിക്കുന്നു. ഇത്തരം ദുരുപയോഗങ്ങളും ജനാധിപത്യവിരുദ്ധ സമീപനങ്ങളും ശക്തമായി എതിർക്കപ്പെടണം. തെരഞ്ഞെടുപ്പ് കമീഷൻ കർക്കശമായി ഇടപെടുന്നതിനൊപ്പം ഇതിനെതിരെ രാജ്യത്താകെ ജനവികാരം ഉയരേണ്ടതുമുണ്ട്. ആ വികാരമാകണം പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കേണ്ടത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top