20 April Saturday

ട്രംപിന്റെ കുളംകലക്കല്‍ തിരിഞ്ഞുകുത്തുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 13, 2017


മിസൈല്‍ പരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് ഇറാനെതിരെ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയതോടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയുകയാണ്. അമേരിക്കയിലെ ഒബാമ ഭരണകൂടവുമായി ആണവകരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ഇറാനെതിരെ അമേരിക്ക പിന്‍വലിച്ച ഉപരോധമാണ് ഭാഗികമായെങ്കിലും തിരിച്ചുവന്നിരിക്കുന്നത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രധാന ഭീകരരാഷ്ട്രമാണ് ഇറാനെന്നും ട്രംപ് ആരോപിക്കുകയുണ്ടായി. സിറിയയിലും ഇറാഖിലും മറ്റും ഐഎസിനെതിരെ റഷ്യയുമായും മറ്റും ചേര്‍ന്ന് ഇറാന്‍ ശക്തമായി പോരാടുന്ന ഘട്ടത്തിലാണ് ആ പോരാട്ടത്തെ ക്ഷീണിപ്പിക്കുംവിധം ട്രംപിന്റെ തീരുമാനം പുറത്തുവന്നത്. ബുഷിന്റെ കാലത്തെ ഇറാന്‍ നയത്തിലേക്കാണ് അമേരിക്ക ഇപ്പോള്‍ തിരിച്ചുപോകുന്നത്. പശ്ചിമേഷ്യയിലെ സഖ്യശക്തികളായ സൌദി അറേബ്യയെയും ഇസ്രയേലിനെയും തൃപ്തിപ്പെടുത്താനാണ് ട്രംപ് ഇറാനെതിരെ തിരിഞ്ഞിട്ടുള്ളത്.

വഹാബിസത്തെ കയറ്റുമതി ചെയ്യുന്ന സൌദി അറേബ്യയെയും ജൂത ഭീകരവാദത്തിനായി ആയുധമണിഞ്ഞ ഇസ്രയേലിനെയും കൂടെ നിര്‍ത്തി ഭീകരവാദത്തെ ഇല്ലാതാക്കുമെന്ന ട്രംപിന്റെ പ്രസ്താവന പരിഹാസ്യമാണ്. ഇറാനെ കൂടെ നിര്‍ത്താതെ പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്നതും മൌഢ്യമാണ്.

ഇറാനെതിരെയുള്ള ഉപരോധനീക്കത്തിന് അനുകൂലമായല്ല ലോകരാഷ്ട്രങ്ങള്‍ പ്രതികരിച്ചിട്ടുള്ളത്. പ്രത്യേകിച്ച് റഷ്യയും ചൈനയും. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്ക്കോവും വിദേശമന്ത്രി സെര്‍ജി ലാവ്റോവും നടത്തിയ പ്രസ്താവനകള്‍ ട്രംപിന്റെ ഇറാന്‍നയത്തെ റഷ്യ അംഗീകരിക്കുന്നില്ലെന്ന വ്യക്തമായ സൂചനയാണ് നല്‍കിയത്. ഐഎസുമായും അല്‍ നൂസ്ര ഫ്രണ്ടുമായും ഒരു ബന്ധവുമില്ലാത്ത ഇറാനെ ഭീകരരാഷ്ട്രമായി കരുതാനാകില്ലെന്ന് ഇരുവരും വ്യക്തമാക്കി. ട്രംപിന്റെ നടപടി നയതന്ത്ര സാഹസികത്വമാണെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ വിശേഷിപ്പിച്ചു. സിറിയയില്‍ ഭരണമാറ്റമെന്ന പഴയ അജന്‍ഡയിലേക്കുള്ള അമേരിക്കയുടെ പിന്മാറ്റത്തെ ഈ രാഷ്ട്രങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് ഈ പ്രസ്താവനകള്‍ വ്യക്തമക്കി. 

അമേരിക്കയുടെ യഥാര്‍ഥ ലക്ഷ്യം പശ്ചിമേഷ്യയിലെ റഷ്യ- തുര്‍ക്കി- ഇറാന്‍ സഖ്യം തകര്‍ക്കുയാണെന്ന് വ്യക്തം. റഷ്യയും ഇറാനും തമ്മിലുള്ള ബന്ധം തകര്‍ത്ത് തുര്‍ക്കി വീണ്ടും അമേരിക്കന്‍ പക്ഷത്തേക്ക് കൊണ്ടുവരികയെന്ന നയതന്ത്രമാണ് ട്രംപ് ഭരണകൂടം സമര്‍ഥമായി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതും തുര്‍ക്കി പ്രസിഡന്റ് റെസീപ് തയ്യിപ് എര്‍ദോഗനുമായി ട്രംപ് ഫെബ്രുവരി ഏഴിന് ടെലിഫോണ്‍ സംഭാഷണം നടത്തിയതും. നേരത്തെ ട്രംപ് സൌദിയിലെ രാജാവുമായും യുഎഇ രാജകുമാരനുമായും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ജോര്‍ദാനിലെ അബ്ദുള്ള രാജാവുമായി ട്രംപ് നേരിട്ട് ചര്‍ച്ച നടത്തുകയുമുണ്ടായി. സിഐഎ മേധാവി മൈക്ക് പോംപിയോവും എര്‍ദോഗനുമായി ഫെബ്രുവരി ഒമ്പതിന് സംഭാഷണം നടത്തി. അമേരിക്കന്‍ ചാരത്തലവന്റെ ആദ്യ വിദേശ സന്ദര്‍ശനവും തുര്‍ക്കിയിലേക്കയായിരുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് പശ്ചിമേഷ്യയില്‍ ആസൂത്രിതമായ ഒരു നയതന്ത്രനീക്കത്തിനാണ് അമേരിക്കന്‍ ഭരണകൂടം തയ്യാറാകുന്നതെന്നാണ്. അതിന്റെ കാതല്‍ സിറിയയിലെ ഭരണമാറ്റമാണ്. ബാഷര്‍ അല്‍ അസദിന്റെ ഐഎസ് വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇസ്ളാമിക് റവല്യൂഷണറി ഗാര്‍ഡ് കോപ്സിനെ (ഐആര്‍ജിസി) ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നീക്കവും അമേരിക്ക അണിയറയില്‍ നടത്തുന്നുണ്ട്. ഐഎസിനെ ഫലപ്രദമായി ചെറുക്കുന്ന സിറിയന്‍ സേനയ്ക്ക് ഭീകരവാദപട്ടം ചാര്‍ത്തിനല്‍കുന്നത് ഐഎസിനെ സഹായിക്കാനാണെന്നതില്‍ തര്‍ക്കമില്ല. റഷ്യന്‍ പിന്തുണയുള്ള മതനിരപേക്ഷ സിറിയന്‍ ഭരണത്തെ അട്ടിമറിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നര്‍ഥം. ഇതിന് റഷ്യ- തുര്‍ക്കി- ഇറാന്‍ സഖ്യത്തെ തകര്‍ക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ചരടുവലികളാണ് വാഷിങ്ടണില്‍ നടക്കുന്നത്.

റഷ്യക്ക് ഇറാനുമായുള്ള ബന്ധം തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഫോക്സ് ന്യൂസ്’വ്യക്തമാക്കുകയുംചെയ്തു.   സ്വാഭാവികമായും ഈ അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം മറുവശത്തുയരുന്നുണ്ട്. അത് റഷ്യയും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് രൂപംകൊള്ളുന്നത്. പുടിനുമായി അടുത്ത സഹകരണമായിരിക്കും ട്രംപിനുണ്ടാകുകയെന്ന വിശകലനങ്ങള്‍ അസ്ഥാനത്താക്കിക്കൊണ്ടാണ് ഇറാന്‍ വിഷയത്തില്‍ റഷ്യ പ്രതികരിച്ചിട്ടുള്ളത്. മാത്രമല്ല, ട്രംപിസത്തെയും അതിന്റെ ഭാഗമായുള്ള ആക്രമണോത്സുകമായ വിദേശനയത്തെയും യോജിച്ച് നേരിടേണ്ടതുണ്ടെന്ന യാഥാര്‍ഥ്യബോധത്തിലേക്ക് റഷ്യയും ചൈനയും നീങ്ങുകയാണെന്നും വ്യക്തമായ സൂചനകള്‍ ലഭ്യമാണ്. സില്‍ക്പാത നയത്തിന്റെ (വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പോളിസി) ഭാഗമായി ചൈന മേയില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പുടിന്‍ വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ജൂണില്‍ റഷ്യ സന്ദര്‍ശിക്കുകയും ചെയ്യും. അസ്താനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണസംഘടനയുടെ ഉച്ചകോടിയിലും ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവും ചൈനീസ് പ്രധാനമന്ത്രി ലീ കെകിയാങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും ഈ വര്‍ഷം നടക്കുന്നുണ്ട്. മാത്രമല്ല, മൂന്നാംകക്ഷി ഇടപെടലിലൂടെ ദക്ഷിണ ചൈനാ കടല്‍ദ്വീപുകള്‍ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കുന്നതിന് എതിരാണെന്ന് റഷ്യ ആവര്‍ത്തിച്ച് വ്യക്തമാക്കുകയുംചെയ്തു. ഇതെല്ലാം നല്‍കുന്ന സൂചന ആക്രമണോത്സുകമായ വിദേശനയവുമായി ട്രംപ് നീങ്ങുന്ന പക്ഷം റഷ്യയും ചൈനയും അതിനെതിരെ യോജിച്ച് നീങ്ങുമെന്നാണ്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top