25 April Thursday

തരികിട കണക്കുപുസ്തകം

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2016

ജനജീവിതം എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നും നാടിന്റെ വികസനം എങ്ങനെ സാധ്യമാക്കാമെന്നും അവധാനതയോടെ ഭരണാധികാരികള്‍ ചിന്തിച്ച് തയ്യാറാക്കുന്ന ആസൂത്രിത ധനരേഖയാണ് ബജറ്റ്. അത് വെറും ഒരു വരവ്– ചെലവ് കണക്കുപുസ്തകമല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റാകട്ടെ, മേല്‍പ്പറഞ്ഞ വിധത്തിലുള്ള ആസൂത്രിത ധനവിനിയോഗ രേഖ പോയിട്ട് കൃത്യമായ ഒരു വരവ്– ചെലവ് കണക്കുപുസ്തകംപോലും ആകുന്നില്ല. ഒരു തട്ടിക്കൂട്ട് തരികിടരേഖ എന്നുവേണമെങ്കില്‍ പറയാം. 

ജുഡീഷ്യല്‍ കമീഷന്റെ തിണ്ണനിരങ്ങാനും അഴിമതി– തട്ടിപ്പ് കേസുകളിലെ തെളിവ് നശിപ്പിക്കാനും ഒക്കെയല്ലാതെ നാടിന്റെ കാര്യം ശ്രദ്ധിക്കാന്‍ സമയമില്ലാത്ത ഭരണാധികാരികളില്‍നിന്ന് വികസനോന്മുഖ മാതൃകാ ബജറ്റ് പ്രതീക്ഷിക്കുന്നതുതന്നെ അസംബന്ധം

ഏതു ബജറ്റിനെയും പൊതുസമ്പദ്ഘടനയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിയേ കാണാനാകൂ. അങ്ങനെ നോക്കിയാല്‍ ഈ ബജറ്റിന് നിലനില്‍പ്പില്ല. സമ്പദ്ഘടനയനുവദിക്കാത്ത വഴികളിലൂടെയാണത് സഞ്ചരിക്കുന്നത്. ബജറ്റിനെ വരവുചെലവുകള്‍ കൂട്ടിമുട്ടുന്ന വിധത്തിലേ വിഭാവനം ചെയ്യാനാകൂ. എന്നാലിവിടെ വരവില്ലാതെ ചെലവ് പ്രതിപാദിക്കുന്ന ശൈലിയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അപ്രായോഗികമാകുന്നു ഈ ബജറ്റ്. എന്നാല്‍ ധനമൂലധനത്തിന്റെ സര്‍വാധിപത്യം ഉറപ്പിക്കുന്ന ആഗോളവല്‍ക്കരണ നയത്തിന്റെ ചട്ടക്കൂട്ടില്‍ത്തന്നെ ബജറ്റ് ഒതുങ്ങിനില്‍ക്കുന്നു എന്നുറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കൊട്ടിഘോഷിക്കുന്ന ഇളവുകള്‍പോലും ജനങ്ങള്‍ക്ക് ലഭ്യമല്ലാതാകും.

തെരഞ്ഞെടുപ്പ് തൊട്ടുമുമ്പിലെത്തിയെന്നു വന്നപ്പോള്‍ ഉണ്ടായ വെപ്രാളത്തില്‍നിന്ന് ഉടലെടുത്തതാണെന്നുള്ളതുകൊണ്ടുതന്നെ ഒരു പ്രായോഗികതയും ഇതിനില്ല. പ്രായോഗികതയുണ്ടാകണമെങ്കില്‍ പണം കണ്ടെത്താന്‍ കഴിയണം. അധിക വരുമാനമില്ല; വിഭവസമാഹരണമില്ല. പിന്നെങ്ങനെ ബജറ്റ് പ്രായോഗികമാകും? നടപ്പാക്കേണ്ട ചുമതല തങ്ങള്‍ക്കല്ലല്ലോ എന്ന ആശ്വാസത്തോടെ കുറേ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് നടപ്പാക്കാന്‍ വേണ്ടത്ര പണം വകയിരുത്തിയിട്ടില്ല.

അതിഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലാണ് കേരളം. കടഭാരത്തില്‍നിന്ന് സാമ്പത്തിക വളര്‍ച്ച ശരാശരിക്ക് താഴെയായി എന്നതില്‍നിന്നുമൊക്കെ ഇത് വ്യക്തമാണ്. എല്‍ഡിഎഫ് ഭരണകാലത്ത് 7.6 ശതമാനം ആയിരുന്നു കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക്. അത് 6.1 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. ദേശീയ ശരാശരി 7.2 ശതമാനമാണ്. അതിനും താഴെയായി കേരളം. കടമാണെങ്കില്‍ ആറുപതിറ്റാണ്ടുകൊണ്ട് ഉണ്ടായതിനേക്കാള്‍ അധികമായി അഞ്ചുവര്‍ഷംകൊണ്ട്. ഈ പ്രതിസന്ധിയെ നേരിടുന്നതേയില്ല ബജറ്റ്. ഇതിനെ നേരിടാതെ കേരളത്തിന് മുമ്പോട്ടുപോകാനാകില്ല. അതുകൊണ്ടുതന്നെ വിവിധ വകുപ്പുകള്‍ക്ക് നീക്കിവച്ച തുക വര്‍ധിച്ചോ കുറഞ്ഞോ എന്നു നോക്കുന്നതില്‍പ്പോലും അര്‍ഥമില്ല. കുറഞ്ഞാലും കൂടിയാലും ചെലവാക്കാന്‍ പണമില്ല എന്നുവന്നാല്‍ ആ വഴിക്കുള്ള പരിശോധനയ്ക്ക് എന്തര്‍ഥമാണുള്ളത്?

സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകാന്‍ ഒന്നരമാസമേ ബാക്കിയുള്ളൂ. എന്നിട്ടും 2015–16 വാര്‍ഷികപദ്ധതിയുടെ 61 ശതമാനമേ നടപ്പാക്കിയിട്ടുള്ളൂ. 40 ശതമാനത്തോളം വിട്ടുകളഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് ലക്ഷ്യത്തിനപ്പുറത്തേക്കുപോയ പദ്ധതിനിര്‍വഹണം നടന്ന ചരിത്രമാണുള്ളത്. തദ്ദേശഭരണ സമിതികള്‍ക്കുള്ള വിഹിതത്തില്‍ വര്‍ധയുണ്ടോ എന്നുനോക്കിയിട്ടും കാര്യമില്ല. നടപ്പുവര്‍ഷത്തില്‍ ബജറ്റ് വിഹിതം പൂര്‍ണമായി അനുവദിച്ചില്ല. അനുവദിച്ചതുതന്നെ കൈമാറിയില്ല.

പിരിക്കാവുന്ന നികുതി പിരിക്കാതെ വിട്ടതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പിടിപ്പുകേട്. 2011–12 മുതല്‍ 15–16 വരെയായി 1.91 ലക്ഷം കോടി രൂപ പിരിക്കേണ്ടിയിരുന്നു. 1.61 ലക്ഷം കോടിമാത്രം പിരിച്ചു. 30,000 കോടി രൂപ പിരിക്കാതെ വിട്ടു. ഇതത്രയും വമ്പന്മാര്‍ക്ക് കൊടുത്ത ഇളവാണ്. ബജറ്റ് വര്‍ഷത്തെ റവന്യൂ കമ്മി 9897.45 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തേത് 12,000 കോടി കടന്നു എന്നതാണ് യാഥാര്‍ഥ്യം. പുതിയ ബജറ്റിലെ പ്രതീക്ഷിത റവന്യൂ കമ്മി  ബജറ്റില്‍ പുറയുന്നിടത്ത് നില്‍ക്കില്ല. അത് 14,000 കോടി കടക്കും. ഇതാണ് സത്യമെന്നിരിക്കെ ബജറ്റ് കള്ളക്കണക്കുകളില്‍ കെട്ടിപ്പൊക്കിയതാണെന്ന് പറയേണ്ടിവരും.

മേഖലാപരമായ അസന്തുലിതാവസ്ഥ, ജാതിപ്രീണനത്തിലൂടെയുള്ള മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും ഈ ബജറ്റിന്റെ പ്രത്യേകതകളാണ്. കേന്ദ്രസഹായ പദ്ധതികളെ സംസ്ഥാന പദ്ധതികളാക്കി ബജറ്റിലുള്‍പ്പെടുത്തുന്ന തട്ടിപ്പും ഈ ബജറ്റിലുണ്ട്. ജാതിപ്രീണനത്തിലൂടെയും മതവര്‍ഗീയ പ്രീണനത്തിലൂടെയും നീങ്ങുന്ന സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ അത്ഭുതമില്ല. അന്നന്നത്തെ ആഹാരത്തിന് വിഷമിക്കുന്നവരെ ജാതിപറഞ്ഞ് മയക്കിക്കിടത്താം എന്ന മട്ടാണ് സര്‍ക്കാരിന്.

പരമ്പരാഗത വ്യവസായങ്ങള്‍, കാര്‍ഷികമേഖല, വ്യവസായമേഖല, വിദ്യാഭ്യാസമേഖല തുടങ്ങിയവയ്ക്കൊന്നും പുതിയ കാലത്തിനാവശ്യമായ തോതിലുള്ള വകയിരുത്തലില്ല. പൊള്ളയായ പ്രഖ്യാപനങ്ങള്‍ കുത്തിക്കെട്ടിയ അര്‍ഥരഹിതമായ പുസ്തകമാണ് ബജറ്റ്.

കമ്മി ക്രമരഹിതമായി കൂടുന്നു. പ്രഖ്യാപിക്കുന്നതൊന്നും നടപ്പാക്കുന്നില്ല. കടഭാരം താങ്ങാനാകാത്ത അവസ്ഥയിലായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വികസനപദ്ധതികള്‍ക്ക് ആര് വായ്പാസഹായം ചെയ്യും? വിശ്വാസ്യതയില്ലാത്ത സമ്പദ്ഘടനയാണ് കേരളത്തിന്റേത് എന്നുവന്നാല്‍ ആര് സഹായിക്കാന്‍ വരും! എങ്ങനെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കും?

റബര്‍, നാളികേരം, നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനും പരമ്പരാഗത വ്യവസായങ്ങളെ രക്ഷിക്കാനും കാര്യമായ പദ്ധതികളില്ല. നാലു ബജറ്റുകളിലൂടെ നടത്തിയ ജനദ്രോഹത്തിന്റെ പാപക്കറ അഞ്ചാം ബജറ്റിലെ തട്ടിപ്പുവിദ്യയിലൂടെ മറച്ചുപിടിക്കാനുള്ള വ്യര്‍ഥശ്രമമാണ് മുഖ്യമന്ത്രി  ജനത്തെ മയക്കാമെന്ന മട്ടില്‍ നടത്തിയിട്ടുള്ളത്.

ഒരുകാര്യം സ്വാഗതാര്‍ഹമാണ്. 'കേരളസര്‍ക്കാരിന് ഇടയ്ക്കെന്നോ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത' എന്നൊരു പരാമര്‍ശം ബജറ്റ് പ്രസംഗത്തിലുണ്ട്. സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുപോയി എന്ന കുറ്റസമ്മതം സ്വാഗതാര്‍ഹമാണ് എന്നുപറയാതെ വയ്യ. സത്യം അങ്ങനെയെങ്കിലും സമ്മതിച്ചുവല്ലോ.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കേരളവികസനത്തിനും ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ– ജനാശ്വാസ നടപടികള്‍ക്കും ഒരു പദ്ധതികളുമില്ല. ചിലവ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. അവ നടപ്പാക്കാന്‍ പണം എവിടെനിന്നു വരുമെന്നതിനെക്കുറിച്ച് ബജറ്റ് മൌനം പാലിക്കുന്നു. പല പദ്ധതികളും പ്രഖ്യാപിക്കുകയും അത് ഒരു നൂറ്റാണ്ടുകൊണ്ടുപോലും നടപ്പാക്കാന്‍ കഴിയാത്തവിധം അതിതുച്ഛമായ ഫണ്ട് മാത്രം നീക്കിവയ്ക്കുകയുമാണ് ചെയ്തിട്ടുള്ളത്. ബജറ്റ് വിഹിതത്തിന്റെ പിന്തുണയില്ലാത്ത ഈ പദ്ധതികള്‍ കടലാസുപദ്ധതികള്‍ മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കപടവിദ്യയല്ലാതെ മറ്റൊന്നുമല്ല ഇത്. തെരഞ്ഞെടുപ്പ് അടുത്തതിന്റെ വെപ്രാളത്തില്‍നിന്ന് രൂപപ്പെട്ടുവരുന്നതാണ് ഈ കപടവിദ്യ. ഇത് ജനങ്ങള്‍ തിരിച്ചറിയും.

പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് വികസനത്തിലേക്ക് നീങ്ങണമെങ്കില്‍ അതിന് പര്യാപ്തമായ വികസനനയം വേണം. അതിന് ആവശ്യമായ വര്‍ധന മൂലധനച്ചെലവിലുണ്ടാകണം. മൂലധനച്ചെലവില്‍ നാമമാത്രമായ വര്‍ധന മാത്രമാണുള്ളത്. ഇത് പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ വര്‍ധനയേ അല്ല. ഫലത്തില്‍ വികസനമുരടിപ്പാകും ഇതുണ്ടാക്കുക. കേരളത്തെ ഇത് വലിയതോതില്‍ പിന്നോട്ടടിപ്പിക്കും. ഐക്യ കേരളപ്പിറവിക്കുശേഷമുള്ള പതിറ്റാണ്ടുകളില്‍ മൊത്തത്തിലുണ്ടായ കടഭാരത്തേക്കാള്‍ വലുതാണ് യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷങ്ങള്‍കൊണ്ട് വരുത്തിവച്ചത്. ഈ കടത്തിന്റെ പലിശ അടയ്ക്കാനുള്ള വകുപ്പുപോലും ബജറ്റിലില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ യഥാര്‍ഥ സാമ്പത്തികനില ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള ഒരു ധവളപത്രം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് എല്‍ഡിഎഫ് ആലോചിക്കുമെന്ന് ഞങ്ങള്‍ പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top