16 August Tuesday

ഫാസിസത്തിന്റെ അലര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2016

ജനാധിപത്യം എന്നത് അകലെനിന്ന് നോക്കിക്കാണേണ്ട സങ്കല്‍പ്പമല്ലെന്നും രാജ്യത്തിന്റെ ഭരണഘടന ചില്ലുകൂട്ടില്‍ അടച്ചുവയ്ക്കേണ്ട മ്യൂസിയം പീസ് അല്ലെന്നും ആദ്യം മനസ്സിലാക്കേണ്ടത് രാജ്യം ഭരിക്കുന്നവര്‍ തന്നെയാണ്. രാഷ്ട്രത്തിന്റെ ഭരണഘടന അംഗീകരിച്ചുകൊണ്ടേ രാഷ്ട്രീയപാര്‍ടികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. ആ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ പുറംകാലുകൊണ്ട് ചവിട്ടിമാറ്റുന്നവര്‍ നാടുഭരിക്കാന്‍ അയോഗ്യരാണ്. ദൌര്‍ഭാഗ്യവശാല്‍ ബിജെപി എന്ന പാര്‍ടി നിലനില്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയോടോ ജനാധിപത്യത്തോടോ കൂറുള്ളതുകൊണ്ടല്ല- അവരുടെ കൂറ് ആര്‍എസ്എസിനോടാണ്. ആര്‍എസ്എസ് ഫാസിസത്തെ മുറുകെപ്പിടിക്കുന്ന സംഘടനയാണ്. മതേതരത്വം, സ്വാതന്ത്യ്രം, ജനാധിപത്യം എന്നിങ്ങനെയുള്ള ഭരണഘടനാമൂല്യങ്ങളോ  രാജ്യത്തിന്റെ ഫെഡറല്‍ഘടനയോ അല്ല മതാധിഷ്ഠിതമായ സമഗ്രാധിപത്യമാണ് ആ സംഘടനയുടെ അജന്‍ഡ. അതുകൊണ്ടാണ് നേരിട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മറഞ്ഞുനിന്ന് അവര്‍ അധികാരം കൈയാളുന്നത്. ഇന്ത്യക്കാര്‍ എന്തു ഭക്ഷണം കഴിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും ഏതു കഥയും കവിതയും എഴുതണമെന്നും ചരിത്രം എങ്ങനെ വായിക്കണമെന്നും അവര്‍ കല്‍പ്പിക്കുന്നത്. ആര്‍എസ്സിന്റെ ആജ്ഞാനുവര്‍ത്തികള്‍ എന്ന സ്ഥാനവും അധികാരവുമേ ബിജെപിക്കുള്ളൂ. ആര്‍എസ്എസ് തീരുമാനിക്കുന്ന കാര്യങ്ങളേ ബിജെപി ഭരിക്കുന്നിടങ്ങളില്‍ നടപ്പാകൂ- അതിനവര്‍ക്ക് നിയമമോ മര്യാദയോ ജനാധിപത്യ രീതിയോ തടസ്സമാകാറില്ല. ആ പശ്ചാത്തലത്തിലാണ് മധ്യപ്രദേശിലെ ഭോപാലില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അവിടത്തെ പൊലീസ് തടഞ്ഞതിനെ കാണേണ്ടത്.  

ഇന്ത്യന്‍ ഭരണഘടന പൌരന്മാര്‍ക്ക് സഞ്ചാരസ്വാതന്ത്രവും അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യ്രവും കലവറയില്ലാതെ അനുവദിക്കുന്നുണ്ട്. ഭരിക്കുന്ന കക്ഷിക്ക് രാഷ്ട്രീയവിയോജിപ്പുള്ള മുഖ്യമന്ത്രിക്കെന്നല്ല, ഏതു പൌരനും നിയമാനുസൃതം രാജ്യത്തെവിടെയും സഞ്ചരിക്കുകയും സ്വാഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യാം. കേരള മുഖ്യമന്ത്രി ഭോപാലില്‍ പോയത് രാജ്യത്തെ സ്ത്രീകളുടെ കരുത്തന്‍ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യാനും ഭോപാലിലെ മലയാളികളുടെ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് അവരുമായി സംവദിക്കാനുമാണ്. സ്വീകരണ പരിപാടിയില്‍നിന്നാണ് വിലക്കിയത്. പിണറായി അതില്‍ പങ്കെടുക്കാതിരിക്കാന്‍ ആര്‍എസ്എസും പൊലീസും ചേര്‍ന്ന് ആസൂത്രിത നാടകം ആടുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എത്തിയാല്‍ ഔപചാരികമായി കൂടിക്കാഴ്ച നടത്തുക എന്ന മര്യാദയില്‍നിന്നുപോലും പിന്മാറിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനും ഈ ഗൂഢാലോചനയില്‍ ഭാഗഭാക്കായി. 

സ്വീകരണച്ചടങ്ങില്‍നിന്ന് ബിജെപി സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയത് പിണറായി വിജയന്‍ എന്ന വ്യക്തിയെ അല്ല- ഈ നാട്ടിന്റെ അടിസ്ഥാന മൂല്യങ്ങളെത്തന്നെയാണ്. ആര്‍എസ്എസിന്റെ സമഗ്രാധിപത്യ താല്‍പ്പര്യവും ഫാസിസ്റ്റ് പ്രവണതയും കൃത്യമായി തെളിയുന്ന അനുഭവമാണിത്. ഗാന്ധിജി മുതല്‍ കലബുര്‍ഗിവരെയുള്ളവരുടെ കൊലപാതകങ്ങളുടെയും ആയിരങ്ങളെ കൊന്നുതള്ളിയ വര്‍ഗീയ കലാപങ്ങളുടെയും പശുവിന്റെ പേരിലുള്ള അരുംകൊലകളുടെയും തുടര്‍ച്ചയാണ് മറ്റൊരു തരത്തില്‍ ഭോപാലില്‍ അടയാളപ്പെടുത്തിയത്. ഇത് ഫാസിസത്തിന്റെ അലര്‍ച്ചയാണ്. ഔപചാരികമായ ഖേദപ്രകടനത്തിലൂടെ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കൈകഴുകാനുള്ളതോ മുമ്പ് ബിജെപി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടില്ലേ എന്ന ദുര്‍ബലമായ മറുചോദ്യത്തിലുടെ സംസ്ഥാന ബിജെപി നേതൃത്വത്തിന് ന്യായീകരിക്കാനാവുന്നതോ അല്ല വിഷയം.

കേരളീയനെ സംബന്ധിച്ചിടത്തോളം മറ്റൊരു വെല്ലുവിളി കൂടി ഉയരുന്നുണ്ട്്. ലോകത്താകെ പ്രവാസി മലയാളി സമൂഹമുണ്ട്. അവര്‍ കേരളത്തെക്കുറിച്ച് അഭിമാനമുള്ളവരാണ്. സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കുന്നവരാണ്. അവര്‍ ജീവിക്കുന്ന പ്രദേശം ബിജെപി ഭരണത്തിലുള്ളതാണെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുമായി സംവദിക്കാന്‍ അനുവദിക്കില്ല എന്നാണ് ഭോപാല്‍ വിലക്കിലൂടെ സംഘപരിവാര്‍ നല്‍കുന്ന സൂചന. തലച്ചോര്‍ വര്‍ഗീയതയ്ക്ക് പണയംവച്ചിട്ടില്ലാത്ത കേരളീയര്‍ക്ക് ഇത് അംഗീകരിക്കാനാകില്ല. രാജഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍പോലും മലയാളിക്ക് ഇത്തരമൊരു ദുരനുഭവം ചൂണ്ടിക്കാണിക്കാനില്ല എന്നുകൂടി ഓര്‍ക്കണം.

കേരളത്തില്‍ എത്തുന്ന ഒരു മുഖ്യമന്ത്രിക്കും ഇത്തരം ഒരു അനുഭവമുണ്ടാകില്ല. ബിജെപി നേതാക്കളായ അനവധി മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാരും കേരളത്തില്‍ ഈയടുത്ത നാളുകളില്‍തന്നെ പലവട്ടം എത്തിയിട്ടുണ്ട്. ഇവിടത്തെ പൊലീസ് അവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് ചെയ്തത്. രാഷ്ട്രീയമായി ശത്രുപക്ഷത്താണെന്നതുകൊണ്ട് ഇങ്ങോട്ട് വരേണ്ടതില്ല എന്നല്ല പറഞ്ഞത്. കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ പരിസരത്തുവരെ ബിജെപി എംപിമാരുടെ സംഘം കഴിഞ്ഞ മാസങ്ങളില്‍ സന്ദര്‍ശനംനടത്തിയതാണ്. ഒരിടത്തും അവരുടെ സ്വാതന്ത്യ്രം തടയപ്പെട്ടിട്ടില്ല. ഭോപാല്‍ വിലക്കിനെ ന്യായീകരിക്കാന്‍ ഒരു മരുന്നുമില്ല സംഘപരിവാറിന്റെ കൈയില്‍. അതിലുപരി, ഭോപാല്‍ ഒരു വിപല്‍ സൂചനയായി കാണേണ്ടതിന്റെ നിരവധി കാരണങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നുമുണ്ട്. കള്ളം പറഞ്ഞും കൈയൂക്കു കാട്ടിയും അത് മൂടിവയ്ക്കാനാകില്ല. മലയാളിയുടെ മനസ്സുമാത്രമല്ല, ഇന്ത്യക്കാരന്റെമൌലികാവകാശങ്ങളുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യത്താകെ ഇതില്‍ പ്രതികരണം ഉയരേണ്ടതുണ്ട്. പ്രവാസികളായാലും നാട്ടില്‍ ജീവിക്കുന്നവരായാലും മലയാളിക്ക് സ്വതന്ത്രമായി രാഷ്ട്രീയം പറയാനും കേരളത്തിന്റെ പ്രശ്നങ്ങള്‍ ഭരണാധികാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുമുള്ള അവകാശം അലംഘനീയമാണ്. അതില്‍ തൊട്ടുകളിക്കാന്‍ മുതിരുന്നവര്‍ ഏത് സംഘത്തിന്റെ പ്രചാരകാരായാലും ആ കൈ പൊള്ളുകയേ ഉള്ളൂ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുവേണ്ടി സര്‍വശക്തിയും ആര്‍ജിക്കേണ്ടതിന്റെ സൈറണ്‍ കൂടിയാണ് ഭോപാലില്‍നിന്ന് ഉയര്‍ന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതികരണമാണ് ഉണ്ടാകേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top