19 April Friday

വികസനക്കുതിപ്പ് തടയാൻഅനുവദിക്കരുത്

വെബ് ഡെസ്‌ക്‌Updated: Thursday Nov 12, 2020


കേരളത്തിലെ ഇന്നത്തെ ഭരണത്തെ വേറിട്ടുനിർത്തുന്നത് ഇവിടെ നടക്കുന്ന ജനപക്ഷ വികസനമാണ്. ഒരു മഹാപ്രളയവും അടുത്ത വർഷത്തെ പ്രകൃതിക്ഷോഭവും പിന്നാലെവന്ന കോവിഡും മറികടന്ന് ആ വികസനക്കുതിപ്പ് തുടരുകയാണ്. ജനങ്ങൾക്ക്‌ തൊട്ടറിയാവുന്ന വിധം ആ നേട്ടങ്ങൾ കൺമുന്നിലുണ്ട്. ഔദ്യോഗികവും അനൗദ്യോഗികവുമായ ഏജൻസികൾ ആവർത്തിച്ച്  അംഗീകരിച്ച ഈ നേട്ടങ്ങൾ സ്വാഭാവികമായും പ്രതിപക്ഷത്തെ വിഷമിപ്പിക്കുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് എത്തി. നിയമസഭാ തെരഞ്ഞെടുപ്പും അടുക്കുകയാണ്. സർക്കാരിന്റെ വികസനച്ചുവടുകളും അത് നാട്ടിലുണ്ടാക്കിയ മാറ്റങ്ങളും ജനങ്ങൾ തിരിച്ചറിയും എന്ന് പ്രതിപക്ഷം ഭയക്കുന്നു. കേരളത്തിന്റെ സമീപകാല ചരിത്രത്തിലെങ്ങും ഉണ്ടായിട്ടില്ലാത്ത ഒരു ഭരണത്തുടർച്ചയിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അത് നയിക്കുമെന്നും അവർ ആശങ്കപ്പെടുന്നു.

ഇക്കാര്യത്തിൽ പ്രതിപക്ഷത്തിനുണ്ടാകുന്ന അങ്കലാപ്പും സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരിൽ ഈ നേട്ടങ്ങളെയാകെ തകർക്കാൻ ആസൂത്രിതപദ്ധതിയുമായി ഇറങ്ങിയാൽ നേരിട്ടേ തീരൂ. ആദ്യം അപവാദ പുകമറ ഉയർത്തി വികസനനേട്ടങ്ങളെ മറയ്ക്കാനായിരുന്നു ശ്രമം. നയതന്ത്ര ചാനലിലൂടെ കേന്ദ്ര ഏജൻസികളുടെ കണ്ണുവെട്ടിച്ചോ അവരുടെ തുണയോടെയോ നടത്തിയ സ്വർണക്കടത്ത് വിഷയമാക്കി സംസ്ഥാന സർക്കാരിനെ കരിതേയ്‌ക്കാൻ നോക്കി. ആദ്യഘട്ടത്തിൽ കിട്ടിയ വൻ മാധ്യമപിന്തുണയോടെ ഒരു പരിധിവരെ അവർ മുന്നേറി. പക്ഷേ, ഇടപാടിലെ യഥാർഥ പ്രതികളും പുറത്തുവന്നതോടെ ആ നീക്കത്തിന് വിപണിമൂല്യം കുറഞ്ഞു. ആ കേസിന്റെ മറവിൽ ഭരണനേതൃത്വത്തെയാകെ പ്രതിക്കൂട്ടിലാക്കാം എന്ന കണക്കുകൂട്ടൽ തെറ്റി. എങ്കിലും കഥകളും ഉപകഥകളും രചിച്ച് അന്വേഷണ ഏജൻസികളെ  രാഷ്ട്രീയമായി ഇടപെടുത്തി  പല അണിയറനീക്കങ്ങളും നടക്കുകയാണ്‌.

സ്വർണക്കടത്തിന്റെ പേരിലുള്ള നുണവ്യാപാരം അത്ര ഏശാതെ  വന്നപ്പോഴാണ് കൂടുതൽ ആത്മഹത്യാപരമായ നീക്കത്തിലേക്ക് പ്രതിപക്ഷം കടന്നത്. സംസ്ഥാനത്തെ ഇന്ന് മികവിന്റെ നെറുകയിൽ നിർത്തുന്ന മുൻനിര പദ്ധതികളെ താറടിക്കുക എന്ന തന്ത്രത്തിലേക്ക് അവർ തിരിഞ്ഞു. സംസ്ഥാന താൽപ്പര്യംപോലും മറന്ന് ഈ പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തുടങ്ങി.വീടില്ലാത്തവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതി, നാട്ടിലാകെ ഇന്റർനെറ്റ് എത്തിക്കുന്ന കെ ഫോൺ പദ്ധതി, ഇലക്ട്രിക് ബസുകൾ നിർമിക്കാനുള്ള പദ്ധതി തുടങ്ങി ഈ നാടിനെ പല കാതം കുതിക്കാൻ സഹായിക്കുന്ന പദ്ധതികളെ വേട്ടയാടാനായി ശ്രമം. ഈ പദ്ധതികൾ തങ്ങളുടെ രാഷ്ട്രീയഭാവി തകർക്കും എന്ന് കരുതുന്ന പ്രതിപക്ഷത്തെപ്പോലെ തങ്ങളുടെ താൽപ്പര്യങ്ങളെ ഹനിക്കും എന്ന് കരുതുന്ന സ്ഥാപിതശക്തികളും ഒപ്പംകൂടി. അങ്ങനെ ഈ പദ്ധതികളെ ഒന്നൊന്നായി അന്വേഷണവലകളിൽ കുടുക്കി. ബിജെപിയുമായി ചേർന്നുള്ള  ഗൂഢാലോചനയിലൂടെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഈ പദ്ധതികളിലേക്ക് എത്തിച്ചു. യുഡിഎഫ്-–-ബിജെപി നേതാക്കളുടെ ബാലിശമായ പരാതികളുടെപോലും പേരിൽ അന്വേഷണം പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരെ തുടർച്ചയായി വിളിച്ചുവരുത്തി ആത്മവിശ്വാസം തകർത്തു. ഈ ‘കലാ’ പരിപാടി തുടരുകയാണ്.

ഇങ്ങനെ മിക്ക പദ്ധതികളെയും അവതാളത്തിലാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നൂറുകണക്കിന് സ്കൂളുകളിൽ വന്ന മാറ്റവും വിദ്യാഭ്യാസത്തിന് ആകെയുണ്ടായ ഉണർവും പ്രതിപക്ഷത്തെ പരിഭ്രമത്തിലാക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊന്നുകുഴിച്ചുമൂടാൻ ഒരുക്കിയ സ്ഥാപനങ്ങളെയാണ് ഈ സർക്കാർ വീണ്ടെടുത്ത് ജീവൻ നൽകിയത്. ഏറ്റവും പാവപ്പെട്ടവന്റെ കുട്ടിക്കുവരെ മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ വലിയ പരിധിവരെ വിജയിച്ചുനിൽക്കുന്നു. എന്നും വിദ്യാഭ്യാസ കച്ചവടക്കാരായിരുന്നു യുഡിഎഫിന്റെ കൂട്ടാളികൾ. പൊതുവിദ്യാഭ്യാസത്തെ തകർത്തുകൊടുക്കാം എന്ന് അവരിൽനിന്ന് കരാറേറ്റ മട്ടിലാണ് യുഡിഎഫ് സർക്കാർ പെരുമാറിയിരുന്നത്. ആ സമീപനം അവർ തുടരുന്നു. അതുകൊണ്ടുതന്നെ, സാധാരണക്കാരന്റെ കുട്ടിക്ക് ഉയർന്ന നിലവാരത്തിൽ വിദ്യാഭ്യാസം കിട്ടുന്നത് അവർക്ക് തീരെ സഹിക്കില്ല.

എയ്ഡഡ് സ്കൂളുകളെ അടക്കം ലോകനിലവാരത്തിലെത്തിച്ചാണ് സർക്കാർ നീങ്ങുന്നത്. അതിനായി പ്രത്യേക മിഷൻ രൂപീകരിച്ച് 310 സ്കൂളിന്റെ നിർമാണം പൂർത്തിയാക്കി. സ്‌മാർട്ട്‌ ക്ലാസ്‌ റൂം ഉൾപ്പെടെ ഈ സ്കൂളുകളിൽ ഉണ്ട്. ഇതിനുള്ള പണം മുടക്കുന്നതും കരാർ നൽകുന്നതുമെല്ലാം നിയതമായ ചട്ടങ്ങൾക്ക് ഉള്ളിൽനിന്നാണ്. കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ കർക്കശമായ പരിശോധനയ്‌ക്ക് വിധേയമാകുന്ന പദ്ധതിയാണിത്. സിഎജി റിപ്പോർട്ട്‌ നിയമസഭയിലെത്തുമ്പോൾ  പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിയുടെ വിലയിരുത്തലും ഉണ്ടാകും. ഇത്ര സുതാര്യമായ ഒരു ഓഡിറ്റ് നടപടിക്ക് വിധേയമായ  പദ്ധതിയെപ്പോലും ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ടുവന്ന്‌ കുഴപ്പത്തിലാക്കാൻ കഴിയുമോ എന്നാണ്‌ പ്രതിപക്ഷനേതാവും കൂട്ടാളിയായ ബിജെപി സംസ്ഥാന നേതൃത്വവും നോക്കുന്നത്.

ഈ നീക്കങ്ങൾ തടഞ്ഞേ തീരൂ. അത് എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ ജയിക്കാനല്ല;  ഈ നാടിന്റെ മുന്നേറ്റം തടസ്സപ്പെടാതിരിക്കാനാണ്. ബിജെപി–-യുഡിഎഫ് ഗൂഢനീക്കത്തിനെതിരെ ജനങ്ങളെ  അണിനിരത്തുക എന്നത് നാടിന്റെ അടിയന്തരാവശ്യമാണ്. ചൊവ്വാഴ്ച ചേർന്ന എൽഡിഎഫ് യോഗം ഈ വഴിക്ക് ആരംഭിച്ച നീക്കങ്ങൾ സ്വാഗതാർഹമാണ്.  16ന്‌ സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന പ്രതിഷേധം വിജയിപ്പിക്കാൻ കേരളത്തെ സ്നേഹിക്കുന്ന, നാളെയും ഈ നാട് മുന്നോട്ടുതന്നെ  കുതിക്കണം എന്ന് ആഗ്രഹിക്കുന്ന, എല്ലാവരും മുന്നോട്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top