20 April Saturday

മഹാരാഷ്‌ട്രയിൽ ബിജെപിക്ക് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

മഹാരാഷ്ട്രയിൽ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പിഴയ്‌ക്കുകയാണ്. രണ്ടാമതും അധികാരമേറി അഞ്ചുവർഷം ഭരണം നടത്താനുള്ള ബിജെപി മുഖ്യമന്ത്രി ദേവേന്ദ്രേ ഫഡ്നാവിസിന്റെ മോഹം പൊലിഞ്ഞു. എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ ശിവസേന സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയാണ്‌ തെളിയുന്നത്‌. വോട്ടെണ്ണൽ പൂർത്തിയായി 16 ദിവസത്തിനു ശേഷമാണ് ഗവർണർ ഭഗത്‌സിങ് കോശ്‌യാരി ആദ്യം ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. എന്നാൽ, ഗവർണർ അനുവദിച്ച 72 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ ബിജെപി സർക്കാർ രൂപീകരണശ്രമങ്ങളിൽനിന്നും പിന്മാറി. ഗവർണർ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ ശിവസേനയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയും ചെയ്‌തു.

മഹാരാഷ്ട്രയിൽ ബിജെപിയുടെ തന്ത്രം തുടക്കത്തിലേ പിഴച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ടും 42 സീറ്റും നേടിയ ബിജെപി–-ശിവസേന സഖ്യം നിയമസഭയിൽ 220ലധികം സീറ്റ്‌ നേടുമെന്നായിരുന്നു ഫഡ്നാവിസ് അടക്കം അവകാശപ്പെട്ടിരുന്നത്. എന്നാൽ, 161 സീറ്റ്‌ മാത്രമാണ് ഇരുകൂട്ടർക്കുംകൂടി ലഭിച്ചത്. വോട്ടും സീറ്റും കുറഞ്ഞെങ്കിലും സഖ്യത്തിന് ഭരണത്തിൽ വരാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു. അടുത്ത അഞ്ചുവർഷത്തേക്ക് മുഖ്യമന്ത്രിയായി ഫഡ്നാവിസ് തുടരുമെന്ന് പ്രധാനമന്ത്രി മോഡിയടക്കം പ്രഖ്യാപിക്കുകയും ചെയ്‌തു.

എന്നാൽ, മുഖ്യമന്ത്രിപ്പദവിയിൽ തട്ടിയാണ് ഇപ്പോൾ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടത്. ലോക്‌സഭ–-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനേരിടാൻ തയ്യാറായ ഘട്ടത്തിൽത്തന്നെ മുഖ്യമന്ത്രിസ്ഥാനം രണ്ടരവർഷം വീതം പങ്കുവയ്‌ക്കാമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള നേതൃത്വം സമ്മതിച്ചിരുന്നെന്നും അത് മാനിക്കണമെന്നുമായിരുന്നു ശിവസേനയുടെ ആവശ്യം. എന്നാൽ, മുഖ്യമന്ത്രിപ്പദവി ശിവസേനയുമായി പങ്കുവയ്‌ക്കാമെന്ന് ഒരു ഘട്ടത്തിലും ധാരണയുണ്ടായിട്ടില്ലെന്നാണ് ഫഡ്നാവിസിന്റെ അവകാശവാദം. ഫഡ്നാവിസിൽനിന്ന്‌ ഇത്തരമൊരു വഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പച്ചക്കള്ളമാണ് പറയുന്നതെന്നും ശിവസേനാ മേധാവി ഉദ്ധവ് താക്കറേ തിരിച്ചടിക്കുകയും ചെയ്‌തു. ഇതോടെയാണ് വീണ്ടും മുഖ്യമന്ത്രിയാകാമെന്ന മോഹം ഫഡ്നാവിസിന് ഉപേക്ഷിക്കേണ്ടിവന്നത്. ജനവിധിക്കെതിരെ ശിവസേന നിലകൊണ്ടതാണ് ബിജെപി സർക്കാർ രൂപീകരണത്തിനു തടസ്സമായതെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. എന്നാൽ, പ്രതിപക്ഷത്തിരുന്നാലും ശിവസേനയ്‌ക്ക് മുഖ്യമന്ത്രിപ്പദവി നൽകില്ലെന്ന ബിജെപിയുടെ ദുർവാശിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ശിവസേനയുടെ വാദം. 

അയോധ്യയിൽ തർക്കസ്ഥലത്ത് ക്ഷേത്രം നിർമിക്കാൻ അനുവാദം ലഭിച്ച് ഹിന്ദുത്വശക്തികൾ വലിയ വിജയം ആഘോഷിക്കുമ്പോൾ തന്നെയാണ് മഹാരാഷ്ട്രയിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടതും എൻഡിഎ എന്ന മുന്നണി തകർന്നതും. ആർഎസ്എസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന മഹാരാഷ്ട്രയിൽ നിന്നുതന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി ലഭിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ എൻഡിഎ തകർന്നുവെന്നു പറഞ്ഞാൽ അത് ഹിന്ദുത്വശക്തികൾക്ക് ഏൽപ്പിക്കുന്ന പരിക്ക് ചെറുതല്ല. കാൽനൂറ്റാണ്ടുകാലത്തെ സഖ്യമാണത്. ബിജെപിയുമായി മറ്റു രാഷ്ട്രീയകക്ഷികൾ സഖ്യത്തിനു വിസമ്മതിച്ച കാലത്താണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ തന്നെ വക്താക്കളായി രംഗത്തുവന്ന ശിവസേന മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യത്തിനു തയ്യാറായത്. ആ സഖ്യമാണ് ഇപ്പോൾ തകരുന്നത്.

ശിവസേനയ്‌ക്ക് പിന്തുണ നൽകണമെങ്കിൽ അവർ എൻഡിഎ വിടണമെന്ന നിർദേശം എൻസിപി നേതാവായ ശരദ് പവാറാണ് മുന്നോട്ടുവച്ചത്‌. ഏതായാലും മോഡി മന്ത്രിസഭയിലെ ഏക ശിവസേനാംഗം അരവിന്ദ് സാവന്ത് രാജിവച്ചതോടെയാണ് ശിവസേന എൻഡിഎയുമായി ബന്ധം വിടർത്തിയത്. ശിവസേന സർക്കാർ രൂപീകരിക്കുന്നപക്ഷം റിപ്പബ്ലിക്കൻ പാർടി (എ) തുടങ്ങിയ ചെറുകക്ഷികളും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ശിവസേനയ്‌ക്കൊപ്പം ചേരുമെന്നുറപ്പാണ്.

അതായത് മഹാരാഷ്ട്രയിൽ ബിജെപിയുടെ ഒറ്റപ്പെടലിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമല്ല പ്രതിപക്ഷത്തെ ഇല്ലാതാക്കുകയെന്ന മോഡി–-ഷാ ദ്വന്ദത്തിന്റെ തന്ത്രത്തിനാണ് മഹാരാഷ്ട്രയിൽ തിരിച്ചടിയേൽക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷികൾക്ക് ഗോവയിലും മണിപ്പൂരിലും സർക്കാർ ഉണ്ടാക്കാനുള്ള അവസരം നിഷേധിച്ചവർക്ക് മഹാരാഷ്ട്രയിലും ആ അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. ചരിത്രം ബിജെപിക്ക് കാത്തുവച്ച പ്രതികാരംകൂടിയാണിത്. എന്നാൽ, ശിവസേനയുമായി കോൺഗ്രസ്–-എൻസിപി സഖ്യം രൂപീകരിച്ചാൽ  അതത്രകാലം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top