25 April Thursday

അന്ധവിശ്വാസങ്ങൾ നരബലിയിലേക്കെത്തുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 12, 2022


അന്ധവിശ്വാസം മനുഷ്യനെ  എത്രത്തോളം നീചനും മനസ്സാക്ഷി മരവിച്ചുപോയ ക്രിമിനലുമാക്കി മാറ്റുന്നുവെന്നതിന്റെ രക്തം മരവിച്ചുപോകുന്ന ഉദാഹരണമാണ്‌ പത്തനംതിട്ട ഇലന്തൂരിലെ ഇരട്ടക്കൊല. എറണാകുളം ജില്ലയിലെ പൊന്നുരുന്നിയിൽനിന്നും കാലടിയിൽനിന്നും കാണാതായ മധ്യവയസ്സുള്ള രണ്ടു സ്‌ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ  പാരമ്പര്യ വൈദ്യന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയിരിക്കുന്നു. അറസ്റ്റിലായ ഇലന്തൂർ സ്വദേശി  വൈദ്യൻ ഭഗവൽ സിങ്‌, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി മുഹമ്മദ്‌ ഷാഫി എന്ന റഷീദ്‌ എന്നീ പ്രതികളെ വിശദമായി  ചോദ്യംചെയ്‌താൽ മാത്രമേ ഈ നിഷ്‌ഠുര കൃത്യത്തിന്റെ കൂടുതൽ വിവരം ലഭിക്കൂ. മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചതിൽനിന്ന്‌  സ്‌ത്രീകളെ കഴുത്തറുത്തു കൊന്നതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.  അതുകൊണ്ടുതന്നെ നരബലി നടന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ്‌ അന്വേഷണോദ്യോഗസ്ഥർ.

കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്‌ ഇത്‌. ദേവപ്രീതിക്കായും ഐശ്വര്യലബ്ധിക്കായും മനുഷ്യരെ മനുഷ്യർ കൊല്ലുന്ന പ്രാചീനകാലത്തെ ദുരാചാരം ഈ ആധുനികയുഗത്തിൽ  ഇവിടെയും നടന്നിരിക്കുന്നു. കേരളത്തിൽ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന്‌ നമ്മൾ ആശ്വസിക്കാറുമുണ്ട്‌. എന്നാൽ, ഇലന്തൂരിലെ ഇരട്ടക്കൊലയുടെ വാർത്ത കേട്ട്‌  സംസ്ഥാനം അക്ഷരാർഥത്തിൽ നടുങ്ങി. പരിഷ്‌കൃതസമൂഹത്തിന്‌ ചിന്തിക്കാൻ കഴിയാത്ത നീചകൃത്യമാണ്‌ ഇത്‌.  സാക്ഷരതയിലും ശാസ്‌ത്രീയ ചിന്തയിലും ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ അന്ധവിശ്വാസത്തിന്റെ മാറാപ്പുമായി വലിയൊരു വിഭാഗം  ജീവിക്കുന്നുണ്ടെന്ന വസ്‌തുത ലജ്ജയോടെ മാത്രമേ ആധുനികസമൂഹത്തിന്‌ കാണാനാകൂ.

രോഗഗ്രസ്‌തമായ  മനഃസാക്ഷിയുള്ളവർക്കുമാത്രം ചെയ്യാനാകുന്ന കൃത്യമാണ്‌ ഇത്‌. അന്ധവിശ്വാസത്തെ തൃപ്‌തിപ്പെടുത്താനും ദുരാചാരങ്ങൾ  സംരക്ഷിക്കാനുമുള്ള ആഭിചാരക്രിയകൾ ധനാർത്തി ശമിപ്പിക്കാൻ കൂടിയുള്ളതാണെന്ന  വിവരം പ്രതികളുടെ മൊഴിയിൽ വ്യക്തമാണ്‌. ഈ ഹീനകൃത്യത്തിൽ  ഭാഗമായ എല്ലാ ക്രിമിനലുകളെയും കണ്ടെത്തി കർശനമായി ശിക്ഷിച്ചേ തീരൂ. 

പല സുപ്രധാന കേസുകളും മാതൃകാപരമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ കേരള പൊലീസിന്റെ ജാഗ്രതകൂടിയാണ്‌ ഈ സംഭവത്തിൽ പ്രതിഫലിക്കുന്നത്‌.  ഒരു സ്‌ത്രീയെ കാണാതായ കേസിന്റെ അന്വേഷണമാണ്‌ അവരടക്കം രണ്ടു പേരെ കൊലപ്പെടുത്തിയതാണെന്ന്‌ കണ്ടെത്താൻ സഹായിച്ചത്‌. എല്ലാ പ്രതികളെയും അറസ്റ്റുചെയ്‌ത്‌ പൊലീസ്‌  വാർത്ത വെളിപ്പെടുത്തുംവരെ മാധ്യമങ്ങളും പൊതുസമൂഹവും  അറിഞ്ഞില്ലെന്നത് പൊലീസിന്റെ അന്വേഷണമികവിന്റെ ഉദാഹരണമാണ്. അതിനീചമായ കുറ്റം ചെയ്യുകയും സമൂഹത്തെ കബളിപ്പിച്ച്‌ മാന്യതയോടെ ജീവിക്കുകയും ചെയ്‌ത ക്രിമിനലുകളെയാണ്‌ പൊലീസ്‌ നിയമത്തിനു മുന്നിൽ കൊണ്ടുവന്നത്‌.  കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം  പ്രതീക്ഷാനിർഭരമാണ്‌.  

ശാസ്‌ത്രചിന്തയെ നിരാകരിച്ചുകൊണ്ട്‌ അന്ധവിശ്വാസങ്ങൾ നമ്മുടെ സംവാദമണ്ഡലത്തിലേക്ക്‌ തള്ളിക്കയറ്റുന്നവർക്ക്‌ ഇത്തരം ദുഷ്‌പ്രവണത വർധിപ്പിക്കുന്നതിൽ  പ്രധാന പങ്കുണ്ട്‌. അന്ധവിശ്വാസം ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക്‌  ജീവിതം സമർപ്പിച്ചതിന്‌ ഡോ. നരേന്ദ്ര ധാബോൽക്കർ അടക്കമുള്ള പൊതുപ്രവർത്തകരെ ഹിന്ദുത്വശക്തികൾ വെടിവച്ചുകൊന്ന സംഭവങ്ങൾ ഇത്തരുണത്തിൽ ഓർക്കണം.
നവോത്ഥാന മുന്നേറ്റങ്ങളെ കൂടുതൽ ശക്തമായി മുന്നോട്ടു വയ്ക്കേണ്ടതുണ്ടെന്ന് ഇലന്തൂരിലെ ഹീനകൃത്യം വ്യക്തമാക്കുന്നു. നവോത്ഥാന  ആശയങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ച്  നവോത്ഥാനസമിതി രൂപീകരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ  ഇടപെടൽ കൂടുതൽ മുന്നോട്ടുകൊണ്ടു പോകേണ്ട കാലംകൂടിയാണ്‌ ഇത്.

എല്ലാ ബന്ധങ്ങളെയും പണത്തിന്റെ  അടിസ്ഥാനത്തിൽ കാണുന്ന മുതലാളിത്തത്തിന്റെ  മൂല്യബോധങ്ങൾ മനുഷ്യത്വത്തിന്റെ കാഴ്ചപ്പാടുകൾക്ക് എത്ര വിഘാതമാണെന്ന്  ഈ  സംഭവം വെളിപ്പെടുത്തുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള കുറുക്കുവഴികൾക്ക്  അന്ധവിശ്വാസത്തെ കൂട്ടുപിടിക്കുന്ന പ്രവണത ശക്തമാകുകയാണ്. പണം സമ്പാദിക്കാൻ ഏലസുകൾവരെ പ്രചരിപ്പിക്കുന്നതുപോലുള്ളവ സൃഷ്ടിക്കുന്ന ചിന്തകളാണ് ഇതിലേക്ക് നയിക്കുന്നത്.

സമൂഹത്തിൽ നിലനിൽക്കുന്ന  ഫൂഡൽ മൂല്യങ്ങൾകൂടിയാണ് ഇത്തരം സംഭവങ്ങളുടെ അടിത്തറ. ശാസ്ത്രം പഠിക്കുക മാത്രമല്ല, അത്‌ ജീവിതത്തിൽ പ്രായോഗികമാക്കേണ്ടതും  ഏറെ പ്രധാനമാണ്. ശാസ്ത്രീയചിന്തകൾ വ്യാപകമായി  പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതൽ ചർച്ചയാകണം. ശാസ്‌ത്രീയചിന്ത വളർത്താനും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്‌മ ചെയ്യാനും എല്ലാവിഭാഗം ജനങ്ങളുടെയും യോജിച്ച മുന്നേറ്റം അനിവാര്യമാണ്‌. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ഒരു  മഹാപ്രസ്ഥാനത്തിന്റെ ആവശ്യകതയിലേക്കാണ് ഇലന്തൂരിലെ സംഭവം വിരൽചൂണ്ടുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top