10 June Saturday

അച്ചടിമാധ്യമങ്ങളെ തകർക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


രാജ്യത്തെ അച്ചടിമാധ്യമങ്ങൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും അച്ചടിക്കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള കേന്ദ്ര ബജറ്റ് നിർദേശം ഈ പ്രതിസന്ധി ഇരട്ടിപ്പിക്കും. 17,000 ദിനപത്രവും അതിലിരട്ടിയിലധികം വാരികകളും മാസികകളും ഉള്ള രാജ്യമാണ് ഇന്ത്യ. ഇവയിൽ പലതിനെയും അടച്ചുപൂട്ടലിലേക്ക് നയിക്കുന്ന തീരുമാനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.  പരസ്യവരുമാനം കുറഞ്ഞതും അച്ചടിച്ചെലവ് ഏറിയതും അച്ചടിമാധ്യമമേഖലയെ നേരത്തെതന്നെ പ്രതിസന്ധിയിലാഴ‌്ത്തിയിരുന്നു. ടെലിവിഷനുകളുടെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും കടന്നുവരവോടെയാണ് അച്ചടിമാധ്യമങ്ങളുടെ പരസ്യവരുമാനത്തിൽ വൻ ഇടിച്ചിലുണ്ടായത്. അതിനുപുറമെയാണ് സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക് പരസ്യം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം. ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ദ ടെലിഗ്രാഫ്, അസം ട്രിബ്യൂൺ തുടങ്ങിയ പത്രങ്ങൾക്കാണ് സർക്കാർ പരസ്യം നിഷേധിച്ചത്. സർക്കാർ പരസ്യം നിഷേധിക്കപ്പെട്ടതുകൊണ്ടുമാത്രം മൊത്തം പരസ്യവരുമാനത്തിൽ 15 ശതമാനത്തിന്റെ കുറവാണ് മാധ്യമങ്ങൾക്കുണ്ടായത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ പലരൂപത്തിലുള്ള പ്രതിസന്ധികൾ അഭിമുഖീകരിക്കവെയാണ് അച്ചടിക്കടലാസ് ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തിയിട്ടുള്ളത്. ആദ്യമായാണ് പത്രക്കടലാസ് ഇറക്കുമതിക്ക് തീരുവ ചുമത്തുന്നത്. അഞ്ച് ശതമാനം ജിഎസ്ടിയുംകൂടി ചേർത്താൽ തീരുവ ചുരുങ്ങിയത് 15 ശതമാനമെങ്കിലുമായി ഉയരും. 

നേരത്തെ അച്ചടിക്കടലാസിന് 30 ശതമാനം വിലവർധിച്ചിരുന്നു. അച്ചടിമഷി, പ്ലേറ്റ് തുടങ്ങിയവയ‌്ക്കും വൻ വിലക്കയറ്റമുണ്ടായി.  അച്ചടിക്കടലാസിന്റെ വിലവർധനയിൽ അൽപ്പം ശമനമുണ്ടായപ്പോഴാണ് ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം ഉണ്ടായിട്ടുള്ളത്. ന്യൂസ‌്പ്രിന്റ‌്, ഗ്ലേസ്ഡ് കടലാസ്, കനംകുറഞ്ഞ കോട്ടഡ് കടലാസ് (മാസികകൾക്ക് ഉപയോഗിക്കുന്നത്) എന്നിവയ‌്ക്കാണ‌് ഇറക്കുമതിച്ചുങ്കം ബാധകമായിട്ടുള്ളത്. അച്ചടിമാധ്യമങ്ങൾക്ക് 25 ലക്ഷം ടൺ കടലാസാണ് ആവശ്യമായിട്ടുള്ളത്. ഇതിൽ 10 ലക്ഷം ടൺമാത്രമാണ് ആഭ്യന്തര ഉൽപ്പാദനം. ബാക്കിമുഴുവൻ റഷ്യ, ക്യാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നാണ് ഇറക്കുമതിചെയ്യുന്നത്. മാത്രമല്ല, ഗ്ലേസ്ഡ് പേപ്പർ, കനം കുറഞ്ഞ കോട്ടഡ് കടലാസ് എന്നിവ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാത്തതിനാൽ പൂർണമായും പുറത്തുനിന്ന‌് ഇറക്കുമതി ചെയ്യുകയാണ്. വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ‌്പ്രിന്റ‌് ലിമിറ്റഡ് (എച്ച്എൻഎൽ) ഉൾപ്പെടെ കേന്ദ്ര പൊതുമേഖലയിലുള്ള സ്ഥാപനങ്ങൾ അടച്ചിടുന്നതോടെ ഇറക്കുമതിയെ വർധിച്ചതോതിൽ ആശ്രയിക്കാൻ അച്ചടി മാധ്യമ സ്ഥാപനങ്ങളെ നിർബന്ധിക്കുകയാണ് കേന്ദ്രം. ഇത്തരമൊരു സാഹചര്യത്തിൽ ഇറക്കുമതിക്ക് ഇളവ് നൽകുന്നതിനു പകരം വർധിച്ച തീരുവ ചുമത്തി ശിക്ഷിക്കുകയാണ്. പത്രസ്ഥാപനങ്ങളുടെ ചെലവിന്റെ പകുതിയോളമോ അതിലധികമോ അച്ചടിക്കടലാസ് വാങ്ങുന്നതിനാണ് വിനിയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇറക്കുമതി തീരുവ ചുമത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അച്ചടിമാധ്യമങ്ങൾക്ക് കനത്ത തിരിച്ചടിയാകും. വൻകിട പത്രങ്ങളുടെപോലും നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനം ചെറുകിട ഇടത്തരം അച്ചടിമാധ്യമങ്ങൾ അടച്ചിടുന്നതിലേക്കാണ് അന്തിമമായി നയിക്കുക. 

ജനാധിപത്യത്തിന്റെ നാല് തൂണുകളിൽ ഒന്നായാണ് മാധ്യമങ്ങളെ പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഈ നാലാംതൂണിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഭരണാധികാരികളുടെ തെറ്റായ തീരുമാനങ്ങളെയും നടപടികളെയും തുറന്നുകാണിക്കുക മാധ്യമ ധർമമാണ്. എന്നാൽ, അങ്ങനെ ചെയ്യുന്നവരെ വേട്ടയാടുന്ന സമീപനമാണ്  മോഡി സർക്കാർ പൊതുവെ കൈക്കൊണ്ടുവരുന്നത്.  എൻഡിടിവിക്കും ദി വയർ എന്ന വെബ് പോർട്ടലിനുമെതിരെയുള്ള നടപടികളും നേരത്തെ സൂചിപ്പിച്ച പരസ്യം നിഷേധിക്കലും മറ്റും ഇതിന്റെ ഭാഗമാണ്.  എതിർശബ്ദത്തെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പത്രവ്യവസായത്തെതന്നെ പ്രതിസന്ധിയിലാഴ്‌ത്തി അത് പൂട്ടിക്കുകയും അതുവഴി എതിർശബ്ദത്തെ നിശ്ശബ്ദമാക്കുകയും ചെയ്യാമെന്ന അത്യന്തം അപകടകരമായ രീതിയുടെ ഭാഗമല്ലേ വർധിച്ച  ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള തീരുമാനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അച്ചടിമാധ്യമങ്ങൾ അടച്ചിട്ടാൽ ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാണ് അവതാളത്തിലാകുക എന്നതാണ്  മറ്റൊരു കാര്യം. നിലവിൽത്തന്നെ കേരളത്തിൽപ്പോലും പല ചെറുകിട അച്ചടിമാധ്യമങ്ങളും ഷട്ടറുകൾ താഴ‌്ത്തിക്കഴിഞ്ഞു. തൊഴിൽ സൃഷ്ടിക്കുമെന്നു പറയുന്നവർതന്നെ തൊഴിൽനാശത്തിനായാണ് പ്രവർത്തിക്കുന്നത്. അതിനാൽ, ജനാധിപത്യം സംരക്ഷിക്കാനും അറിവിന്റെ വാതായനങ്ങൾ കൊട്ടിയടയ‌്ക്കപ്പെടാതിരിക്കാനും അച്ചടിമാധ്യമങ്ങളെ സംരക്ഷിച്ചേ മതിയാകൂ. ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽനിന്ന‌് മോഡി സർക്കാർ പിൻവാങ്ങുകതന്നെ വേണം. അതിന് തയ്യാറാകാത്തപക്ഷം മോഡി സർക്കാരിന്റെ തെറ്റായ തീരുമാനം തിരുത്തുന്നതിനായി പൊതു‐ജനാധിപത്യ സമൂഹം മുന്നോട്ടു വരണമെന്നും അഭ്യർഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top