10 June Saturday

ബുഷും ബ്ളെയറും യുദ്ധക്കുറ്റവാളികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 12, 2016


പതിമൂന്ന് വര്‍ഷംമുമ്പ് 2003ല്‍ ഇറാഖിനെതിരെ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണം മുന്‍കൂട്ടി ആസൂത്രണംചെയ്തതും സദ്ദാംഹുസൈനെ അധികാരത്തില്‍ താഴെ ഇറക്കുക എന്ന രാഷ്ട്രീയലക്ഷ്യത്തോടെമാത്രം നടത്തിയതാണെന്നും ബ്രിട്ടീഷ് അന്വേഷണകമീഷന്‍തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ജോണ്‍ ചില്‍കോട്ട് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഏഴുവര്‍ഷമെടുത്ത് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണിബ്ളെയറും ഇതുവരെയും ജനങ്ങളോടും പാര്‍ലമെന്റിനോടും പറഞ്ഞതത്രയും കളവാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്്്. സദ്ദാം ഹുസൈന്റെ കൈവശം നശീകരണ ആയുധങ്ങളുടെ കൂമ്പാരംതന്നെ ഉണ്ടെന്നും അല്‍ ഖായ്ദയുമായി ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചാണ് സൈനികാക്രമണം അനിവാര്യമാണെന്ന് ബുഷും ബ്ളെയറും പറഞ്ഞത്. നിരായുധീകരണത്തിനുള്ള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് സൈനികാക്രമണം നടത്തിയതെന്ന ഇവരുടെ വിശദീകരണം ശരിയല്ലെന്ന് ചില്‍കോട്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സദ്ദാം ഹുസൈന്‍ മാനവസമൂഹത്തിന് ഭീഷണിയാണെന്ന അമേരിക്കന്‍– ബ്രിട്ടീഷ് വാദവും കമീഷന്‍ തള്ളി. നശീകരണായുധങ്ങള്‍ സംഭരിച്ചെന്ന വാദം നീതീകരിക്കാനാകാത്തതാണെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാരിന്റെയും രഹസ്യാന്വേഷണ എജന്‍സികളുടെയും വിശ്വാസ്യത തകര്‍ക്കാനും യുദ്ധസാധുതപോലും ചോദ്യംചെയ്യപ്പെടാനുംമാത്രമേ  ബ്ളെയര്‍ പറഞ്ഞ കള്ളം ഉപകരിച്ചുള്ളൂവെന്നും ചില്‍കോട്ട് റിപ്പോര്‍ട്ട് തുറന്നടിച്ചു. അതായത്, 2003ല്‍ ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കയും ബ്രിട്ടനും കെട്ടിപ്പൊക്കിയ നുണയുടെ കൂമ്പാരത്തെയാണ് 13 വോള്യങ്ങളിലായി 26 ലക്ഷം വാക്കുകളില്‍ ചില്‍കോട്ട് റിപ്പോര്‍ട്ട് ഖണ്ഡിക്കുന്നത്. 

സദ്ദാം ഹുസൈന്‍ നശീകരണായുധങ്ങള്‍ ശേഖരിച്ചിരുന്നുവെന്ന പാശ്ചാത്യശക്തികളുടെ പ്രചാരണം തെറ്റായിരുന്നെന്ന് നേരത്തേതന്നെ അമേരിക്കയുടെയും യുഎന്നിന്റെയും പരിശോധകര്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 2001ല്‍ അന്നത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത ഊര്‍ജസ്രോതസ്സുകളെക്കുറിച്ചുള്ള രഹസ്യറിപ്പോര്‍ട് ഇറാഖിലെ എണ്ണസമ്പത്തിനെക്കുറിച്ചും അത് വരുതിയലാക്കേണ്ടതിനെക്കുറിച്ചും ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ ചെനിയും പ്രസിഡന്റ് ബുഷും ബ്രിട്ടീഷ് ലേബര്‍ പ്രധാനമന്ത്രി ടോണി ബ്ളെയറും ചേര്‍ന്നാണ് ഇറാഖിലെ ഭരണാധികാരി സദ്ദാം ഹുസൈന്‍ 'തെമ്മാടി ഭരണാധി'കാരിയാണെന്ന് മുദ്രകുത്തി 2003ല്‍ യുദ്ധം ആരംഭിച്ചതും സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കി വധിച്ചതും. ചില്‍കോട്ട് റിപ്പോര്‍ട്ടില്‍ പറയുന്ന പല കാര്യങ്ങളും നേരത്തെതന്നെ വെളിവാക്കപ്പെട്ടതാണെങ്കിലും അതിലെ ഏറ്റവും പ്രധാന വസ്തുത ബ്ളെയര്‍ ബുഷിന് 2002 ജൂലൈയില്‍ എഴുതിയ രഹസ്യ കുറിപ്പാണ്. 'എന്തുതന്നെ വന്നാലും ഞാന്‍ നിങ്ങളുടെ കൂടെയാണെന്ന്' പറഞ്ഞ് ബ്ളെയര്‍ തുടങ്ങുന്ന ഈ രഹസ്യകുറിപ്പ് വെളിപ്പെടുത്തുന്നത് എന്തെന്നാല്‍ 2003 മാര്‍ച്ച് 20ന് യുദ്ധം ആരംഭിക്കുന്നതിന് എട്ട് മാസംമുമ്പുതന്നെ ഇറാഖ് ആക്രമണത്തെക്കുറിച്ച് ഇരു നേതാക്കളും ധാരണയിലെത്തിയിരുന്നുവെന്നാണ്. ഈ പദ്ധതിയിലെ സൈനികവശം സാഹസികമാണെങ്കിലും രാഷ്ട്രീയവിജയത്തിലായിരിക്കണം ഊന്നല്‍ എന്നും ഈ രാഷ്ട്രീയവശം സദ്ദാം ഹുസൈനെ പുറത്താക്കലാണെന്നും രഹസ്യകുറിപ്പ് വ്യക്തമാക്കുന്നു. ലക്ഷ്യം എന്താണെന്ന് ആദ്യം നിശ്ചയിക്കുകയും അത് നേടാനുള്ള കാരണങ്ങള്‍ പിന്നീട് മെനഞ്ഞെടുക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് സംശയമേതുമില്ലാതെ വെളിപ്പെടുത്തുന്നു. ഷാര്‍ലറ്റ് ബീര്‍ നടത്തുന്ന രണ്ട് പരസ്യഏജന്‍സികള്‍ക്ക് പണം നല്‍കിയാണ് ഇറാഖിനെ 'തെമ്മാടി രാഷ്ട്രമായി' ചിത്രീകരിച്ചതെന്നും ഇറാഖിന്റെ കൈവശം നശീകരണായുധങ്ങളുടെ കൂമ്പാരമുണ്ടെന്ന് പ്രചരിപ്പിച്ചതെന്നും വെളിവാക്കപ്പെട്ടു. ഈ കള്ളപ്രചാരണങ്ങളുടെ ബലത്തില്‍ യുഎന്‍ രക്ഷാസമിതി പ്രമേയമില്ലെങ്കിലും സൈനിക നടപടി വേണമെന്ന് ശഠിക്കണമെന്നുവരെ യുദ്ധം തുടങ്ങുന്നതിന് എട്ട് മാസംമുമ്പുതന്നെ ഇരു നേതാക്കളും ധാരണയിലെത്തിയിരുന്നുവെന്നു സാരം.

ബുഷും ബ്ളെയറും യുദ്ധക്കുറ്റവാളികളാണെന്ന് ചില്‍കോട്ട് റിപ്പോര്‍ട്ടിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യമാകും. ബ്ളെയറിനെ യുദ്ധക്കുറ്റവാളിയായി വിചാരണചെയ്യേണ്ടേ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ചില്‍കോട്ട് തയ്യാറായില്ല. തന്റേത് വെറുമൊരു അന്വേഷണകമീഷന്‍മാത്രമാണെന്നും നീതിന്യായ കോടതിയല്ലെന്നുമാണ് ചില്‍കോട്ടിന്റെ പ്രതികരണം. എന്നാല്‍, ഇരുവരെയും യുദ്ധക്കുറ്റവാളിയായി വിചാരണചെയ്യുന്നതിനുള്ള തെളിവുകളുടെ ഹിമാലയംതന്നെ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നുണ്ട്. ഇരുവരും രാഷ്ട്രീയലക്ഷ്യത്തോടെ നടത്തിയ യുദ്ധത്തില്‍ 10 ലക്ഷം ഇറാഖികളാണ് കൊല്ലപ്പെട്ടത്. അരക്കോടിയലധികം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടു. 176 ബ്രിട്ടീഷ് സൈനികരും 4491 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടു. ഇറാഖിന്റെ നശീകരണവും അതുണ്ടാക്കിയ അരക്ഷിതാവസ്ഥയുമാണ് ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദശക്തികള്‍ക്ക് ജന്മമേകിയതും പശ്ചിമേഷ്യയെയും വടക്കാഫ്രിക്കയെയും അസ്വസ്ഥതയുടെ വിളനിലമാക്കിയതും. ഇതിനേക്കാളും ചെറിയ കുറ്റത്തിന് ഐവറികോസ്റ്റ് മുന്‍ പ്രസിഡന്റ് ലോറന്റ് ഗബാഗ്ബേയും സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷറും മറ്റും യുദ്ധക്കുറ്റവാളികളായി വിചാരണചെയ്യപ്പെടുമ്പോള്‍ ബുഷും ബ്ളെയറും വിചാരണചെയ്യപ്പെടുകതന്നെ വേണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top