27 April Saturday

കോണ്‍ഗ്രസിനുള്ളിലെ സംഘപരിവാര്‍ മനസ്സ്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 12, 2017


ഒരു പഞ്ചായത്ത് അംഗംപോലും കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് പോകില്ല എന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ അച്ചടിമഷി പുരളുന്നതിനുമുമ്പ് വന്ന വാര്‍ത്ത പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജയന്‍ കെ ജോസ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി എന്നതാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയിലും രമേശ് ചെന്നിത്തലയുടെ രോഷപ്രകടനത്തിലും മുഴച്ചുനില്‍ക്കുന്നത് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ദൈന്യം തന്നെയാണ്. ആ പാര്‍ടി അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്നു. ലോക്സഭയില്‍ 404 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് നാല്‍പ്പത്തിനാലിലേക്ക് ചുരുങ്ങിയത് യാദൃച്ഛികമായി ഉണ്ടായ ഒരു തളര്‍ച്ചയല്ല. ഉത്തര്‍പ്രദേശില്‍ ഭരണക്കുത്തകയുണ്ടായിരുന്നവര്‍ക്ക് ഇന്ന് ആ സംസ്ഥാനത്ത് വിലാസംപോലുമില്ല. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ വരിവരിയായി ബിജെപി കൂടാരത്തിലെത്തുന്നു. എന്‍ഡി തിവാരിയിലും റീത്താ ബഹുഗുണയിലും എസ് എം കൃഷ്ണയിലും ഒതുങ്ങുന്നതല്ല ആ പട്ടിക. രാജ്യവ്യാപകമായി കോണ്‍ഗ്രസില്‍ ചോര്‍ച്ച സംഭവിക്കുന്ന ഘട്ടത്തിലാണ് കേരളത്തിലെ നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ആ വാര്‍ത്ത പ്രഥമദൃഷ്ട്യാ ജനങ്ങള്‍ വിശ്വസിക്കേണ്ടിവരുന്നത് അതിന് ഉപോദ്ബലകമായ നിരവധി അനുഭവങ്ങളുള്ളതുകൊണ്ടാണ്. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമാകുന്നവരെക്കുറിച്ച് പരസ്യമായി ഉല്‍ക്കണ്ഠപ്പെട്ടത് മുതിര്‍ന്ന നേതാവ് എ കെ ആന്റണിതന്നെയാണ് എന്നത് ഉമ്മന്‍ചാണ്ടിക്കോ ചെന്നിത്തലയ്ക്കോ എം എം ഹസ്സനോ നിഷേധിക്കാനാകില്ല.

മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ അടക്കം കോണ്‍ഗ്രസിലെ നാല് പ്രമുഖര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇത് ഭാഗികമായി സ്ഥിരീകരിക്കുന്ന പ്രതികരണമുണ്ടായത് കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനില്‍നിന്നാണ്. ശശി തരൂരുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം ബിജെപിയിലേക്ക് പോകില്ലെന്ന് സ്ഥിരീകരിച്ചതായുമാണ് മലപ്പുറം പ്രസ്ക്ളബ്ബില്‍ ഹസ്സന്‍ വ്യക്തമാക്കിയത്. അതോടെ, ബിജെപിയിലേക്ക് കാല്‍നീട്ടിയിരിക്കുന്ന മറ്റു നേതാക്കളുടെ പേര് ഹസ്സന്‍ വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ഈ വാര്‍ത്തയ്ക്ക് നിഷേധം വന്നിട്ടുണ്ട്. തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് ഹസ്സനും ചെന്നിത്തലയും മാധ്യമപ്രവര്‍ത്തകരോട്  കയര്‍ക്കുകയായിരുന്നു. ഒരു നേതാവും കോണ്‍ഗ്രസ് വിടില്ലെന്ന് അവകാശപ്പെട്ട ചെന്നിത്തല കേരളത്തിലെ പാര്‍ടിയില്‍ ഭാഗ്യാന്വേഷികളില്ലെന്നും പറഞ്ഞു. ക്ഷുഭിതനായ ഹസ്സനാകട്ടെ ഞായറാഴ്ച പറഞ്ഞതെല്ലാം വിഴുങ്ങി മാധ്യമങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിക്കാനാണ് തയ്യാറായത്. പക്ഷേ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മറ്റൊരു തരത്തിലാണ് പ്രതികരിച്ചത്. നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഉചിതമായ സന്ദര്‍ഭത്തില്‍ പറയാമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസിനെ സംശയത്തിന്റ നിഴലില്‍തന്നെ നിര്‍ത്തുകയായിരുന്നു കുമ്മനം.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ബിജെപി സ്നേഹവും ചായ്വും പുതിയതല്ല. ആര്‍എസ്എസിനും ബിജെപിക്കും അവയുടെ വര്‍ഗീയ അജന്‍ഡയ്ക്കുമെതിരെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസില്‍നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ ബലത്തില്‍ ആര്‍എസ്എസിനെ വെള്ളപൂശാനാണ് രാഷ്ട്രീയമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടുള്ളത്. ജീവനുള്ളിടത്തോളം കോണ്‍ഗ്രസ് വിടില്ലെന്ന് ഇന്ന് ആണയിടുന്ന കെ സുധാകരനാണ് സിപിഐ എം നേതാക്കളെ വധിക്കാന്‍ ആര്‍എസ്എസ് ക്രിമിനലുകളെ വാടകയ്ക്കെടുത്ത് ആയുധവും പണവും കൊടുത്ത് അയച്ചത് എന്നത് രഹസ്യമല്ല. ആ കുറ്റവാളിയെ ജയിലില്‍നിന്ന് അകാലത്തില്‍ വിട്ടയക്കാന്‍ തീരുമാനിച്ചതും ആര്‍എസ്എസ് ക്രിമിനലുകള്‍ക്കെതിരെയുള്ള കേസുകള്‍ ഒന്നൊന്നായി പിന്‍വലിച്ചുകൊടുത്തതും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്.

കേരള നിയമസഭയില്‍ ഇന്നുള്ള ഏക ബിജെപി അംഗം നേമം മണ്ഡലത്തില്‍നിന്ന് ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ടാണ്. ഇക്കാലമത്രയും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു നിമിഷംകൊണ്ട് ബിജെപിയിലേക്ക് ചേക്കേറാന്‍ കഴിയുന്നത് ഇരുരാഷ്ട്രീയവും തമ്മില്‍ നിലനില്‍ക്കുന്ന സമാനതകളുടെയും ഇരുകക്ഷികളുടെ പൊതുസ്വഭാവങ്ങളുടെയും പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ ഐക്യപ്പെടലിനെയാണ് സൂചിപ്പിക്കുന്നത്. കേരളത്തെ കലാപകലുഷമാക്കാനും സംസ്ഥാനത്തിനു പുറത്ത് കേരളത്തെക്കുറിച്ച് ഹീനമായ നുണപ്രചാരണം നടത്താനും ആസൂത്രിതമായി ബിജെപി തയ്യാറാകുമ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് എതിര്‍പ്പിന്റെ ശബ്ദമൊന്നും നാം കേട്ടിട്ടില്ല. സമീപനാളുകളില്‍ കേരളത്തിലെ ഇടതുപക്ഷത്തിനെതിരായ ആക്രമണവേദികളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൊടികള്‍ കൂട്ടിക്കെട്ടുന്നതിനും കേരളീയര്‍ ദൃക്സാക്ഷികളായി. ഇതിന്റെയെല്ലാം തുടര്‍ച്ചതന്നെയാണ് കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍തന്നെ ബിജെപിയില്‍ പോയാലെന്ത് എന്ന ചിന്ത ഉണരുന്നത്്.

രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉപരാഷ്ട്രപതി സ്ഥാനലബ്ധിക്കായി പരിഗണിക്കപ്പെടുമെന്ന വാര്‍ത്തയും ഇതേ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. കോണ്‍ഗ്രസ് നേതാവായ കുര്യനെ സമുന്നത സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ബിജെപി തയ്യാറാകുന്നത് തങ്ങളുടെ അജന്‍ഡ നടപ്പാക്കാനുള്ള ആയുധമാണ് അതിലൂടെ കൈവരിക എന്ന ബോധ്യത്തില്‍തന്നെയാണ്. ചുരുക്കത്തില്‍, കോണ്‍ഗ്രസിനുള്ളില്‍ സംഘപരിവാര്‍ മനസ്സ് വലിയതോതില്‍ കടന്നുകൂടിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. അതിന്റെ തികട്ടലാണ് ഏതാനും നേതാക്കളുടെ കൂടുമാറ്റശ്രമത്തിലൂടെ ഉണ്ടാകുന്നത്. പ്രശ്നം രാഷ്ട്രീയത്തിന്റേതാണ്. അധികാര രാഷ്ട്രീയ സമവാക്യം രചിക്കാന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നതിന് ഒരിക്കലും മടിച്ചുനിന്നിട്ടില്ലാത്ത കോണ്‍ഗ്രസിന് സംഘപരിവാര്‍ ഉയര്‍ത്തുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയത്തോടും വിപത്തിനോടും പ്രതികരിക്കാനുള്ള ശേഷി ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസായാലും ബിജെപിയായാലും ഒരുപോലെ എന്ന നിലപാടിലേക്ക് മുതിര്‍ന്ന ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍തന്നെ എത്തിയ സാഹചര്യം നിഷേധ പ്രസ്താവനകള്‍കൊണ്ടോ രോഷംകൊണ്ടോ വാര്‍ത്താമാധ്യമങ്ങളെ കുറ്റപ്പെടുത്തിയോ മറച്ചുവയ്ക്കാനാകില്ല എന്ന് കെപിസിസി നേതൃത്വം ഇനിയെങ്കിലും മനസ്സിലാക്കണം. യുഡിഎഫില്‍ അണിചേര്‍ന്ന സാധാരണ ജനങ്ങള്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുക തന്നെ ചെയ്യും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top