20 April Saturday

അനാസ്ഥ സൃഷ്ടിച്ച ദുരന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 12, 2016

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം സൃഷ്ടിച്ച നഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുകയാണ്. കണ്ണീര്‍ തോര്‍ന്നിട്ടില്ല. നിലവിളി ഒടുങ്ങിയിട്ടില്ല. അപകടസാധ്യതയും പരിസരവാസികളുടെ പരാതിയും കണക്കിലെടുത്ത് കലക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് നടത്താന്‍ പൊലീസ് ഇടപെട്ടെന്ന് വ്യക്തം. അനുമതി നല്‍കാന്‍ പാടില്ലെന്നുകാണിച്ച് ഏപ്രില്‍ ആറിന് സിറ്റി പൊലീസ് കമീഷണര്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, മൂന്നുദിവസം കഴിഞ്ഞപ്പോള്‍ പൊലീസ് മലക്കംമറിഞ്ഞു. വെടിക്കെട്ടിന് അനുമതി നല്‍കാമെന്ന കത്ത് ഏപ്രില്‍ ഒമ്പതിന് കമീഷണര്‍ കലക്ടര്‍ക്ക് നല്‍കി. സുരക്ഷാനടപടി എടുത്തിട്ടുണ്ടെന്നും അനുവദനീയമായ തോതിലേ വെടിമരുന്ന് ഉപയോഗിക്കൂ എന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് രണ്ടാമത്തെ കത്തില്‍ കമീഷണര്‍ പറയുന്നത്. അനുമതി നല്‍കണമെന്നുകാണിച്ച് പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചാത്തന്നൂര്‍ എസിപിക്ക് കത്ത് നല്‍കിയിരുന്നു. അത് കിട്ടിയ ഉടന്‍ ചാത്തന്നൂര്‍ എസിപി കമീഷണര്‍ക്ക് ശുപാര്‍ശക്കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കമീഷണര്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍, കലക്ടര്‍ ഷൈനമോള്‍ തന്റെ ഉത്തരവ് തിരുത്താന്‍ തയ്യാറായില്ല. അനുമതി നിഷേധിച്ച ഉത്തരവ് നിലനിന്നു.

അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം കത്ത് നല്‍കിയ പൊലീസ് കമീഷണര്‍ പിന്നീട് അത് തിരുത്തിയത് എന്തുകൊണ്ടാണെന്ന് കലക്ടര്‍ ചോദിക്കുന്നു. റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റം വന്നെന്ന് അന്വേഷിക്കണം. തഹസില്‍ദാരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തഹസില്‍ദാറുടെ റിപ്പോര്‍ട്ടിന് സമാനമായ റിപ്പോര്‍ട്ടാണ് ആദ്യഘട്ടത്തില്‍ പൊലീസ് കമീഷണറും നല്‍കിയത്. അത് പുനഃപരിശോധിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എങ്ങനെ പൊലീസ് മറ്റൊരു ശുപാര്‍ശ നല്‍കിയെന്ന് കലക്ടര്‍ ചോദിക്കുന്നു.

ജില്ലാ മജിട്രേട്ട് എന്ന നിലയില്‍ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ടായിരുന്നു. എന്നാല്‍,  പൊലീസ് വീഴ്ച വരുത്തി. അനുമതി നിഷേധിച്ച് ഉത്തരവിട്ട കലക്ടര്‍ അതനുസരിച്ച് നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശവും നല്‍കി. വെടിക്കെട്ടിന് അനുമതി ലഭിച്ചതായി സംഘാടകര്‍ പറഞ്ഞെന്നും പൊലീസ് അതുകേട്ട് തെറ്റിദ്ധരിച്ചെന്നും കമീഷണര്‍ പറയുന്നത് ബാലിശം. അങ്ങനെ ആര്‍ക്കും എന്തുംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കാവുന്ന സേനയാണോ പൊലീസ് എന്നാണ് കലക്ടറുടെ ചോദ്യം. അനുമതി നിഷേധിച്ച വെടിക്കെട്ട് എങ്ങനെ നടത്തിയെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കലക്ടറുടെ ഉത്തരവ് അവഗണിച്ച് വെടിക്കെട്ട് നടത്താനുള്ള ഗൂഢാലോചന ചില കേന്ദ്രങ്ങള്‍ നടത്തിയിരുന്നു എന്ന് പുറത്തുവന്ന വസ്തുതകളില്‍നിന്ന് വ്യക്തം. അതിന് പൊലീസിനെയും കരുവാക്കി. വെടിക്കെട്ട് പാടില്ലെന്ന ആദ്യ ശുപാര്‍ശ തിരുത്താന്‍ പൊലീസ് എന്തുകൊണ്ട് തയ്യാറായി? ആരാണ് അതിനുവേണ്ടി ഇടപെട്ടത്? കലക്ടറുടെ ഉത്തരവുണ്ടായിട്ടും വെടിക്കെട്ടിന് സൌകര്യം ചെയ്തുകൊടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ആറുമാസമോ ഒരുവര്‍ഷമോ കഴിഞ്ഞ് വരുന്ന ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മറയാക്കി ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്.

പരവൂര്‍ ദുരന്തം അധികാരികള്‍ വരുത്തിവച്ചതാണ്. കലക്ടറുടെ ഉത്തരവ് പാലിച്ച് വെടിക്കെട്ട് തടഞ്ഞിരുന്നെങ്കില്‍ മഹാദുരന്തം ഒഴിവാകുമായിരുന്നു. നൂറിലേറെ പേരുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും അതിലേറെ പേരുടെ സാധാരണ ജീവിതം അസാധ്യമാക്കുകയുംചെയ്ത കൃത്യവിലോപമാണ് പൊലീസിന്റെ ‘ഭാഗത്തുനിന്നുണ്ടായത്. നമ്മുടെ മുമ്പില്‍ ഇപ്പോള്‍ കുറ്റക്കാരായി കൊല്ലം പൊലീസ് കമീഷണറും എസിപിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമാണുള്ളത്. എന്നാല്‍, ഇവരെക്കൊണ്ട് ഇത് ചെയ്യിച്ചത് ആരാണ്? ഇവരുടെമേല്‍ എവിടെനിന്നൊക്കെ സമ്മര്‍ദമുണ്ടായി. വെടിക്കെട്ട് നടത്താന്‍ സൌകര്യം ചെയ്തുകൊടുത്തതിന് സംഘാടകര്‍ ഒരു രാഷ്ട്രീയനേതാവിനെ പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. ആ രാഷ്ട്രീയനേതാവ് തന്റെ ഭരണസ്വാധീനം എങ്ങനെ ഉപയോഗിച്ചെന്നത് പുറത്തുവരേണ്ടതുണ്ട്. ആഭ്യന്തരവകുപ്പിന്റെ ഉന്നതര്‍ ഇടപെടാതെ പൊലീസ് കമീഷണര്‍ നേരത്തെ എഴുതിയതിന് വിരുദ്ധമായ ഒരു കത്ത് കലക്ടര്‍ക്ക് നല്‍കാന്‍ സാധ്യതയില്ല. നൂറുകണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ദുരന്തമുണ്ടായത്. പൊലീസ് ഇടപെടില്ലെന്ന ഉറപ്പ് സംഘാടകര്‍ക്ക് നേരത്തെ കിട്ടിയെന്ന് വ്യക്തം.

സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് വേണം. ലൈസന്‍സിനുള്ള നിബന്ധനപ്രകാരം ഒരുതവണ 15 കിലോഗ്രാം വെടിക്കോപ്പേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍,  അനുവദനീയമായതിന്റെ എത്രയോ ഇരട്ടി സ്ഫോടകസാധനങ്ങള്‍ ഉപയോഗിച്ചെന്ന് സ്ഥലം സന്ദര്‍ശിച്ച കേന്ദ്രസര്‍ക്കാരിന്റെ എക്സ്പ്ളോസിവ് ചീഫ് കണ്‍ട്രോളര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ലോറി ലോഡ് വെടിമരുന്ന് സ്ഥലത്ത് എത്തിയതായി പരിസരവാസികളായ സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ട്. നിയമം കാറ്റില്‍ പറത്തിയാണ് ഇതൊക്കെ ചെയ്തതെന്ന് വ്യക്തം.

ഇതിനിടെ, വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി വി ചിദംബരേഷ് നല്‍കിയ കത്ത് പൊതു താല്‍പ്പര്യ ഹര്‍ജിയായി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. അനുവദനീയമായതിന്റെ എത്രയോ ഇരട്ടി ശബ്ദത്തിലാണ് അമിട്ടുകള്‍ പൊട്ടിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ഒരു ഏജന്‍സിയും ശബ്ദത്തിന്റെ കാഠിന്യം പരിശോധിക്കുന്നില്ല. ഇനിയും ഇത്തരം ദുരന്തങ്ങളുണ്ടാകരുത്. അത് ഉറപ്പാക്കാനുള്ള നടപടികളാണ് വേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top