25 April Thursday

എങ്ങനെ വിശ്വസിക്കും ഈ കോൺഗ്രസിനെ?

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020


 

കോൺഗ്രസ്‌ ഇന്നും ഒരു വിഭാഗം ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്ന പ്രസ്ഥാനമാണ്‌. സാമ്പത്തിക ദുർനയങ്ങളിലൂടെ രാജ്യത്തെ തകർത്തവരെങ്കിലും രാജ്യം ഇന്ന്‌ നേരിടുന്ന വർഗീയ വൈറസ്‌ബാധ  ചെറുക്കാനെങ്കിലും അവരെ ഒരു കൂട്ടാളിയായി കുറേപ്പേരെങ്കിലും കരുതുന്നു.എന്നാൽ, എന്താണ്‌ ആ പാർടിയുടെ അവസ്‌ഥ? ഏറ്റവും ഒടുവിൽ മധ്യപ്രദേശിൽ നിന്നുവരുന്ന വാർത്തകൾ നൽകുന്ന സൂചന എന്താണ്‌? രാജ്യത്ത്‌ കോൺഗ്രസിന്‌ മുഖ്യകക്ഷിയായി ഭരണമുള്ളത് അഞ്ച് സംസ്ഥാനത്താണ്.  ഇതിൽ പ്രധാനപ്പെട്ടതാണ് മധ്യപ്രദേശ്. അവിടെ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ്‌ നേരിയ ഭൂരിപക്ഷത്തിൽ അധികാരമേറ്റിട്ട്‌ 15 മാസം തികഞ്ഞിട്ടില്ല. ഈ കാലയളവിലെ ഏറ്റവുംവലിയ പ്രതിസന്ധിയിലേക്കാണ്‌ സർക്കാർ ഇപ്പോൾ വീണത്‌. മുഖ്യമന്ത്രി കമൽനാഥ്‌ കഴിഞ്ഞാൽ ഏറ്റവും മുഖ്യനേതാവായി കരുതപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ 22 എംഎൽഎമാരെയും ആട്ടിത്തെളിച്ചാണ്‌ കോൺഗ്രസിൽനിന്ന്‌ പുറത്തേക്കിറങ്ങിയത്‌. സിന്ധ്യ ബിജെപിയിൽ ചേർന്നുകഴിഞ്ഞു. ഒപ്പമുള്ളവരെല്ലാം ബിജെപിയിലെത്തുമോ എന്ന്‌ ഉറപ്പായിട്ടില്ല.  ജ്യോതിരാദിത്യ സിന്ധ്യ ചെറിയ നേതാവല്ല, രാഹുൽ ഗാന്ധിയോട്‌ ഏറ്റവും അടുപ്പമുള്ള നേതാവ്‌, ഒരു ഘട്ടത്തിൽ എഐസിസി പ്രസിഡന്റായിപോലും പരിഗണിക്കപ്പെട്ട പേര്‌. ആ നേതാവാണ്‌ ഒറ്റരാത്രികൊണ്ട്‌ ബിജെപി അധ്യക്ഷൻ അമിത്‌ ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സന്ദർശിച്ച്‌ പുറത്തേക്കുചാടിയത്‌. എത്ര ദയനീയമാണ്‌ ഈ അവസ്‌ഥ?

പക്ഷേ ഇതിൽ അതിശയിക്കാനൊന്നുമില്ല. കുറച്ചുകാലമായി ആ പാർടിയുടെ നില പരിശോധിച്ചാൽ ഇത് അപ്രതീക്ഷിതമല്ലെന്നുകാണാം. രാജ്യം കടുത്ത പ്രതിസന്ധിയിലായപ്പോൾ പാർടി പ്രസിഡന്റ്‌സ്ഥാനംപോലും ഇട്ടെറിഞ്ഞുപോയ രാഹുൽ ഗാന്ധി, ഗതികേടുകൊണ്ടുമാത്രം അധ്യക്ഷയായി അഭിനയിക്കാൻ വിധിക്കപ്പെട്ട സോണിയ ഗാന്ധി, ചേരിപ്പോരിലും അധികാരത്തർക്കങ്ങളിലും കുരുങ്ങിയ രണ്ടാംനിര നേതാക്കൾ. ഇതെല്ലാംകണ്ട് അന്തംവിട്ടുനിൽക്കുന്ന അണികൾ.ഇതല്ലേ രാജ്യത്തെ കോൺഗ്രസിന്റെ അവസ്‌ഥ?.

കോൺഗ്രസിനെ ഇപ്പോഴും ഒരു മതനിരപേക്ഷ കക്ഷിയായാണ്‌ കണക്കിലെടുക്കുന്നത്‌. ബിജെപി സർക്കാരിന്റെ വർഗീയ രഥയോട്ടത്തിനെതിരായ ചെറുത്തുനിൽപ്പിൽ കൂട്ടാളിയായി അവരെ പലരും കാണുന്നു. ഇടതുപക്ഷവും ഇത്തരം സമരങ്ങളിൽ അവരെ ഒപ്പം നിർത്തുന്നു. പക്ഷേ അപ്പോഴും എങ്ങനെ വിശ്വസിക്കും ഇവരെ എന്ന ചോദ്യം അവഗണിക്കാനാകുമോ? വർഗീയതയ്‌ക്കെതിരായ സമരത്തിൽ കൈകോർത്തുനിന്ന്‌ പ്രതിജ്‌ഞയെടുത്ത്‌ പിറ്റേന്ന്‌ ബിജെപി ക്യാമ്പിൽ  ചേക്കേറാൻ മടിയില്ലാത്ത ഒരു നേതൃനിരയല്ലേ ഇന്ന്‌ അവരുടേത്‌? ജനങ്ങൾ കൈവിടുന്ന  സംസ്ഥാനങ്ങളിൽ തിരികെ വരാൻ ബിജെപിക്ക് കൈത്താങ്ങാകുകയല്ലേ  കോൺഗ്രസിലെ ഒരുപറ്റം നേതാക്കൾ? കർണാടകത്തിൽ ഇതുകണ്ടു; മധ്യപ്രദേശിൽ കാണുന്നു. അടിയന്തരാവസ്‌ഥയ്‌ക്കുപിന്നാലെ നേരിട്ട തകർച്ചക്കാലത്തുപോലും കോൺഗ്രസ്‌ ഇത്രയും അധഃപതിച്ചിരുന്നോ എന്ന്‌ സംശയം. അടിയന്തരാവസ്‌ഥയോടുള്ള എതിർപ്പിൽ ഒട്ടേറെ നേതാക്കൾ അന്ന്‌ പാർടി വിട്ടു. എന്നാൽ ഇന്നോ? ഏത്‌ നിമിഷവും ഏതുനേതാവും എതിരാളിക്കൊപ്പം തോളിൽ കൈയിട്ട്‌ ‘ജയ്‌ശ്രീറാം’ വിളിക്കും എന്നതല്ലേ  അവസ്‌ഥ?

‘മതനിരപേക്ഷമെന്ന്‌ അവകാശപ്പെടുന്ന പാർടിയാണ്‌ കോൺഗ്രസ്‌. എന്നാൽ, വർഗീയശക്തികളെ സ്‌ഥിരതയോടെ എതിർക്കുന്ന കാര്യത്തിൽ കഴിവുകെട്ടവരാണ്‌ അവർ എന്നത്‌ തെളിയിക്കപ്പെട്ട കാര്യമാണ്‌.’

സിപിഐ എമ്മിന്റെ ഹൈദരാബാദിൽ ചേർന്ന ഇരുപത്തിരണ്ടാം പാർടി കോൺഗ്രസ്‌ കോൺഗ്രസിനെപ്പറ്റി പറഞ്ഞത്‌ അക്ഷരംപ്രതി ശരിയാകുകയാണ്. വർഗീയതയ്‌ക്കെതിരായ പൊതുപോരാട്ടങ്ങളിൽ കോൺഗ്രസുമായി സഹകരണമാകാം എന്ന്‌ പറഞ്ഞ രാഷ്‌ട്രീയപ്രമേയത്തിൽ ഇങ്ങനെകൂടി പറഞ്ഞിരുന്നു: ‘മതനിരപേക്ഷമെന്ന്‌ അവകാശപ്പെടുന്ന പാർടിയാണ്‌ കോൺഗ്രസ്‌. എന്നാൽ, വർഗീയശക്തികളെ സ്‌ഥിരതയോടെ എതിർക്കുന്ന കാര്യത്തിൽ കഴിവുകെട്ടവരാണ്‌ അവർ എന്നത്‌ തെളിയിക്കപ്പെട്ട കാര്യമാണ്‌.’ ഓരോ ദിവസവും ഇതുതന്നെയല്ലേ വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നത്‌?

എന്നാൽ, സ്വന്തം പാർടി നേരിടുന്ന അപകടകരമായ സ്‌ഥിതിയെപ്പറ്റി ഒരു നേതാവിനും അലട്ടലുള്ള മട്ടില്ല. അത്‌ ദേശീയതലത്തിലില്ല; കേരളത്തിലുമില്ല. സംഘപരിവാറിനും ബിജെപിക്കുമെതിരെ ഏറ്റവും ശക്തമായ പോരാട്ടം നടന്ന നാളുകളാണല്ലോ കടന്നുപോയത്‌. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ സമരം ഇരമ്പിയുയർന്ന ദിനങ്ങളിൽപോലും നേതൃത്വമേറ്റെടുക്കാൻ കോൺഗ്രസിന്റെ ഒരു നേതാവും ഉണ്ടായില്ല. കേരളത്തിലാകട്ടെ യോജിച്ച സമരനീക്കങ്ങളെപ്പോലും എങ്ങനെ തകർക്കാം എന്ന പരീക്ഷണത്തിലായിരുന്നു അവർ. ഈ ദയനീയസ്ഥിതിക്കിടയിലും ഗ്രൂപ്പ്‌ തിരിഞ്ഞുള്ള തർക്കങ്ങൾക്കും തമ്മിലടിക്കും ഒരു കുറവും വരുത്തുന്നുമില്ല. അങ്ങേയറ്റത്തെ ജനദ്രോഹകരമായ സാമ്പത്തികനയങ്ങളിലൂടെ ഈ രാജ്യത്തെ തകർത്തെറിഞ്ഞവർതന്നെയാണ്‌ കോൺഗ്രസ്‌. പക്ഷേ അതേ നയങ്ങൾക്കൊപ്പം  രാജ്യത്തെ ജനങ്ങളെയാകെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ഉതകുന്ന നയംകൂടി തുടരുന്ന പാർടിയാണ്‌ ഇപ്പോൾ  ഭരണത്തിൽ. ഈ ഘട്ടത്തിൽ സമരനിരയിൽ സ്വന്തം പാർടിയെ പ്രതീക്ഷിക്കുന്നവരാണ്‌ കോൺഗ്രസിലെ  അണികൾ. അവരെയാണ്‌ നിരാശയിലേക്ക്‌ തള്ളി ഒരു നിര നേതാക്കൾ ബിജെപിയിലേക്ക്‌ പോകുന്നതും ശേഷിച്ചവർ അലസതയിൽ അമരുന്നതും. ജനങ്ങൾക്ക് അവരിൽ ഇനി എന്തുപ്രതീക്ഷയാണ് അർപ്പിക്കാനാകുക?
വർഗീയതയ്‌ക്കെതിരെ പോരാടാൻ ഇനി കോൺഗ്രസിനെ കാത്തിരുന്നിട്ട് കാര്യമില്ല. വർഗീയതയ്‌ക്കെതിരെയും ഭരണഘടനയെത്തന്നെ അട്ടിമറിക്കുന്നതിനെതിരെയും കോൺഗ്രസും ബിജെപിയും പിന്തുടരുന്ന സാമ്പത്തികനയങ്ങൾക്കെതിരെയും രാജ്യത്താകെ പുതിയ സമരനിരകൾ ഉയരുന്നുണ്ട്‌. ഈ സമരങ്ങൾ പുതിയ രാഷ്ട്രീയധ്രുവീകരണത്തിലേക്ക്‌ രാജ്യത്തെ നയിക്കും എന്നതാണ് ഇനി പ്രതീക്ഷിക്കാനുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top