27 April Saturday

അഹന്തയ്ക്കേറ്റ ആഘാതം

വെബ് ഡെസ്‌ക്‌Updated: Saturday Mar 12, 2016

പരിസ്ഥിതി സംരക്ഷണത്തിന് ശക്തിപകരാനുദ്ദേശിച്ച് രൂപംകൊടുത്ത നിയമസംവിധാനമാണ് ദേശീയ ഹരിത ട്രിബ്യൂണല്‍. പരിസ്ഥിതിയുടെ സംരക്ഷണം ലക്ഷ്യംവച്ച് ലോകവ്യാപകമായി പ്രത്യേക നീതിന്യായ സംവിധാനങ്ങള്‍ കൊണ്ടുവരുന്ന പശ്ചാലത്തിലാണ്, ഇന്ത്യയിലും ഹരിത ട്രിബ്യൂണല്‍ സ്ഥാപിച്ചത്. 2010ലെ ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമമനുസരിച്ച് രൂപീകരിക്കപ്പെട്ട ഈ സംവിധാനം രാജ്യത്തിന്റെ പരിസ്ഥിതിയുടെ കാവലാളായാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീ ശ്രീ രവിശങ്കര്‍ എന്ന ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ സംഘടിപ്പിക്കുന്ന ലോക സാംസ്കാരികോത്സവം, യമുനാ നദിക്കുനേരെയുള്ള കടന്നുകയറ്റമാണെന്നു കണ്ടാണ് ട്രിബ്യൂണല്‍ നിയമനടപടി സ്വീകരിച്ചത്. ഗംഗയും യമുനയുമടക്കമുള്ള നദികളെ പുനരുജ്ജീവിപ്പിക്കുമെന്നും മലിനീകരണം തടയുമെന്നും ഗംഗയെ ബ്രിട്ടനിലെ തെംസ് നദിപോലെ സംരക്ഷിക്കുമെന്നും സംഘപരിവാര്‍ നേതാക്കള്‍ ഇടയ്ക്കിടെ പറയാറുണ്ട്. ഗംഗാസംരക്ഷണത്തിന് തെംസ് പരിപാലനച്ചുമതലയുള്ള വിദഗ്ധരെ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതിയാണ് പ്രഖ്യാപിച്ചത്.

ശ്രീ ശ്രീ രവിശങ്കര്‍ നരേന്ദ്ര മോഡിയുമായും സംഘപരിവാറുമായും അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. സാംസ്കാരികോത്സവം സംഘടിപ്പിക്കാനും അതില്‍ മോഡിയെ പങ്കെടുപ്പിക്കാനും അദ്ദേഹത്തിന് സ്വാതന്ത്യ്രമുണ്ട്. താല്‍പ്പര്യമുള്ളവര്‍ പങ്കെടുക്കുന്നതിലും ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍, ഇന്ത്യയിലെ മഹാനദികളിലൊന്നായ യമുനയെ മലിനപ്പെടുത്തിയും വയലുകള്‍ നശിപ്പിച്ചും വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിച്ചും അങ്ങനെയൊരു മാമാങ്കം നടത്താന്‍ രവിശങ്കറിന് അധികാരമില്ല; ആര്‍ക്കും അധികാരമില്ല. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ജന്മഭൂമിയെക്കുറിച്ച് ആകുലപ്പെടുന്ന സംഘപരിവാറിന്, മഹാഭാരതത്തിലെ കാളിന്ദിയായ യമുന കളങ്കപ്പെടുന്നതില്‍ ആശങ്കയില്ലാത്തത്, തീവ്ര ഹിന്ദുത്വത്തിന്റെ ഉറ്റതോഴനാണ് രവിശങ്കര്‍ എന്നതിനാലാകാം.   

ഹരിത ട്രിബ്യൂണലിന് മുമ്പില്‍ കേസ് വരുമ്പോള്‍ പൊലീസ്, ഫയര്‍, ജലവിഭവ മന്ത്രാലയം, നദിസംരക്ഷണ വകുപ്പ്, ഗംഗാ പുനരുജ്ജീവന വിഭാഗം എന്നിവയില്‍നിന്നൊന്നും ഇങ്ങനെയൊരു പരിപാടി നടത്താന്‍ അനുമതി വാങ്ങിയിരുന്നില്ല എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. കേന്ദ്രഭരണവുമായി ബന്ധമുള്ളവര്‍ക്ക് എന്തും ആകാമെന്നാണിതിനര്‍ഥം. നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച് എന്‍ജിടി പുറപ്പെടുവിച്ച വിധിയില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമവ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്നതിന് കൂടുതല്‍ തെളിവുവേണ്ടതില്ല. പരിപാടി നടത്താന്‍ സൈന്യത്തെ നിയോഗിച്ചതാണ് മറ്റൊരു വിഷയം. സ്വകാര്യ പരിപാടിക്ക് സൌകര്യമൊരുക്കാനുള്ളതാണോ ഇന്ത്യയുടെ സായുധസേന?

യമുനാനദിപ്പരപ്പില്‍ ചങ്ങാടംകെട്ടിയാണ് പാലവും നിര്‍മിച്ചത്. ആയിരക്കണക്കിന് ഏക്കര്‍ കൃഷിസ്ഥലം പരിപാടിക്കുവേണ്ടി നികത്തി. ഇത് പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും ജലജീവികളുടെ നിലനില്‍പ്പിനെയുമൊക്കെ ബാധിക്കുമെന്നാണ് ട്രിബ്യൂണല്‍ കണ്ടെത്തിയത്. ആ ട്രിബ്യൂണല്‍ തീര്‍പ്പിനോട് ക്രിയാത്മകമായല്ല രവിശങ്കറിന്റെ പ്രതികരണമുണ്ടായത്. ജയിലില്‍പോകേണ്ടിവന്നാലും പണം അടയ്ക്കില്ലെന്ന ധിക്കാരപൂര്‍ണമായ സമീപനത്തില്‍നിന്ന് അദ്ദേഹത്തിന് ഒടുവില്‍ പിന്നോക്കംപോകേണ്ടിവന്നു. സമാപന സമ്മേളനത്തിലെ മുഖ്യാതിഥിയാകേണ്ടിയിരുന്ന രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അതില്‍നിന്ന് പിന്മാറിയത് വലിയൊരു സൂചനയാണ്. വിദേശരാജ്യങ്ങളില്‍നിന്ന് എത്തേണ്ടിയിരുന്ന നിരവധി വിശിഷ്ടവ്യക്തികളും രാഷ്ട്രത്തലവന്മാരും പിന്മാറിയിട്ടുണ്ട്. സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന തുടങ്ങിയവരുടെ പിന്മാറ്റവും ചേര്‍ത്തുവായിക്കേണ്ടതാണ്. എന്നാല്‍, തനിക്ക് ഇതൊന്നും ബാധകമല്ലെന്നാണ് നരേന്ദ്ര മോഡിയുടെ നിലപാട്. നദിയും പാടവും പരിസ്ഥിതിയുമല്ല, മോഡിയുടെ മുന്‍ഗണനാവിഷയം. 

പരിസ്ഥിതിക്കുണ്ടാക്കുന്ന നാശത്തിന് പരിഹാരമായി അഞ്ചുകോടി രൂപ നഷ്ടപരിഹാരം അടയ്ക്കാന്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൌണ്ടേഷന്‍ സന്നദ്ധമായത് മഹാമനസ്കതകൊണ്ടല്ല. രാജ്യത്തെ നിയമസംവിധാനത്തിന്റെ, ഭരണഘടനയുടെ വിജയമാണത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനവും പ്രധാനമന്ത്രിയുടെ നിലപാടും ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗമാണെന്ന് തിരിച്ചറിയപ്പെടണം. ആ അജന്‍ഡ നടപ്പാക്കാന്‍ യമുനയും പരിസ്ഥിതിയും നിയമവും തടസ്സമല്ല എന്ന ധാര്‍ഷ്ട്യമാണവര്‍ പ്രകടിപ്പിച്ചത്. ഹരിത ട്രിബ്യൂണല്‍ ഇടപെടല്‍ ആ അഹന്തയ്ക്കേറ്റ ആഘാതമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top