20 April Saturday

ഭരണഘടനാബാഹ്യ ഇടപെടല്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2016

സിബിഐ കേന്ദ്ര ഭരണകക്ഷിയുടെ ആജ്ഞകളനുസരിച്ച് രാഷ്ട്രീയ ഉപജാപങ്ങളുടെയും രാഷ്ട്രീയ ശത്രുസംഹാരത്തിന്റെയും ആയുധമാകുന്നതില്‍ പുതുമയില്ല. എന്നാല്‍, രാഷ്ട്രീയ പാര്‍ടി എന്ന മറപോലുമുപയോഗിക്കാതെ വര്‍ഗീയതയുടെയും ഭീകരതയുടെയും തനിസ്വരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു വിധ്വംസക സംഘത്തില്‍നിന്ന് കല്‍പ്പനകള്‍ സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ ശത്രുക്കളെ കുരുക്കുകയും ചെയ്യുന്നത് ഇതാദ്യമാണ്. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കാന്‍ ആര്‍എസ്എസ് കല്‍പ്പിച്ചതും സിബിഐ ഉടനടി അത് നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതും മുന്‍നിര്‍ത്തിയാണ് ഇത് പറയേണ്ടിവരുന്നത്. അത്യന്തം ആപല്‍ക്കരമായ ഒരു വഴിത്തിരിവാണിത് എന്നതു പറയാതെ വയ്യ. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷതയുടെ അടിവേരറുക്കും ഇത്തരം നീക്കങ്ങള്‍ എന്നത് രാജ്യം തിരിച്ചറിയേണ്ട ഘട്ടമാണിത്.

ആര്‍എസ്എസിന്റെ സര്‍സംഘ് ചാലക് ആണോ ഇപ്പോള്‍ സിബിഐയുടെ ഡയറക്ടര്‍? ആര്‍എസ്എസ് ഒരു കത്ത് തയ്യാറാക്കിക്കൊടുക്കുന്നു. ഉടനടി ആ കത്തില്‍ പറയുന്ന കാര്യങ്ങളൊക്കെ സിബിഐ നിറവേറ്റിക്കൊടുക്കുന്നു. ഭരണഘടന അതിന്റെ പ്രിയാംബിളിലൂടെ ഉറപ്പുനല്‍കുന്ന മതനിരപേക്ഷതയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. അതിന്റെ ധീരനായ നേതാവാണ് പി ജയരാജന്‍. ആ ജയരാജനെ തകര്‍ക്കാന്‍ മതനിരപേക്ഷത എന്ന ഭരണഘടനാമൂല്യത്തെ ധ്വംസിക്കുന്നതിനുവേണ്ടിമാത്രം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരു വര്‍ഗീയ വിഘടന വിധ്വംസക പ്രസ്ഥാനം നിര്‍ദേശിക്കുമ്പോള്‍ അത് ചെയ്തുകൊടുക്കാനിറങ്ങിയിരിക്കുന്നു സിബിഐ. ഭരണഘടനയെയും അതിന്റെ പരിരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് സിബിഐയുടെ നടപടി എന്നുമാത്രം ഇപ്പോള്‍ പറയട്ടെ. രാജ്യത്തിന്റെ ഐക്യവും ഒരുമയും ഛിദ്രീകരിക്കാന്‍ ബദ്ധകങ്കണരായി നില്‍ക്കുന്ന വര്‍ഗീയപ്രസ്ഥാനത്തിന്റെ, അതും രാഷ്ട്രപിതാവിനെത്തന്നെ വകവരുത്തിയ മനുഷ്യത്വരഹിതമായ നിഷ്ഠുര പ്രസ്ഥാനത്തിന്റെ കല്‍പ്പനമതി സിബിഐക്ക് എന്നു വന്നിരിക്കുന്നു. ഭരണഘടനാബാഹ്യ ഭരണാധികാരശക്തിയായി ആര്‍എസ്എസ് ഉയര്‍ന്നുവന്നിരിക്കുന്നു. ഇതാണ് ഏറ്റവും വലിയ ആപത്തായി മനസ്സിലാക്കപ്പെടേണ്ടത്.

കോണ്‍ഗ്രസ് ഭരണകാലത്ത് കോണ്‍ഗ്രസ് അതിന്റെ കുടിലതന്ത്രങ്ങളുടെ നടപ്പാക്കല്‍ ഏജന്‍സിയായി സിബിഐയെ മാറ്റിയിരുന്നു. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളില്‍നിന്നുപോലും മുക്തമായ നിലയില്‍ പ്രവര്‍ത്തിക്കേണ്ട ആ അന്വേഷണ ഏജന്‍സി സര്‍ക്കാര്‍ രൂപീകരിച്ച രാഷ്ട്രീയപാര്‍ടിയുടെ താല്‍പ്പര്യങ്ങളാല്‍ ബന്ധിതമായ നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ് അന്ന് കണ്ടത്. കൂട്ടിലടച്ച തത്തയെന്നും സര്‍ക്കാരിന്റെ ചട്ടുകമെന്നുമൊക്കെ കോടതിതന്നെ സിബിഐയെ ആക്ഷേപിക്കുന്നിടത്തേക്കാണ് അന്ന് കാര്യങ്ങള്‍ എത്തിയത്. സിബിഐയുടെ വിശ്വാസ്യത പൂര്‍ണമായിത്തന്നെ തകരുന്ന പതനത്തിലേക്കാണ് കോണ്‍ഗ്രസ് ഭരണം അതിനെ നയിച്ചത്. എന്നാല്‍, ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള രാഷ്ട്രീയപാര്‍ടിയുടെ പിന്നില്‍മാത്രം നില്‍ക്കുന്ന വര്‍ഗീയസംഘം നേരിട്ട് സിബിഐയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. ഭരണത്തകര്‍ച്ചയ്ക്ക് ഇതിനപ്പുറം ഒരു ദൃഷ്ടാന്തം ഉണ്ടാകേണ്ടതില്ല.

പി ജയരാജനെ കേസില്‍ കുരുക്കി കല്‍ത്തുറുങ്കിലടയ്ക്കാന്‍ ആര്‍എസ്എസ് തയ്യാറാക്കിയ ഗൂഢപദ്ധതിയാണ് ഇപ്പോള്‍ വെളിയില്‍ വന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ സംസ്ഥാനനേതൃത്വം ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്ക് ഈ വിഷയത്തില്‍ കത്തയച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ആ കത്തിലെ വാചകങ്ങള്‍ സിബിഐ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ തെളിഞ്ഞുകാണുന്നു. ഇതില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? സിബിഐക്ക് ആര്‍എസ്എസിന്റെ കത്ത് കൊടുക്കുകയും അതിന്റെ ഉള്ളടക്കപ്രകാരമാണ് കേസ് മുമ്പോട്ടുപോകേണ്ടതെന്ന് ആര്‍എസ്എസുകാരന്‍കൂടിയായ ബിജെപി നേതാവ് അമിത് ഷാ സിബിഐയോട് നിര്‍ദേശികയും ചെയ്തു എന്നല്ലേ? കേന്ദ്ര ഭരണസംവിധാനത്തെത്തന്നെ മറികടന്ന് ആര്‍എസ്എസ് നേരിട്ട് കാര്യങ്ങള്‍ നടത്തുന്നുവെന്നല്ലേ? ഇത് ഗൌരവപൂര്‍വം എല്ലാ ജനാധിപത്യകക്ഷികളും കാണേണ്ട കാര്യമാണ്. ഈ ജനാധിപത്യവിരുദ്ധ ഭരണഘടനാബാഹ്യ  ഭരണനടത്തിപ്പ് സിപിഐ എം വിരോധംമൂലം കണ്ടില്ലെന്നു നടിക്കുന്നവരെ രാജ്യവും ജനങ്ങളും ഉറ്റുനോക്കുന്നുണ്ട്.

സിപിഐ എം വിരോധത്തിന്റെ പേരില്‍ ആര്‍എസ്എസിന്റെ നേരിട്ടുള്ള ഭരണഘടനാബാഹ്യ ഭരണനടത്തിപ്പിനെ വകവച്ചുകൊടുക്കാനാണ് ഭാവമെങ്കില്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിന്റെ തുടക്കമായിരിക്കുമത്. ഇന്ന് സിപിഐ എം അനുഭവിക്കുന്നത് ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യകക്ഷികള്‍ക്കൊക്കെ നാളെ അനുഭവിക്കേണ്ടിവരും. സിപിഐ എമ്മിനോടും പി ജയരാജനോടും രാഷ്ട്രീയശത്രുതയുള്ളതുകൊണ്ട് സിപിഐ എമ്മും പി ജയരാജനും അനുഭവിക്കട്ടെ എന്നുകരുതി ആര്‍എസ്എസിന്റെ ഈ ഭരണാധിനിവേശത്തെ കണ്ടില്ലെന്നു നടിച്ചാല്‍ അത് ചെയ്യുന്ന പാര്‍ടികള്‍ നാളെ ജനങ്ങളോട് മറുപടി പറയേണ്ടിവരും.

പി ജയരാജന്‍ പ്രതിയല്ലെന്ന് തലശേരി സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചതാണ് സിബിഐ. അതേ സിബിഐയെക്കൊണ്ടുതന്നെ മറിച്ച് പറയിച്ചതും പി ജയരാജനെതിരെ കരുനീക്കം നടത്തിക്കുന്നതും ആര്‍എസ്എസിന്റെ വിഷലിപ്തമായ വര്‍ഗീയകല്‍പ്പനയല്ലാതെ മറ്റെന്താണ്? കാലം എന്നും ഇങ്ങനെതന്നെയായിരിക്കില്ലെന്നും മാറിവരുന്ന കാലം ഈ വഞ്ചനയ്ക്ക് സിബിഐ മേധാവികളെക്കൊണ്ടുതന്നെ ഉത്തരം പറയിക്കുമെന്നും അവര്‍ അറിഞ്ഞിരുന്നാല്‍ നന്ന്. ഐപിഎസ് ഓഫീസറായിരുന്ന ലക്ഷ്മണയ്ക്കും മറ്റും ഉണ്ടായ അനുഭവം ഇപ്പോഴത്തെ സിബിഐ മേധാവികള്‍ക്ക് ഒരുപക്ഷേ അറിയുമായിരിക്കില്ല. അതുകൊണ്ടാകണം ഭരണഘടനാ ബാഹ്യശക്തിയുടെ കല്‍പ്പനപ്രകാരം അവര്‍ രാഷ്ട്രീയ വൈരനിര്യാതനത്തിന് ഇറങ്ങുന്നത്.

കേസിന്റെ വികലപ്പെടുത്തിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍എസ്എസുകാര്‍ തയ്യാറാക്കിയ കത്തിലെ വാചകങ്ങള്‍ പി ജയരാജന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അതേപടി വന്നതെങ്ങനെ എന്നതിന് സിബിഐ മേധാവി വിശദീകരണം നല്‍കേണ്ടിവരും. പകല്‍വെളിച്ചംപോലെ വ്യക്തമായിക്കഴിഞ്ഞ ആര്‍എസ്എസ് ഗൂഢാലോചനയ്ക്ക് ആയുധമാകാന്‍ സിബിഐയെ വിട്ടുകൊടുത്തതിന് സിബിഐ മേധാവിമുതല്‍ നരേന്ദ്ര മോഡി മന്ത്രിസഭവരെ മറുപടി പറയേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top