01 October Sunday

അനീതിക്കെതിരായ പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2016

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കുന്നത് മറ്റു വഴികളില്ലാതെയാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാനോ നോട്ടീസ് നല്‍കിയ സംഘടനകളെ ചര്‍ച്ചയ്ക്കു വിളിക്കാനോ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അര്‍ഹതപ്പെട്ട ശമ്പളപരിഷ്കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതും തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതുമാണ് ജീവനക്കാരെയും അധ്യാപകരെയും പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് നയിച്ചത്. വിലക്കയറ്റം കടിഞ്ഞാണില്ലാതെ കുതിച്ചുപായുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണ്. ജനങ്ങളുടെ ജീവിതദുരിതം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. അത്തരം പ്രശ്നങ്ങളൊന്നും സര്‍ക്കാരിനെ അലട്ടുന്നില്ല. ഈ സാഹചര്യത്തില്‍ സമരമല്ലാതെ മറ്റെന്തു മാര്‍ഗം എന്ന ചോദ്യമാണ് ജനങ്ങള്‍ക്കുമുന്നില്‍ ഉയരുന്നത്. ആ ചോദ്യത്തിനുള്ള മറുപടിയായാണ് സമൂഹത്തെ ആകെ ബാധിക്കുന്ന വിലക്കയറ്റപ്രശ്നം ഉള്‍പ്പെടെ ഉയര്‍ത്തി പ്രക്ഷോഭരംഗത്തിറങ്ങാന്‍ സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും തയ്യാറാകുന്നത്. 

ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയും ഫെറ്റോ ഉള്‍പ്പെടെയുള്ള സംഘടനകളും പണിമുടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സെറ്റോ ഒഴിഞ്ഞുനില്‍ക്കുന്നു. 2014 ജൂലൈമുതല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണമാണ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത്. പത്താം ശമ്പളകമീഷന്‍ നിയമിതമായത് 2013ലാണ്. ആദ്യഘട്ട റിപ്പോര്‍ട്ട് ജൂലൈ 13നാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് നല്‍കുന്നതിനുതന്നെ ശക്തമായ പ്രക്ഷോഭം ജീവനക്കാര്‍ക്ക് നടത്തേണ്ടിവന്നു. എന്നാല്‍, കമീഷന് അതിന്റെ കാലാവധി നാലുവട്ടം നീട്ടിക്കൊടുക്കുകയല്ലാതെ ഒന്നാംഘട്ട റിപ്പോര്‍ട്ട് നേരാംവണ്ണം പരിശോധിക്കാന്‍പോലും യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചില്ല. അതില്‍ പ്രതിലോമകരമായ നിരവധി ശുപാര്‍ശകളുണ്ട്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി കടമ നിര്‍വഹിച്ചിട്ടില്ല. 2016 ആദ്യം ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞതാണ്. അതിനുള്ള ശ്രമവുമില്ല.

സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ മേന്മയും വര്‍ധിപ്പിക്കാനുള്ള ഏത് നീക്കത്തോടും സഹകരിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ക്രിയാത്മക നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള സന്നദ്ധതയ്ക്കു പകരം ഭീഷണിയുടെയും അഹങ്കാരത്തിന്റെയും സ്വരമാണ് സര്‍ക്കാരിന്. ശമ്പളപരിഷ്കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്നതും അവധികള്‍ വെട്ടിക്കുറയ്ക്കണമെന്നതും അടക്കം ജീവനക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് ശമ്പളകമീഷന്റേത്. അത് യുഡിഎഫിന്റെ മനസ്സിലിരിപ്പുകൂടിയാണ്. വിവിധ വകുപ്പുകളിലായി 30,500 തസ്തിക നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 11,658 തസ്തിക വെട്ടിക്കുറച്ചിരുന്നു.

ജീവനക്കാരും അധ്യാപകരും സാധാരണ മനുഷ്യരാണ്. അവര്‍ക്ക് താങ്ങാനാകാത്ത ജീവിതച്ചെലവ് ഇന്നുണ്ട്. എന്നാല്‍, ജീവനക്കാരുടെ ഭാഗം തെറ്റായി ചിത്രീകരിക്കാനും സംസ്ഥാനത്തിന്റെ റവന്യൂചെലവില്‍ ശമ്പളത്തിനും പെന്‍ഷനും നീക്കിവയ്ക്കേണ്ടിവരുന്ന തുക പാഴ്ച്ചെലവാണെന്നു വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടിയും സംഘവും നടത്തുന്നത്. അതിനെതിരെയാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി ജീവനക്കാരും അധ്യാപകരും ശബ്ദിക്കുന്നത്. എന്തിന് ശമ്പളകമീഷന്റെ കാലാവധി നാലുവട്ടം ദീര്‍ഘിപ്പിച്ചു, എന്തുകൊണ്ട് റിപ്പോര്‍ട്ട് രണ്ടു ഘട്ടമാക്കി എന്നീ സംശയങ്ങള്‍ ചെന്നെത്തുന്നത് സര്‍ക്കാരിന്റെ തെറ്റായ സമീപനത്തില്‍ത്തന്നെയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഖജനാവില്‍നിന്ന് സൌജന്യമായി പണം പറ്റുന്നവരല്ല. സര്‍ക്കാര്‍സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നത് ഉദ്യോഗസ്ഥരിലൂടെയാണ്്. സര്‍വീസിനെ കാലാനുസൃതമായി ഊര്‍ജസ്വലമാക്കാന്‍ പരിഷ്കരണനടപടികളാണ് വേണ്ടത്.

അതിലേക്ക് കണ്ണുപായിക്കാതെ ശമ്പളപരിഷ്കരണം തടഞ്ഞുവച്ചും പ്രതിഷേധിക്കുന്നവര്‍ക്കുനേരെ ഭീഷണിമുഴക്കിയും യുഡിഎഫ് സര്‍ക്കാര്‍ജീവനക്കാരെ പരിഹസിക്കുകയാണ്. സര്‍ക്കാര്‍സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ അനിവാര്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്. അത് യുഡിഎഫ് സര്‍ക്കാരിനില്ല. കോണ്‍ഗ്രസ് ഭരണം നയിച്ച ഒരു ഘട്ടത്തിലും അത് ഉണ്ടായിട്ടുമില്ല. അവകാശങ്ങള്‍ സമരംചെയ്ത് പിടിച്ചുവാങ്ങണം എന്നതായിരുന്നു എക്കാലത്തെയും കോണ്‍ഗ്രസിന്റെ നിലപാട്. 1985ല്‍ 24 മാസത്തെയും 2005ല്‍ 37 മാസത്തെയും കുടിശ്ശിക നിഷേധിച്ചത് കോണ്‍ഗ്രസ് ഭരണമാണ്. ഇപ്പോഴും അതാവര്‍ത്തിക്കാനാണ് ശ്രമം. അഞ്ചുവര്‍ഷ ശമ്പളപരിഷ്കരണം എന്ന തത്വം അട്ടിമറിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പണിമുടക്ക് നേരിടാന്‍ സന്നാഹമൊരുക്കുകയും ഡയസ്നോണ്‍ പ്രഖ്യാപിക്കുകയുംചെയ്ത് ജീവനക്കാരോടും അധ്യാപകരോടും വെല്ലുവിളി മുഴക്കുന്നു. മുഖ്യമന്ത്രിതന്നെ അത്തരം നിലപാടെടുക്കുന്നു. ഈ അനീതിക്കെതിരെ അധ്യാപകരും ജീവനക്കാരും പൊരുതുമ്പോള്‍ ആ പോരാട്ടത്തെ പിന്തുണയ്ക്കാനും വിജയത്തിലെത്തിക്കാനുമുള്ള ബാധ്യത സമൂഹത്തിനാകെയുണ്ട് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top