20 April Saturday

മാതൃകയാക്കാം ആലപ്പുഴ കലോത്സവം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 11, 2018


ഞായറാഴ‌്ച ആലപ്പുഴയിൽ തിരശ്ശീല വീണ അമ്പത്തൊമ്പതാമത‌് സ‌്കൂൾ കലോത്സവം രചിച്ചത‌് പുതുചരിത്രം. കേരളത്തിന്റെ അഭിമാനമായ, ഏഷ്യയിലെ  ഏറ്റവും വലിയ കലാമേള എങ്ങനെ ആർഭാടമില്ലാതെ ജനകീയ ഉത്സവമായി നിലനിർത്താമെന്ന‌് ആലപ്പുഴ കാണിച്ചുതന്നു. അറുപതിലേക്ക‌് കടക്കുന്ന കൗമാര കലോത്സവത്തിന‌് വരുംകാലങ്ങളിലെ മാതൃകയും മാർഗദർശിയുമാകും ആലപ്പുഴ മേള. ആറ്‌ രാപകലുകൾ നിറഞ്ഞാടാറുള്ള  മേള മൂന്നുദിവസമായി ചുരുക്കിയിട്ടും ഉത്സവച്ഛായക്ക‌് ഒട്ടും കോട്ടമുണ്ടായില്ലെന്നത‌് സംഘാടനമിക‌വുതന്നെ. 

പ്രളയം മുക്കിയ കേരളത്തിന്റെ അതിജീവനപോരാട്ടമായിരുന്നു ഇത്തവണത്തെ മേള. മഹാപ്ര‌ളയം തീർത്ത ദുരന്തത്തെ ഒരുമകൊണ്ട്‌ അതിജീവിക്കാമെന്ന‌് ഒരിക്കൽക്കൂടി  തെളിയിച്ചു  ഈ കലോത്സവം. കളിയോടങ്ങൾ ജീവിതത്തിന്റെ ഭാഗമായ ആലപ്പുഴയിലേക്ക‌്  കലയോടങ്ങളുമായി കൗമാരകേരളം എത്തിയതോടെ കിഴക്കിന്റെ വെനീസ‌് പഴയ പ്രൗഢിയിലേക്ക‌് തിരിച്ചെത്തിയ പ്രതീതി. പ്രളയത്തിൽ സർവതും നശിച്ച ജില്ലയിൽ കലയുടെ മഹാമേള വിജയിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, അനുവദിച്ച തുകയിൽ നാലരക്കോടിയും സർക്കാരിന്റെ പ്രളയ ദുരിതാശ്വാസത്തിനായി തിരിച്ചടച്ച വിദ്യാഭ്യാസ വകുപ്പ‌് ആലപ്പുഴ കലോത്സവം മഹത്തരമാക്കി. പതിമൂവായിരത്തോളം കലാപ്രതിഭകൾ അണിനിരന്ന മേളയ‌്ക്ക‌് ചെലവഴിച്ചത‌് അരക്കോടിയിൽ താഴെ രൂപമാത്രം. ഇതിനായി  വിവിധ സംഘടനകളും ആലപ്പുഴ നിവാസികളും കാണിച്ച ഒത്തൊരുമ മാതൃകാപരമാണ‌്.  

മൂന്നുദിവസം  അറുപതിനായിരത്തോ‌ളംപേർക്ക‌് ഭക്ഷണം നൽകി ചെലവ‌് പൂർണമായും ഏറ്റെടുത്ത   കെഎസ‌്ടിഎ,  ഇത്തരം സന്ദർഭങ്ങളിൽ അധ്യാപകരുടെ കർത്തവ്യം എന്തെന്ന‌് സമൂഹത്തെ ബോധ്യപ്പെടുത്തി. അംഗങ്ങളിൽനിന്ന‌് ലഭിച്ച സംഭാവന ഉപയോഗിച്ച‌് മാത്രമാണിത്‌. പാചകവിദ‌ഗ‌്ധൻ പഴയിടം മോഹനൻനമ്പൂതിരി സ്വന്തം ചെലവിൽ ഭക്ഷണം പാകംചെയ‌്തതും എടുത്തുപറയേണ്ടതാണ്‌.   പ്രോഗ്രാം കമ്മിറ്റി ഉൾപ്പെടെയുള്ള എല്ലാ കമ്മിറ്റികളും ചെലവ‌് ചുരുക്കുന്നതിൽ വലിയ പങ്ക‌് വഹിച്ചു. പ്രധാന വേദിക്ക‌് മാത്രമാണ‌് പന്തലിട്ടത‌്. അതും സൗജന്യമായെന്നത്‌ മറ്റൊരു പ്രത്യേകത. ഓഡിറ്റോറിയങ്ങളായിരുന്നു മറ്റ‌് വേദികളെല്ലാം.

ആലപ്പുഴ പോലുള്ള ചെറിയ നഗരത്തിൽ ഇത്രയും വലിയ മേള എങ്ങനെ നടത്തുമെന്നതും തുടക്കത്തിൽ ആശങ്ക ഉണ്ടായിരുന്നു. വേദികൾതമ്മിലുള്ള അകലവും താമസ സൗകര്യവുമെല്ലാം പ്രശ‌്നമാകുമായിരുന്നിട്ടും അവയൊക്കെ കൃത്യമായ ആസൂത്രണത്തിലൂടെ പരാതിരഹിതമാക്കാൻ സംഘാടക സമിതിക്കായി. പ്രളയത്തിൽ മുങ്ങിയ കുട്ടനാടിന്റെ അഭയകേന്ദ്രങ്ങളായിരുന്നു  കലോത്സവ വേദികൾ.  പ്രളയത്തെ തുടർന്ന‌് മന്ദീഭവിച്ച ആലപ്പുഴയുടെ ടൂറിസം, വ്യാപാരമേഖലയ‌്ക്ക‌് പുതുജീവൻ നൽകി നൂറുകണക്കിന‌് ജീവിതങ്ങളെ തിരിച്ചുപിടിക്കാനായെന്നതും നിസ്സാരമല്ല.

മേളയുടെ നടത്തിപ്പിൽ മാറ്റംവരുത്തിയപ്പോൾ ആശാസ്യമല്ലാത്ത പ്രവണതകൾക്കും ശമനമായെന്നതും ശ്രദ്ധിക്കേണ്ടതാണ‌്. മുൻ വർഷങ്ങളിൽ അപ്പീലുകളുടെ കുത്തൊഴുക്കിൽ  നടത്തിപ്പുതന്നെ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിൽ ഇത്തവണ അതിന‌് വലിയതോതിൽ കുറവുണ്ടായി. 236 ഇനങ്ങളിലായി 11700 പേരാണ‌് രജിസ്റ്റർ ചെയ‌്തത‌്. അപ്പീലുമായി എത്തിയ  679 ഉൾപ്പെടെ12379 പേരാണ‌് 30 വേദികളിലായി മത്സരിച്ചത‌്.  അനിതരസാധാരണമായ സർഗവൈഭവം ഉള്ളവരാണ‌് ഇവർ. സമകാലിക വിഷയങ്ങളോട‌ും സമൂഹത്തെ പിന്നോട്ട‌് നയിക്കുന്ന ആശയങ്ങളോടും കടുത്ത വിമർശനങ്ങളുയർത്താൻ തങ്ങളുടെ കലാരൂപത്തിലൂടെ കുട്ടികൾ ശ്രമിച്ചു. നാട്യ, നടന, പ്രസംഗ  വേദികളിൽ വർഗീയതയ‌്ക്കെതിരെയും  തുല്യനീതിക്കായും പ്രതിരോധ കോട്ട തീർക്കുന്ന കാഴ‌്ച ഭാവിതലമുറ ഏതുവഴിക്ക‌് ചിന്തിക്കുന്നുവെന്നതിന്റെ സൂചകമായി.

ദിവസം കുറച്ചപ്പോൾ പല വേദികളിലും മത്സരം തീരാൻ ഏറെ വൈകിയെന്ന പോരായ‌്മ പരിഹരിക്കാനാകണ‌ം അടുത്ത വർഷം കാസർകോട‌് ജില്ലയിൽ നടക്കുന്ന അറുപതാമത‌് കലോത്സവത്തിന്റെ പ്രധാന ലക്ഷ്യം. മേയ‌്ക്കപ്പിട്ട‌് കുട്ടികൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ദുഃസ്ഥിതിക്ക‌് പരിഹാരം വേണം. അതിനായി ഒരു ദിവസം വർധിപ്പിക്കേണ്ടിവരുമെന്നാണ‌് പൊതുവിദ്യാഭ്യാസ ഡയറക്ടർ അഭിപ്രായപ്പെട്ടത‌്. ഇത്തവണ സംസ്ഥാനതലത്തിൽ ഒഴിവാക്കിയ രചനാമത്സരം അടുത്തവർഷം നടത്തേണ്ടതുണ്ട‌്.  കലോത്സവത്തിന്റെ ആകർഷണമായ സ്വർണക്കപ്പ‌് ഈ വർഷം കൊടുത്തിട്ടില്ല. പ്രത്യേകിച്ച‌് സാമ്പത്തികബാധ്യതയൊന്നും ഇല്ലാതെ ഓവറോൾ കിരീടം നൽകുന്നതും മേളയ‌്ക്ക‌് മാറ്റ‌് കൂട്ടാൻ സഹായിക്കും. അധികം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുത്താതെ കലോത്സവം വൻ വിജയമാക്കിയ സംഘാടകരും വിദ്യാഭ്യാസ വകുപ്പും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.  വരുംവർഷത്തിൽ ഈ മാതൃക പിന്തുടരാനും കുറവുകൾ പരിഹരിച്ച‌് ഈ ജനകീയോത്സവത്തിലൂടെ നമ്മുടെ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനും പുഷ‌്കലമായ സാംസ‌്കാരികമണ്ഡലം നിലനിർത്താനും കുട്ടികളുടെ മഹാമേളയ‌്ക്കാകട്ടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top