26 April Friday

അപകടകരമായ വ്യാജപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 11, 2017


ലോകത്തിന്റെ ഏതുകോണിലും കടന്നുചെന്ന് ജീവിതായോധനം തേടുന്നവരാണ് മലയാളികള്‍. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സാംസ്കാരിക അഭ്യുന്നതിക്കും പ്രവാസികള്‍ നല്‍കുന്ന സംഭാവന നിസ്തുലമാണ്. അന്യനാടുകളില്‍ ചെന്ന് തൊഴിലെടുത്തു ജീവിക്കേണ്ടിവരുന്ന സാഹചര്യം മലയാളികളോളം മനസ്സിലാക്കിയ മറ്റൊരു സമൂഹവുമില്ല. അതുകൊണ്ടാണ്, ഇതര സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലിനായി കേരളത്തിലെത്തുന്നവര്‍  മികച്ച നിലയില്‍ സ്വീകരിക്കപ്പെടുന്നത്. താരതമ്യേന മികച്ച തൊഴില്‍സാഹചര്യവും വേതനഘടനയും ജീവിതപരിസരവും നിലനില്‍ക്കുന്ന കേരളം രാജ്യത്തിന്റെ  നാനാഭാഗത്തുനിന്നുമുള്ള തൊഴിലന്വേഷകരുടെ ഇഷ്ടദേശമായി അനുദിനം മാറുകയാണ്. ഉത്തരേന്ത്യയില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും എത്തി കേരളത്തെ സ്വന്തം നാടായി കണ്ട് ജീവിക്കുന്ന അനേകായിരങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി നിരവധി  ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ചികിത്സാസഹായം, അപകട ഇന്‍ഷുറന്‍സ് എന്നിവയടക്കമുള്ള അത്തരം പദ്ധതികള്‍ മാതൃകാപരമായാണ് മുന്നേറുന്നത്. കേരളത്തിലെത്തി നിര്‍മാണമേഖലയില്‍ ഉള്‍പ്പെടെ  തൊഴിലെടുക്കുന്നവര്‍ അപകടങ്ങളിലും രോഗബാധയാലും മരിച്ച സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രത്യേക പരിഗണന നല്‍കി സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളെ സഹായിച്ചത് ഈ മാതൃകാപരമായ ഇടപെടലിന്റെ ഒരു ഭാഗമാണ്.
 മറ്റൊരു സംസ്ഥാനവും കാണിക്കാത്ത പരിഗണനയാണ് ഇതരസംസ്ഥാനത്തുനിന്നു വരുന്നവര്‍ക്ക് കേരളത്തില്‍നിന്നു ലഭിക്കുന്നത് എന്ന വസ്തുത അനിഷേധ്യമായി നിലനില്‍ക്കുമ്പോഴാണ് ചില കോണുകളില്‍നിന്ന് മറിച്ചൊരു പ്രചാരണം ഉത്ഭവിച്ചത്.

ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ കൊലപ്പെടുത്തുന്നു എന്നാണ് ആ പ്രചാരണം. സാമൂഹ്യമാധ്യമങ്ങളായ വാട്സാപ്,  ഫെയ്സ്ബുക്ക് എന്നിവവഴി ശബ്ദസന്ദേശങ്ങളായും വ്യാജ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 'കേരളത്തില്‍ ഹിന്ദിക്കാര്‍ക്കെതിരെ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. കഴിഞ്ഞദിവസം മാളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ ഹിന്ദിക്കാരാണ് മലയാളികളേക്കാള്‍ കുറഞ്ഞ കൂലിക്ക് ജോലിയെടുക്കുന്നത്. അതുകൊണ്ട് മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു. ഹിന്ദിക്കാരായ തൊഴിലാളികളെ ഇല്ലാതാക്കാന്‍ കേരള സര്‍ക്കാരിന്റെ പിന്തുണയുണ്ട്' എന്നാണ് ഒരു ശബ്ദസന്ദേശത്തിലുള്ളത് എന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

കേരളത്തില്‍ ഇത്തരം ഒരു സംഭവവും നടക്കുന്നില്ല. ഇവിടെ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള ഒരു തൊഴിലാളിയും ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നില്ല. ആരെങ്കിലും തങ്ങളുടെ തൊഴിലവസരം തട്ടിയെടുത്തു എന്ന പരാതി മലയാളികളില്‍ നിലനില്‍ക്കുന്നുമില്ല. 'കേരളത്തില്‍ വന്‍ പ്രശ്നങ്ങളാണ് നടക്കുന്നത്. ആരാണ് അക്രമത്തിന്റെ പിന്നിലെന്ന് അറിയില്ലെന്നു'ള്ള സന്ദേശം ഇതരസംസ്ഥാന തൊഴിലാളികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും പടരുമ്പോള്‍ സംഭവിക്കുന്നത് കേരളത്തെക്കുറിച്ചുള്ള തെറ്റായ ധാരണ സൃഷ്ടിക്കപ്പെടല്‍ മാത്രമല്ല. ഈ തൊഴിലാളികള്‍ വരുന്ന പ്രദേശങ്ങളില്‍ മലയാളികള്‍ സമാധാനപരമായി തൊഴിലെടുത്തും കച്ചവടത്തിലേര്‍പ്പെട്ടും മറ്റും ജീവിക്കുന്നുണ്ട്. അവരോട് ആ പ്രദേശത്തെ ജനങ്ങളില്‍ രോഷവും ശത്രുതയും സൃഷ്ടിക്കാന്‍ കൂടിയാണ് കുപ്രചാരണം വഴിവയ്ക്കുക.

സാധാരണനിലയില്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് സ്വീകാര്യതയോ വിശ്വാസ്യതയോ ലഭിക്കാറില്ല. എന്നാല്‍, ഇന്ന് പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നുണ്ട്. കേരളം കൊലക്കളമാണ്, കൊലപാതകങ്ങളുടെ നാടാണ് എന്ന് ആസൂത്രിതമായും സംഘടിതമായും കേന്ദ്ര ഭരണകക്ഷിതന്നെ പ്രചരിപ്പിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ കേരളത്തില്‍ വന്നും ഡല്‍ഹിയിലും ഈ വ്യാജപ്രചാരണത്തില്‍ നേരിട്ട് പങ്കാളിയായിരിക്കുന്നു. കേന്ദ്രമന്ത്രിമാരും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയടക്കമുള്ള സംഘപരിവാറിന്റെ സമുന്ന നേതാക്കളും കേരളത്തിലെത്തി അത് ഏറ്റെടുക്കുന്നു. സംഘപരിവാറിനോട് ആഭിമുഖ്യമുള്ളതും കേന്ദ്രസര്‍ക്കാരിന് സ്വാധീനമുള്ളതുമായ മാധ്യമങ്ങളെ ഉപയോഗിച്ച് നുണപ്രചാരണം വിപുലപ്പെടുത്തുന്നു. കേരളം സമാധാനമോ സ്വാതന്ത്യ്രമോ പുലരാത്ത ഭീകരദേശമാണ് എന്ന ആ പ്രചാരണത്തോടൊപ്പമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെടുന്നു എന്ന വ്യാജ കഥയും വരുന്നത്. അതുകൊണ്ടുതന്നെ അത് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളുടെ എണ്ണം സ്വാഭാവികമായി വര്‍ധിക്കും. വര്‍ഗീയകലാപങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ പ്രയോഗിക്കുന്ന തന്ത്രം ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ഭീതി സൃഷ്ടിക്കലാണ്. ഇവിടെയും സമാനമാണ് രീതി.  

മുപ്പത്തഞ്ചുലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്. ഇവരെ ബാധിക്കുന്ന എന്തും ഗൌരവമായ ശ്രദ്ധ അര്‍ഹിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഇടപെട്ട് അടിയന്തര നടപടികള്‍ക്ക് തുടക്കം കുറിച്ചത് ആശ്വാസകരമാണ്. പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന് തെറ്റായ സന്ദേശത്തിന്റെ ഉറവിടം എത്രയുംവേഗം കണ്ടെത്താന്‍ കഴിയേണ്ടതുണ്ട്. ഇതിനു പിന്നില്‍ ഏതു ശക്തിയായാലും കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. കേരളത്തിനെതിരായ വ്യാജപ്രചാരണങ്ങള്‍ കേവലം കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി മലയാളികളെയാകെ ബാധിക്കുന്ന വിധത്തില്‍ അപകടരൂപം പ്രാപിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി അതില്‍നിന്ന് പിന്മാറാന്‍ സംഘപരിവാര്‍ തയ്യാറാകണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top