28 November Tuesday

സിദ്ദിഖ്‌ കാപ്പന്റെ ജാമ്യം ഓർമപ്പെടുത്തുന്നത്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 12, 2022


രണ്ട്‌ വർഷത്തോളമായി ജയിൽവാസം അനുഭവിക്കുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ്‌ കാപ്പന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. മാധ്യമ പ്രവർത്തനം അസാധ്യമായിക്കൊണ്ടിരിക്കുന്ന രാജ്യത്ത്‌ കാപ്പനെപ്പോലെയുള്ള ഒരു പത്രപ്രവർത്തകന്‌ ജാമ്യം ലഭിച്ചെന്ന വാർത്ത ആശ്വാസം നൽകുന്നതാണ്‌. ഭീകരവാദം, രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത്‌ ജാമ്യം പരമാവധി നിഷേധിക്കാൻ  ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാർ നടത്തിയ ശ്രമങ്ങളാണ്‌ സുപ്രീംകോടതിയിൽ പരാജയപ്പെട്ടത്‌.

ഏത്‌ പൗരനും സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഉണ്ടെന്നുമുള്ള നിരീക്ഷണത്തോടെയാണ്‌ സുപ്രീംകോടതി കാപ്പന്‌ ജാമ്യം അനുവദിച്ചിട്ടുള്ളത്‌. മാധ്യമസ്വാതന്ത്ര്യം രാജ്യത്ത്‌ കൂപ്പുകുത്തുന്ന വേളയിലാണ്‌ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സ്‌ തയ്യാറാക്കിയ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ കഴിഞ്ഞവർഷം 142–-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ 150–-ാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടിരിക്കുകയാണ്‌. ഈ ഘട്ടത്തിലാണ്‌ മാധ്യമസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുള്ളത്‌.

എന്താണ്‌ കാപ്പൻ ചെയ്‌ത കുറ്റം? ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ഉണ്ടായ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയതാണ് കാപ്പൻ ചെയ്ത കുറ്റം. അവിടെ 19 വയസ്സുള്ള ഒരു ദളിത്‌ പെൺകുട്ടിയെ ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തുകയും തുടർന്ന്‌ മൃതദേഹം സ്വന്തം കുടുംബത്തിന്‌ സംസ്‌കരിക്കാൻപോലും വിട്ടുനൽകാതെ പൊലീസ്‌ ദഹിപ്പിക്കുകയും ചെയ്യുന്നു. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്‌. ഇത്‌ ഒരു വെബ്‌പോർട്ടലിനുവേണ്ടി റിപ്പോർട്ട്‌ ചെയ്യാൻ പോയ സിദ്ദിഖ്‌ കാപ്പനെയാണ്‌ 2020 ഒക്ടോബർ അഞ്ചിന്‌ മഥുര ടോൾപ്ലാസയിൽവച്ച്‌ യുപി പൊലീസ്‌ അറസ്റ്റുചെയ്യുന്നത്‌. കാപ്പനൊപ്പം സഞ്ചരിച്ചിരുന്ന മൂന്ന്‌ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരും അറസ്റ്റിലായി. ഇവർക്കെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തുകയും ചെയ്‌തു. ഹാഥ്‌രസിൽ സമാധാനം തകർക്കാനും അസ്വസ്ഥതകൾ സൃഷ്ടിക്കാനുമാണ്‌ കാപ്പന്റെയും കൂട്ടരുടെയും ശ്രമം എന്നായിരുന്നു യുപി പൊലീസിന്റെ കണ്ടെത്തൽ. മാവോയിസ്റ്റുകളുമായും കമ്യൂണിസ്റ്റുകാരുമായും ബന്ധമുണ്ടെന്ന ആരോപണവും യുപി പൊലീസ്‌ ഉയർത്തി. മതവിഭാഗങ്ങളിൽ ശത്രുത സൃഷ്ടിക്കാൻ ശ്രമിച്ചെന്നും മതവികാരങ്ങൾ വ്രണപ്പെടുത്താൻ ശ്രമിച്ചെന്നും ഭീകരവാദ പ്രവർത്തനത്തിന്‌ പോപ്പുലർ ഫ്രണ്ടിൽനിന്ന്‌ ഫണ്ട്‌ സ്വീകരിച്ചെന്നും ആരോപിച്ച്‌ വിവിധ വകുപ്പുകൾ കാപ്പനെതിരെ ചുമത്താനും യുപി പൊലീസ്‌ തയ്യാറായി. ആദ്യം മഥുരയിലെ വിചാരണ കോടതിയും പിന്നീട്‌ അലഹബാദ്‌ ഹൈക്കോടതിയും കാപ്പന്‌ ജാമ്യം നിഷേധിച്ചു.

എന്നാൽ, സെപ്‌തംബർ ഒമ്പതിന്‌ ചീഫ്‌ ജസ്റ്റിസ്‌ യു യു ലളിത്‌ നേതൃത്വംനൽകുന്ന സുപ്രീംകോടതി മൂന്നംഗ ബെഞ്ച്‌ യുപി പൊലീസിന്റെ അഭ്യർഥനകൾ തള്ളിക്കൊണ്ട്‌ കാപ്പന്‌ ജാമ്യം അനുവദിക്കുകയായിരുന്നു. ഹാഥ്‌രസിലെ പെൺകുട്ടിക്ക്‌ നീതി കിട്ടണമെന്ന്‌ ആവശ്യപ്പെടുന്നത്‌ നിയമത്തിനു മുമ്പിൽ എങ്ങനെ തെറ്റാകുമെന്ന പ്രസക്തമായ ചോദ്യവും പരമോന്നത കോടതി ഉയർത്തുകയുണ്ടായി. നിർഭയക്കുവേണ്ടി 2011 ൽ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തെ ഓർമിപ്പിച്ചുകൊണ്ട്‌ മാറ്റംകൊണ്ടുവരുന്നതിന്‌ പ്രതിഷേധം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഭീകരവാദബന്ധം ഉൾപ്പെടെ യുപി പൊലീസ്‌ കെട്ടിയുയർത്തിയ ആരോപണങ്ങൾക്ക്‌ ഉപോദ്‌ബലകമായ തെളിവുകൾ ഹാജരാക്കുന്നതിൽ യുപി പൊലീസ്‌ ദയനീയമായി പരാജയപ്പെടുകയും ചെയ്‌തു. മുസ്ലിം നാമധാരിയാകുന്നതുകൊണ്ടുമാത്രം ഭീകരവാദിയാക്കപ്പെടുന്ന കാലത്താണ്‌ സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്‌.

കാപ്പന്‌ ജാമ്യം ലഭിച്ചു എന്നതുകൊണ്ട്‌ യുപി പൊലീസിന്റെ കുത്തിത്തിരിപ്പുകൾക്ക്‌ അവസാനമാകുമെന്ന്‌ കരുതാനാകില്ല. അതുകൊണ്ടുതന്നെ മാധ്യമസ്വാതന്ത്ര്യം മാത്രമായി സംരക്ഷിക്കപ്പെടുമെന്നത്‌ വ്യാമോഹം മാത്രമായിരിക്കും. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെട്ടാലേ മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കാനാകൂ. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ഓർമിപ്പിച്ചതുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിലനിന്നാലേ അറിയാനുള്ള സ്വാതന്ത്ര്യവും അതുണ്ടെങ്കിലേ മാധ്യമസ്വാതന്ത്ര്യവും നിലനിൽക്കൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top