02 April Sunday

പേമാരി കാണാതെ അണക്കെട്ട‌് കണ്ടവർക്ക് മറുപടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

 കേരളത്തിൽ അസാധാരണ മഴ സൃഷ്ടിച്ച പ്രളയത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമം ദുരന്തഘട്ടത്തിൽത്തന്നെ ചില കേന്ദ്രങ്ങളിൽനിന്ന് ഉണ്ടായി. പ്രളയക്കെടുതിയെ എങ്ങനെ അതിജീവിക്കും എന്നറിയാതെ ഉഴലുന്ന ജനങ്ങളെ കൈപിടിച്ച് സഹായിക്കുന്നതിനു പകരം പ്രളയകാരണം അണക്കെട്ടുകൾ ആണെന്നും സർക്കാരിന്റെ  പിടിപ്പുകേടാണെന്നും  പ്രചരിപ്പിച്ച്  ദുരന്തനിവാരണപ്രവർത്തനങ്ങൾ തളർത്താനുള്ള ഇടപെടലിലാണ് പ്രതിപക്ഷനേതാവടക്കം വ്യാപൃതരായത്. സർക്കാർ സംവിധാനങ്ങളെയും സൈന്യത്തെയും  ജനങ്ങളെയും യോജിപ്പിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തെ തുരങ്കംവയ്ക്കുന്ന രീതിയിലുള്ള അത്തരം വ്യാജപ്രചാരണങ്ങൾ അന്നുതന്നെ വമ്പിച്ച ജനരോഷത്തിന് ഇടയാക്കി. എന്നിട്ടും അടങ്ങാത്ത “നാസ’യെ അടക്കം തെറ്റായി ഉദ്ധരിച്ച് പ്രളയകാരണം അണക്കെട്ടുകൾ തുറന്നതാണെന്നു സ്ഥാപിക്കാൻ നിരന്തര ശ്രമം നടന്നു. എന്നാൽ, കേന്ദ്ര ജല കമീഷൻ അതിന്റെ അന്തിമ പഠന റിപ്പോർട്ടിൽ കൃത്യമായി പറയുന്നത് പ്രളയത്തിന് കാരണം അസ്വാഭാവികമായി പെയ്ത മഴയാണെന്നും അണക്കെട്ടുകൾ തുറന്നതല്ല എന്നുമാണ്.
164 ശതമാനം അധികം മഴ; ഇതിൽ 414 എംഎം മഴയും മൂന്ന് ദിവസങ്ങളിൽ പെയ്തതോടെ ഗുരുതരമായ പ്രളയം ഉണ്ടായി. 35 ഡാമും റിസർവോയറിലേക്കുള്ള ശക്തമായ നീരൊഴുക്കിനെത്തുടർന്ന് തുറക്കേണ്ടിവന്നു. റിസർവോയറുകളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവിനു സമാനമായിരുന്നു പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ വെള്ളത്തിന്റെ അളവും എന്ന് വസ്തുതാപരമായി സ്ഥാപിക്കുന്നുണ്ട് ജല കമീഷൻ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനം വിളിച്ചാണ‌് അണക്കെട്ടുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്  ആരോപണം ഉന്നയിച്ചത്. മറ്റു ചിലരും ഇത‌് ഏറ്റുപിടിച്ചു. അത്തരക്കാർക്ക്  കൃത്യമായ മറുപടിയാണ് കേന്ദ്ര ജല കമീഷൻ നൽകുന്നത്. വസ്തുതകളുടെയും ശാസ്ത്രീയ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പ്രളയത്തിന്റെ കാരണങ്ങൾ വിലയിരുത്തിയുള്ളതാണ‌് അന്തിമ റിപ്പോർട്ട്. അതുകൊണ്ടുതന്നെ വ്യാജ പ്രചാരണം നടത്തിയവർ ഈ നാടിനോട് മാപ്പ് പറയണം. അസാധാരണമായ പ്രളയം അഭിമുഖീകരിച്ചശേഷം ചർച്ച നടക്കുമ്പോൾ  ഡാം മാനേജ്‌മെന്റിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം, കുറ്റമറ്റ മുൻകരുതലുകൾ എങ്ങനെയെല്ലാം ഉറപ്പാക്കണം ഇത്യാദി  ചോദ്യങ്ങൾ സ്വാഭാവികമായും ഉയരും. അത്തരം ചില വിഷയങ്ങളിലേക്ക് ജല കമീഷനും വിരൽചൂണ്ടുന്നുണ്ട്. അവ പരിശോധിച്ച് ഉചിതമായ നടപടികൾക്ക് സർക്കാർ തയ്യാറാകേണ്ടതുമുണ്ട്.

പരാക്രമം സ്ത്രീകളോട്

 സംസ്ഥാനത്ത് സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യകൃത്യങ്ങളും മറ്റും അന്വേഷിക്കുന്നതിനും രൂപീകൃതമായ സംവിധാനമാണ് കേരള വനിതാ കമീഷൻ. ദേശീയ വനിതാ കമീഷന്റെ മാതൃകയിലുള്ളതാണ് അത്. സ്ത്രീകൾക്കെതിരായ  നീതിരഹിതമായ നടപടികളെക്കുറിച്ച് അന്വേഷിച്ച് തീരുമാനമെടുക്കുക; നടപടികൾ സർക്കാരിന‌് റിപ്പോർട്ട് ചെയ്യുക; നിലവിലുള്ള നിയമത്തിലെ പരിമിതികൾ കണ്ടെത്തി ശുപാർശ സമർപ്പിക്കുക; സ്ത്രീകൾക്ക് എവിടെ നീതി നിഷേധിക്കപ്പെടുന്നുവോ അവിടങ്ങളിലെല്ലാം ഇടപെടുക ഇതാണ്  വനിതാ കമീഷന്റെ ഉത്തരവാദിത്തം. അങ്ങനെയുള്ള കമീഷനിലെ ഒരംഗത്തെതന്നെ പരസ്യമായി ആക്രമിച്ച വാർത്തയാണ് ഇന്ന്  നമുക്കു മുന്നിലുള്ളത്. സംസ്ഥാന വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ ആക്രമിക്കപ്പെട്ടത് ഔദ്യോഗിക കൃത്യനിർ‌വഹണത്തിനിടെ ആണ്. പത്തനാപുരത്ത് കന്യാസ്ത്രീ അസ്വാഭാവികമായി മരണമടഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിക്കാനും അനുശോചനം അറിയിക്കാനും ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ഷാഹിദ കമാലിനെ ഒരുപറ്റം കോൺഗ്രസുകാർ തടഞ്ഞ് ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്തത്.

ആക്രമിക്കപ്പെട്ടത് വനിതയാണ്, വനിതാ കമീഷൻ അംഗമാണ് എന്നതും അക്രമികൾ  സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയും സുരക്ഷയ്ക്കുവേണ്ടിയും അഹോരാത്രം ബഹളംവയ്ക്കുന്ന രാഷ്ട്രീയ പാർടിയുടെ പ്രവർത്തകരാണ‌് എന്നതും  ഈ സംഭവത്തിന് ഗൗരവം വർധിപ്പിക്കുന്നു. ഇത്തരമൊരു അസ്വാഭാവിക ആക്രമണം ഉണ്ടാകുമ്പോൾ ജനാധിപത്യത്തിന്റെ കാവൽക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ  സാധാരണനിലയിൽ സടകുടഞ്ഞ് എണീക്കും. കേരളത്തിലെ നിഷ്പക്ഷ നിർഭയ കൂടാരങ്ങളെന്നു സ്വയം പ്രഖ്യാപിക്കുന്ന പത്രങ്ങളും ടെലിവിഷൻ ചാനലുകളും ഈ വിഷയത്തെ ഗൗരവത്തിൽ റിപ്പോർട്ട് ചെയ്തതായി കണ്ടില്ല. ഷാഹിദാ കമാൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് എത്തിയ നേതാവാണ്. എഐസിസി  അംഗത്വം അടക്കം കോൺഗ്രസിൽ അനേകം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നിട്ടുണ്ട്. സാമൂഹ്യക്ഷേമ ബോർഡിൽ അംഗമായിരുന്നിട്ടുണ്ട്. അത്തരമൊരു നേതാവിനെ ഹർത്താലിന്റെ പേരിൽ പരസ്യമായി തടഞ്ഞുനിർത്തുകയും കൈയേറ്റം ചെയ്യുകയും അവരുടെ ഡ്രൈവറെ പരിക്കേൽപ്പിക്കുകയും ചെയ്യണമെങ്കിൽ അസാധാരണമായ പകയും ക്രിമിനൽ വാസനയും വേണം. അക്രമരാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സമാധാനപ്പറവകളായി നടിക്കുന്ന കോൺഗ്രസുകാർക്ക് എങ്ങനെയാണ് ഈ ക്രൂരത ചെയ്യാൻ തോന്നുന്നത്?

ഹർത്താലിനെതിരെ സമരം നടത്തിയ നേതാവാണ് കോൺഗ്രസിന്റെ ഇന്നത്തെ കേരളത്തിലെ അധ്യക്ഷൻ. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമാണ് കോൺഗ്രസിനെ ഇതര രാഷ്ട്രീയ പാർടികളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. പറയുന്ന കാര്യങ്ങൾ ഒന്നും അവർ ചെയ്യാറില്ല. ഇവിടെ സ്വന്തം പാർടി വിട്ട് മറ്റൊരു പാർടിയിലേക്ക് പോയി എന്നതിന്റെ പേരിലാണ് ബഹുമാന്യനായ വനിതാ കമീഷൻ അംഗത്തെ പകയോടെ പരസ്യമായി ആക്രമിച്ചത്. നേരിട്ട് പങ്കെടുത്ത കോൺഗ്രസുകാർക്കുമാത്രമല്ല ആ പാർടിയെ നയിക്കുന്ന സമുന്നതരായ നേതാക്കൾക്കും ഈ ആക്രമണത്തിൽ  ഉത്തരവാദിത്തമുണ്ട്. അക്രമികൾക്കും അതിനു പ്രേരണ നൽകിയ ഗൂഢാലോചനയ്ക്കും എതിരായി കർക്കശമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകേണ്ടതുണ്ട്. ബഹുജനങ്ങളുടെ രോഷം ഇത്തരം ആക്രമണങ്ങൾക്കെതിരെ ഉയർന്നുവരേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top