20 April Saturday

കേന്ദ്രം തടയുന്നത് കേരളത്തിന്റെ ടൂറിസം വികസനം

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017


ചൈനയില്‍ നടക്കുന്ന ആഗോള വിനോദസഞ്ചാര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുന്നു. ചൈനയുമായുള്ള മോശമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു ഇന്ത്യന്‍ ജനപ്രതിനിധി ചൈനയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് വിദേശമന്ത്രാലയത്തില്‍നിന്ന് വൈകിവന്ന അനൌദ്യോഗിക വിശദീകരണം. ഇന്ത്യയുമായി ബന്ധപ്പെട്ട നയതന്ത്ര പ്രധാന വിഷയങ്ങള്‍ ഈ സമ്മേളനത്തിന്റെ ഭാഗമായി ചര്‍ച്ചയ്ക്ക് വരുമെന്നതിനാല്‍ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍മാത്രം പങ്കെടുത്താല്‍ മതിയെന്ന വിചിത്രമായ തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത്.

എന്നാല്‍, വടക്ക്- കിഴക്കന്‍ ചൈനയിലെ സിയാമെനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മോഡി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും പഞ്ചശീലതത്വങ്ങളില്‍ മുറകെപ്പിടിച്ച് ദോക്ലം പ്രതിസന്ധിക്ക് പരിഹാരം കാണുകയും ചെയ്തിരുന്നു. സ്വാഭാവികമായും ഇന്ത്യ ചീനി ഭായ് ഭായ് വിളികള്‍ വീണ്ടും അന്തരീക്ഷത്തില്‍ ഉയര്‍ന്നു. ആസിയന്‍ ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി പുതിയ വാണിജ്യമന്ത്രി സുരേഷ് പ്രഭു മനിലയിലേക്ക് പോകുകയും ചൈനീസ് ധനമന്ത്രി ഷോങ് ഷാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചൈനയുമായുള്ള ഈ സൌഹൃദാന്തരീക്ഷം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യമെങ്കില്‍ കേരളത്തില്‍നിന്നുള്ള ഒരു മന്ത്രിയുടെ ചൈനാ സന്ദര്‍ശനം വിലക്കുകയല്ല വേണ്ടത്. അനുവദിക്കുകയായിരുന്നു വേണ്ടത്. കേന്ദ്രത്തിന്റെ ലക്ഷ്യം അതല്ലെന്ന് അര്‍ഥം. ദോക്ലം പ്രതിസന്ധി കത്തിനില്‍ക്കുന്ന വേളയില്‍പ്പോലും ഇന്ത്യയില്‍ വിലക്കുള്ള ചൈനീസ് കമ്പനിയുമായി വാണിജ്യകരാറില്‍ ഏര്‍പ്പെടാന്‍ മോഡി സര്‍ക്കാരിന് ഒരു മടിയുമുണ്ടായിരുന്നില്ല. ഇന്ത്യ നിര്‍മിക്കുന്ന ഇറാനിലെ ഛബാഹര്‍ തുറമുഖത്തിലേക്കുള്ള ക്രെയിനുകള്‍ നല്‍കുന്നതിനുള്ള കരാറാണ് ചൈനീസ് കമ്പനിയായ ഇസെഡ്പിഎംസിക്ക് നല്‍കിയിട്ടുള്ളത്. 380 കോടിയുടേതാണ് കരാര്‍. സുരക്ഷാ ഏജന്‍സികളാണ് ഈ ചൈനീസ് കമ്പനിയില്‍നിന്ന് ക്രെയിന്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാകിസ്ഥാനില്‍ ഗ്വാഡര്‍ തുറമുഖം ചൈന നിര്‍മിക്കുന്നതിനു ബദലായിട്ടാണ് ഇറാന്റെ തെക്ക്-കിഴക്കന്‍ തീരത്തുള്ള ഛബാഹര്‍ തുറമുഖനിര്‍മാണത്തില്‍ ഇന്ത്യ ഏര്‍പ്പെട്ടിട്ടുള്ളത്. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെയും 50 ബില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള ചൈന- പാകിസ്ഥാന്‍ ഇടനാഴിയുടെയും പശ്ചാത്തലത്തില്‍ക്കൂടിയാണ് ഛബാഹര്‍ തുറമുഖനിര്‍മാണം ഇന്ത്യ ഏറ്റെടുത്തത്. ആ തുറമുഖത്തിനുള്ള ക്രെയിന്‍ ചൈനയില്‍നിന്ന് വാങ്ങുന്നതിന് ഒരു മടിയും മോഡി സര്‍ക്കാരിനില്ലെന്നര്‍ഥം.        

ഇന്ത്യയില്‍നിന്ന്് മന്ത്രിയെന്ന നിലയില്‍ കടകംപള്ളി സുരേന്ദ്രനെമാത്രമാണ് സമ്മേളനത്തില്‍ മുഴുവന്‍സമയ പ്രതിനിധിയായി ക്ഷണിച്ചിരുന്നത്. ടൂറിസംരംഗത്ത് സംസ്ഥാനം നടപ്പാക്കിവരുന്ന വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്കും പരിപാടികള്‍ക്കുമുള്ള അന്താരാഷ്ട്ര അംഗീകാരമായിരുന്നു അത്. അതാണ് കേരളത്തിന് നിഷേധിക്കപ്പെട്ടത്. മാത്രമല്ല, ചൈനയ്ക്കുമുമ്പിലും മറ്റ് രാജ്യങ്ങള്‍ക്കുമുമ്പിലും കേരളത്തിന്റെ ടൂറിസംസാധ്യതകള്‍ വിശദീകരിക്കാനും ആ രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കാനും കഴിയുന്ന അവസരമാണ് ഇതുവഴി കേരളത്തിന് നഷ്ടമായത്. കേരളത്തെ അപമാനിക്കലല്ലാതെ മറ്റൊന്നുമല്ല ഇത്.  അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളിയും കേന്ദ്രത്തിന് സന്ദേശമയച്ചെങ്കിലും അതിന് മറുപടി നല്‍കാന്‍പോലുമുള്ള മര്യാദ മോഡി സര്‍ക്കാര്‍ കാട്ടിയില്ല. ഫെഡറല്‍ കീഴ്വഴക്കങ്ങളെയാണ് മോഡി സര്‍ക്കാര്‍ കാറ്റില്‍പ്പറത്തുന്നത്.

കടകംപള്ളി സുരേന്ദ്രനെ ക്ഷണിച്ചത് ചൈനയല്ല; മറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷ (യുഎന്‍ഡബ്ള്യുടിഒ)നാണ്. ഈ മാസം 11 മുതല്‍ 17 വരെ നടക്കുന്ന 22-ാം പൊതുസഭയില്‍ പങ്കെടുക്കാനാണ് ക്ഷണം. സമ്മേളനവേദി ചൈനയിലെ ഷെങ്ടുവിലാണെന്നുമാത്രം.  ചൈനയിലേക്കുള്ള യാത്ര നിഷേധിക്കുകവഴി കേന്ദ്രം യഥാര്‍ഥത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് യുഎന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണെന്നര്‍ഥം. കേരളത്തില്‍നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രത്തില്‍ ടൂറിസംമന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് കേരളത്തിന് വിലക്കുണ്ടായത്.

സമ്മേളനത്തിനു സമാന്തരമായി ചൈനീസ് ടൂറിസത്തെക്കുറിച്ച് നടക്കുന്ന സമ്മേളനത്തില്‍ ചൈനയുടെ വണ്‍ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെക്കുറിച്ചും ചര്‍ച്ച നടക്കുമെന്നതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഈ പദ്ധതിയോട് ഇന്ത്യക്ക് യോജിപ്പില്ലാത്തതിനാല്‍ ഒരു ഇന്ത്യന്‍ മന്ത്രി ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടിട്ടുള്ളത്. ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റീവ് ഉച്ചകോടിയും ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ഇന്ത്യന്‍ വികസനഗാഥയ്ക്ക് തിരിച്ചടി നല്‍കുന്ന തീരുമാനമാണിത്. അതോടൊപ്പം കേരളത്തിന്റെ വികസനവും തടയുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നുവേണം കരുതാന്‍. ചൈനയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന മറ്റൊരു കണ്ണി കമ്യൂണിസമാണ്. ഈ ആശയത്തോട് യുദ്ധം പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ പ്രചാരകന്‍ ആദ്യമായി പ്രധാനമന്ത്രിപദത്തിലിരിക്കുമ്പോഴാണ് കേരളമന്ത്രിയുടെ ചൈനാ സന്ദര്‍ശനം തടഞ്ഞതെന്നര്‍ഥം. അമേരിക്കന്‍ സാമ്രാജ്യത്വ സേവയെന്ന സംഘപരിവാര്‍ ദൌത്യവും ഇതുവഴി പൂര്‍ത്തീകരിക്കുകയാണ് *
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top