28 May Sunday

വാക്സിൻ ലഭ്യത കേന്ദ്രം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021


എല്ലാവരും സുരക്ഷിതരാകാതെ ആരും ഒറ്റയ്‌ക്ക് സുരക്ഷിതരാകില്ല. കോവിഡ് മഹാമാരിയെ തോൽപ്പിച്ച് എല്ലാവരെയും സുരക്ഷിതരാക്കാൻ വാക്സിനേഷൻ ഒന്നുമാത്രമാണ് പോംവഴി. ഈ ലക്ഷ്യത്തെ മുൻനിർത്തി ഏവർക്കും അതിവേഗം വാക്സിൻ ലഭ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തുടക്കംമുതൽ കേരളം. കിട്ടുന്ന വാക്സിനിൽ ഒരു തുള്ളിപോലും പാഴാക്കാതെ അതീവ ജാഗ്രതയോടെ, ആത്മാർഥതയോടെ സംസ്ഥാനം ഈ ഉത്തരവാദിത്തം നിർവഹിച്ചുവരുന്നു. ജനുവരി 19ന് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചശേഷം ഇതിനകം സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസുമടക്കം രണ്ടേകാൽ കോടിയോളം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഒന്നര കോടിയിലേറെ ആളുകൾക്ക് ഒരു ഡോസും 65 ലക്ഷത്തോളം പേർക്ക് രണ്ട് ഡോസും നൽകി. സംസ്ഥാന സർക്കാരിന്റെ കൃത്യവും ഫലപ്രദവുമായ ഇടപെടൽ വഴിയാണ് ഇതു സാധിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഈ തീവ്ര ശ്രമം സമ്പൂർണ വിജയത്തിലെത്തിക്കണമെങ്കിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് യഥാസമയം കഴിയണം. എന്നാൽ, പലപ്പോഴും ഇക്കാര്യത്തിൽ താളപ്പിഴകളുണ്ടാകുന്നു. കേന്ദ്രത്തിൽനിന്ന് വാക്സിൻ ലഭിക്കാത്തതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വാക്സിൻ ക്ഷാമമാണ് സംസ്ഥാനത്തുണ്ടായത്. അഞ്ച് ജില്ലയിൽ വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്ന സ്ഥിതിയുമുണ്ടായി. കേരളത്തിൽ ആഗസ്ത് ഒമ്പതുമുതൽ 31 വരെ വാക്സിനേഷൻ യജ്ഞംതന്നെ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വേണ്ടത്ര വാക്സിൻ ലഭിക്കാത്ത സ്ഥിതിയുണ്ടായത്. ചൊവ്വാഴ്ച അഞ്ചു ലക്ഷം ഡോസ് വാക്സിൻ എത്തിയതോടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായിട്ടുണ്ട്.

എല്ലാവർക്കും വേഗത്തിൽ വാക്സിൻ ലഭ്യമാക്കാനാണ് കേരളത്തിൽ പ്രത്യേക യജ്ഞംതന്നെ നടപ്പാക്കുന്നത്. 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആഗസ്ത് പതിനഞ്ചിനകം ആദ്യ ഡോസ് പൂർത്തിയാക്കാനാണ് ശ്രമം. കിടപ്പു രോഗികൾക്കെല്ലാം വീട്ടിലെത്തി വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, അവസാന വർഷ ഡിഗ്രി വിദ്യാർഥികൾ, പിജി വിദ്യാർഥികൾ, യുപി, പ്രൈമറി വിഭാഗം അധ്യാപകർ എന്നിവർക്കും ഈ മുപ്പത്തൊന്നിനകം വാക്സിനേഷൻ നടത്താൻ ലക്ഷ്യമിട്ടിട്ടുണ്ട്. ഘട്ടം ഘട്ടമായി സ്കൂൾ തുറക്കുന്നതിനെക്കുറിച്ചും സംസ്ഥാന സർക്കാർ ആലോചിച്ചു വരികയാണ്. വാക്സിന്റെ ലഭ്യതയെ അടിസ്ഥാനമാക്കിയേ ഇതൊക്കെ നടപ്പാക്കാനാകൂ.


 

ജൂൺ 21ന് പുതിയ വാക്സിൻനയം നടപ്പാക്കിയതുമുതൽ വാക്സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുകയാണ്. സ്വകാര്യമേഖലയ്‌ക്കുള്ള 25 ശതമാനം കഴിച്ച് 75 ശതമാനവും കേന്ദ്രം നേരിട്ട് സംഭരിക്കുന്നു. അപ്പോൾ, സംഭരണത്തിന്റെയും വിതരണത്തിന്റെയും വേഗത കേന്ദ്രം വർധിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തിൽ എവിടെയെങ്കിലും കാലതാമസമുണ്ടായാൽ ഇടപെടാനുള്ള ഫലപ്രദവും കാര്യക്ഷമവുമായ സംവിധാനവും വേണം. രാജ്യത്ത് വാക്സിനുകളുടെ ഉൽപ്പാദനം ജൂലൈ, -ആഗസ്ത് മുതൽ വർധിപ്പിക്കുമെന്ന പ്രഖ്യാപനവും എത്രകണ്ട് പ്രാവർത്തികമായെന്ന് പരിശോധിക്കേണ്ടതുണ്ട്. കോവിഷീൽഡും കോവാക്സിനും രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും കോവിഷീൽഡാണ് കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത്. രണ്ടിന്റെയും ഉൽപ്പാദനം കൂട്ടണം.

മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി പല സംസ്ഥാനത്തിനും ആവശ്യത്തിന് വാക്സിൻ കിട്ടാത്ത സ്ഥിതിയുണ്ട്. സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകുന്നതിൽ വിവേചനമില്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര സർക്കാരിന് കഴിയണം. 2021 അവസാനമാകുമ്പോഴേക്കും രാജ്യത്ത് 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് സാധിക്കണമെങ്കിൽ പ്രതിദിനം കുറഞ്ഞത് ഒരു കോടി പേർക്ക് കൃത്യമായി വാക്സിൻ നൽകണം. ചൊവ്വാഴ്ച രാവിലത്തെ കണക്കുപ്രകാരം 24 മണിക്കൂറിനുള്ളിലെ വാക്സിനേഷൻ 54 ലക്ഷത്തോളംമാത്രം. ഇതിൽ 41.71 ലക്ഷം ഒന്നാം ഡോസാണ്. 139 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് 28.9 ശതമാനത്തോളം പേർക്കു മാത്രമേ ഒരു ഡോസെങ്കിലും കിട്ടിയിട്ടുള്ളൂയെന്നും അറിയണം. വാക്സിനേഷന്റെ വേഗം കൂട്ടിയേ തീരൂ എന്ന് ചുരുക്കം.

കേരളത്തിന്റെ ജനസംഖ്യയിൽ പകുതിയിലേറെ പേരും ഇനിയും കോവിഡ് വരാത്തവരാണ്. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളടക്കം ശാസ്ത്രീയമായ പ്രതിരോധരീതികൾ കർശനമായി നടപ്പാക്കിയതും കൃത്യമായ പരിശോധനാ രീതികളുമാണ് ഇത്രയും പേർക്ക് വരാതിരിക്കാൻ സാഹചര്യമൊരുക്കിയത്. രോഗമുള്ളവരെ കണ്ടെത്താൻ മികച്ച ടെസ്റ്റിങ് സ്ട്രാറ്റജിയാണ് കേരളം നടപ്പാക്കുന്നതെന്ന് രാജ്യത്തെയും പുറത്തെയും പൊതുജനാരോഗ്യ വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നു. രോഗം വരാത്തവരുടെ പ്രതിരോധം ഉറപ്പാക്കാൻ വാക്സിനേഷൻ വേഗം പൂർത്തിയാക്കുക മാത്രമാണ് പരിഹാരം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം. സംസ്ഥാനത്തിന്റെ ആവശ്യത്തിനനുസരിച്ച് വാക്സിൻ ഉറപ്പാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top