25 April Thursday

മാന്ദ്യം വിഴുങ്ങുമ്പോഴും സർക്കാരിന്റെ പിന്മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019


രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്- 5.8 ശതമാനം. തൊഴിലില്ലായ‌്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ 6.1 ശതമാനം. വ്യവസായമേഖലയിലടക്കം ഒരു രംഗത്തും കാര്യമായ മുതൽമുടക്കില്ല. എല്ലാ രംഗത്തും ഉപഭോഗം പിന്നോട്ടടിച്ചിരിക്കുന്നു. റിയൽ എസ്‌റ്റേറ്റ് മേഖലയാകെ തളർന്നുകിടക്കുന്നു. ഒരിടത്തും ബാങ്ക് വായ‌്പയുമില്ല. ഇതിപ്പോൾ ഇന്ത്യൻ സമ്പദ‌്‌വ്യവസ്ഥയുടെ പൊതുചിത്രം. സമ്പദ‌്‌വ്യവസ്ഥയെയാകെ മാന്ദ്യം വിഴുങ്ങിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നടപ്പു ധനവർഷത്തെ ശേഷിക്കുന്ന ഒമ്പതുമാസത്തേക്ക് ബജറ്റവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമന്റെ മുൻഗണന എന്താകണമായിരുന്നു? സർക്കാരിന്റെ പൊതുമുതൽമുടക്ക് വർധിപ്പിച്ച്, തൊഴിലും വരുമാനവും സൃഷ്ടിച്ച് ജനങ്ങളുടെ ക്രയശേഷി ( വാങ്ങൽ കഴിവ്) മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടത്. അങ്ങനെമാത്രമേ സമ്പ‌ദ‌്‌വ്യവസ്ഥയെ വളർച്ചയുടെ പാതയിലേക്ക് കൊണ്ടുവരാൻ കഴിയൂ. അടുത്ത അഞ്ചു വർഷത്തിനകം ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ‌്‌വ്യവസ്ഥയായി വളർത്തുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ആവർത്തിച്ച ബജറ്റ് പക്ഷേ, സർക്കാരിന്റെ മുതൽമുടക്കൊന്നും വർധിപ്പിക്കാൻ മിനക്കെടാതെ സ്വകാര്യ മുതൽമുടക്ക് വർധിക്കുമെന്ന് പ്രതീക്ഷയർപ്പിക്കുകമാത്രമാണ് ചെയ്യുന്നത്.

ധനകമ്മിയുടെ പേരുപറഞ്ഞാണ് സർക്കാരിന്റെ പൊതുചെലവ് കുറയ‌്ക്കുന്നത‌്. ഇതാകട്ടെ, നവലിബറൽ-ആഗോളവൽക്കരണ സാമ്പത്തികനയത്തിന് തുടക്കംകുറിച്ച 1991 മുതൽ സ്വീകരിക്കുന്ന നടപടിയുമാണ്. എന്നിട്ടും ധനകമ്മി കുറയുന്നില്ലെന്നത് മറ്റൊരു കാര്യം. വാസ‌്തവത്തിൽ ഈ നയം കൊണ്ടുതന്നെയാണ് ധനകമ്മി പെരുകുന്നത്. വരുമാനവും ചെലവും തമ്മിലുള്ള അന്തരത്തിൽ വരുമാനം കുറവാണെങ്കിൽ ധനകമ്മിയെന്ന് ലളിതമായി പറയാം. അപ്പോൾ, സർക്കാരിന്റെ വരുമാനം കൂട്ടിയാൽ പ്രശ്നം പരിഹരിക്കാം. കോർപറേറ്റ് നികുതി വർധിപ്പിച്ചും  നികുതി വല വ്യാപിപ്പിച്ചും സ്വത്തുനികുതി ചുമത്തിയും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെ ഇറക്കുമതിത്തീരുവകൂട്ടിയും  വരുമാനം വർധിപ്പിക്കാനാകും. പക്ഷേ, ഇതൊന്നും നവലിബറൽ നയത്തിൽ നടപ്പില്ല. ഈ ബജറ്റിലടക്കം കോർപറേറ്റ് മേഖലയ‌്ക്ക് തുടർച്ചയായി നൽകിവരുന്ന ഇളവുകൾ ഈ നയത്തിന്റെ ഭാഗമാണ്. അതായത്, ധനകമ്മി വർധിക്കുന്നത് കോർപറേറ്റ് - സമ്പന്നപ്രീണന നയം കൊണ്ടുതന്നെ. ഇത് മറച്ചുവച്ച് ധനകമ്മിയുടെ പേരുപറഞ്ഞ് സർക്കാരിന്റെ പൊതുമുതൽമുടക്കുകളും സാമൂഹ്യക്ഷേമ ചെലവുകളും വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത്. നടപ്പുധന വർഷത്തിൽ (2019–-20) ധനകമ്മി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.3 ശതമാനമായിരിക്കുമെന്നാണ് ബജറ്റിൽ കണക്കാക്കിയിരിക്കുന്നത്.

സർക്കാർ പറയുന്നതൊന്നുമല്ല യഥാർഥത്തിൽ ധനകമ്മിയെന്നത് വേറൊരു വസ‌്തുത. പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് കടമെടുപ്പിച്ചും അവരിൽനിന്ന് കടം വാങ്ങിയും റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക പണം എടുത്തുമൊക്കെയാണ് സർക്കാർ ധനകമ്മി കുറച്ചുകാണിക്കുന്നത്. ധനകമ്മിയുടെ പേരിൽത്തന്നെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിയും ഭൂമിയും വിറ്റഴിക്കുന്നതും. ഈ ബജറ്റിലും ഒരുലക്ഷം കോടിയിലേറെ രൂപയുടെ  ഓഹരി വിറ്റഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സമ്പദ‌്‌വ്യവസ്ഥയുടെ എല്ലാ മേഖലയിലും മാന്ദ്യം പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ധനകമ്മി വർധിച്ചാൽപോലും പൊതുമുതൽമുടക്ക് കൂട്ടി സമ്പദ‌്‌വ്യവസ്ഥയെ കരകയറ്റാനാണ് സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്. സർക്കാരിന്റെ വരുമാനം വർധിപ്പിക്കണം.അതിന്, പ്രത്യക്ഷനികുതിയിനത്തിൽ വരുന്ന കോർപറേറ്റ് നികുതി വർധിപ്പിക്കലും ധനികർക്ക് കൂടുതൽ നികുതിചുമത്തലും പ്രധാന മാർഗമാണ്.  അങ്ങനെ നികുതി വരുമാനം വർധിപ്പിക്കാൻ ശ്രമിക്കാതെ പ്രതിവർഷം 400 കോടി വരെ വിറ്റുവരവുള്ള കോർപറേറ്റുകളുടെ നികുതി 25 ശതമാനം മാത്രമായി കുറച്ചുകൊടുക്കുകയാണ് ബജറ്റിൽ ചെയ‌്തത‌്. ഇതുവഴി സർക്കാരിന് പ്രതിവർഷം 4000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ നികുതി വരുമാനം നടപ്പു സാമ്പത്തികവർഷത്തിൽ ആഭ്യന്തരോൽപ്പാദനത്തിന്റെ 11.7 ശതമാനമായി ചുരുങ്ങുമെന്ന് ബജറ്റിൽ പറഞ്ഞിട്ടുള്ളതും കൂട്ടി വായിക്കേണ്ട സംഗതിയാണ്. വരുമാനം കൂട്ടാൻ സമ്പന്നരെ തൊടാൻ കൂട്ടാക്കാത്ത സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും സർചാർജ് കൂട്ടി രാജ്യത്താകെ രൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കാൻ ഒരു മടിയും കാണിക്കുന്നില്ല. ഇത് സമ്പദ് വ്യവസ്ഥയെ വീണ്ടും കൂട്ടക്കുഴപ്പത്തിലാക്കും.

മാന്ദ്യകാലത്തുപോലും സർക്കാർ ഇടപെടില്ലെന്ന് വ്യക്തമായ സൂചനയുള്ള ബജറ്റിൽ ബാങ്ക് വായ‌്പകൾ വർധിക്കുമെന്നും അതുവഴി സ്വകാര്യ മുതൽമുടക്കുണ്ടാകുമെന്നുമുള്ള ഏക പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. അതേസമയം, ബാങ്കുകളാകട്ടെ കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടത്തിന്റെ പ്രതിസന്ധിയിലാണ്. അതുകൊണ്ടുതന്നെ, പുതിയ വായ‌്പകൾ അനുവദിക്കാൻ ഇന്ത്യൻ ബാങ്കുകൾക്ക് കഴിയുന്നില്ല.  ഇത്തരമൊരു സാഹചര്യത്തിൽ ബാങ്ക് വായ‌്പയിലും സ്വകാര്യ മുതൽമുടക്കിലും പ്രതീക്ഷയർപ്പിക്കുന്ന നിർമല സീതാരാമന്റെ ബജറ്റ് സർക്കാരിന്റെ പിന്മാറ്റമാണ് വെളിപ്പെടുത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top