20 April Saturday

വയോജനങ്ങൾ ആക്രമിക്കപ്പെടരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 11, 2020



വീട്ടകങ്ങളിലെ ആക്രമണങ്ങൾ ഏറുകയാണ്. ഇതിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളാണ് മുഖ്യം. കുട്ടികൾക്കെതിരെയും ഏറെ പീഡനം നടക്കുന്നു. ഇവയ്ക്കെല്ലാമൊപ്പം വീട്ടിലെ പ്രായം ചെന്നവർക്കെതിരായ ആക്രമണങ്ങളും വർധിക്കുകയാണ്. അച്ഛനെയോ അമ്മയെയോ കൊല്ലുന്ന മക്കൾ, മുത്തച്ഛനെയോ മുത്തശ്ശിയെയോ ആക്രമിച്ചു പരിക്കേൽപ്പിച്ച്‌ വീട്ടിൽനിന്ന് പുറന്തള്ളുന്ന ചെറുമക്കൾ തുടങ്ങിയവരൊന്നും ഇപ്പോൾ അപൂർവമല്ല.

തിരുവനന്തപുരത്ത് കേരളത്തിന്റെ മുൻ രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ താരം ജയമോഹൻതമ്പിയുടെ മരണം കൊലപാതകമാണെന്ന്‌ തെളിയുന്നു. മകൻ അറസ്റ്റിലായിട്ടുണ്ട്. ഒരിടത്ത് അമ്മയെ മകൻ ആഡംബരവീടിന്റെ നിലവറയിൽ പൂട്ടി. മറ്റൊരിടത്ത് അമ്മയെ മകൻ കഴുത്തറുത്തു  കൊന്നു. എല്ലാ സാമൂഹ്യ, സാമ്പത്തിക പദവികളിലുള്ളവരും ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നുവെന്ന നിലയുണ്ട്.

കുടുംബമെന്നത് നന്മകൾ നിറഞ്ഞാടുന്ന പൂങ്കാവനമാണെന്ന കാഴ്ചപ്പാടാണ് പലരും ഇപ്പോഴും പുലർത്തുന്നത്. എന്നാൽ, അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവും ജനാധിപത്യരഹിതവുമായാണ് കുടുംബമെന്ന സമൂഹ യൂണിറ്റ്  മിക്കപ്പോഴും നിലനിൽക്കുന്നത്. അധികാരഘടന അതേപോലെ നിലനിർത്തിക്കൊണ്ട്‌ കുടുംബത്തിൽ ജനാധിപത്യമെന്നത് എളുപ്പവുമാകില്ല. കുടുംബത്തിലെ സ്ഥലവും സമയവും അധികാരവും പണവും എല്ലാ കുടുംബാംഗങ്ങൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുകയെന്ന  അവസ്ഥ ഒരു ചൂഷണാധിഷ്‌ഠിത സമൂഹത്തിൽ പ്രതീക്ഷിക്കാനുമാകില്ല. മുതലാളിത്തം ലാഭത്തിനായി കൂടുതൽ അക്രമാസക്തമാകുമ്പോൾ കുടുംബങ്ങളിൽവരെ അതിന്റെ പ്രതിഫലനവും വരും. എന്നാൽ, അത്തരം സൈദ്ധാന്തിക വിശദീകരണങ്ങളിൽ ഒതുക്കി  ഇപ്പോൾ കുടുംബത്തിനുള്ളിൽ നടക്കുന്ന അതിക്രമങ്ങളെ അവഗണിക്കാനും കഴിയില്ല.


 

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളേക്കാൾ വേഗത്തിലാണ് കേരളത്തിലെ വയോജനങ്ങളുടെ എണ്ണം കൂടുന്നത്.  2011ലെ ജനസംഖ്യാ കണക്കനുസരിച്ച്  60 വയസ്സ്‌ കഴിഞ്ഞവരുടെ ദേശീയ ശരാശരി 8.57 ശതമാനവും കേരളത്തിന്റേത് 12.6 ശതമാനവുമാണ്. കേരളമാണ് ഏറ്റവുമുയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനം. കേരളത്തിൽ പ്രതീക്ഷിത ആയുർദൈർഘ്യം പുരുഷന്മാരിൽ 77.8ഉം സ്ത്രീകളിൽ 72.5ഉം ആണ്. നിലവിൽ കേരളത്തിലെ 48 ലക്ഷം ആളുകൾ 60 വയസ്സിനു മുകളിലാണുള്ളതെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് പറയുന്നു.  ഇവരിൽ 65 ശതമാനം പേരും രോഗികളാണ്. 15 ശതമാനം പേർ 80 വയസ്സും അതിനും മുകളിലുള്ളവരാണ്. 60 വയസ്സിനു മുകളിലുള്ള സ്ത്രീപുരുഷന്മാരിൽ കൂടുതലും സ്ത്രീകളാണ്. അവരിൽ ഭൂരിഭാഗവും വിധവകളും. ഏറ്റവും കൂടുതൽ സാമൂഹ്യസംരക്ഷണം ആവശ്യമുള്ളവരാണ് ഈ വയോജനങ്ങളെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2025 ആകുമ്പോഴേക്കും നമ്മുടെ ജനസംഖ്യയിൽ 20 ശതമാനവും പ്രായമായവരാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ കുടുംബങ്ങളിലെ വൃദ്ധരുടെ സാമൂഹ്യപദവി പ്രത്യേക പരിഗണന അർഹിക്കുന്നു. സ്വന്തമായി വരുമാനമുള്ളവർ ആ വരുമാനത്തിന്റെ പേരിലും വരുമാനമില്ലാത്തവർ അക്കാരണത്താലും ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്‌. ജോലിയിൽനിന്നു വിരമിച്ച്‌ വീട്ടിൽ കഴിയുന്ന അച്ഛനെ മകൻ മദ്യലഹരിയിൽ കൊല്ലുന്നു. വീട്ടുജോലി ചെയ്ത് കുടുംബം പോറ്റിയ അമ്മയെ  ജോലിക്ക്‌ പോകാനാകാതെ വരുമ്പോൾ മക്കൾ ചവിട്ടിപ്പുറത്താക്കുന്നു. ചെറിയ വ്യത്യാസത്തോടെ ഇതൊക്കെ ആവർത്തിക്കുന്നു. നിലവിലെ വയോജനസംരക്ഷണ നിയമപ്രകാരം വീട്ടിൽ നേരിടുന്ന പീഡനത്തിനും അവഗണനയ്ക്കും നിയമ പരിഹാരം തേടാനാകും. എന്നാൽ, പലർക്കും അതുപോലും ചെയ്യാനാകാത്ത ശാരീരിക, മാനസിക പ്രയാസങ്ങൾ ഉണ്ടാകും.

പ്രായമായാൽ സ്വന്തം ഇഷ്ടപ്രകാരം വൃദ്ധമന്ദിരങ്ങളിലേക്കോ സ്വന്തമായ താമസ സൗകര്യത്തിലേക്കോ നീങ്ങുന്നതുപോലും  കുടുംബത്തിനു നാണക്കേടായി കരുതുന്ന പ്രവണത ഇന്നുമുണ്ട്. അത് വൃദ്ധസദനങ്ങളെ അനാഥാലയങ്ങളെന്ന രീതിയിലും പ്രായമായവരെ  ‘കൊണ്ടുതള്ളാനുള്ള ഇട’മായും കാണുമ്പോഴുള്ള പ്രശ്നമാണ്. യഥാർഥത്തിൽ അവരുടെ മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും അത്തരം കേന്ദ്രങ്ങളിലെ താമസം ഉതകുമെങ്കിൽ അത് പ്രോത്സാഹിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ഈ സംരക്ഷണകേന്ദ്രങ്ങളെ കൂടുതൽ മനുഷ്യസൗഹൃദ സ്ഥാപനങ്ങളായി മാറ്റുകയും വേണം.

കുടുംബങ്ങളിൽ കഴിയുന്ന വയോധികർ ഏതെങ്കിലും തരത്തിൽ അക്രമത്തിനിരയായാൽ അവർക്ക് പെട്ടെന്ന് രക്ഷ തേടാൻ കഴിയുന്ന സംവിധാനം ഉണ്ടാകേണ്ടതുണ്ട്. സ്ത്രീ സുരക്ഷയ്ക്കുള്ളതുപോലെ ഒരു ഹെൽപ്‌ ലൈൻ നമ്പർ തന്നെ ആലോചിക്കണം. നിലവിലുള്ള സംവിധാനങ്ങളെപ്പറ്റി വ്യാപകമായ പ്രചാരണവും നടത്തണം. തദ്ദേശസ്ഥാപനങ്ങളും വീടുകളിലെ വയോധികരുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണം. അപകടകരമായ സാഹചര്യത്തെപ്പറ്റി സൂചന ലഭിച്ചാൽ അത് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വാർഡ്‌ മെമ്പർമാർ മുതലുള്ള ജനപ്രതിനിധികൾ ശ്രദ്ധിക്കണം. അത് വീട്ടുവഴക്കല്ലേ എന്ന ലാഘവബുദ്ധിയോടെ അവഗണിക്കരുത്.

കേരളത്തിൽ വയോധികർക്കായി ഒട്ടേറെ സാമൂഹ്യസുരക്ഷാ പദ്ധതികളുണ്ട്. എന്നാൽ, ഇവയുടെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പാക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാൻ നടത്തുന്നതുപോലെ വയോധികരുടെ അവകാശസംരക്ഷണത്തിനുള്ള ബോധവൽക്കരണ പരിപാടികളും ശക്തമാക്കണം. രാജ്യത്ത് ഏറ്റവും കൂടുതൽ വയോധികരുള്ള സംസ്ഥാനം അവർ  ഏറ്റവും സുരക്ഷിതരായും സന്തോഷത്തോടെയും കഴിയുന്ന സംസ്ഥാനമായിക്കൂടി മാറണം. അത്തരത്തിൽ ഇക്കാര്യത്തിൽക്കൂടി ഇന്ത്യക്ക് മാതൃകയാകാൻ കേരളത്തിനു കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top