28 November Tuesday

ബ്രിട്ടീഷ് തെരഞ്ഞെടുപ്പിന്റെ സന്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Jun 12, 2017

കാലാവധി തീരുന്നതിന് മൂന്നുവര്‍ഷംമുമ്പ് പൊതുതെരഞ്ഞെടുപ്പ് നടത്തി കൂടുതല്‍ കരുത്ത് നേടാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മോഹം പൊലിഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി ബ്രെക്സിറ്റ് ചര്‍ച്ച ആരംഭിക്കുന്നതിനുമുമ്പ് ജനപ്രതിനിധിസഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടി വിലപേശല്‍ശേഷി വര്‍ധിപ്പിക്കാനുള്ള കണ്‍സര്‍വേറ്റീവ് കക്ഷി നേതാവും പ്രധാനമന്ത്രിയുമായ മേയുടെ ശ്രമമാണ് ദയനീയമായി പാളിയത്. 17 അംഗ ഭൂരിപക്ഷമുണ്ടായിരുന്ന മേക്ക് തെരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷം നേടാന്‍ 12 പേര്‍ വേണമെന്നായി. വടക്കന്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ടിയുമായി സഖ്യം സ്ഥാപിച്ച് സര്‍ക്കാരുണ്ടാക്കാനാണ് മേയുടെ ശ്രമം. കരുത്ത് നേടാന്‍ ജനവിധി തേടി ദുര്‍ബലയായിത്തീര്‍ന്ന തെരേസ മേ, രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷത്തുനിന്നുമാത്രമല്ല സ്വന്തം കക്ഷിയില്‍നിന്നുതന്നെ ഉയര്‍ന്നിട്ടുമുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കണ്‍സര്‍വേറ്റീവ് കക്ഷി നേതാവായ ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞതിനെതുടര്‍ന്നാണ് തെരേസ മേക്ക് അധികാരം ലഭിച്ചത്. കാമറണിന്റെ പാത മേയും പിന്തുടരണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. ഇപ്പോള്‍ രാജിവയ്ക്കാന്‍ വിസമ്മതിച്ചാലും 2020 വരെ ഭരിക്കാന്‍ തെരേസ മേക്ക് കഴിയുകയില്ലെന്ന പൊതുധാരണ ഇപ്പോഴേ പരന്നിട്ടുണ്ട്. ഇപ്പോഴത്തെ പൊതുതെരഞ്ഞെടുപ്പും അനാവശ്യമായിരുന്നു. രണ്ടിലും കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് തോല്‍വിയുമുണ്ടായി.

ഇക്കുറി കണ്‍സര്‍വേറ്റീവ് പാര്‍ടിക്കെന്നപോലെ സ്കോട്ടിഷ് നാഷണലിസ്റ്റിക് പാര്‍ടിക്കും കനത്ത തിരിച്ചടിയുണ്ടായി. ഫലം നിരാശാജനകമാണെന്ന് എസ്എന്‍പി നേതാവ് നിക്കോളസ് സ്റ്റര്‍ജന്‍ അഭിപ്രായപ്പെട്ടു. സ്കോട്ടിഷ് ദേശീയവികാരം കത്തിനില്‍ക്കവെ രണ്ടുവര്‍ഷംമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 54 സീറ്റ് നേടി  സ്കോട്ട്ലന്‍ഡില്‍ തികഞ്ഞ ആധിപത്യം എസ്എന്‍പിക്ക് നേടാനായി. യുണൈറ്റഡ് കിങ്ഡത്തില്‍ (യുകെ) സ്വാതന്ത്യ്രം തേടി നടന്ന ഹിതപരിശോധന പരാജയപ്പെട്ടശേഷം നടന്ന തെരഞ്ഞെടുപ്പിലായിരുന്നു ഈ വിജയം നേടാന്‍ കഴിഞ്ഞത്. ബ്രെക്സിറ്റ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ അതിനോട് ശക്തമായ എതിര്‍പ്പുള്ള എസ്എന്‍പി വീണ്ടും ഹിതപരിശോധനയ്ക്ക് ആവശ്യമുയര്‍ത്തിയ ഘട്ടത്തിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് നടന്നത്. സ്കോട്ട്ലന്‍ഡിന്റെ സ്വാതന്ത്യ്രം എന്ന വിഷയത്തില്‍ വീണ്ടുമൊരു ഹിതപരിശോധന ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കി. 19 സീറ്റ് കുറഞ്ഞ് 35 സീറ്റുമാത്രമാണ് എസ്എന്‍പിക്ക് നേടാനായത്. സീനിയര്‍ നേതാക്കളായ ആംഗസ് റോബര്‍ട്ട്സണും അലക്്സ് സാമണ്ടും പരാജയപ്പെടുകയും ചെയ്തു.

ബ്രിട്ടനിലെ മൂന്നാംകക്ഷിയായി അറിയപ്പെടുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും മുന്നേറ്റം നേടാനായില്ല. പാര്‍ടിക്ക് പുതുജീവന്‍ നല്‍കി ടോറി- ലേബര്‍ ദ്വന്ദ്വത്തിനപ്പുറത്തേക്ക് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിയെ നയിക്കാന്‍ നേതൃത്വത്തിനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് സീറ്റ് വര്‍ധിപ്പിച്ച് 12 സീറ്റ് നേടാന്‍ കഴിഞ്ഞുവെന്നതാണ് ആശ്വാസം. മുന്‍ ഉപപ്രധാനമന്ത്രി നിക്ക് ക്ളെഗ് പരാജയപ്പെട്ടത് പാര്‍ടിക്ക് ക്ഷീണമാവുകയും ചെയ്തു.

ബ്രെക്സിറ്റിന്റെയും ട്രംപിന്റെയും വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഫാസിസ്റ്റ് വലതുപക്ഷത്തിന് മേല്‍ക്കൈ ലഭിക്കുമെന്ന് വിലയിരുത്തലുണ്ടായെങ്കിലും ബ്രിട്ടനില്‍ അതുണ്ടായില്ല. അയല്‍രാജ്യമായ ഫ്രാന്‍സില്‍പ്പോലും ഫാസിസ്റ്റ് കക്ഷിയായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ പ്രവേശിച്ചിരുന്നു. ബ്രിട്ടീഷ് നവഫാസിസ്റ്റ് കക്ഷിയായ യുണൈറ്റഡ് കിങ്ഡം ഇന്‍ഡിപെന്‍ഡന്റ് പാര്‍ടിക്ക് (യുകിപ്) ഒരു സീറ്റും ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 10.8 ശതമാനം വോട്ട് ഇക്കുറി 1.8 ശതമാനമായി കുറഞ്ഞു. യൂറോപ്പിലെങ്ങും ആഗോളവല്‍ക്കരണത്തിനെതിരായ ശബ്ദമാണ് നവഫാസിസ്റ്റ് കക്ഷികള്‍ ഉയര്‍ത്തുന്നത്. ഒപ്പം കുടിയേറ്റത്തെയും ഇവര്‍ ശക്തിയായി എതിര്‍ക്കുന്നു. മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ആഗോളവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖമായി ബ്രിട്ടനില്‍ ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ടി മാറി. സാമൂഹ്യക്ഷേമം എന്ന അജന്‍ഡയില്‍ ഊന്നുന്നതായിരുന്നു ലേബര്‍ പാര്‍ടിയുടെ മാനിഫെസ്റ്റോ. ചെലവുചുരുക്കല്‍ നയത്തിനെതിരെ കോര്‍ബിന്‍ ശക്തമായി രംഗത്തുവന്നു. അവശ്യസര്‍വീസുകള്‍ ദേശസാല്‍ക്കരിക്കുമെന്നും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും 9000 പൌണ്ട് വരുന്ന വാര്‍ഷിക ട്യൂഷന്‍ ഫീസ് നിര്‍ത്തലാക്കുമെന്നും മറ്റും കോര്‍ബിന്‍ പറഞ്ഞപ്പോള്‍, ബ്രിട്ടനിലെ ജനങ്ങള്‍ അത് ആവേശത്തോടെ സ്വീകരിച്ചു. അതിസമ്പന്നര്‍ക്ക് അഞ്ചുശതമാനം നികുതി വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ടോണി ബ്ളെയറിന്റെയും ഗോള്‍ഡന്‍ ബ്രൌണിന്റെയും നേതൃത്വത്തില്‍ വലതുപക്ഷത്തേക്ക് ചാഞ്ഞ ലേബര്‍ പാര്‍ടിയെ വീണ്ടും ഇടതുപക്ഷവേദിയിലേക്ക് ഉയര്‍ത്തിനിര്‍ത്താന്‍ കോര്‍ബിന് കഴിഞ്ഞു.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായും ട്രേഡ് യൂണിയനുകളുമായുമുള്ള ലേബര്‍ പാര്‍ടിയുടെ ബന്ധം കോര്‍ബിന്‍ വീണ്ടെടുത്തു. "നീതി ന്യൂനപക്ഷത്തിനല്ല മറിച്ച്, ഭൂരിപക്ഷത്തിനാണ്''- എന്ന് കോര്‍ബിന്‍ ഉറപ്പിച്ചുപറഞ്ഞു. തെരുവോരങ്ങളില്‍ ജനങ്ങളുമായി നേരിട്ട് ഇടപഴകിയുള്ള കോര്‍ബിന്റെ പ്രചാരണരീതിയും വേറിട്ട കാഴ്ചയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാഞ്ചസ്റ്ററിലും ലണ്ടനിലുമുണ്ടായ ബോംബ് സ്ഫോടനവേള വലതുപക്ഷം അവര്‍ക്ക് അനുകൂലമാക്കാന്‍ നടത്തിയ നീക്കവും കോര്‍ബിന്‍ തകര്‍ത്തു. ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി 20,000 പൊലീസുകാരെ കുറച്ചത് സുരക്ഷയെ ബാധിച്ചുവെന്ന് പറഞ്ഞ കോര്‍ബിന്‍ മധ്യ- പൌരസ്ത്യ ദേശത്ത് അമേരിക്കയ്ക്കൊപ്പം ആക്രമണം നടത്തുന്ന വിദേശനയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്നും ആവശ്യപ്പെട്ടു. സിറിയയിലും ഇറാഖിലും നടത്തുന്ന ആക്രമണമാണ് ഭീകരവാദികളെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുന്നതെന്ന വാദമാണ് കോര്‍ബിന്‍ ഉയര്‍ത്തിയത്.

'ദുര്‍ബലനായ' നേതാവാണ് കോര്‍ബിനെന്നും കോര്‍ബിന്റെ വിജയം രാജ്യത്തെ അനിശ്ചിതത്വത്തിലേക്ക് നയിക്കുമെന്നുമുള്ള തേരേസ മേയുടെ പ്രചാരണം ജനം ചെവിക്കൊണ്ടില്ലെന്ന് ഫലം തെളിയിച്ചു. ഒമ്പതര ശതമാനം വോട്ടും 29 സീറ്റും ലേബര്‍ പാര്‍ടി വര്‍ധിപ്പിച്ചു. 1945ല്‍ ക്ളമന്റ് ആറ്റ്ലിക്കുശേഷം ലേബര്‍ പാര്‍ടി ഏറ്റവും കൂടുതല്‍ വോട്ട് വര്‍ധിപ്പിച്ചത് ഇപ്പോഴാണ്. ക്ഷേമരാഷ്ട്രം എന്ന അടിസ്ഥാന  ആശയത്തിലേക്ക് ലേബര്‍ പാര്‍ടി തിരിച്ചുപോയപ്പോള്‍ അവര്‍ക്ക് വിജയം നേടാനായി എന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. വലത്തോട്ട്, ആഗോളവല്‍ക്കരണ നയങ്ങളിലേക്ക് മാറുകയാണ് ഇനിയുള്ള ബദല്‍ എന്ന മുതലാളിത്തശക്തികളുടെ വാദത്തെയാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ടിയും ജെറെമി കോര്‍ബിനും ചോദ്യംചെയ്യുന്നത്. ആഗോളവല്‍ക്കരണത്തിന് ബദലുണ്ടെന്ന ശക്തമായ സന്ദേശവും കോര്‍ബിന്റെ വിജയം നല്‍കുന്നു. ആഗോളവല്‍ക്കരണവിരുദ്ധ പോരാട്ടങ്ങളുടെ നായകനായാലേ ഇടതുപക്ഷത്തിനും വിജയിക്കാനാകൂ എന്ന സന്ദേശവും ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് നല്‍കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top