26 April Friday

യുഡിഎഫ് നയിച്ചത് മദ്യപ്രളയത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2016

കള്ളം പറഞ്ഞും കാണിച്ചും മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനോ ജനങ്ങളെ മദ്യമുക്തരാക്കാനോ സാധിക്കില്ല. യുഡിഎഫ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് പറയുന്ന പ്രധാന 'ഭരണനേട്ടം' മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്ന നയം തങ്ങള്‍ നടപ്പാക്കി എന്നതാണ്. സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഉപഭോഗവും വിറ്റുവരവും എക്കാലത്തെയും റെക്കോഡിലേക്ക് ഉയര്‍ന്നു എന്നതാണ് യാഥാര്‍ഥ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പാക്കി എന്നവകാശപ്പെടുന്ന 2015–16ല്‍ കേരളത്തില്‍ വിറ്റ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തില്‍നിന്നുള്ള വരുമാനം 11,577.29 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തില്‍നിന്ന് 1564.45 കോടി രൂപ അധികം. കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍നിന്ന് ലഭ്യമാകുന്ന ഈ വിവരം അനുസരിച്ച് സംസ്ഥാനത്ത് ഇത്രയും വലിയ തുകയുടെ മദ്യക്കച്ചവടം ഇന്നോളം ഉണ്ടായിട്ടില്ല. മദ്യത്തില്‍നിന്നുള്ള വരുമാനം വര്‍ധിച്ചതിന്റെ കണക്കുകള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു. വില കൂട്ടിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാണ് യുഡിഎഫ് നേതൃത്വം നല്‍കിയ വിശദീകരണം. എന്നാല്‍, വസ്തുത മറ്റൊന്നാണ്. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് ബ്രാണ്ടി, വിസ്കി, റം തുടങ്ങിയ വിദേശമദ്യങ്ങളുടെ വില്‍പ്പനയില്‍ ഒമ്പതുശതമാനം കുറവുണ്ടായപ്പോള്‍ ബിയര്‍ വില്‍പ്പനയില്‍ 61 ശതമാനം വര്‍ധനയാണുണ്ടായത്.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ ഒരു മദ്യനയവും കൊണ്ടുവന്നിട്ടില്ല. നിലവാരത്തിന്റെ പേരില്‍ 418 ബാറുകളില്‍നിന്ന് കോഴവാങ്ങാന്‍ ആസൂത്രണംചെയ്ത പദ്ധതിയാണ് കോണ്‍ഗ്രസിനകത്തെ വഴക്കുകള്‍ കാരണം മുടങ്ങിയതും ഒടുവില്‍ ബാറുകള്‍ ബിയര്‍– വൈന്‍ പാര്‍ലറുകള്‍ ആകുന്നതിലേക്ക് എത്തിയതും. സംസ്ഥാനത്ത് പുതിയ ബിയര്‍– വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയിട്ടില്ല. ഇന്ന് 809 പാര്‍ലറുകള്‍ കേരളത്തിലാകെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മദ്യവും വിളമ്പുന്ന പഞ്ചനക്ഷത്ര– ഹെറിട്ടേജ് ഹോട്ടലുകള്‍ ഇതിനു പുറമെയാണ്. ആയിനത്തില്‍ ആറ് പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചത് കഴിഞ്ഞ നാളുകളിലാണ്. വിദേശമദ്യത്തിന്റെ ഉപഭോഗം 2014–15ല്‍നിന്ന് 169.47 ലക്ഷം ലിറ്റര്‍ കുറഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം, 458.92 ലക്ഷം ലിറ്റര്‍ ബിയറിന്റെ ഉപഭോഗം വര്‍ധിച്ചു. ബിയറും വൈനും വീര്യം കുറഞ്ഞ മദ്യമാണെന്ന് ന്യായീകരിക്കുകയാണ് സര്‍ക്കാര്‍. ഒരു പെഗ് (60 എംഎല്‍) വിദേശമദ്യത്തില്‍ 27 എംഎല്‍ ആല്‍ക്കഹോള്‍ ഉണ്ട്. ഒരു കുപ്പി ബിയറില്‍ 39 എംഎല്‍ ആല്‍ക്കഹോളാണുള്ളത്. വിദേശമദ്യത്തിന്റെ വില്‍പ്പന ഒമ്പതുശതമാനം കുറയുകയും ബിയര്‍ വില്‍പ്പന 61 ശതമാനം വര്‍ധിക്കുകയും ചെയ്തപ്പോള്‍ യഥാര്‍ഥ ആല്‍ക്കഹോളിന്റെ ഉപഭോഗം 27 ലക്ഷം ലിറ്ററാണ് വര്‍ധിച്ചത്. ഇതിനര്‍ഥം കേരളത്തില്‍ കൂടുതല്‍ കുടിയന്മാരെ സൃഷ്ടിക്കുകയാണ് ഈ നയത്തിലൂടെ ചെയ്തത് എന്നാണ്.

സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ ലക്ഷക്കണക്കിന് ലിറ്റര്‍ മദ്യം വിദേശരാജ്യങ്ങളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളില്‍നിന്നും എത്തുന്നുണ്ട്. മിലിട്ടറി ക്യാന്റീനുകളില്‍നിന്നുള്ള മദ്യവില്‍പ്പന ഇതിനുപുറമെ. കള്ള് ചെത്ത് കുറയുന്നുണ്ടെങ്കിലും 'കള്ളിന്റെ' ലഭ്യത വര്‍ധിക്കുകയാണ്. സ്പിരിറ്റും ഇതര രാസവസ്തുക്കളും ചേര്‍ത്ത് കൃത്രിമ കള്ള് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നു. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഭീഷണി വേറെ. മദ്യദുരന്തം പ്രവചിച്ച് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് സര്‍ക്കാരിനും ഇക്കാര്യത്തില്‍ നല്ല ധാരണയുണ്ട് എന്നതിന് തെളിവാണ്. വ്യാജമദ്യം നിയന്ത്രണമില്ലാതെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. മാഹിയിലെയും സംസ്ഥാന അതിര്‍ത്തിപ്രദേശങ്ങളിലെയും മദ്യശാലകളില്‍ വന്‍തോതില്‍ മദ്യപര്‍ എത്തുന്നു. ഫലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ മദ്യനിരോധനത്തിലേക്കല്ല കേരളത്തെ മദ്യപ്രളത്തിലേക്കാണ് നയിക്കുന്നത്. അത് തിരിച്ചറിഞ്ഞാണ് ഇതിനകം പുറത്തുവന്ന വിവിധ തെരഞ്ഞെടുപ്പ് സര്‍വേകളില്‍ യുഡിഎഫിന്റെ മദ്യനയം കാപട്യമാണെന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചത്. മദ്യനിരോധനം എന്ന വാഗ്ദാനം നല്‍കി പരസ്യങ്ങളുടെയും അവകാശവാദത്തിന്റെയും ധാരാളിത്തത്തില്‍ സ്ത്രീസമൂഹത്തിന്റെ അനുഭാവം നേടാം എന്ന യുഡിഎഫ് വ്യാമോഹത്തെ അടിമുടി തകര്‍ക്കുന്ന കണക്കുകളാണ് മേല്‍ ഉദ്ധരിച്ചത്.

കാപട്യത്തിലധിഷ്ഠിതമായ ഈ നയമല്ല കേരളത്തിന് വേണ്ടത്. മദ്യവിപത്തില്‍നിന്ന് സംസ്ഥാനത്തെ കരകയറ്റാന്‍ ജനങ്ങളുടെയും മദ്യവിരുദ്ധപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ മദ്യവര്‍ജന പ്രസ്ഥാനമാണ് ആരംഭിക്കേണ്ടത്. അതിനുള്ള കര്‍മപദ്ധതിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ പ്രഖ്യാപിക്കുന്നത്. ഭയപ്പെടുത്തിയോ വിലക്കിയോ അല്ല ബോധവല്‍ക്കരിച്ചാണ് മദ്യപരെ രക്ഷിക്കേണ്ടത്. അതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സന്നദ്ധതയില്ല. അതുകൊണ്ടാണ് കൂടുതല്‍ മദ്യവില്‍പ്പനശാലകള്‍ അനുവദിക്കുകയും വ്യാജ കണക്കുകള്‍ അവതരിപ്പിച്ച് മദ്യവിരോധിയുടെ മുഖംമൂടി അണിയുകയും ചെയ്യുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അഴിമതിയില്‍ അധിഷ്ഠിതമാണ്. ധനമന്ത്രിയായിരുന്ന കെ എം മാണി രാജിവച്ച് പുറത്തുപോകേണ്ടിവന്നതും എക്സൈസ്മന്ത്രി കെ ബാബു ആരോപണത്തിന്റെ വിഴുപ്പ് പേറുന്നതും അതുകൊണ്ടാണ്. അതിന് കേരളത്തിലെ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനോ ജനങ്ങളെ മദ്യവിമുക്തരാക്കാനോ സാധിച്ചിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടത് ഇത്തരം തട്ടിപ്പുകളല്ല. ആത്മാര്‍ഥതയും നിശ്ചയദാര്‍ഢ്യവും ശാസ്ത്രീയവീക്ഷണവുമുള്ള ഇടപെടലാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി അത്തരം ഇടപെടലിലൂടെ കേരളത്തെ മദ്യവിമുക്തമാക്കാനുള്ള പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുമെന്നാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങള്‍ യുഡിഎഫിന്റെ കാപട്യം തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള അവസരമായി നിയമസഭാതെരഞ്ഞെടുപ്പിനെ വിനിയോഗിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top