21 May Tuesday

ബിജെപിയുടെ വിജയത്തിനുപിന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 11, 2022


അഞ്ച്‌ സംസ്ഥാനത്തെ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഫലം ഇന്ത്യൻ രാഷ്ട്രീയം എങ്ങോട്ടാണ്‌ നീങ്ങുന്നത്‌ എന്നതിന്‌ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്‌. വിശ്വാസ്യതയുള്ള ബദൽശക്തിയുള്ള ഇടങ്ങളിൽ ബിജെപിക്ക് കടന്നുകയറാനാകുന്നില്ല എന്നതാണ്‌ ഒരു പാഠം. തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ഈ സാഹചര്യം മനസ്സിലാകും. എഎപി ശക്തമായ ബദലായ പഞ്ചാബിൽ ബിജെപി നിലംതൊട്ടില്ല. യുപിയിൽ ഭരണം നിലനിർത്തിയെങ്കിലും സമാജ് വാദി പാർടി പടക്കുതിരയായി. വോട്ടും സീറ്റും എസ്‌പി വർധിപ്പിച്ചു. യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഒട്ടേറെ ജനകീയ വിഷയങ്ങളുണ്ടായിരുന്നു. കർഷകരോഷം, കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥത, ക്രമസമാധന തകർച്ച, വിലക്കയറ്റം എന്നിങ്ങനെ. ഈ അനുകൂല സാഹചര്യം മുതലെടുക്കാൻ പ്രതിപക്ഷ കക്ഷികൾക്കായില്ല. പ്രതിപക്ഷത്തെ ഭിന്നിപ്പുതന്നെയാണ് പ്രധാന വിനയായത്. ബിജെപിക്കെതിരെ മതനിരപേക്ഷ മുന്നണിക്ക് എസ്‌പി നേതാവ് അഖിലേഷ് യാദവ് ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസും ബിഎസ്‌പിയും തയ്യാറായില്ല. ഇരുവരും യുപി രാഷ്ട്രീയത്തിൽ നാമാവശേഷമായതാണ് ഫലം. പ്രിയങ്ക ഗാന്ധി "വൺ വുമൺ ഷോ' നടത്തിയെങ്കിലും ദയനീയ പര്യവസാനമായി.

മറ്റ് രാഷ്ട്രീയ കക്ഷികൾക്കില്ലാത്ത ആയുധം ബിജെപി എടുത്തുപയോഗിച്ചു. തീവ്ര ഭൂരിപക്ഷ വർഗീയത. ഇതോടൊപ്പം പണക്കൊഴുപ്പും കൂടെ ചേർന്നപ്പോൾ ജനകീയ വിഷയങ്ങൾ പിന്നോട്ടടിച്ചു. കോവിഡ് കാലത്ത് ഡിജിറ്റൽ പ്രചാരണത്തിലേക്ക് നീങ്ങാൻ തെരഞ്ഞെടുപ്പ് കമീഷൻ നിഷ്കർഷിച്ചത് ബിജെപി പ്രചാരണത്തിന് വൻ മേൽക്കൈ നേടുന്നതിലെത്തി. വൻ തുക ചെലവുവരുന്ന ഡിജിറ്റൽ പ്രചാരണത്തിൽ പ്രതിപക്ഷ കക്ഷികൾ പിറകോട്ടായി. ബിജെപിയാകട്ടെ ഒരേസമയം 50,000 പേരെ പങ്കെടുപ്പിച്ചുള്ള വെർച്വൽ റാലികൾ യഥേഷ്ടം സംഘടിപ്പിച്ചു. തുടർ ഭരണത്തിലിരിക്കുന്ന കേന്ദ്ര ഭരണകക്ഷിക്ക് കോർപറേറ്റുകൾ വാരിക്കോരിയാണ് പണം നൽകിയത്. 2018ൽ മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സമ്പ്രദായം കോർപറേറ്റ്‌ പണം വൻതോതിൽ നേടാൻ ബിജെപിയെ സഹായിച്ചു. ഇതുവരെ ഇറക്കിയ 19 ബാച്ച് ബോണ്ടുകളിൽ നൽകിയ തുകയുടെ 90 ശതമാനവും ബിജെപിയുടെ അക്കൗണ്ടിലാണ് പോയത്. പ്രതിപക്ഷ കക്ഷികൾ ധനസമാഹരണത്തിൽ ശരിക്കും ബുദ്ധിമുട്ടിലാണ്. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന ജനാധിപത്യം എന്നതിലേക്ക് ഇന്ത്യ പച്ചയായി കടന്നിരിക്കുന്നു.

ബിജെപിക്കെതിരായ ബദൽ സാധ്യമാണെന്ന് വിശാല ഇന്ത്യയിലെ പലയിടത്തും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഢ്‌, പഞ്ചാബ്, ഒഡിഷ, ഡൽഹി തുടങ്ങിയ ഇടങ്ങളിലെല്ലാം വർഗീയവിരുദ്ധ സർക്കാരുകൾ നിലവിലുണ്ട്. ബിജെപിക്കെതിരെ ദേശീയതലത്തിൽ വിശാല പ്രതിപക്ഷ സഖ്യം എന്നത് ദുഷ്കരമാണ്. എന്നാൽ, പ്രാദേശിക സഖ്യങ്ങൾ ഫലപ്രദവുമാണ്. പ്രാദേശിക കക്ഷികൾ കരുത്താർജിക്കുന്ന കാഴ്ചയുണ്ട്. പഞ്ചാബിൽ എഎപിയുടെ മിന്നും വിജയം ഉദാഹരണം. ഇന്ത്യൻ ഫെഡറലിസത്തിന്റെ കരുത്തുകൂടിയാണിത്. ഫെഡറൽ ഘടന തകർത്ത് കേന്ദ്ര ഭരണം ഇതിനെ നേരിടുന്നു എന്ന ഭീഷണിയുമുണ്ട്.

അരനൂറ്റാണ്ടിലേറെ രാജ്യം ഭരിച്ച കോൺഗ്രസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രത്യക്ഷമാകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന സൂചന. കൈയിലുണ്ടായിരുന്ന പഞ്ചാബ് കൈവിട്ടെന്നു മാത്രമല്ല, തൂത്തെറിയപ്പെട്ടു. ഇനി രാജസ്ഥാനും ഛത്തീസ്ഗഢും മാത്രമാണ് ബാക്കി. തകർന്നടിയുന്ന കോൺഗ്രസിന്‌ എങ്ങനെ ബിജെപിക്ക്‌ ബദലാകാൻ കഴിയും എന്ന ചോദ്യമാണ്‌ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top