20 April Saturday

മല്യാരക്ഷകര്‍ മറുപടിപറയണം

വെബ് ഡെസ്‌ക്‌Updated: Friday Mar 11, 2016

നിയമത്തിനുമുന്നിലെ പിടികിട്ടാപ്പുള്ളികളെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ അനുവദിച്ച് അവരില്‍നിന്ന് കിട്ടുന്നത് വാങ്ങിയെടുക്കുക എന്നതായിരുന്നിട്ടുണ്ട് കേന്ദ്രത്തിലെ കോണ്‍ഗ്രസ്– ബിജെപി സര്‍ക്കാരുകളുടെ എക്കാലത്തെയും നിലപാട്. ഭോപാല്‍ വിഷവാതകദുരന്തമുണ്ടാക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്ന വാറന്‍ ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തി വിദേശത്തേക്കയച്ചത് രാജീവ്ഗാന്ധിയായിരുന്നെങ്കില്‍ മുംബൈ സ്ഫോടനപരമ്പരകളുടെ മുഖ്യ ആസൂത്രകനായിരുന്ന സിഐഎ– ലഷ്കര്‍ ഇ തോയ്ബ ഇരട്ട ഏജന്റ് ഡേവിഡ് ഹെഡ്ലിയെ ഇന്ത്യവിട്ട് രക്ഷപ്പെടാന്‍ അനുവദിച്ചത് മന്‍മോഹന്‍സിങ്ങാണ്. ബോഫോഴ്സ് കുംഭകോണത്തിന്റെ സൂത്രധാരന്‍ ഒക്ടോവിയോ ക്വട്റോച്ചിമുതല്‍ ഹിന്ദുജസഹോദരങ്ങള്‍വരെ. വിന്‍ഛദ്ദ മുതല്‍ ഇറ്റലിക്കാരായ നാവികര്‍വരെ. ഇത്തരക്കാരെയൊക്കെ ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായി രക്ഷിച്ചുവിടുന്നതില്‍ മത്സരിച്ചിട്ടേയുള്ളൂ ബിജെപി ഭരണവും കോണ്‍ഗ്രസ് ഭരണവും. ആ പരമ്പരയിലെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് മദ്യരാജാവ് വിജയ്മല്യയുടെ രക്ഷപ്പെടല്‍. 

പൊതുമേഖലാ ബാങ്കുകളെ ശതകോടികളുടെ കിട്ടാക്കടത്തില്‍പ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെടേണ്ട കുറ്റവാളിയാണ് രാജ്യസഭാംഗം കൂടിയായ, പഴയ കിങ്ഫിഷര്‍ ഉടമയായ ഈ മദ്യരാജാവ്. എന്‍ഫോഴ്സ്മെന്റ് ഡറയക്ടറേറ്റ് മുതല്‍ സിബിഐവരെ കേസെടുത്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വിജയ് മല്യ രാജ്യംവിടുന്നത് തടയണമെന്ന് ആദ്യം നരേന്ദ്രമോഡി സര്‍ക്കാരിനോടും പിന്നീട് കോടതിയോടുതന്നെയും ആവശ്യപ്പെട്ടിരുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയടക്കം ഉടമസ്ഥതയുള്ള മല്യയുടെ യുബി ഗ്രൂപ്പിന് പൊതുമേഖലാ ബാങ്കുകളില്‍നിന്ന് കൊടുത്ത കടം 9000 കോടിയുടേതാണ്. 13 ബാങ്കുകളാണ് കിട്ടാക്കടവുമായി നട്ടംതിരിയുന്നത്.

ഇവിടെ അറിയേണ്ട ചില കാര്യങ്ങളുണ്ട്. വിജയ് മല്യ രക്ഷപ്പെട്ട് വിദേശത്ത് എത്തിക്കഴിഞ്ഞുവെന്ന് ഉറപ്പായശേഷം മാത്രമാണോ പൊതുമേഖലാ ബാങ്കുകള്‍ കോടതിയിലെത്തിയത്? അങ്ങനെയാണെങ്കില്‍ ആരാണ് ബാങ്കുകളെ മല്യ യാത്രയാകുംവരെ വിലക്കിനിര്‍ത്തിയത്? അഥവാ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കോടതിയില്‍ ചെന്നശേഷമാണ് മല്യ രാജ്യംവിട്ടതെങ്കില്‍ സര്‍ക്കാര്‍ അത് എങ്ങനെ അനുവദിച്ചു? എന്തുകൊണ്ട് എന്‍ഫോഴ്സ്മെന്റിന്റെ കേസ് നേരിടുന്ന കുറ്റവാളിക്ക് യാത്രാനുമതി നല്‍കി? എന്തുകൊണ്ട് അയാളുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചില്ല? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം വിജയ് മല്യ രക്ഷപ്പെട്ടത് സര്‍ക്കാരിന്റെ സഹായത്തോടും പിന്തുണയോടും കൂടിയാണ് എന്നാണ്. ഇങ്ങനെ ഒരു ജനാധിപത്യ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? പാവപ്പെട്ട വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസലോണും കര്‍ഷകന്റെ കാര്‍ഷികവായ്പയും മുന്‍നിര്‍ത്തി വീട് ജപ്തിചെയ്തുകൊണ്ടുപോകാറുള്ള ബാങ്കുകള്‍ എങ്ങനെ, ആരുടെ ഗ്യാരന്റിയില്‍ വിജയ് മല്യക്ക് സാധാരണ ഇന്ത്യന്‍ പൌരന്റെ നിക്ഷേപം ഇങ്ങനെ നൂറുകണക്കിന് കോടികളായി ചോര്‍ത്തിക്കൊടുത്തുകൊണ്ടേയിരുന്നു? ആരുടെ സര്‍ക്കാരാണിത് എന്നതിന് ഇതേക്കാള്‍ വലിയ തെളിവ് വേണ്ട.

2004ലെ വായ്പയില്‍ ഒരു പൈസ തിരിച്ചടയ്ക്കാതെ 2008ല്‍ വീണ്ടും വിജയ് മല്യക്ക് എല്ലാ ക്രമവുംവിട്ട് വായ്പ അനുവദിച്ചതെങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരാണ് നല്‍കേണ്ടത്. ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദമില്ലാതെ ഈവിധത്തില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കില്ല. ആരാണ് സമ്മര്‍ദം ചെലുത്തിയത്? അതേപോലെ, സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിലെ പ്രതി ഒരു തടസ്സവും കൂടാതെ രാജ്യംവിട്ടുവെങ്കില്‍ അതിനുത്തരം പറയേണ്ടത് അതിനുള്ള സാഹചര്യമൊരുക്കിക്കൊടുത്ത ഇപ്പോഴത്തെ മോഡി സര്‍ക്കാരാണ്. ആരാണ് ഈ സര്‍ക്കാരിലെ മല്യാരക്ഷകന്‍? ലളിത്മോഡി കേസില്‍ കുറ്റവാളിക്ക് വിദേശത്ത് എല്ലാ സൌകര്യവും ചെയ്തുകൊടുക്കാനും സുഗമമായ യാത്ര ഏര്‍പ്പാടാക്കി കൊടുക്കാനും വേണ്ടി ഇടപെട്ടവര്‍ ഉള്‍പ്പെട്ട മന്ത്രിസഭയാണ് നരേന്ദ്ര മോഡിയുടേതെന്ന് ഓര്‍ക്കണം. കാശു കണ്ടാല്‍ കവാത്ത് മറക്കുന്ന മന്ത്രിമാര്‍ വിജയ് മല്യക്ക് മുന്നില്‍ വിമാനത്താവളത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് ഓച്ഛാനിച്ചുനിന്നു എന്നുവേണം മനസ്സിലാക്കാന്‍.

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും എയര്‍ ഇന്ത്യയുടെയും കുത്തക അവസാനിപ്പിച്ചുകൊണ്ട് ആകാശമേഖല സ്വകാര്യകമ്പനികള്‍ക്കായി തുറന്നുകൊടുത്തത് ഉദാരവല്‍ക്കരണ– ആഗോളവല്‍ക്കരണ നയങ്ങളും അവയുടെ വക്താവായ കോണ്‍ഗ്രസ് സര്‍ക്കാരുമാണ്. ആ നയത്തിന്റെ ഫലമായാണ് ഒരുപാട് സ്വകാര്യ എയര്‍കമ്പനികള്‍ വന്നത്. ഒരുകാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ വിമാനക്കമ്പനിയായി ഉയര്‍ന്നുനിന്നു മല്യയുടെ കിങ്ഫിഷര്‍. പൊതുമേഖലാ വ്യോമസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ പണമില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ സ്വകാര്യ വ്യോമസ്ഥാപനങ്ങള്‍ക്ക് പൊതുമേഖലാ ബാങ്കിലെ നൂറുകണക്കിന് കോടികള്‍ കുത്തിച്ചോര്‍ത്തിനല്‍കി. അവ ഒടുവില്‍ സര്‍ക്കാരിനെ കബളിപ്പിച്ച് രക്ഷപ്പെടുകയും ചെയ്തു. രാജ്യസഭയില്‍ 58 ശതമാനം അംഗങ്ങള്‍ കോടിപതികളാണ്. വിജയ് മല്യയും അഭിഷേക് സിങ്വിയുമൊക്കെ ആ കോടിക്ളബ്ബിലെ പ്രമുഖരാണ്. നിയമങ്ങള്‍ അവര്‍ക്കുവേണ്ടി വളയും.

ചില ദിവസങ്ങള്‍ക്കുമാത്രം മുമ്പാണ് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ 1.14 ലക്ഷം കോടി കിട്ടാക്കടമായി എഴുതിത്തള്ളിയത്. പണം വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാതിരുന്ന വമ്പന്മാരുടെ പേരുവിവരങ്ങള്‍പോലും ബാങ്കുകള്‍ പുറത്തുവിട്ടില്ല. ഇതേപോലെ ആയേനെ മല്യയുടെ കേസും; സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍. 1983ലാണ് മല്യ യുബി എന്ന യുണൈറ്റഡ് ബ്രീവറീസ് എന്ന മദ്യകമ്പനിയുടെ അധിപനായത്. കിങ്ഫിഷര്‍ മദ്യവും കിങ്ഫിഷര്‍ വിമാനവും അയാളെ കൂടുതല്‍ ശ്രദ്ധേയനാക്കി. വിമാനം ഉയര്‍ന്നുതുടങ്ങിയതോടെ മല്യയുടെ ബിസിനസ്ഗ്രാഫ് താഴ്ന്നുതുടങ്ങി. രാഷ്ട്രീയസ്വാധീനം കൊണ്ടാണ് ആ താഴ്ച അധികവേഗത്തിലാകാതിരുന്നത്. പണംകൊടുത്ത് ബിജെപി– കോണ്‍ഗ്രസ് വോട്ടുകള്‍ വാങ്ങിയാണ് മല്യ 2010ല്‍ ജയിച്ചത്. ബിജെപി മിച്ചവോട്ടുകള്‍ അതേപടി മല്യക്ക് നല്‍കി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മാനസപുത്രനായ മദ്യരാജാവിന് ഇരുകൂട്ടരില്‍നിന്നും വന്‍തോതില്‍ സഹായംകിട്ടി. ഒരുകൂട്ടര്‍ ക്രമരഹിതമായി 9000 കോടിയുടെ വായ്പ ഏര്‍പ്പാടാക്കിക്കൊടുത്തപ്പോള്‍ മറ്റൊരുകൂട്ടര്‍ അതുമായി രക്ഷപ്പെടാനുള്ള വഴി ഒരുക്കിക്കൊടുത്തു. പാവപ്പെട്ടവരുടെ നിക്ഷേപം വമ്പന്മാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള വായ്പയാകുന്നു. ആ വായ്പയാകട്ടെ, പിന്നീട് ആവിയായിപോകുന്നു. ഇതാണ് രാജ്യത്തെ അവസ്ഥ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top