26 April Friday

അടവുനയം ബിജെപിയെ തറപറ്റിക്കാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


അധികാരത്തിൽ ഏഴുവർഷം പൂർത്തിയാക്കുന്ന ബിജെപിയാണ്‌ രാജ്യത്തെ മുഖ്യവിപത്തെന്ന നിലപാട്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ഹൈദരാബാദിൽ മൂന്നുദിവസത്തെ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചത്‌. അഞ്ച്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ച സാഹചര്യത്തിൽ സിപിഐ എം നയനിലപാടുകൾക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന അടിയന്തര കടമ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ്‌ സഖ്യങ്ങളാണ്‌ രൂപപ്പെടുത്തുകയെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. വ്യത്യസ്‌ത സാഹചര്യമുള്ള സംസ്ഥാനങ്ങളിൽ അനുയോജ്യമായ പ്രാദേശിക സഖ്യങ്ങളിലേർപ്പെട്ട്‌ ബിജെപിയുടെ പരാജയം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. ഉത്തർപ്രദേശിൽ ബിജെപിയെ ഫലപ്രദമായി ചെറുക്കാൻ സാധിക്കുന്ന സമാജ്‌വാദിക്കൊപ്പം നിൽക്കും. മറ്റ്‌ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും.

ഹൈദരാബാദിൽ 2018ൽ ചേർന്ന 22–-ാം പാർടി കോൺഗ്രസ്‌ അംഗീകരിച്ച രാഷ്‌ട്രീയനയത്തിന്റെ തുടർച്ച തന്നെയാണ്‌ ഈ തെരഞ്ഞെടുപ്പിലും പാർടി മുന്നോട്ടുവയ്‌ക്കുന്നത്‌. രാജ്യത്തെ ബൂർഷ്വാ സമ്പന്നവർഗത്തിന്റെ രാഷ്‌ട്രീയ പ്രതിനിധികളാണ്‌ കോൺഗ്രസും ബിജെപിയും. ഭൂപ്രഭു, സമ്പന്ന വിഭാഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുകയും സാമ്രാജ്യത്വനയം പിന്തുടരുകയും ചെയ്യുന്ന പാർടിയാണ്‌ കോൺഗ്രസ്‌. സിപിഐ എം വിഭാവനം ചെയ്യുന്ന ഐക്യമുന്നണിയിൽ ഘടകമായോ സഖ്യകക്ഷിയായോ കോൺഗ്രസിനെ അംഗീകരിക്കാനാകില്ലെന്ന്‌ സിപിഐ എം വ്യക്തമാക്കി. എന്നാൽ, ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി അധികാരത്തിൽ തുടരുന്ന സാഹചര്യം പാർടി ഗൗരവമായി കാണുന്നു. ഇവരാണ്‌ കൂടുതൽ അപകടകാരികൾ. കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ കാണേണ്ടതില്ലെന്ന്‌ വിലയിരുത്തിയ സാഹചര്യം ഇതാണ്‌.

കഴിഞ്ഞ പാർടി കോൺഗ്രസ്‌ അംഗീകരിച്ച ഈ അടവുനയം നടപ്പാക്കുന്നതിൽ സിപിഐ എം സൂക്ഷ്‌മത പുലർത്തി. ബിജെപിക്കെതിരെ മുഖ്യകക്ഷിയായി നിലയുറപ്പിക്കാൻ കോൺഗ്രസിന്‌ കഴിയുന്ന സംസ്ഥാനങ്ങൾ നാമമാത്രമാണ്‌. പ്രാദേശിക കക്ഷികളാണ്‌ ഭൂരിഭാഗം സംസ്ഥാനത്തും നിർണായകശക്തി. യുപിയിൽ മൃദുഹിന്ദുത്വത്തിനു പിറകെ പോകുന്ന കോൺഗ്രസ്‌ ചിത്രത്തിലില്ല. ബിഹാറിൽ ആർജെഡിയാണ്‌ മുഖ്യശക്തി. മഹാരാഷ്‌ട്രയിൽ ശിവസേന, എൻസിപി സഖ്യത്തിൽ കോൺഗ്രസുമുണ്ട്‌. അസമിൽ ബിജെപിക്കെതിരെ കോൺഗ്രസുമായി സഹകരിക്കാൻ സിപിഐ എം തയ്യാറായി. ബംഗാൾ, ബിഹാർ, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ സഖ്യത്തിൽ സിപിഐ എമ്മും കോൺഗ്രസും പങ്കാളിയാണ്‌.

സുവ്യക്തമായ ഈ രാഷ്‌ട്രീയ നിലപാടുമായി മുന്നോട്ടുപോകുന്ന സിപിഐ എമ്മിനെക്കുറിച്ച്‌ ചില മലയാള മാധ്യമങ്ങൾ ചമയ്‌ക്കുന്ന വാർത്തകൾ രസാവഹമാണ്‌. കോൺഗ്രസ്‌ ബന്ധത്തെച്ചൊല്ലി ‘സിപിഐ എമ്മിൽ ഭിന്നത’ തുടങ്ങിയ ഇവരുടെ നിരീക്ഷണങ്ങൾ അർഥരഹിതവും. ദേശീയ തലത്തിൽ ബിജെപിക്ക്‌ ബദലാകാനുള്ള ശേഷി കോൺഗ്രസിന്‌ നഷ്ടപ്പെടാൻ നയരാഹിത്യത്തോടൊപ്പം സംഘടനാ ദൗർബല്യവും കാരണമാണ്‌. ഇപ്പോൾ തെരഞ്ഞെടുപ്പ്‌ നടക്കുന്ന പഞ്ചാബിൽ നേതൃവടംവലി തുടങ്ങിയിട്ട്‌ കാലമേറെയായി. മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ് പുതിയ പാർടിയുണ്ടാക്കി ബിജെപി പാളയത്തിലേക്കു നീങ്ങി. അധികാരം പിടിക്കാൻ ബിജെപി കരുക്കൾ നീക്കുന്ന പഞ്ചാബിൽ കോൺഗ്രസിന്റെ നില ഭദ്രമാണെന്ന്‌ പറയാനാകില്ല. ഛത്തീസ്‌ഗഢിലും രാജസ്ഥാനിലും അന്തഃഛിദ്രങ്ങൾക്ക്‌ നടുവിലാണ്‌ കോൺഗ്രസ്‌.

ബിജെപിയുടെ ജനവിരുദ്ധമുഖം കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കെയാണ്‌ അഞ്ച്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പിന്‌ അരങ്ങൊരുങ്ങുന്നത്‌. കർഷകവിരുദ്ധ നിയമങ്ങൾ സൃഷ്ടിച്ച തിരിച്ചടിയെക്കുറിച്ച്‌ ബോധ്യമുള്ള മോദി തെരഞ്ഞെടുപ്പിൽ എന്തു വഴിവിട്ട നീക്കത്തിനും മടിക്കില്ലെന്നാണ്‌ പഞ്ചാബിലെ സുരക്ഷാനാടകം വ്യക്തമാക്കുന്നത്‌. ഈ സാഹചര്യത്തിൽ സിപിഐ എം മുന്നോട്ടുവയ്‌ക്കുന്ന പ്രാദേശിക സഖ്യനിർദേശം ബിജെപിക്ക്‌ ഫലപ്രദമായ ബദലായി മാറുമെന്ന പ്രതീക്ഷയാണ്‌ രാഷ്‌ട്രീയ നിരീക്ഷകർ പങ്കുവയ്‌ക്കുന്നത്‌. 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി കരട്‌ രാഷ്‌ട്രീയ പ്രമേയത്തിന്‌ രൂപംനൽകുന്നതിനായി ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ്‌ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കുള്ള അടവുനയവും സിപിഐ എം പ്രഖ്യാപിച്ചത്‌. ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർടി കോൺഗ്രസ്‌ തെരഞ്ഞെടുപ്പു ഫലങ്ങളുടെ അനുഭവപാഠങ്ങൾകൂടി ഉൾക്കൊണ്ടാകും രാഷ്‌ട്രീയപ്രമേയത്തിന്‌ അന്തിമരൂപം നൽകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top