28 March Thursday

ഭാവികേരളത്തിന്റെ രൂപരേഖ

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2016

കേരളത്തിന്റെ പുത്തന്‍ കുതിപ്പിനുള്ള ഊര്‍ജവും ദിശാബോധവും പകര്‍ന്നുനല്‍കിയാണ്, ഇന്ത്യയിലെ ഏറ്റവും വലിയ വികസനസംവാദം ഞായറാഴ്ച തലസ്ഥാനനഗരിയില്‍ സമാപിച്ചത്. എ കെ ജി പഠനഗവേഷണകേന്ദ്രം നേതൃത്വം നല്‍കിയ നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ഭാവികേരളത്തിന്റെ രൂപരേഖയാണ്; വര്‍ത്തമാനകേരളത്തിന്റെ വിഹ്വലതകളാണ് ചര്‍ച്ചചെയ്തത്. നവകേരള സൃഷ്ടിക്കുള്ള കര്‍മപദ്ധതിയും കാഴ്ചപ്പാടുമാണ് അവിടെ രൂപപ്പെട്ടത്. "കേരളത്തിന്റെ വികസനത്തിനും രാജ്യത്തിന്റെയാകെ സാമ്പത്തികസ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള പോരാട്ടമാണ് കേരളത്തില്‍ ഇടതുപക്ഷശക്തികള്‍ നടത്തേണ്ടത്. അത് നടത്താന്‍ നിശ്ചയദാര്‍ഢ്യമുള്ള രാഷ്ട്രീയനേതൃത്വം കേരളത്തിനുണ്ടാകണം. ഇടതുപക്ഷത്തിനുമാത്രമേ അത്തരമൊരു നേതൃത്വത്തെ അധികാരസ്ഥാനത്തെത്തിക്കാന്‍ കഴിയുകയുള്ളൂ'' എന്ന മുഖവുരയോടെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്ത പഠന കോണ്‍ഗ്രസ്, കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാണ് സമാപിച്ചത്. 14 ജില്ലയിലായി നടന്ന വികസന സെമിനാറുകളില്‍ ഉയര്‍ന്നുവന്ന കാഴ്ചപ്പാടുകളുടെ ക്രോഡീകരണവും വ്യത്യസ്ത മേഖലകളിലെ അക്കാദമിക– പ്രായോഗിക അനുഭവങ്ങളുടെ പങ്കുവയ്ക്കലുമായി, സമാനതകളില്ലാത്ത ജനകീയ സംവാദത്തിനാണ് തിരുവനന്തപുരം കഴിഞ്ഞ രണ്ടു നാളുകളില്‍ വേദിയായത്. 

ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളില്‍ പകച്ചുനില്‍ക്കാതെ, പരിമിതികളുടെ അതിരുകള്‍ക്കകത്ത് ചുരുങ്ങിനില്‍ക്കാതെ എങ്ങനെ കേരളത്തെ ഇന്നത്തെ സ്തംഭനാവസ്ഥയില്‍നിന്ന് മോചിപ്പിക്കുമെന്ന ചോദ്യത്തിനാണ് പഠന കോണ്‍ഗ്രസ് ഉത്തരം കണ്ടെത്തുന്നത്. "നമുക്ക് മുന്നോട്ടാണ് സഞ്ചരിക്കേണ്ടത്്. മുന്നിലുള്ള അനേകം തടസ്സങ്ങളാണ് മറികടക്കേണ്ടത്്. ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കേരളമാണ് വാര്‍ത്തെടുക്കേണ്ടത്.''– എന്നായിരുന്നു പഠന കോണ്‍ഗ്രസ് സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ അധ്യക്ഷപ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. ആ കടമ എങ്ങനെ ഏറ്റെടുത്ത് വിജയിപ്പിക്കുമെന്നതിന്റെ പ്രായോഗിക രൂപരേഖയാണ് രാഷ്ട്രീയരംഗത്തെ പ്രമുഖര്‍, അക്കാദമിക് പണ്ഡിതര്‍, ബഹുജനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളില്‍നിന്നുമായി എത്തിയ 3500ലേറെപ്പേര്‍ ചര്‍ച്ചചെയ്ത് തയ്യാറാക്കിയത്.  

ജനഹിതം മനസ്സിലാക്കിയുള്ള തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ, അതിനായി 140 അസംബ്ളി മണ്ഡലങ്ങളില്‍ വികസന സെമിനാറുകള്‍, സാമ്പത്തികപരിമിതി മറികടന്നുള്ള വികസനപദ്ധതികള്‍– ഇങ്ങനെ വിവിധ നിര്‍ദേശങ്ങള്‍ പഠന കോണ്‍ഗ്രസ് കേരളത്തിനുമുന്നില്‍ അവതരിപ്പിക്കുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാര്‍ഥ്യമാക്കുകയും അതിലൂടെ 50,000 കോടി രൂപയുടെ പൊതുനിക്ഷേപം സമാഹരിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനം ഇച്ഛാശക്തിയോടെയുള്ള ഇടപെടലിന്റെ സാക്ഷ്യമാണ്. നികുതിചോര്‍ച്ച തടഞ്ഞ് റവന്യൂകമ്മി ഇല്ലാതാക്കിയും ഫണ്ട് ദൌര്‍ബല്യം നോക്കാതെ പൊതു പശ്ചാത്തലവികസനം സാധ്യമാക്കിയും കേരളത്തിന് മുന്നേറാനാകുമെന്ന് കണക്കുകള്‍ നിരത്തി പഠന കോണ്‍ഗ്രസില്‍ സ്ഥാപിക്കപ്പെട്ടു. ഇന്ന് ഭരണാധികാരികള്‍ പറയുകയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൈന്യതയുടെ ചിത്രത്തിനപ്പുറം മറ്റൊരു കേരളം സാധ്യമാണ്. കഠിനാധ്വാനത്തിലൂടെ പുരോഗതിയുടെ പടവുകള്‍ കയറാന്‍ പറ്റുന്ന പ്രതീക്ഷയുടെ ചിത്രമാണ് പഠന കോണ്‍ഗ്രസ് വരച്ചിടുന്നത്.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ സമഗ്രമായ അഴിച്ചുപണിയിലൂടെ ജനകീയമാക്കിയും കാലത്തിനൊത്ത് പരിഷ്കരിച്ചും ഭരണരംഗത്ത് സുതാര്യത കൈവരിച്ചും നികുതിഘടന പരിഷ്കരിച്ചും പശ്ചാത്തലവികസനത്തിന് ഊന്നല്‍നല്‍കിയും പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയും അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന കേരളം സാധ്യമാണെന്ന് യുക്തിഭദ്രമായി തെളിയിക്കാന്‍ പഠന കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞു. പരമ്പരാഗതവ്യവസായങ്ങളെയും അതിലെ തൊഴിലാളികളെയും സംരക്ഷിച്ചും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് ഊന്നല്‍നല്‍കിയും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന നയസമീപനമാണ് ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്. ഒപ്പം, മാലിന്യരഹിതമായ തൊഴില്‍ദായക സംരംഭങ്ങളെ സ്വാഗതംചെയ്യാനുള്ള പ്രായോഗിക കര്‍മപദ്ധതിയും പ്രഖ്യാപിച്ചു.

ആഗോള നിക്ഷേപകസംഗമങ്ങള്‍പോലുള്ള നിരര്‍ഥക മാമാങ്കങ്ങള്‍ കണ്ട കേരളത്തിന് വേറിട്ട അനുഭവമാണ് ഈ പഠന കോണ്‍ഗ്രസ്. ഇ എം എസിന്റെ നേതൃത്വത്തില്‍ 1994ല്‍ ചേര്‍ന്ന ആദ്യ പഠന കോണ്‍ഗ്രസ് അധികാരവികേന്ദ്രീകരണത്തിന്റെ മഹനീയ മാതൃകയായ ജനകീയാസൂത്രണത്തിലേക്കാണ് കേരളത്തെ നയിച്ചത്. ഇത്തരം ജനകീയസംവാദങ്ങള്‍ നാടിന്റെ പുരോഗതിയെ എങ്ങനെ സ്വാധീനിക്കുമെന്നതിന് തെളിവാണ് 1996ലും 2006ലും അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനം.  ഇപ്പോള്‍, നാലാമത് അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് കേരളത്തിന്റെ അതിവേഗ പുരോഗതി ലക്ഷ്യമായി പ്രഖ്യാപിച്ച്, നാളെയുടെ തെളിഞ്ഞ പ്രതീക്ഷകളാണ് മലയാളിക്കുമുന്നില്‍ തുറന്നിടുന്നത്. ആ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുംവിധം പുതിയ കേരളം കെട്ടിപ്പടുക്കാന്‍ ഓരോ കേരളീയനും കര്‍മനിരതനാകേണ്ടതിന്റെ ആവശ്യകതയ്ക്കാണ് പഠന കോണ്‍ഗ്രസ് അടിവരയിടുന്നത്. പഠന കോണ്‍ഗ്രസ് വിജയിപ്പിക്കാനായി പ്രവര്‍ത്തിച്ച എല്ലാവരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top