28 March Thursday

വിജയിച്ചത് കേരള ജനതയുടെ നീതിബോധം

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017


സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വെന്തുരുകി യുഡിഎഫും കോണ്‍ഗ്രസും നില്‍ക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ വിജയിക്കുന്നത് കേരള ജനതയുടെ നീതിബോധവും തെറ്റുകള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമാണ്. ഖജനാവിന് എന്തു നഷ്ടം, തെളിവെവിടെ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി  പൊതുജനങ്ങള്‍ക്കുമുന്നില്‍ വരാന്‍ ഇനി ഉമ്മന്‍ചാണ്ടിക്കു കഴിയില്ല. എല്ലാറ്റിനുംമേലെ തന്റെ മനഃസാക്ഷിയുടെ കോടതിയാണ് എന്ന അഹങ്കാരത്തിന്റെ ഭാഷ ആ മുന്‍ മുഖ്യമന്ത്രിയുടെ നാവില്‍നിന്ന് ഇനി ഉയരില്ല.-അഥവാ അതിന് ശ്രമിച്ചാല്‍ ശ്രവിക്കാന്‍ കേരളീയര്‍ തയ്യാറാകില്ല. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങള്‍, കോണ്‍ഗ്രസ് എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കുള്ള പങ്കാളിത്തം തെളിവുസഹിതം ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയിരിക്കുന്നു. ഇവരില്‍ പലരും സരിത എസ് നായരെ  ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രത്യേക നിയമസഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടും നടപടിവിവരവും അവതരിപ്പിച്ചശേഷം വ്യക്തമായ ഒരു പ്രതികരണംപോലും ഉമ്മന്‍ചാണ്ടിയില്‍നിന്നോ പ്രതിപക്ഷനേതാവില്‍നിന്നോ ഉണ്ടായിട്ടില്ല. റിട്ട. ജസ്റ്റിസ് ശിവരാജന്‍ കമീഷനെ നിയോഗിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതും   മറ്റാരുമല്ല. ആ കമീഷനുമുമ്പാകെ ചെന്ന് തെളിവുകെടുത്തശേഷം ഉമ്മന്‍ചാണ്ടി കൈകൂപ്പി പറഞ്ഞത്, തനിക്ക് കമീഷനില്‍ പൂര്‍ണവിശ്വാസമുണ്ട് എന്നാണ്. അതേ ഉമ്മന്‍ചാണ്ടി, കേസില്‍ മുഖ്യ കുറ്റവാളിയാണ് എന്ന് കമീഷന്‍ കണ്ടെത്തിയപ്പോള്‍ സാങ്കേതികത പറഞ്ഞ് രക്ഷപ്പെടാന്‍ ദുര്‍ബലശ്രമം നടത്തുന്ന ദയനീയദൃശ്യമാണ് ഇന്ന് ജനങ്ങള്‍ക്കുമുന്നിലുള്ളത്.

കേവലം സാങ്കേതികതയുടെയോ നടപടിക്രമങ്ങളുടെയോ  ന്യായങ്ങള്‍ നിരത്തി  രക്ഷപ്പെടാവുന്ന കുറ്റങ്ങളല്ല ഉമ്മന്‍ചാണ്ടി ചെയ്തിട്ടുള്ളത്. വി എം സുധീരന്‍ വ്യക്തമാക്കിയതുപോലെ ഗുരുതരമാണ് പ്രശ്നം. കമീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ നോക്കുക- 2011 മുതല്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ നേരിട്ട് അറിയാം. അഴിമതിയാരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്. ടീം സോളാര്‍ ഉപയോക്താക്കളില്‍നിന്ന് പിരിച്ച 32 ലക്ഷം ഉമ്മന്‍ചാണ്ടിക്ക് നല്‍കി. പരാതിക്കാരില്‍ ഒരാളായ മല്ലേലില്‍ ശ്രീധരന്‍നായരില്‍നിന്ന് കിട്ടിയ പണമാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. സരിതയുടെ ക്രിമിനല്‍ പശ്ചാത്തലവും ഉമ്മന്‍ചാണ്ടി അറിഞ്ഞിരുന്നു. ഉപയോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടി സരിതയെ സഹായിച്ചു. ഇതൊന്നും വെറുതെയുള്ള പ്രസ്താവനകളല്ല.  214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍  പരിശോധിക്കുകയുംചെയ്ത് നീണ്ട നാലുവര്‍ഷത്തെ തെളിവെടുപ്പിനുശേഷം നാല് വോള്യത്തിലായി 1073 പേജില്‍ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയാണ്. ഇതിലപ്പുറം എന്ത് കുറ്റകൃത്യമാണ് സംസ്ഥാനഭരണം നയിച്ച മുഖ്യമന്ത്രി ചെയ്യാനുള്ളത്? ഇനി എന്തു തെളിവാണ് വരാനുള്ളത്?

സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വ്യക്തമായ പങ്കുണ്ടെന്ന് വ്യക്തമാക്കിയ കമീഷന്‍, ആ പങ്കാളിത്തം മറച്ചുവയ്ക്കാനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, ജോസ് കെ മാണി, മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യം എന്നിവര്‍ സരിത എസ് നായരെ ലൈംഗികമായി ദുരുപയോഗിച്ചവരുടെ പട്ടികയിലുണ്ട്.  മുന്‍ എംഎല്‍എമാരായ ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നവര്‍ സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചവരാണ്. ഇരു പാര്‍ടിയാകെ, ഒരു ഘട്ടത്തിലെ ഭരണനേതൃത്വമാകെ പ്രതിക്കൂട്ടിലെത്തിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സംസ്ഥാനത്ത് അതിശക്തമായ സമരം സംഘടിപ്പിച്ചില്ല എങ്കില്‍ ഇങ്ങനെയൊരന്വേഷണമുണ്ടാകില്ലായിരുന്നു. വരുന്ന ഓരോ മാധ്യമവാര്‍ത്തയെയും കോടതിനിഗമനങ്ങളെപ്പോലും അപഹസിച്ചും തള്ളിക്കളഞ്ഞും ധാര്‍ഷ്ട്യപ്രകടനം നടത്തിയ ഉമ്മന്‍ചാണ്ടിയും  കൂട്ടുപ്രതികളും ജനങ്ങള്‍ക്കും നിയമത്തിനുംമുന്നില്‍ ഇങ്ങനെ നഗ്നരായി നില്‍ക്കുന്നതിന് കാരണം എല്‍ഡിഎഫ് നയിച്ച പ്രക്ഷോഭമാണ്.

അഴിമതി, ബൂര്‍ഷ്വാരാഷ്ട്രീയത്തിന്റെ കൂടപ്പിറപ്പാണ്. ഉമ്മന്‍ചാണ്ടിയുംകൂട്ടരും അഴിമതിമുക്തരാകണം എന്നത് വ്യാമോഹംമാത്രവും. എന്നാല്‍, അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം കേരളത്തെ അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും അനാശാസ്യപ്രവണതകളുടെയും അഗാധഗര്‍ത്തത്തിലേക്കാണ് തള്ളിയിട്ടത്. അഴിമതി എന്ന വാക്കുപോലും ലജ്ജിക്കുന്നു ഉമ്മന്‍ചാണ്ടി സംഘത്തിനുമുന്നില്‍. യുഡിഎഫ് ഭരണത്തില്‍ നടന്ന എല്ലാ കൊള്ളരുതായ്മകളും അത് ചെയ്തവരും പിടിക്കപ്പെട്ടിട്ടില്ല. മഞ്ഞുമലയുടെ ഒരറ്റംമാത്രമാണ് സോളാര്‍ കേസ്. മറ്റു നിരവധി കേസുകളില്‍ അന്വേഷണവും നിയമനടപടികളും മുന്നേറുന്നുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രത്യേക അന്വേഷകസംഘം നിയോഗിക്കപ്പെട്ടിട്ടുമുണ്ട്. നിയമം നിയമത്തിന്റെ വഴിക്കുപോകുമ്പോള്‍, മുന്നില്‍ തടസ്സംനില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയായാലും ഉന്നത പൊലീസുദ്യോഗസ്ഥരായാലും കോണ്‍ഗ്രസിന്റെ മൂത്ത നേതാക്കളായാലും നിര്‍ദാക്ഷിണ്യം കൈകാര്യംചെയ്യപ്പെടുകതന്നെ വേണം. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ത്വരിതവും ഉചിതവുമായ നടപടികളെ സ്പീക്കര്‍ നിയമസഭയില്‍ അഭിനന്ദിച്ചിട്ടുണ്ട്. അതേരീതിയില്‍ അന്വേഷണനടപടികളും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് സ്വകാര്യ സാമ്പത്തിക-സുഖ സാമ്രാജ്യങ്ങള്‍ തീര്‍ത്തവരെയും അധഃപതനത്തിന് പുതിയ ആഴം തീര്‍ത്തവരെയും മാതൃകാപരമായി ശിക്ഷിക്കുന്ന സന്ദര്‍ഭമാണ് ജനം കാത്തിരിക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top