08 December Friday

ബിപിസിഎൽ വിൽപ്പന ചെറുക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019


മോഡി സർക്കാരിന്റെ രണ്ടാംവരവിൽ വർഗീയ വിഭാഗീയ നീക്കങ്ങൾക്കൊപ്പം ശക്തമായതാണ്‌ സ്വകാര്യവൽക്കരണ നടപടികൾ. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നിൽക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾതന്നെ സ്വകാര്യമൂലധനത്തിനായി തുറന്നിടുന്ന സമീപനം സർക്കാർ ശക്തമാക്കുകയാണ്‌. ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡി (ബിപിസിഎൽ)ന്റെ ഓഹരികൾ വിദേശ കുത്തകകൾക്ക് കൈമാറാനുള്ള നീക്കം ഇതിൽ അത്യന്തം അപകടകരമായ ഒന്നാണ്.

സാധാരണ സ്വകാര്യവൽക്കരണത്തിന്‌ അരങ്ങൊരുക്കാനായി സർക്കാരും കമ്പോളവക്താക്കളും സ്ഥാപനങ്ങളുടെ നഷ്ടക്കണക്ക്‌ നിരത്താറുണ്ട്‌. പൊതുമേഖലയിലെ മഹാരത്‌ന കമ്പനികളിൽ ഒന്നായ ബിപിസിഎല്ലിന്റെ കാര്യത്തിൽ അതും പറയാനാകില്ല. 7132.02 കോടി രൂപ കഴിഞ്ഞ സാമ്പത്തികവർഷംമാത്രം ലാഭമുണ്ടാക്കിയ കമ്പനിയാണ്‌ ബിപിസിഎൽ. ഇന്ത്യൻ പെട്രോളിയം വിപണിയിൽ നാലിലൊന്ന്‌ കൈയാളുന്ന കമ്പനികൂടിയാണിത്‌. ദേശീയവരുമാനത്തിലേക്ക്‌ കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 95035.24 കോടി രൂപ കൈമാറിയ ഈ സ്ഥാപനത്തെയാണ്  കേന്ദ്ര സർക്കാർ ഇപ്പോൾ കച്ചവടപ്പട്ടികയിലേക്ക്‌  ചേർത്തിരിക്കുന്നത്.

അമേരിക്കയിലെ വൻകിട എണ്ണക്കമ്പനിയായ   എക്‌സോൺ മൊബീലാണ്‌ ബിപിസിഎല്ലിൽ നോട്ടമിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്‌തംബറിൽ ഹൂസ്റ്റണിൽ നടത്തിയ ചർച്ചയിലാണ്‌ ഇതിനുള്ള നീക്കം നടന്നത്‌. 1976ൽ എണ്ണക്കമ്പനി ദേശസാൽക്കരണത്തിന്റെ ഭാഗമായി രൂപംകൊണ്ട സ്ഥാപനമാണ് ബിപിസിഎൽ.  ഇപ്പോൾ 53.29 ശതമാനം ഓഹരിയാണ്‌ കേന്ദ്രസർക്കാരിന്‌ ബിപിസിഎല്ലിലുള്ളത്‌. ഇത്‌ 60,000 –- -70,000 കോടി രൂപയ്‌ക്ക്‌ വിൽക്കാനാണ്‌ നീക്കം. സർക്കാരിന്റെ സെക്രട്ടറിതല സമിതിയുടെ അംഗീകാരം ഈ തീരുമാനത്തിന്‌ ലഭിച്ചുകഴിഞ്ഞു. സർക്കാർ അതിവേഗത്തിൽത്തന്നെ ഈ വിൽപ്പനയ്‌ക്ക്‌ ശ്രമം തുടരുകയാണ്‌.


 

എണ്ണക്കമ്പനികളുടെ സ്വകാര്യവൽക്കരണം രാജ്യത്തിന്റെ ഊർജസുരക്ഷിതത്വത്തെത്തന്നെ അപായപ്പെടുത്തുമെന്ന്‌ വിദഗ്‌ധർ  ചൂണ്ടിക്കാട്ടുന്നു. ഊർജ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ധന വിപണിയിൽ സ്വകാര്യമേഖലയുടെ സ്വാധീനം കൊടിയ ചൂഷണത്തിന്‌ വഴിവയ്‌ക്കും. വിലനിർണയത്തിലടക്കം ജനദ്രോഹം വർധിക്കും. മാത്രമല്ല, ഇത് രാജ്യതാൽപ്പര്യത്തിനും വിരുദ്ധമാകും. ഊർജവിപണിയിൽ ഉണ്ടാകുന്ന വിദേശസ്വാധീനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ വിദേശകുത്തകകളുടെ നിയന്ത്രണത്തിലാക്കുന്നതിന്‌ ഇടവരുത്തും. വെനസ്വേലപോലുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക പരീക്ഷിച്ചുവന്ന അധിനിവേശമാർഗമാണിത്. ഈ വഴിയിലേക്ക്‌ ഇന്ത്യയും നീങ്ങുന്നതിന്‌ ഈ സ്വകാര്യവൽക്കരണം വഴിയൊരുക്കാം.

രാജ്യം  സാമ്പത്തികമാന്ദ്യത്തിലേക്ക് പതിക്കുകയാണെന്നത്‌ വ്യക്തമാണ്‌. ഈ ഘട്ടത്തിൽ പൊതുനിക്ഷേപം വർധിപ്പിച്ചും  ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടിയും മാത്രമേ നമുക്ക്‌ പിടിച്ചുനിൽക്കാനാകൂ. സിപിഐ എം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. സാമ്പത്തികവിദഗ്‌ധരും അത്‌ ശരിവയ്‌ക്കുന്നു. എന്നാൽ, മാന്ദ്യം  മറയാക്കി കേന്ദ്രസർക്കാർ അവരുടെ അജൻഡ നടപ്പാക്കുകയാണ്. വൻകിട കുത്തകകൾക്കായി സൗജന്യങ്ങളുടെ വൻ പാക്കേജുകൾ തുടർച്ചയായി പ്രഖ്യാപിക്കുന്നു. കൂട്ടത്തിൽ ധനകമ്മി നികത്താനെന്നപേരിൽ പൊതുമേഖലാ ഓഹരികൾ വിറ്റഴിക്കുകയും ചെയ്യുന്നു. ഫലത്തിൽ മാന്ദ്യം തടയാൻ തെല്ലും ഉപകരിക്കാത്തതും  വിപരീതഫലമുണ്ടാക്കുന്നതുമായ  സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. അത്തരം നടപടികളിൽ ഏറ്റവും ഗുരുതരമായ  ഒന്നാണ്‌ ബിപിസിഎൽ ഓഹരിവിൽപ്പന നീക്കം.

കേരളത്തിനും നിർണായകപ്രാധാന്യമുള്ള സ്ഥാപനമാണ്‌ ബിപിസിഎൽ. കൊച്ചിൻ റിഫൈനറി ഇപ്പോൾ ബിപിസിഎല്ലിന്റെ ഭാഗമാണ്‌. വലിയ വികസന സാധ്യതയുള്ള സ്ഥാപനമാണിത്‌. ബിപിസിഎല്ലിന്റെ ഇന്ത്യയിലെ മൂന്ന്‌ റിഫൈനറികളിൽ ഒന്നായ  ഇവിടെ സംസ്‌കരണശേഷി 9.5 മില്യൻ മെട്രിക്‌ ടണ്ണിൽനിന്ന്‌ 15.5 എംഎംടിയായി വർധിപ്പിക്കാനുള്ള  16,500 കോടിയുടെ പദ്ധതി   ഒരുവർഷം മുമ്പാണ് പൂർത്തീകരിച്ചത്. പുതിയ പദ്ധതിക്കായി എഫ്‌എസിടിയുടെ 176 ഏക്കർ ഭൂമി ബിപിസിഎല്ലിന്‌ കുറഞ്ഞ വിലയ്‌ക്ക്‌ കൈമാറിയിട്ട്‌ അധികകാലമായിട്ടില്ല. ഫാക്ടിന്റെതന്നെ 460  ഏക്കർ ഭൂമികൂടി ഏറ്റെടുത്ത്  പെട്രോ കെമിക്കൽ ഹബ്‌ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ബിപിസിഎല്ലിന്റെ  പുതിയ പ്രോജക്ടുമായി ബന്ധപ്പെടുത്തിയാണ്‌. ഇവിടെനിന്ന്‌ ലഭിക്കുന്ന പ്രൊപ്പിലിൻ ഉപയോഗപ്പെടുത്തി പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ നിർമിക്കാനാണ് ഉദ്ദേശ്യം.

ഇവയ്‌ക്കെല്ലാം ഭൂമിയും നികുതിയിളവുകളും മറ്റെല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്‌.  ഇതെല്ലാം അവതാളത്തിലാക്കുന്നതാണ്‌ അമേരിക്കൻ കമ്പനിക്ക്‌ ബിപിസിഎല്ലിനെ വിറ്റുതുലയ്‌ക്കുന്ന നടപടി. ഈ മേഖലയിലെ തൊഴിലാളികൾ ഇതിനകംതന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട് . ഇവരോട് ഐക്യപ്പെട്ട് കേരളം ഒറ്റക്കെട്ടായിത്തന്നെ ഈ നീക്കത്തെ ചെറുക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top