28 November Tuesday

പ്രതീക്ഷ ഇടതുപക്ഷത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019നൂറു ദിനം അത്ര വലിയ കാലയളവൊന്നുമല്ല. പക്ഷേ, നരേന്ദ്ര മോഡിയുടെ രണ്ടാം ഗവൺമെന്റ് സെപ്തംബർ ആദ്യവാരം 100 ദിനം പൂർത്തിയാക്കി കടന്നുപോകുമ്പോൾ രാജ്യം കനത്ത ഭീതിയിലകപ്പെട്ടു കഴിഞ്ഞു. 21–-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം അവസാനിക്കുന്ന ഈ വേളയിൽ ഇന്ത്യയുടെ സ്ഥിതി ഇനി എന്താകുമെന്ന ഭയമാണ് എവിടെയും ഉയരുന്നത്. രാജ്യത്തെവിടെയും ആശങ്ക മാത്രം.

ഇന്ത്യൻ ജനാധിപത്യം കടുത്ത വെല്ലുവിളികളെയാണ് ഈ ദിവസങ്ങളിൽ നേരിട്ടത്. ജനാധിപത്യം അത്രമേൽ ആക്രമിക്കപ്പെട്ടു. ഫാസിസത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകുന്നതിന്റെ നിരവധി സൂചനകൾ ഇതിനകം  കണ്ടു. ജമ്മു -കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370–--ാം വകുപ്പ് റദ്ദാക്കിയതും ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്‌മീരിനെ രണ്ടായി വിഭജിച്ചതും പ്രധാന ഉദാഹരണം. രണ്ടാം മോഡി സർക്കാരിന്റെ  വലിയ ചരിത്രനേട്ടമായി മോഡിയും ബിജെപിയും അവകാശപ്പെടുന്നത് ഈ ജനാധിപത്യക്കുരുതിയാണ്.

ആഗസ്‌ത്‌ അഞ്ചുമുതൽ കശ്‌മീർ ജനത വീട്ടുതടങ്കലിലാണ്. അവർക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ല. മൊബൈൽ ഫോണില്ല, ലാൻഡ് ഫോണില്ല, ഇന്റർനെറ്റില്ല, പൊതുഗതാഗതമില്ല. എവിടെയും ബാരിക്കേഡുകൾ മാത്രം. അവിടെ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയ പാർടി നേതാക്കളെ തടവിലാക്കി. മാധ്യമങ്ങൾക്കും വിലക്ക്. ഇന്ത്യൻ ജനാധിപത്യത്തിന്റെ തകർച്ച വിവരിക്കാൻ കശ്‌മീർ മാത്രം മതി.

പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളെയെല്ലാം അവഗണിച്ച് കശ്‌മീർ ബിൽ കൊണ്ടുവന്നതുപോലെ 100 നാൾക്കുള്ളിൽ മറ്റനേകം ബില്ലുകളും മോഡി സർക്കാർ പാസാക്കിയെടുത്തത് ജനാധിപത്യത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടായിരുന്നു. രാഷ്ട്രീയലക്ഷ്യം വച്ചുള്ള മുത്തലാഖ് ബിൽ, തൊഴിലെടുക്കുന്നവരുടെ ജീവിതം തകർക്കുകയും കോർപറേറ്റ് മുതലാളിമാരെ സഹായിക്കുകയും ചെയ്യുന്ന തൊഴിൽ നിയമഭേദഗതി, പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെയും സർക്കാരിന്റെ വിമർശകരെയും ഭീകരരായി മുദ്രകുത്താൻ ലക്ഷ്യമിടുന്ന എൻഐഎ നിയമഭേദഗതി, ഗതാഗത സംവിധാനത്തെയാകെ അട്ടിമറിക്കാനും വൻ പിഴകൾ ഈടാക്കാനുംവേണ്ടിയുള്ള മോട്ടോർ വാഹന നിയമഭേദഗതി എന്നിവ ഇങ്ങനെ കൊണ്ടുവന്ന ചില ബില്ലുകൾ മാത്രം.

ജനാധിപത്യത്തിന്റെ സ്ഥിതി ഇതെങ്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വൻ തകർച്ച മറ്റൊരു ചിത്രം. മൊത്തം ആഭ്യന്തരോൽപ്പാദനം ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞ്‌- അഞ്ചു ശതമാനം മാത്രം. തൊഴിലില്ലായ്‌മ 45 വർഷത്തിനിടയിലെ കൂടിയ നിരക്കിലായി. വാഹനവ്യവസായമടക്കം വ്യവസായ മേഖലയാകെയും കാർഷികരംഗവും തകർന്നടിഞ്ഞു. എന്നാൽ, ഇതൊന്നും സർക്കാരിന് ഗൗരവമുള്ള കാര്യമായി തോന്നുന്നില്ല. എല്ലാം താൽക്കാലിക പ്രതിഭാസം മാത്രമെന്നായിരുന്നു 100 ദിനത്തോടനുബന്ധിച്ച് വിളിച്ച വാർത്താസമ്മേളനത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞത്. അതായത്, വർധിച്ചുവരുന്ന തൊഴിലില്ലായ്‌മ, പട്ടിണി, കേരളത്തിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രകൃതിദുരന്തംമൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം എന്നിവയൊന്നും സർക്കാരിനെ ഉൽക്കണ്ഠപ്പെടുത്തുന്നില്ല.  ഈ പ്രശ്നങ്ങളിലെല്ലാം തികഞ്ഞ നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിലെ തകർച്ച കേവലം വാഹനങ്ങളുടെയോ ഉപഭോഗച്ചരക്കുകളുടെയോ വിൽപ്പനക്കുറവല്ല. അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്. സമ്പദ് വ്യവസ്ഥയിലെ ഈ അവസ്ഥ മറച്ചുവയ്‌ക്കാൻകൂടിയാണ് കശ്‌മീർ പോലുള്ള വിഷയങ്ങൾ ഉയർത്തി ക്കൊണ്ടുവരുന്നതും.

ഈയൊരു സാഹചര്യത്തിൽ, ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ രാജ്യം നടത്തിയ ഐതിഹാസിക സമരങ്ങളുടെ പാതയിലേക്ക് ജനങ്ങളെ നയിക്കുകയാണ് ഏക പോംവഴി. തീവ്ര ഹിന്ദുത്വവാദികളും മത പുനരുത്ഥാനവാദികളുമെല്ലാം പാർലമെന്റിൽ ഇപ്പോൾ നേടിയിട്ടുള്ള മേൽക്കൈ അവസാനിപ്പിക്കാൻ ഇന്ത്യൻ ജനതയെ ഒരുക്കിയെടുക്കേണ്ടതുണ്ട്. മോഡിയെ ശക്തനായ ഭരണാധികാരിയായി അവതരിപ്പിച്ച്, സൈനിക ശക്തിയെയടക്കം ഹിന്ദുത്വവൽക്കരിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ചുവടുകളാണ് ഇതിനകം കണ്ടത്. ജനാധിപത്യമൂല്യങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും ഇല്ലാതാക്കാനുള്ള നീക്കം.

രാജ്യം ഇങ്ങനെ ഭീതിദമായ സ്ഥിതിയിലായിട്ടും പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് തികഞ്ഞ നിസ്സംഗതയിലാണെന്നത് ആശ്ചര്യകരം. പ്രമുഖരായ പല നേതാക്കളും കോൺഗ്രസിനെ അടിമുടി ഹിന്ദുത്വപാർടിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പ്രസക്തിയും അതിന്റെ കരുത്തും വെളിപ്പെടുന്നത്. കശ്‌മീരിൽ തടങ്കലിലാക്കപ്പെട്ട പാർടി നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയുടെ അടുത്തെത്താൻ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ ശ്രദ്ധേയമായ പോരാട്ടത്തിലൂടെ ഇടതുപക്ഷത്തിന്റെ ഈ പ്രസക്തി രാജ്യം അനുഭവിച്ചറിയുകയായിരുന്നു. അലസതയില്ലാത്ത നിരന്തര പോരാട്ടം ഒന്നുമാത്രമാണ് ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കാൻ ജനതയ്‌ക്കുമുന്നിലുള്ള വഴി.  മോഡി ഭരണം 100 നാൾ പിന്നിടുമ്പോൾ രാജ്യം തിരിച്ചറിയേണ്ടതും ഇതു തന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top