14 April Sunday

പൊന്നോണത്തിലേക്ക്‌ അല്ലലില്ലാതെ കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019മഴക്കാറൊഴിഞ്ഞ്‌  മാനം തെളിഞ്ഞില്ലെങ്കിലും മനം തെളിഞ്ഞുതന്നെയാണ്‌ മലയാളി പൊന്നോണത്തെ വരവേൽക്കുന്നത്‌. ചെറുതല്ലാത്ത പ്രളയം ഇക്കുറിയും പ്രതീക്ഷകളിൽ കരിനിഴൽ വീഴ്‌ത്തിയെങ്കിലും ഒത്തുചേർന്നുനിന്ന്‌ ജനങ്ങളും സർക്കാരും ഓണനിറവിന്റെ നന്മകളെ തിരിച്ചുപിടിച്ചു. എങ്ങും അല്ലലില്ലാത്ത ആഘോഷത്തിന്റെ പൂവിളിയും ആഹ്ലാദാരവങ്ങളും ഉയരുന്നു. ഇന്ന്‌ ഉത്രാടപ്പൂനിലാവ്‌ കണ്ട്‌, നാളെ തിരുവോണം പുലരുമ്പോൾ ഒരിക്കൽക്കൂടി കേരളം നിറമനസ്സോടെ മാവേലിനാടിന്റെ സമൃദ്ധികൾ അയവിറക്കും.

കഴിഞ്ഞ അത്തം പത്തോണം തെങ്ങോളം മുങ്ങിയ നാളുകളായിരുന്നു.  നല്ലൊരുപങ്ക്‌ ജനങ്ങളും ദുരിതങ്ങളുടെ കാണാക്കയങ്ങൾ നീന്തിക്കയറിയവർ. നാനൂറിലേറെ സഹോദരങ്ങൾക്ക്‌ ജീവൻ നഷ്ടപ്പെട്ടു. മഹാദുരന്തത്തിന്‌ ഇരയായവരെ ചേർത്തുനിർത്തി  മറ്റുള്ളവരും  ഒറ്റമനസ്സോടെ തീരുമാനിച്ചു; ഇക്കുറി ഓണം വേണ്ട. ആഘോഷത്തിന്‌ കരുതിവച്ചതെല്ലാം വീടും സമ്പാദ്യവും നഷ്‌ടപ്പെട്ടവർക്കായി നൽകാനും തയ്യാറായി.  ആഗസ്‌ത്‌ 25 ആയിരുന്നു കഴിഞ്ഞവർഷം തിരുവോണനാൾ. മഹാമാരി പെയ്‌തൊഴിഞ്ഞിട്ടും ഏറെനാളുകൾ വേണ്ടിവന്നു ജീവിതം വീണ്ടെടുക്കാൻ. തകർന്നുപോയ നാടിനെ പുനർനിർമിക്കാൻ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ട മഹായജ്ഞത്തോട്‌ മനസ്സുതുറന്ന്‌ സഹകരിച്ചത്‌  ലോകമെങ്ങുമുള്ളവരാണ്‌. ഇതിനോട്‌ മുഖംതിരിച്ചവരും തുരങ്കംവയ്‌ക്കാൻ ശ്രമിച്ചവരും ന്യൂനപക്ഷമായിരുന്നെങ്കിലും  അവർ സൃഷ്‌ടിച്ച പ്രതിബന്ധം ചെറുതായിരുന്നില്ല.

ഇത്തവണയും  പ്രളയം  അതേസമയത്ത്‌ എത്തിയെങ്കിലും ഓണം  വൈകിയതിനാൽ നമുക്ക്‌ ഒരു വീണ്ടെടുപ്പിനുള്ള സാവകാശം ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പ്രദേശങ്ങളിലേക്ക്‌ പ്രളയം ഇക്കുറി വ്യാപിച്ചു. നാശവും ജീവഹാനിയും താരതമ്യേന കുറവായിരുന്നെങ്കിലും  ഇക്കുറിയും കനത്ത ആഘാതമാണ്‌ പ്രകൃതി  കേരളത്തിന്‌ ഏൽപ്പിച്ചത്‌. രക്ഷാപ്രവർത്തനവും പുനരധിവാസവും വിജയകരമായി പൂർത്തിയാക്കി. പുനർനിർമാണത്തിലേക്ക്‌ വീണ്ടും  ശ്രദ്ധയൂന്നുംമുമ്പാണ്‌ ഓണം എത്തിയത്‌. സമഭാവനയുടെയും മതനിരപേക്ഷതയുടെയും  പ്രതീകമായ ഓണം ഇക്കുറിയും മലയാളിക്ക്‌ കൈമോശം വന്നുകൂട എന്ന നിശ്‌ചയദാർഢ്യമാണ്‌ സർക്കാർ സ്വീകരിച്ചത്‌. 

പ്രളയക്കെടുതിക്കിരയായവർക്ക്‌ അടിയന്തര ധനസഹായം 10,000 രൂപ കൊടുത്തുതീർത്ത മുറയ്‌ക്കുതന്നെ സാമൂഹ്യ സുരക്ഷാപെൻഷനുകൾ മുഴുവൻ ഗഡുവും നൽകാൻ തീരുമാനിച്ചു. മൂന്നു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾക്ക്‌  1941 കോടിരൂപ  അനുവദിച്ചു.  52 ലക്ഷം കുടുംബങ്ങളിലേക്കാണ്‌ ഈ തുക എത്തിയത്‌. ശമ്പളം, ബോണസ്, ഉത്സവബത്ത, അവശ്യ സാധനങ്ങൾക്ക്‌ സബ്‌സിഡി തുടങ്ങിയ ഇനങ്ങളിലായി സർക്കാർ ഖജനാവിൽനിന്ന്‌ 6108 കോടിരൂപയാണ്‌ ഓണക്കാലത്ത്‌ ജനങ്ങളുടെ കൈകളിലെത്തിയത്‌.

ഓണക്കാല വിലക്കയറ്റം ഇന്ന്‌ പഴങ്കഥയാണ്‌. സപ്ലൈകോ, കൺസ്യൂമർഫെഡ്‌, സഹകരണ സ്ഥാപനങ്ങൾ എന്നിവ വഴി  നാലായിരത്തോളം  ഓണച്ചന്തകളാണ്‌ സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നത്‌. കൃഷിവകുപ്പും ഹോർട്ടികോർപ്‌ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളും ചേർന്ന്‌ 2000 പഴം, പച്ചക്കറി ചന്തകൾ ആരംഭിച്ചു. ഹാൻടെക്‌സും ഹാൻവീവും തുണി വിപണിയിലും ഇടപെട്ടു.  പൊതുവിദ്യാലയങ്ങളിലെ 23 ലക്ഷം വിദ്യാർഥികൾക്ക്‌ അഞ്ചുകിലോ അരിവീതം സൗജന്യമായി നൽകി.

എല്ലാത്തരം റേഷൻ കാർഡുകാർക്കും  ഈ ആഴ്‌ച അരിയും ഗോതമ്പും സൗജന്യമാണ്‌. പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക്‌ വേതന കുടിശ്ശിക വിതരണം ഉറപ്പാക്കി. തൊഴിലുറപ്പുപദ്ധതി തൊഴിലാളികൾക്കും അങ്കണവാടി പെൻഷൻകാർക്കും 1000 രൂപ ബോണസ്‌, റബർ കർഷകർക്ക്‌ ഉൽപ്പാദന സഹായം, ലോട്ടറിത്തൊഴിലാളികൾക്ക്‌ ബോണസ്‌, കശുവണ്ടി, തോട്ടം തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യ തുടങ്ങിയവ അനുവദിച്ചു. സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിലെ കൈത്തറി നെയ്‌ത്തുകാർക്ക്‌ കൂലി നൽകാൻ 15 കോടിരൂപ  അനുവദിച്ചു.  ഇതെല്ലാം ദുർബല ജനവിഭാഗങ്ങൾക്ക്‌ ഓണാഘോഷം ഉറപ്പാക്കാനുള്ള സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലായിരുന്നു. ഓണക്കാലത്ത്‌ പതിവായിരുന്ന ബോണസ്‌ തർക്കവും പണിമുടക്കവുമൊന്നും എൽഡിഎഫ്‌ സർക്കാർ വന്നശേഷം ഉണ്ടായിട്ടില്ല. ഇക്കുറിയും  പൊതുമേഖലാ സ്ഥാപനങ്ങളിൽ ബോണസ്‌ ഉറപ്പാക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ ബേണസ്‌ പ്രശ്‌നങ്ങളിലും തൊഴിൽവകുപ്പ്‌ ഫലപ്രദമായി ഇടപെട്ടു.

കഴിഞ്ഞ പ്രളയം തകർത്ത വീടുകളിൽ 7555 എണ്ണം ഇതിനകം പുനർനിർമിക്കാനായത്‌ സർക്കാരിന്റെ ചരിത്രപരമായ നേട്ടംതന്നെയാണ്‌. കഴിഞ്ഞ ഓണത്തിന് കണ്ണീർ കുടിച്ച ഇത്രയും കുടുംബങ്ങൾക്ക്‌ ഇത്തവണ സ്‌നേഹവീടുകളിലാണ്‌ പൊന്നോണം. 5355 വീടിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്‌. ഭാഗികമായി തകർന്ന മൂന്നുലക്ഷത്തോളം വീടുകൾ കേടുപാടു തീർത്ത്‌ താമസയോഗ്യമാക്കി. ഇതെല്ലാം കഴിഞ്ഞ പ്രളയത്തിന്റെ കണക്കുകൾ. ഇത്തവണത്തെ നാശനഷ്‌ടങ്ങളും പഴയതിന്റെ ബാക്കിയും വലിയ ബാധ്യതയായി സർക്കാരിന്റെ മുന്നിലുണ്ട്‌. കഴിഞ്ഞ തവണത്തെപ്പോലെ ജനങ്ങൾ കൈയയച്ച്‌ സഹായിക്കുന്നുണ്ട്‌. എന്നാൽ,  ആവശ്യവുമായി തട്ടിക്കുമ്പോൾ  ഇതൊന്നും പര്യാപ്‌തമല്ല. കേന്ദ്രസഹായവും കടമെടുപ്പും യാഥാർഥ്യമായാലേ പുനർനിർമാണം സാധ്യമാകൂ.

ഇത്തരത്തിൽ ഒട്ടേറെ ആശങ്കകൾക്ക്‌ നടുവിലും ഗതകാല സൗഭാഗ്യങ്ങളുടെ സുവർണസ്‌മൃതികളെ തൊട്ടുണർത്തുന്ന ഓണത്തെ കൂടുതൽ അർഥവത്താക്കാനും ജാതി മത വർണ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഉത്സവമാക്കാനും സാധിച്ചതിൽ എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിബദ്ധത പ്രധാന ഘടകമാണ്‌. ലോകമെങ്ങുമുള്ള മലയാളികൾക്ക്‌ ഹൃദ്യമായ ഓണാശംസകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top