21 May Saturday

ലാഭം കൊയ്യാനോ അരക്ഷിത എടിഎം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2016

വിശ്വാസ്യതയാണ് ബാങ്കിങ്ങിന്റെ അടിത്തറയാകേണ്ടത്. ഇടപാടുകളിലെ കൃത്യതയും സത്യസന്ധതയും നിക്ഷേപങ്ങളുടെ സുരക്ഷയും നഷ്ടപ്പെട്ടാല്‍ ബാങ്കിങ് സങ്കല്‍പ്പംതന്നെ അപ്രസക്തമാകും. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ ബാങ്കിടപാടുകാരുടെ പണം എടിഎം തട്ടിപ്പിലൂടെ കവര്‍ച്ച ചെയ്യപ്പെട്ട സംഭവം ആ നിലയ്ക്ക് നമ്മുടെ നാട്ടിലെ ബാങ്കിങ് സംവിധാനങ്ങളുടെ അടിത്തറ തന്നെ ഉലയ്ക്കുന്നതാണ്; അതീവ ഗൌരവമുള്ളതുമാണ്. സാധാരണ ജനജീവിതത്തിന്റെ ഭാഗംതന്നെയാണിക്കാലത്ത് എടിഎം കൌണ്ടറുകള്‍. ദൈനംദിന പണമിടപാടുകള്‍ വലിയ അളവില്‍ എടിഎം കൌണ്ടറുകളിലൂടെയാണ് നടക്കുന്നത്. പണം പിന്‍വലിക്കലിനു പുറമെ നിക്ഷേപിക്കുന്നതടക്കം ബഹുമുഖമായ സൌകര്യം  ഈ കൌണ്ടറുകളില്‍ ഏര്‍പ്പെടുത്തുന്നതില്‍ ബാങ്കുകള്‍ അതീവ തല്‍പ്പരരാണ്. 1,82,000 എടിഎം ഇന്ത്യയിലുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തില്‍, സഹകരണബാങ്കുകള്‍ ഉള്‍പ്പെടെ വിപുലമായ തോതില്‍ എടിഎം ആരംഭിച്ചിട്ടുമുണ്ട്. പരിപൂര്‍ണ വിദേശ പങ്കാളിത്തത്തോടെയുള്ള എടിഎമ്മുകള്‍ വേറെയും വരുന്നു.  

എടിഎഎമ്മുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്നങ്ങള്‍ ജനങ്ങളെയാകെ ബാധിക്കുന്നതാണ് എന്നര്‍ഥം. ആ നിലയിലാണ് തിരുവനന്തപുരത്ത് ആധുനികസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പണാപഹരണത്തിന്റെ ഗൌരവത്തെ വിലയിരുത്തേണ്ടത്. സിസിടിവി ക്യാമറ ഘടിപ്പിച്ച എടിഎം കൌണ്ടറിലാണ് വിവരം ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചത് എന്നതുകൊണ്ടുമാത്രമാണ് വിദേശികളടങ്ങുന്ന തട്ടിപ്പുസംഘത്തെ തിരിച്ചറിയാനായത്. സിസിടിവി ക്യാമറ ഇല്ലാത്തും  സെക്യൂരിറ്റി ജീവനക്കാരില്ലാത്തുമാണ് പകുതിയോളം  എടിഎം കേന്ദ്രങ്ങളും. ക്യാമറയുണ്ടായിട്ടും പ്രവര്‍ത്തിക്കാത്തവയുമുണ്ട്. എടിഎം കൌണ്ടറില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവവും കവര്‍ച്ച നടന്ന് ആഴ്ചകളോളം അറിയാതിരുന്ന അനുഭവവും നമ്മുടെ നാട്ടില്‍ത്തന്നെ ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് ശരാശരി 5000 കോടി രൂപയുടെ നോട്ടുകള്‍ ദിനംപ്രതി പുറത്തുപോകുന്ന കേന്ദ്രങ്ങളെന്ന നിലയില്‍ എടിഎമ്മുകള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നുണ്ടോ എന്നത് ബാങ്കുകള്‍ പരിശോധിക്കേണ്ട വിഷയമാണ്. റോഡരികില്‍ അനാഥമായും അശ്രദ്ധമായും നിലക്കൊള്ളേണ്ടവയല്ല എടിഎം കേന്ദ്രങ്ങള്‍. ഇടപാടുകാരുടെ പണത്തിന്റെ മാത്രമല്ല, അവരുടെ സുരക്ഷയും ബാങ്കുകളുടെ  പരിഗണനയിലുണ്ടാകണം. ഇടപാടുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും കൂടുതല്‍ തവണ ഇടപാട് നടന്നാല്‍ അധിക ചാര്‍ജ് ഈടാക്കുകയും മാത്രമല്ല ബാങ്കിന്റെ ഉത്തരവാദിത്തം. ഓരോ കൌണ്ടറും സുരക്ഷാജീവനക്കാരുടെ കാവലിലാണെന്ന് ഉറപ്പുവരുത്തല്‍ കൂടിയാണ്. പണമിടപാടുകള്‍ക്ക് പുതിയ സൌകര്യങ്ങള്‍ വന്നതോടെ, ബാങ്ക് ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. അങ്ങനെ ലഭിക്കുന്ന മിച്ചത്തിന്റെ ഒരംശം എടിഎം കൌണ്ടറുകള്‍ക്ക് കാവല്‍ക്കാരെ നിയോഗിക്കുന്നതിന് ചെലവാക്കണം. നിരീക്ഷണസംവിധാനം ഫലപ്രദമാണെന്നുറപ്പുവരുത്താനുള്ള സന്നദ്ധതയുമുണ്ടാകണം.

എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ പുറംകരാര്‍ നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ വിമര്‍ശനാത്മകമായി പുനഃപരിശോധിക്കേണ്ടതുണ്ട്. എടിഎമ്മുകളില്‍നിന്ന് കള്ളനോട്ട് ലഭിച്ച അനുഭവം പല കേന്ദ്രങ്ങളില്‍നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ബാങ്ക്, എടിഎമ്മില്‍ നിറയ്ക്കാന്‍ നല്‍കുന്ന കറന്‍സി നോട്ട് തന്നെയാണോ മെഷീനുകളില്‍ എത്തുന്നത് എന്ന പരിശോധന പോലുമുണ്ടാകുന്നില്ല എന്നത് ഞെട്ടിക്കുന്ന വിവരമാണ്. ഇതിലെല്ലാം റിസര്‍വ് ബാങ്കിനും ഉത്തരവാദിത്തമുണ്ട്. എടിഎമ്മുകളുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥയും വിശ്വാസരാഹിത്യവും പരിഹരിക്കപ്പെട്ടേ തീരൂ. തിരുവനന്തപുരത്ത് കണ്ടുപിടിക്കപ്പെട്ട പണാപഹരണം ഒറ്റപ്പെട്ടതല്ല. ബാങ്കിങ് മൂല്യങ്ങള്‍ തൃണവല്‍ഗണിച്ചുകൊണ്ടുള്ള പരിഷ്കരണങ്ങളുടെ ഫലമായി രൂപപ്പെട്ട പൊതു പ്രശ്നങ്ങളിലൊന്നുമാത്രമാണത്. ബാങ്കുകള്‍ നേരിട്ട് ചെയ്യേണ്ട പ്രവൃത്തികള്‍ പുറംകരാറിലൂടെയാക്കിയതിന്റെയും ജനങ്ങളെ സേവിക്കുന്ന സംവിധാനമെന്നതിനുപകരം ലാഭം കുന്നുകൂട്ടുന്ന ഇടങ്ങളായി ബങ്കുകളെ മാറ്റിയതിന്റെയും പരിണതിയാണത്. പ്രശ്നം നയത്തിന്റേതാണ്.  ഈയൊരു തട്ടിപ്പ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തിയാല്‍ അവസാനിക്കുന്നതല്ല വിഷയം.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള തട്ടിപ്പാണ് തിരുവനന്തപുരത്ത് നടന്നത്. അന്വേഷണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. വളരെ പെട്ടെന്നുതന്നെ സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞു. എല്ലാ തട്ടിപ്പുകാരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുമുണ്ട്. അഭിനന്ദനീയമാണത്. ഈ അന്വേഷണം പൂര്‍ത്തിയായാലും യഥാര്‍ഥ പ്രശ്നം അവശേഷിക്കുമെന്നാണ് കാണേണ്ടത്. തെറ്റായ നയങ്ങള്‍ തിരുത്തപ്പെട്ടാലേ അത് പരിഹരിക്കാനാകൂ. ആ നയത്തിന്റെ ദുരന്തമാണ് എടിഎമ്മുകളിലെ അരക്ഷിതാവസ്ഥയെന്ന് യാഥാര്‍ഥ്യംമനസ്സിലാക്കിയുള്ള പ്രതികരണങ്ങളുണ്ടാകണം. പലിശയും അന്യായ ചാര്‍ജുകളുംകൊണ്ട് ലാഭം വീര്‍പ്പിക്കുന്ന സ്ഥാപനങ്ങളായിമാത്രം പ്രവര്‍ത്തിക്കാനുള്ളതല്ല, ജനങ്ങളുടെ നിത്യജീവിതത്തെ സഹായിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാകേണ്ടവയാണ് ബാങ്കുകള്‍ എന്ന ധാരണ ആദ്യം ഉണ്ടാകേണ്ടത് കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമാണ്. അത്തരം ശരിയായ ധാരണയിലേക്ക് അവരെ നയിക്കാനുള്ള പ്രതികരണം വരേണ്ടത് ജനങ്ങളില്‍നിന്നുതന്നെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top