26 April Friday

ജിഷാഭവനം ഒരു പ്രതീകം

വെബ് ഡെസ്‌ക്‌Updated: Monday Jul 11, 2016


അടച്ചുറപ്പുള്ള ഒരു വീടിനായി രാജേശ്വരിയമ്മ കൊതിച്ചത് തന്റെ പെണ്‍മക്കളെ കരുതിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിച്ച് പുതിയ വീട്ടിലേക്ക് കയറുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. രണ്ട് മക്കളില്‍ ഇളയവള്‍ ഇന്ന് കൂടെയില്ല. "അവളൊത്തിരി ആശിച്ചതാ സാറെ ഇതുപോലൊരു വീട്''– ഉള്ളുലയ്ക്കുന്നതായിരുന്നു ആ അമ്മയുടെ വിലാപം. എല്ലാ അമ്മമാര്‍ക്കും ആശ്വാസം പകരുന്നതാണ് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഉറ്റവര്‍ക്ക് വീട് ഏല്‍പ്പിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍: "കേരളത്തില്‍ ഇനിയൊരമ്മയ്ക്കും മക്കളെ കരുതി നെഞ്ചില്‍ തീ നിറയ്ക്കേണ്ടി വരരുത്. സ്ത്രീകള്‍ തലയിണയ്ക്കടിയില്‍ വാക്കത്തിവച്ച് ഉറങ്ങുന്ന നാളുകളായിരുന്നു ഇതുവരെ. ഇനിയതു വേണ്ട''. നാട് കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍. ജനങ്ങള്‍ക്കാകെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനുള്ള ജാഗ്രതയും ഉത്തരവാദിത്തവും ഭരണസംവിധാനത്തിനാണെന്ന് അതിന്റെ തലവന്‍തന്നെ പ്രഖ്യാപിക്കുന്നു. ഇത് വെറുംവാക്കല്ലെന്ന തിരിച്ചറിവ് അതിരുകളില്ലാത്ത ആത്മവിശ്വാസവും സുരക്ഷാബോധവുമാണ് കേരളജനതയ്ക്ക് പകരുന്നത്.

മെയ് 25ന് എല്‍ഡിഎഫ് മന്ത്രിസഭ ചുമതലയേല്‍ക്കുമ്പോള്‍ മലയാളിമനസ്സില്‍ ചോരകിനിയുന്ന മുറിവായി ജിഷ എന്ന പെണ്‍കുട്ടിയുണ്ടായിരുന്നു. ജിഷയുടെ ഘാതകനെ കണ്ടെത്താനുള്ള ശുഷ്കാന്തിയോ തെളിവുകള്‍ കണ്ണിചേര്‍ക്കാനുള്ള പരിശ്രമമോ അന്നത്തെ അന്വേഷണസംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മാത്രമല്ല, തെളിവുകള്‍ നശിപ്പിക്കാനോ ശേഖരിക്കാതിരിക്കാനോ ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകുകയുംചെയ്തു. ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടാല്‍ സ്വീകരിക്കേണ്ട പ്രാഥമിക നിയമനടപടിക്രമങ്ങള്‍പോലും പാലിക്കപ്പെട്ടില്ല. ധൃതിപ്പെട്ട് ശരീരം കത്തിച്ചുകളഞ്ഞതെന്തിനെന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല. ഇതെല്ലാം പൊലീസിന്റെ അലംഭാവം മാത്രമായിരുന്നു എങ്കില്‍ എന്തുകൊണ്ട് ഉത്തരവാദികള്‍ക്കെതിരെ യുക്തമായ നടപടി ഉണ്ടായില്ല? യുഡിഎഫ് സര്‍ക്കാരിന് ജിഷയുടെ കൊലയാളികളെ കണ്ടെത്തുന്നതില്‍ അത്രയേ താല്‍പ്പര്യമുണ്ടായിരുന്നുള്ളൂ എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ജിഷാഭവനം കൈമാറുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത് യാദൃച്ഛികമല്ല.

ജിഷാകേസ് അന്വേഷണവും കൊലയാളിയെ കണ്ടെത്തിയതും മുന്‍ ഭരണകാലത്തെ നടപടികളുടെ തുടര്‍ച്ച മാത്രമാണെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നുണ്ട്. ഇത്തരക്കാര്‍ക്കുള്ള മറുപടി മുഖ്യമന്ത്രി അക്കമിട്ടുനിരത്തി. യുഡിഎഫ് ഭരണത്തില്‍ സംഭവിച്ച വീഴ്ചകള്‍കാരണം കൊലയാളിയെ കണ്ടെത്താന്‍ വൈകി എന്നതിനപ്പുറം വിലപ്പെട്ട ശാസ്ത്രീയ തെളിവുകള്‍ പലതും നഷ്ടപ്പെടുകയുംചെയ്തു. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് ചുമതലയേറ്റ ദിവസംതന്നെ ജിഷാവധക്കേസുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. അന്വേഷണസംഘത്തെ അടിമുടിമാറ്റി വനിതാ എഡിജിപി ബി സന്ധ്യക്ക് ചുമതല നല്‍കി. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി, അമ്മയ്ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍, കുടുംബത്തിന് വീട് തുടങ്ങിയ തീരുമാനങ്ങളും ആദ്യ മന്ത്രിസഭായോഗം കൈക്കൊണ്ടു. 

പുതിയ സംഘം ശാസ്ത്രീയവും യുക്തിസഹവുമായ മാര്‍ഗങ്ങളിലൂടെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അന്വേഷണം ശരിയായ ദിശയിലെത്തിച്ചു. മുന്‍ അന്വേഷണസംഘം ബോധപൂര്‍വമോ അല്ലാതെയോ അവഗണിച്ച സൂചനകളില്‍നിന്നാണ് പുതിയ സംഘം പ്രതിയെ കണ്ടെത്തിയത്. കേരള പൊലീസിന്റെ അന്വേഷണമികവ് അടിവരയിട്ടു ജിഷാവധക്കേസ്. എന്നാല്‍, ഇതേ പൊലീസിന്റെ കൈകള്‍ എന്തിന് കെട്ടിയിട്ടു എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമാണ്. അന്വേഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, നിരാലംബരായ ഒരു ദളിത് കുടുംബത്തിന് നല്‍കേണ്ട സാമൂഹ്യസുരക്ഷിതത്വത്തിന്റെ കാര്യത്തിലും പിണറായി സര്‍ക്കാര്‍ വാക്കുപാലിച്ചു. ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ജോലി നല്‍കിയത് ഭരണം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ്.

മുടക്കുഴ തൃക്കേപ്പാറയില്‍ പഞ്ചായത്ത് അനുവദിച്ച സ്ഥലവും ഫണ്ടും ഉപയോഗിച്ച് ജിഷ ജീവിച്ചിരിക്കെ നിര്‍മിച്ച തറ അശാസ്ത്രീയമായിരുന്നു. ഇത് പൂര്‍ണമായും പൊളിച്ചുനീക്കിയാണ് കാക്കനാട് നിര്‍മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ വീട് നിര്‍മിച്ചത്. ഇക്കാര്യത്തില്‍ എറണാകുളം കലക്ടര്‍ രാജമാണിക്യത്തിന്റെ വാക്കുകള്‍ എടുത്തുപറയേണ്ടതുണ്ട്. പുതിയ സര്‍ക്കാരില്‍നിന്ന് തനിക്ക് ആദ്യംലഭിച്ച നിര്‍ദേശം ജിഷയുടെ വീട് നിര്‍മാണത്തെക്കുറിച്ചായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 45 ദിവസംകൊണ്ട് വീട് പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. ഇത്ര ചുരുങ്ങിയ ദിവസംകൊണ്ട് വീട് പൂര്‍ണമായി നിര്‍മിക്കുക എന്നത് അസാധ്യമാണെന്ന ധാരണയായിരുന്നു ആദ്യം. എന്നാല്‍,  സര്‍ക്കാരിന്റെ നിരന്തരപ്രേരണയും പിന്തുണയും അസാധ്യമെന്നു കരുതിയ ആ ലക്ഷ്യം സാധ്യമാക്കി. രണ്ടു മുറിയും അടുക്കളയുമടങ്ങുന്ന വീടിന്റെ സൌകര്യങ്ങള്‍ പരിശോധിച്ച മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയുംചെയ്തു. സര്‍ക്കാര്‍ നല്‍കിയ സമയപരിധി പാലിച്ച് 44 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ കലക്ടറെയും ഒരു കൊച്ചുകുടുംബത്തിന് ആവശ്യമായ സൌകര്യങ്ങളോടെ ചുരുങ്ങിയ ചെലവില്‍ വീട് ഒരുക്കിയ നിര്‍മിതി കേന്ദ്രത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.

അക്രമത്തിനും അന്യായങ്ങള്‍ക്കും ഇരയാക്കപ്പെട്ട് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ക്ക് ആശ്രയമായി ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെന്ന ബോധ്യം സാമാന്യജനങ്ങള്‍ക്ക് നല്‍കാന്‍, ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുകവഴി പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചിരിക്കുന്നു. ജിഷയുടെ അമ്മയും സഹോദരിയും ഇനി നാടിന്റെ സംരക്ഷണയിലാണ് കഴിയേണ്ടതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ജിഷാഭവനം ഒരു പ്രതീകമാണ്. നിശ്ചയദാര്‍ഢ്യവും ജനങ്ങളുടെ വിശ്യാസ്യതയും കൈമുതലാക്കിയ സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകം. ജിഷ എന്ന പാവപ്പെട്ട പെണ്‍കുട്ടി ജനിച്ചുവളര്‍ന്ന മണ്ണില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ ഞങ്ങള്‍ ആവര്‍ത്തിക്കട്ടെ – കിടക്കാനിടം ഇല്ലാത്തവര്‍ക്ക് വീട് നല്‍കാനും നിരാശ്രയര്‍ക്ക് തണലേകാനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും ഇവിടെ ഒരു സര്‍ക്കാരുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top