26 April Friday

യാഥാര്‍ഥ്യത്തില്‍ ഊന്നിയ മദ്യനയം

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2017

അഴിമതിയുടെയും ധനാര്‍ത്തിയുടെയും അനാശാസ്യ രാഷ്ട്രീയത്തിന്റെയും ദുര്‍ഭഗ സന്തതിയായ മദ്യനയമാണ് ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. കോഴപ്പണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കവും കോഴചുരത്തുന്ന അകിടുകള്‍ തേടിയുള്ള അലച്ചിലുമാണ് യുഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യമാക്കിയത്. ബാര്‍ ഉടമകളില്‍നിന്ന് വിലപേശി കോഴ വാങ്ങിയശേഷം മദ്യവിരുദ്ധ മുഖംമൂടിയുമായി ജനങ്ങള്‍ക്കുമുന്നില്‍ നാടകമാടിയ ആ മുന്നണിയുടെ യഥാര്‍ഥ മുഖം കോടതികളിലും സമൂഹമധ്യത്തിലും സംശയരഹിതമായി വ്യക്തമായതാണ്.

അസമയത്തെ അപക്വമായ രാഷ്ട്രീയനിലപാടായിരുന്നു യുഡിഎഫിന്റെ മദ്യനയമെന്ന് ഇപ്പോള്‍ തുറന്നുപറയുന്നത് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന ഷിബു ബേബിജോണ്‍തന്നെയാണ്. മദ്യലഭ്യതയും ഉപഭോഗവും  കുറഞ്ഞില്ല; മദ്യപന്മാരുടെ എണ്ണവും കുറഞ്ഞില്ല. സാമൂഹ്യമായ ഒരു നന്മയുമുണ്ടാക്കാതെ അഴിമതിപ്പണത്തിന്റെ അളവിന്റെ പേരില്‍ തര്‍ക്കിച്ചും മദ്യവിരുദ്ധനാട്യം പൊലിപ്പിച്ചും തട്ടിക്കൂട്ടിയ നയമാണ് ഉമ്മന്‍ചാണ്ടിസംഘം നടപ്പാക്കിയത്. കളങ്കിതരെ സ്ഥാനാര്‍ഥികളാക്കരുതെന്ന് അന്ന് കെപിസിസി അധ്യക്ഷനായിരുന്ന വി എം സുധീരന്‍ പരസ്യനിലപാടെടുത്തതും ആ കളങ്കിതപ്പട്ടികയിലെ അന്നത്തെ എക്സൈസ്മന്ത്രി കെ ബാബു ദയനീയ തോല്‍വി ഏറ്റുവാങ്ങിയതും എളുപ്പം മറക്കാവുന്നതല്ല. 

അടിമുടി തട്ടിപ്പും കാപട്യവും നിറഞ്ഞ യുഡിഎഫ് നയം പൊട്ടിപ്പൊളിഞ്ഞ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ മദ്യനയത്തിന്റെ പ്രസക്തിയും പ്രാധാന്യവും പരിശോധിക്കേണ്ടത്. രോഗം മനസ്സിലാക്കിയുള്ള ചികിത്സയാണ് ഈ രംഗത്ത് വേണ്ടതെന്ന് എല്‍ഡിഎഫ് നേരത്തെതന്നെ അഭിപ്രായപ്പെട്ടിരുന്നു. മദ്യാസക്തി നിയന്ത്രിക്കാതെ മദ്യലഭ്യത ഇല്ലാതാക്കിയാല്‍ വ്യാജമദ്യത്തിന്റെ പ്രളയവും മയക്കുമരുന്നിന്റെ വ്യാപനവുമാണ് ഉണ്ടാകുക. ലോകാരോഗ്യസംഘടന ഈ രംഗത്ത് ശാസ്ത്രീയമായ പഠനം നടത്തി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ മദ്യവിപണനത്തിന്റെ ലൈസന്‍സിങ്ങും സമയക്രമീകരണവും ഉള്‍പ്പെടെയുള്ളതാണ്. ഒരു ഗൃഹപാഠവുമില്ലാതെ തയ്യാറാക്കേണ്ടതല്ല മദ്യനയമെന്നര്‍ഥം. അഴിമതിപ്പണത്തര്‍ക്കത്തിനൊപ്പം, താനാണ് യഥാര്‍ഥ മദ്യവിരുദ്ധന്‍ എന്നും താന്‍ അതിനേക്കാള്‍ കേമനെന്നും തെളിയിക്കാനുള്ള മത്സരമാണ് അന്ന് ബാറുകള്‍ കൂട്ടത്തോടെ പൂട്ടുന്നതിലേക്ക് യുഡിഎഫിനെ എത്തിച്ചത്. മദ്യത്തോടുള്ള വിരോധമോ മദ്യനിരോധനത്തോടുള്ള പ്രണയമോ ആയിരുന്നില്ല പ്രചോദനമെന്ന് സാരം.

ഇതെല്ലാം പരിഗണിച്ചാണ് എല്‍ഡിഎഫ് മദ്യനയം രൂപീകരിച്ചത്. വിനോദസഞ്ചാരമേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയാണ് യുഡിഎഫിന്റെ മദ്യനയം സൃഷ്ടിച്ചത്. ആ നയം നടപ്പാക്കിയശേഷം വിനോദസഞ്ചാരികളുടെ വരവ് കുത്തനെ ഇടിഞ്ഞു. ടൂറിസംമേഖലയുടെ വളര്‍ച്ച 2013ലെ 91 ശതമാനത്തില്‍നിന്ന് തൊട്ടടുത്ത വര്‍ഷം പകുതിയായും പിന്നീട് 0.6 ശതമാനമായും കുറഞ്ഞു. എന്നാല്‍, മദ്യ ഉപഭോഗത്തില്‍ ഗണ്യമായ കുറവുവരുത്തുന്നതിന് കഴിഞ്ഞതുമില്ല. 2010-11ലേതില്‍നിന്ന് ഏഴ് ശതമാനം കുറവാണ് വിദേശമദ്യ വില്‍പ്പനയില്‍ 2015-16ല്‍ രേഖപ്പെടുത്തിയത്. അതേസമയം, ബിയര്‍ വില്‍പ്പന 80 ശതമാനം വര്‍ധിച്ചു.  അതിനര്‍ഥം ആകെ മദ്യ ഉപഭോഗം വലിയതോതില്‍ ഉയര്‍ന്നുവെന്നാണ്.

2014 മാര്‍ച്ച് 31നാണ് ബാറുകള്‍ അടച്ചത്. അക്കൊല്ലം സംസ്ഥാനത്ത് 12,904 അബ്കാരി കേസുകളും 847 മയക്കുമരുന്ന് കേസുകളുമാണ് എക്സൈസ്വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. 2016-17ല്‍ അബ്കാരി കേസുകള്‍ 25,332. മയക്കുമരുന്ന് കേസുകള്‍ 3835. ഇത് കാണിക്കുന്നത്, മദ്യ ഉപഭോഗം വര്‍ധിച്ചു എന്നതിനൊപ്പംതന്നെ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപണനകേന്ദ്രമായി കേരളം മാറി എന്നാണ്. ഇത്തരമൊരു അവസ്ഥയില്‍നിന്നാണ് മദ്യനയത്തിന്റെ ശാസ്തീയവും സമഗ്രവുമായ പുനഃപരിശോധനയും രൂപീകരണവും അനിവാര്യമായത്. അതാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍വഹിച്ചത്. വര്‍ധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കുക, മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുക, വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുക, മദ്യപാനരോഗികള്‍ക്ക് യുക്തമായ ചികിത്സ നല്‍കുക, വിനോദസഞ്ചാരമേഖലയ്ക്ക് ഏറ്റ തിരിച്ചടി പരിഹരിക്കുക എന്നിങ്ങനെയുള്ള പ്രഖ്യാപിതനയങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് പുതിയ മദ്യനയമെന്ന് നിസ്സംശയം പറയാം.

അടച്ചുപൂട്ടിയ എല്ലാ ബാറുകളും തുറക്കുക എന്നതല്ല നയം. എന്നാല്‍, ബാറുകള്‍ അടച്ചിടുന്നതോടെ മദ്യത്തിന്റെ വിപത്ത് ഇല്ലാതാകുമെന്ന മിഥ്യാധാരണയും ഈ നയത്തിനുപിന്നിലില്ല. കള്ളുവ്യവസായത്തിലെ പ്രതിസന്ധിയും ഈ നയരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മികച്ച കള്ള് വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് വിളമ്പാനുള്ള തീരുമാനം ചെത്തുതൊഴിലാളികളുടെ സംരക്ഷണം മാത്രമല്ല, കേരള ടൂറിസത്തിന്റെ ശോഭനമായ ഭാവിയും ഉറപ്പാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച  മദ്യനയത്തെ അനുകൂലിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ശബ്ദം യുഡിഎഫില്‍നിന്നുതന്നെ വന്നതും ഐഎന്‍ടിയുസിയടക്കം സ്വാഗതം ചെയ്തതും അതിനുള്ള സ്വീകാര്യതയുടെ സൂചനയാണ്. മദ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകള്‍ സംസ്ഥാനത്തുണ്ട്. മദ്യവര്‍ജനത്തിന്റെയും മദ്യനിരോധനത്തിന്റെയും മുദ്രാവാക്യം മുഴക്കുന്നവരുണ്ട്.

അവരുടെ വികാരത്തെ മാനിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അവര്‍ ഉയര്‍ത്തുന്ന ആശങ്കയെ അദ്ദേഹം തള്ളിക്കളയുന്നില്ല. അവയടക്കം പരിഗണിച്ച് പ്രായോഗികമായ ഏറ്റവും മികച്ച നയമാണ് നടപ്പാക്കുന്നത്. മദ്യപാനരോഗികളെ രക്ഷപ്പെടുത്താനും മദ്യാസക്തി കുറയ്ക്കാനും ചെറിയ പ്രായത്തില്‍ മദ്യത്തിലേക്ക് തിരിയുന്നവരെ തടയാനുമുള്ള ശക്തമായ ഇടപെടല്‍കൂടിയാണ് പുതിയ നയം. അത് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. വിലപേശലും അഴിമതി ഗണിതവുമല്ല, നാട്ടില്‍ നിലനില്‍ക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളും വസ്തുതകളും ആവശ്യങ്ങളും ശാസ്ത്രീയ യുക്തികളുമാണ് അടിസ്ഥാനമായത് എന്നതിനാല്‍, യുഡിഎഫിന്റേതില്‍നിന്ന് നേര്‍വിപരീതമാണ് ഈ നയം. അതുകൊണ്ടുതന്നെയാണ്, നാനാഭാഗത്തുനിന്നും സ്വാഗതം ചെയ്യപ്പെടുന്നത് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top