29 May Sunday

നടന്നടുക്കുന്നത് ഇരുണ്ട കാലത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 10, 2016

സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്തകാലത്തിലേക്ക് നടന്നടുക്കുന്നു എന്ന ഭീതി അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് നമുക്ക് ചുറ്റും. ദാദ്രിയില്‍, മുമ്പ് അഖ്ലാക് എന്ന ഗൃഹനാഥനെ തല്ലിക്കൊന്ന അതേനാട്ടില്‍ ഒരു കലാപത്തിന് സംഘപരിവാര്‍ അരങ്ങൊരുക്കുന്ന വാര്‍ത്തകള്‍ ഉത്തര്‍പ്രദേശിനെമാത്രമല്ല, രാജ്യത്തെയാകെ ഭയപ്പെടുത്തുകയാണ്. ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ചായിരുന്നു അഖ്ലാക്കിനെ പട്ടാപ്പകല്‍ അടിച്ചുകൊന്നത്. സൂക്ഷിച്ചത് ബീഫ് അല്ല ആട്ടിറച്ചിയായിരുന്നു എന്ന ഫോറന്‍സിക് പരിശോധനാഫലം വന്നപ്പോള്‍ അതിന്റെ ജാള്യം മാറ്റാന്‍ മറ്റൊരു പരിശോധനാഫലം കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ മഥുരയിലെ ഒരു ലബോറട്ടറിയില്‍നിന്ന് പടച്ചുണ്ടാക്കി സംഘപരിവാര്‍. റിപ്പോര്‍ട്ടിന്റെ ആധികാരികതയെ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്തന്നെ ചോദ്യംചെയ്തിട്ടുണ്ട്. ഇപ്പോള്‍ അഖ്ലാക്കിന്റെ കുടുംബം മാപ്പുപറയണമെന്ന് വിവിധ സംഘപരിവാര്‍ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടിരിക്കയാണ്. യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടാന്‍ പോകുന്ന യോഗി ആദിത്യനാഥും ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. അഖ്ലാക്കിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തത് നിരപരാധികളായ ഹിന്ദുക്കളെയാണെന്നാണ് ആദിത്യനാഥ് വാദിക്കുന്നത്. അഖ്ലാക്കിന്റെ കുടുംബത്തിനും ദാദ്രിയിലെ മറ്റു ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും നേരെ ഏത് സമയത്തും ആക്രമണമുണ്ടായേക്കാമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. 

വിഎച്ച്പി നേതാവ് സ്വാധ്വി പ്രാചിയുടെ ഭീഷണിയാണ് ഈ ഗണത്തില്‍ അവസാനത്തേത്. ഇന്ത്യയെ മുസ്ളിം മുക്തമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നാണ്് ഇവര്‍ വ്യക്തമാക്കിയത്. വിഷലിപ്തമായ ഈ പ്രസംഗത്തില്‍ ഗാന്ധിജിയെമുതല്‍ ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനെയും ഷാരൂഖ് ഖാനെയുംവരെ ആക്രമിച്ചു. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റാണെന്നും ദേശീയ സ്വാതന്ത്യ്രസമരത്തില്‍ ഗാന്ധിജിക്ക് നിസ്സാര പങ്കുമാത്രമാണ് ഉള്ളതെന്നും പ്രാചി പറഞ്ഞു. ആമിര്‍ ഖാനും ഷാരൂഖ് ഖാനും ലൌ ജിഹാദിന്റെ പ്രചാരകരാണെന്നും പാര്‍ലമെന്റ് അംഗങ്ങളില്‍ ഒന്നോ രണ്ടോ തീവ്രവാദികളുണ്ടെന്നുമൊക്കെ പ്രാചിയുടെ പ്രസംഗത്തിലെ കണ്ടെത്തലുകളായിരുന്നു.

കന്നുകാലിക്കച്ചവടക്കാരായ രണ്ട് ചെറുപ്പക്കാരെ ജാര്‍ഖണ്ഡില്‍ സംഘപരിവാറുകാര്‍ കൊന്ന് കെട്ടിത്തൂക്കിയിട്ട് അധികകാലമായിട്ടില്ല. ഗാന്ധിഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഒരുക്കം കൂട്ടുന്നതും ഗോഡ്സെയെ ദേശീയനായകനായി ഉയര്‍ത്തിക്കാട്ടുന്നതും സംഘപരിവാര്‍തന്നെ.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് ഉത്തര്‍പ്രദേശിലെ കലാപശ്രമങ്ങള്‍. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ അറുപതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ ന്യൂനപക്ഷധ്വംസനം ബിജെപിക്കുണ്ടാക്കിയ നേട്ടം ചെറുതല്ല. ഉത്തര്‍പ്രദേശിലും സമീപസംസ്ഥാനങ്ങളിലും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനും അതുവഴി തെരഞ്ഞെടുപ്പുവിജയമുണ്ടാക്കാനും ബിജെപിക്ക് സാധിച്ചു. മുസഫര്‍നഗര്‍ കലാപത്തില്‍ സജീവമായി പങ്കുകൊണ്ടതിന് കേന്ദ്ര മന്ത്രിസ്ഥാനം പാരിതോഷികമായി കിട്ടിയ സഞ്ജീവ് ബല്യാന്‍, അഖ്ലാക്കിന്റെ കുടുംബത്തിനെതിരെയുള്ള നീക്കത്തില്‍ മുന്നിലുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയാണ് ഇത്തരം ധ്രുവീകരണശ്രമങ്ങള്‍.

സാധ്വി പ്രാചിയെയും സാക്ഷി മഹാരാജിനെയും യോഗി ആദിത്യനാഥിനെയും പോലുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ യാദൃച്ഛികമെന്നും അപഭ്രംശമെന്നും പറഞ്ഞ് തള്ളിക്കളയാനാകില്ല. ഒരുവശത്ത് അതിര്‍ത്തിരാജ്യമാണ് ഭീകരത വിരിയിക്കുന്നതെന്ന് പ്രധാനമന്ത്രി അമേരിക്കയില്‍ ക്യാപ്പിറ്റോള്‍ ഹില്ലിയില്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തില്‍ പറയുമ്പോള്‍ത്തന്നെയാണ് ഹിന്ദുത്വഭീകരത ഇന്ത്യയില്‍ പത്തിവിരിച്ചാടുന്നത്. 2002ല്‍ ഗുജറാത്തില്‍ മൂവായിരത്തോളം മുസ്ളിങ്ങളെ കൊലപ്പെടുത്തുന്നതിന് ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് മൌനാനുവാദം നല്‍കിയ നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുമ്പോള്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും സഹപ്രവര്‍ത്തകന്‍ ഹരിണ്‍ പാണ്ഡ്യയെ പട്ടാപ്പകല്‍ കൊലചെയ്തതിന്റെയും സൂത്രധാരന്‍ അമിത് ഷാ ബിജെപിയുടെ അമരത്തിരിക്കുമ്പോള്‍, ഇത്തരം വിഷജന്തുക്കള്‍ വിഷം തുപ്പുന്നതില്‍ അത്ഭുതപ്പെടാനില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top