20 April Saturday

ക്രൂര പരീക്ഷണമായ നീറ്റ് പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday May 10, 2017

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ക്ക് വലിയ തോതില്‍ പരിഹാരമാകും എന്ന പ്രതീക്ഷയോടെയാണ് രാജ്യവ്യാപകമായി ഒറ്റ യോഗ്യതാനിര്‍ണയ പരീക്ഷ നടപ്പാക്കിയത്. കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ മെഡിക്കല്‍ പ്രവേശനം ദേശീയ യോഗ്യതാപട്ടികയില്‍നിന്ന് ആയിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്ത് പരീക്ഷ പൂര്‍ത്തിയായ സാഹചര്യത്തില്‍ അഖിലേന്ത്യ ക്വാട്ട ഒഴിച്ചുള്ള പ്രവേശനം സംസ്ഥാന എന്‍ട്രന്‍സ് കമീഷണറുടെ പട്ടികയില്‍നിന്നു തന്നെയായിരുന്നു. ഈ വര്‍ഷം നേരത്തെതന്നെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരുന്നു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് പുറമെ മറ്റ് ഇതര മെഡിക്കല്‍- അനുബന്ധ കോഴ്സുകളിലേക്കും നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പട്ടികയാണ് ആധാരമാക്കുകയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരത്തില്‍ പ്രവേശനം സംബന്ധിച്ച എല്ലാ സൂക്ഷ്മാംശങ്ങളും നിജപ്പെടുത്തിയതിനാല്‍ വര്‍ധിച്ച ആത്മവിശ്വാസത്തോടും മത്സരാഭിമുഖ്യത്തോടും കൂടിയാണ് ബഹുഭൂരിപക്ഷം കുട്ടികളും ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തത്.

മെഡിക്കല്‍- അനുബന്ധ കോഴ്സുകളിലേക്കുള്ള എല്ലാ സീറ്റിലേക്കും ഏക പരീക്ഷ എന്നത് ചരിത്രത്തില്‍ ആദ്യമാണ്.  ദേശീയ തലത്തിലുള്ള പരീക്ഷയായതിനാല്‍ മത്സരം കടുക്കുമെങ്കിലും എല്ലാ സീറ്റിലേക്കുമുള്ള പ്രവേശനമാര്‍ഗം ഇതായതിനാല്‍ മിടുക്കരായ കുട്ടികള്‍ക്ക് പരാമാവധി അവസരം ലഭിക്കുമെന്ന പ്രത്യേകത ഇത്തവണത്തെ പരീക്ഷയ്ക്കുണ്ടായിരുന്നു.  കേരളത്തിലെ  എണ്‍പതിനായിരത്തിലേറെ ഉള്‍പ്പെടെ പതിനൊന്നു ലക്ഷത്തില്‍പരം  കുട്ടികളാണ് പരീക്ഷ എഴുതിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എക്സാമിനേഷനായിരുന്നു ചുമതല. കഠിന പരിശീലനവും പ്രയത്നവും കഴിഞ്ഞ് അവസാന ലക്ഷ്യത്തിലേക്ക് അടുക്കുന്ന വിദ്യാര്‍ഥികളോട് കേരളത്തിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലെ ചുമതലക്കാര്‍ കാണിച്ച കൊടും ക്രൂരത വാക്കുകള്‍കൊണ്ട് വിവരിക്കാനാകാത്തതാണ്. മനസ്സും ശരീരവും പരുവപ്പെടുത്തി ഉന്നതറാങ്ക് എന്ന ഏകലക്ഷ്യത്തിലേക്കു കുതിക്കുന്ന നിരവധി വിദ്യാര്‍ഥികളെയാണ് പരീക്ഷാ നടത്തിപ്പിന് സിബിഎസ്ഇ ചുമതലപ്പെടുത്തിയവര്‍ നിര്‍ജീവമാക്കിക്കളഞ്ഞത്.

കണ്ണൂര്‍, എറണാകുളം ജില്ലകളിലെ ചില കേന്ദ്രങ്ങളിലാണ് അവിശ്വസനീയമായ മനുഷ്യാവകാശ ലംഘനം കുട്ടികള്‍ക്കു നേരെ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, സംസ്ഥാനത്തിന്റെ മറ്റു പലഭാഗങ്ങളിലും സമാനമായ അതിക്രമം നടന്നതായി പിന്നീട് വെളിപ്പെട്ടു. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ലോഹസാന്നിധ്യമുള്ള വസ്ത്രങ്ങള്‍ 'ബീപ്' ശബ്ദമുണ്ടാക്കുന്നത് യാത്രചെയ്യുന്നവരുടെയെല്ലാം അനുഭവമാണ്. ലോഹവസ്തു എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബോധ്യപ്പെടുകമാത്രമാണ് സാധാരണ രീതി. അതീവ സുരക്ഷാ പ്രാധാന്യമുള്ള വിമാനത്താവളത്തില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍, ലോഹസാന്നിധ്യം അടിവസ്ത്രത്തിലായാലും മേല്‍വസ്ത്രത്തിലായാലും അഴിച്ചുമാറ്റണമെന്ന നിര്‍ബന്ധമാണ് പരീക്ഷാകേന്ദ്രങ്ങളില്‍ കണ്ടത്. ബാത്ത് റൂമിലോ മറയ്ക്കകത്തോ പോയി വസ്ത്രം മാറാനുള്ള സൌകര്യംപോലും നല്‍കാതെ അവിടെവച്ചുതന്നെ അടിവസ്ത്രം അഴിച്ച് രക്ഷിതാക്കളുടെ കൈയില്‍ കൊണ്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായ പെണ്‍കുട്ടികളുടെ അനുഭവം മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്. മേല്‍വസ്ത്രത്തിന് നീളന്‍ കൈകള്‍ പാടില്ലെന്ന നിബന്ധന പാലിക്കാന്‍ വസ്ത്രം അറുത്തുമാറ്റിയ നിരവധി സംഭവങ്ങളും ഉണ്ടായി. അഴിപ്പിച്ചതും അറുത്തുമാറ്റിയതുമായ വസ്ത്രങ്ങളുമായി അച്ഛനമ്മമാര്‍ പുറത്തു പ്രതിഷേധിക്കുമ്പോള്‍, കൊടുംപീഡനത്തിനിരയായി പരീക്ഷാഹാളിലേക്ക് നീങ്ങിയ കുട്ടികളുടെ മാനസികനില എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ? അവര്‍ക്ക് എങ്ങനെ എകാഗ്രതയോടെ പരീക്ഷ എഴുതാനാകും?
ഈ അധമനടപടിക്ക് ന്യായീകരണം പലതുണ്ടാകും. എല്ലാ നിബന്ധനകളും നേരത്തെ പ്രസിദ്ധപ്പെടുത്തിയതാണ്,വസ്ത്രത്തില്‍ ഒളിപ്പിച്ച ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കൃത്രിമത്തിനുള്ള സാധ്യതകള്‍ ഏറെയാണ് തുടങ്ങിയ വാദങ്ങളൊക്കെ ഇപ്പോള്‍ ഉയരുന്നുണ്ട്. എന്നാല്‍, നിബന്ധനകളുടെ കര്‍ക്കശ സ്വഭാവവും തുടര്‍ നടപടികളും  പരീക്ഷാര്‍ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്നതില്‍ സിബിഎസ്ഇ പരാജയപ്പെട്ടുവെന്നു തന്നെയാണ് ഇത്രയധികം പേര്‍ക്കെതിരെ 'നടപടി' വേണ്ടിവന്നു എന്നതില്‍നിന്ന് വ്യക്തമാകുന്നത്. ഇലക്ട്രോണിക,് ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൃത്രിമം തടയാന്‍ ജാമര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം കുട്ടികളെ ഇത്ര ക്രൂരമായി കൈകാര്യം ചെയ്തതിന് എന്തു ന്യായീകരണം.

സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകാനായി കേന്ദ്ര പരീക്ഷാബോര്‍ഡ് നിരത്തുന്ന ന്യായവാദങ്ങള്‍ തികച്ചും ബാലിശമാണ്. ബോര്‍ഡ് കടുത്ത ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചില പരീക്ഷാകേന്ദ്രങ്ങളിലെ മേല്‍നോട്ട ചുമതലക്കാര്‍ കാണിച്ച അമിതാവേശം മാത്രമാണ് വിവാദമായതെന്നുമാണ് വിശദീകരണം. ഏറെ കുട്ടികള്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇത്ര ലാഘവബുദ്ധിയോടെയുള്ള പ്രതികരണം തന്നെ സിബിഎസ്ഇയുടെ അലംഭാവത്തിന് തെളിവാണ്. കണ്ണൂരിലെ ഒരു സ്കൂളില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടിക്ക് വിധേയരായത് നാല് സ്വകാര്യ സ്കൂള്‍ അധ്യാപികമാരാണ.് അതും മാനേജ്മെന്റിന്റെ നടപടി. സിബിഎസ്ഇക്ക് ഇതിലപ്പുറം ഒന്നും ചെയ്യാനില്ലെന്നു വരുമ്പോള്‍ ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് എന്ത്് ഉറപ്പാണുള്ളത്. കേരള നിയമസഭ ഏകവികാരത്തോടെ ചര്‍ച്ച ചെയ്ത ഈ സംഭവം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട് അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശവും സ്വാഗതാര്‍ഹമാണ്. എന്തുവിലകൊടുത്തും ഇത്തരം കൊള്ളരുതായ്മകള്‍ തടഞ്ഞേതീരൂ *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top