27 April Saturday

നുണകൊണ്ട് മൂടിയാല്‍ തിരിഞ്ഞുനടക്കില്ല

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2016

മോഡിപ്രഭാവം മങ്ങിവരികയാണ്. രാജ്യത്താകെ ബിജെപിക്ക് തിരിച്ചടികളാണ് കിട്ടുന്നത്. ഇടതുപക്ഷത്തിന് വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ ഗണ്യമായ വളര്‍ച്ചയുണ്ടാക്കാന്‍ ബിജെപിക്കും അതിനെ നയിക്കുന്ന ആര്‍എസ്എസിനും ഇന്നുവരെ കഴിഞ്ഞിട്ടില്ല. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷം അതിശക്തമായ നിലപാടുമായി നിലകൊള്ളുന്നതാണ് ഇതിന് കാരണം. സ്വാതന്ത്യ്രത്തിനുമുമ്പുതന്നെ ആര്‍എസ്എസ് നോട്ടമിട്ട നാടാണ് കേരളം. പലവട്ടം കലാപശ്രമം നടത്തി. വര്‍ഗീയവിദ്വേഷം കത്തിക്കാന്‍ ശ്രമിച്ചു. സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. വിവിധ ജാതിസംഘടനകളെ കൂട്ടുപിടിച്ചു. എന്നാല്‍, വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം പേറുന്ന ആര്‍എസ്എസിനും അതിന്റെ പരിവാരങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ അവര്‍ ആഗ്രഹിച്ച സ്വാധീനം നേടാനായില്ല. 1925 മുതല്‍ ഇന്നുവരെ കഴിയാത്തത്, മോഡിയുടെയും അമിത്ഷായുടെയും തണലില്‍, കേന്ദ്ര ഭരണാധികാരത്തിന്റെ സര്‍വസന്നാഹവും ഉപയോഗിച്ച്, പണക്കൊഴുപ്പിന്റെ മേളകള്‍ സൃഷ്ടിച്ച് സാധ്യമാക്കാമെന്ന വ്യാമോഹത്തിലാണ് ഇന്ന് ബിജെപി. അവര്‍ ഒഴുക്കുന്ന പണം നോക്കുക; കാണിക്കുന്ന ആര്‍ഭാടം ശ്രദ്ധിക്കുക; സൃഷ്ടിക്കുന്ന ബഹളം ശ്രവിക്കുക. പ്രധാനമന്ത്രിയടക്കം കേന്ദ്രമന്ത്രിമാരുടെ പടതന്നെ കേരളത്തിലെത്തി. അമിത്ഷാ സംസ്ഥാനത്ത് തങ്ങി തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ പോകുന്നു. പുതിയ കൂട്ടുകക്ഷിയുടെ നേതാവ് വെള്ളാപ്പള്ളി നടേശന് പത്നീസമേതനായി പറക്കാന്‍ ഹെലികോപ്റ്റര്‍ ഒരുക്കി.

കേരളത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള അവസാനത്തെ തന്ത്രമാണ് ബിജെപി പയറ്റുന്നത്. മോഡിയുടെ പ്രസംഗങ്ങളിലെ ചില പരാമര്‍ശങ്ങള്‍ അത് തെളിയിക്കുന്നു. സിപിഐ എം നടത്തിയ കൊലപാതകങ്ങള്‍ ഇവിടെത്തന്നെ ഒതുക്കിത്തീര്‍ക്കുന്നു എന്ന് മോഡി പറഞ്ഞതായാണ് മലയാളമനോരമ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുചെയ്ത് കണ്ടത്. ഒന്നുകില്‍ കേരളത്തില്‍ എന്തു നടക്കുന്നു എന്ന് ഇവിടത്തെ ബിജെപി നേതാക്കള്‍ മറച്ചുവച്ചു. അല്ലെങ്കില്‍ മോഡി പച്ചക്കള്ളം പറയാന്‍ തയ്യാറായി. അതുമല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫുമായി തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആര്‍എസ്എസ് നടപ്പാക്കുന്ന സഖ്യത്തെ ഊര്‍ജസ്വലമാക്കാന്‍ സിപിഐ എമ്മിനുനേരെ തിരിഞ്ഞു– ഇതില്‍ ഏതാണ് സംഭവിച്ചതെന്ന് വ്യക്തമാക്കേണ്ടത് മോഡിതന്നെയാണ്. സംസ്ഥാനത്ത് സംഭവിക്കുന്നത് മോഡി പറഞ്ഞ കാര്യങ്ങളല്ല. യുഡിഎഫ് സര്‍ക്കാര്‍ തണലില്‍ സിപിഐ എം പ്രവര്‍ത്തകരെ അരുംകൊല ചെയ്യുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ആര്‍എസ്എസും മത്സരിക്കുകയാണ്. ഈ അടുത്തുമാത്രം 27 സിപിഐ എം പ്രവര്‍ത്തകരാണ് ദാരുണമായി കൊല്ലപ്പെട്ടത്. എട്ടുവയസ്സുകാരന്‍ ഫഹദ്മുതല്‍ 68 വയസ്സുള്ള കണ്ണൂരിലെ സരോജിനിയമ്മവരെയുള്ളവര്‍ കൊല്ലപ്പെട്ടവരില്‍പ്പെടും. ഇതില്‍ 17 പേരെ കൊന്നത് ആര്‍എസ്എസാണ്. അഞ്ചുപേരെ കോണ്‍ഗ്രസുകാരും എന്തിനേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍തന്നെ കൊല്ലുന്ന ഭീതിദമായ അവസ്ഥയ്ക്കും കേരളം സാക്ഷ്യംവഹിച്ചു. തൃശൂരില്‍ മൂന്ന് കോണ്‍ഗ്രസുകാരാണ് ഗ്രൂപ്പുവൈരത്തെതുടര്‍ന്ന് കോണ്‍ഗ്രസ് ഗുണ്ടകളുടെ കൊലക്കത്തിക്ക് ഇരയായത്.

ഈ സത്യം പറഞ്ഞാല്‍, അക്രമരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്‍ താന്‍തന്നെയാണെന്ന് മോഡിക്ക് സമ്മതിക്കേണ്ടിവരും. പാര്‍ടി ഓഫീസിലെ തൂപ്പുകാരിയെ കൊന്ന് ചാക്കില്‍ കെട്ടാന്‍പോലും മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്ന് വിളിച്ചുപറയേണ്ടി വരും. മോഡി അത് പറയില്ല. രാഷ്ട്രപിതാവിനെ കൊന്ന നാഥുറാം വിനായക് ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയുന്നവരുടെ നേതാവാണ് അദ്ദേഹം. ഗാന്ധിവധത്തില്‍ ആഹ്ളാദിച്ച് മധുരപലഹാരം വിതരണം ചെയ്തവരാണ് ആര്‍എസ്എസ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊല ഗുജറാത്തിലാണുണ്ടായത്. 2002ല്‍ ഔദ്യോഗികകണക്കനുസരിച്ചുതന്നെ രണ്ടായിരത്തിലധികംപേര്‍ കൊല്ലപ്പെട്ടു. അന്ന് നരേന്ദ്ര മോഡിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. ശൂലവുമേന്തി മരണനൃത്തം നടത്തിയവര്‍ സ്ത്രീകളെയും കുട്ടികളെയും ഗര്‍ഭിണികളെയുമൊന്നും വെറുതെ വിട്ടില്ല. അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ ആയിരുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ ആസൂത്രണംചെയ്ത കേസില്‍ കോടതിയുടെ ആനുകൂല്യത്തിലാണ് അമിത്ഷാ ഇന്നും സ്വൈരവിഹാരം നടത്തുന്നത്.  2002ലെ മുസ്ളിംവിരുദ്ധകലാപം ഉണ്ടായിരുന്നില്ലെങ്കില്‍ മോഡി ഗുജറാത്തില്‍ വീണ്ടും അധികാരത്തില്‍ വരില്ലായിരുന്നു. മനുഷ്യന്റെ ചോരയിലും നിലവിളിയിലും കെട്ടിപ്പടുത്ത സ്ഥാനത്തിരുന്നുകൊണ്ടാണ്, അക്രമരാഷ്ട്രീയത്തെക്കുറിച്ച് മോഡി പ്രബന്ധം രചിക്കുന്നത്.

ഗുജറാത്തില്‍ മോഡിമന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ വലംകൈയായിരുന്ന മായ കോട്നാനി ജയിലിലാണ്. നരോദപാട്യ കൊലപാതകപരമ്പര ആസൂത്രണം ചെയ്തതിന്. കലാപം നടത്തിയവരും ഭരിക്കുന്നവരും പൊലീസുമെല്ലാം ഒരുമിച്ചായതുകൊണ്ട് മോഡി കേസുകളില്‍നിന്ന് ഒഴിവായി. കേരളത്തില്‍ എല്ലാ കേസും അട്ടിമറിക്കാന്‍ കുതന്ത്രങ്ങളൊരുക്കിയശേഷം, തനിക്കെതിരെ എന്ത് കേസെന്ന് ചോദിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വലിയ പതിപ്പാണ് മോഡി. ആ മോഡിയുടെ അനുയായികളാണ് കോഴിക്കോട്ട് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആജ്ഞാപിച്ചത്.

ഉമ്മന്‍ചാണ്ടിയില്‍നിന്ന് മോഡിക്കെതിരെ നട്ടെല്ലുള്ള നിലപാട് ആരും പ്രതീക്ഷിക്കുന്നില്ല. മിതത്വത്തിന്റെയും വിഷപ്പൂവിന്റെയും മൃദുലകഥകളുമായി അദ്ദേഹം ആര്‍എസ്എസ് പ്രീണനം തുടരുകയാണ്. പക്ഷേ, ഇടതുപക്ഷത്തിന് വെറുതെയിരിക്കാനാകില്ല. ആര്‍എസ്എസ് പ്രതിനിധാനംചെയ്യുന്ന വര്‍ഗീയരാഷ്ട്രീയത്തിനെതിരെയും നരാധമ പ്രത്യയശാസ്ത്രത്തിനെതിരെയുമുള്ള പോരാട്ടമാണ് ഇടതുപക്ഷം എക്കാലവും തുടര്‍ന്നിട്ടുള്ളത്. മോഡി വന്ന് ഭര്‍ത്സിച്ചാല്‍, ഭയന്നോടുന്നവരല്ല ഇടതുപക്ഷം. നുണകൊണ്ട് മൂടിയാല്‍ കളങ്കപ്പെടുന്നവരുമല്ല *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top