29 March Friday

തൊഴിലാളികളുടെ വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Mar 10, 2016

തൊഴിലാളികളുടെ ജീവിതനിക്ഷേപമായ ഇപിഎഫിലും കൈയിട്ടുവാരാനുള്ള മോഡിസര്‍ക്കാരിന്റെ നീക്കം ശക്തമായ ജനരോക്ഷത്തിന്റെ ഫലമായി ഉപേക്ഷിക്കേണ്ടിവന്നു. തൊഴിലാളികളുടെ 60 ശതമാനം പ്രോവിഡന്റ് ഫണ്ട്് നിക്ഷേപത്തിന് നികുതി ഈടാക്കാനുള്ള നിര്‍ദേശം പിന്‍വലിക്കുന്നെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രഖ്യാപനം മൂന്നരക്കോടിയിലധികം വരുന്ന ഇപിഎഫ് നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. പ്രോവിഡന്റ് ഫണ്ട്, സൂപ്പര്‍ ആന്വേഷന്‍ ഫണ്ട് എന്നിവയില്‍ തൊഴിലുടമകളുടെ വിഹിതത്തിന് ഒന്നരലക്ഷം രൂപ പരിധി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതോടെ പൂര്‍ണ നികുതിയിളവുള്ള നിക്ഷേപമായി പിഎഫ് തുടരും. പിഎഫ് നികുതി നിര്‍ദേശം പിന്‍വലിക്കേണ്ടിവന്നത് രോഹിത് വെമുല, ജെഎന്‍യു വിഷയത്തില്‍ മുഖംനഷ്ടപ്പെട്ട ബിജെപി സര്‍ക്കാരിന് കനത്ത ആഘാതമാണ്.

തൊഴിലാളികള്‍ക്ക് ജീവിതസായാഹ്നത്തില്‍ അത്താണിയാകുന്ന പിഎഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള മോഡിസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ട്രേഡ് യൂണിയനുകളും ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ കക്ഷികളും നടത്തിയ ശക്തമായ പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും ഫലമായാണ് തീരുമാനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുശേഷം അത് പിന്‍വലിക്കേണ്ടിവന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആദ്യം എതിര്‍പ്പുമായി രംഗത്തുവന്നത് കേന്ദ്ര ട്രേഡ് യൂണിയനുകളാണ്. സിഐടിയു, എഐടിയുസി എന്നീ ഇടതുപക്ഷ സംഘടനകള്‍ക്കുപിറകെ ഐഎന്‍ടിയുസിയും പ്രതിഷേധവുമായി രംഗത്തുവന്നു. അവസാനം കേന്ദ്രഭരണകക്ഷിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിനും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കേണ്ടിവന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ലമെന്റ് മന്ദിരത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇടതുപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിനുപുറമെ ജെഡിയു, കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ടികളും രംഗത്തുവന്നു. എന്‍ഡിഎയിലെ പ്രമുഖഘടകകക്ഷിയായ ശിവസേനയും അകാലിദളുംപോലും സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചപ്പോള്‍ തീരുമാനം പിന്‍വലിക്കുകയല്ലാതെ സര്‍ക്കാരിന് മുമ്പില്‍ മറ്റ് മാര്‍ഗമില്ലാതായി. പിഎഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ പ്രത്യേകിച്ചും ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തിയ പ്രചാരണം മോഡിസര്‍ക്കാരിന്റെ നവലിബറല്‍ മുഖം പിച്ചിച്ചീന്തുന്നതായിരുന്നു. അച്ചടി ദൃശ്യമാധ്യമങ്ങളെ മാത്രമല്ല, ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്, ഇ മെയില്‍ തുടങ്ങിയ നവമാധ്യമങ്ങളും ഉപയോഗിച്ച് കുറിക്കുകൊള്ളുന്ന പ്രചാരണമാണ് ഇവര്‍ നടത്തിയത്. 

ആദ്യമായാണ് ഇപിഎഫ് നിക്ഷേപത്തെ പലിശവലയില്‍ പെടുത്താന്‍ നീക്കം നടക്കുന്നത്. നവ ഉദാരവല്‍ക്കരണനയം ഇന്ത്യയില്‍ ഉദ്ഘാടനംചെയ്ത കോണ്‍ഗ്രസ് സര്‍ക്കാര്‍പോലും തൊഴിലാളികളുടെ വിയര്‍പ്പ് കാശിന് നികുതിചുമത്താന്‍ ധൈര്യം കാട്ടിയിരുന്നില്ല. എന്നാല്‍, കോണ്‍ഗ്രസിനേക്കാളും വലത്തോട്ട് നീങ്ങിയ മോഡിസര്‍ക്കാര്‍ അതിനും തയ്യാറായി. കോര്‍പറേറ്റുകള്‍ക്ക് വര്‍ഷം അഞ്ചുലക്ഷത്തിലധികം കോടി രൂപയുടെ ഇളവ് നല്‍കുന്ന സര്‍ക്കാരാണ് തൊഴിലാളികളുടെ പിഎഫ് നിക്ഷേപം കവരുന്നത് എന്ന പ്രചാരണം ശക്തമായി.

രാജ്യത്തെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങളുടെ ബലത്തില്‍ 1952ല്‍ എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ആക്ട് പാര്‍ലമെന്റ് പാസാക്കിയതും ഇപിഎഫ്ഒ നിലവില്‍വന്നതും. തൊഴിലാളികള്‍ നിര്‍ബന്ധമായും ഒരു നിശ്ചിത തുക ഇപിഎഫില്‍ നിക്ഷേപിക്കണമെന്നതും സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ അത് പലിശസഹിതം തരിച്ചുനല്‍കുന്നതുമാണ് ഈ പദ്ധതി. എന്നാല്‍, നരസിംഹറാവു സര്‍ക്കാര്‍ പുത്തന്‍ ഉദാരവല്‍ക്കരണ നയത്തിന് തുടക്കമിട്ടതോടെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഒന്നൊന്നായി തകര്‍ക്കാര്‍ ആരംഭിച്ചു. മൂന്നരക്കോടിയിലധികം വരുന്ന ഇപിഎഫ് നിക്ഷേകരുടേതായി ആറരലക്ഷം കോടി രൂപയാണ് ഇപിഎഫ്ഒയിലുള്ളത്. ഈ തുക ഓഹരികമ്പോളത്തിലേക്കും ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലുള്ള ദേശീയ പെന്‍ഷന്‍ പദ്ധതികളിലേക്കും മാറ്റാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ഇപിഎഫ്ഒ നിക്ഷേപത്തിന്റെ അഞ്ചുമുതല്‍ 15 ശതമാനം വരെ ഓഹരികമ്പോളത്തില്‍ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ത്തന്നെ തൊഴിലാളികളുടെ ലക്ഷകണക്കിനുവരുന്ന നിക്ഷേപം ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റാനും സമ്മര്‍ദം ശക്തമായി. പല സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റ് യോഗത്തിലും ഇത്തരമൊരു നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച കന്നി ബജറ്റില്‍ തൊഴിലാളികള്‍ ഇപിഎഫ്, ഇഎസ്ഐ പദ്ധതികളില്‍ ബന്ദികളാക്കപ്പെട്ടിരിക്കുകയാണെന്ന് നിരീക്ഷിച്ചു. ഈ പദ്ധതികളില്‍നിന്ന് തൊഴിലാളികള്‍ മോചനം ആഗ്രഹിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞതിന്റെ സാരം. തൊഴിലാളികളുടെ ഇപിഎഫ് പണം ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്കും ഇഎസ്ഐക്ക് പകരം സ്വകാര്യ കമ്പനികള്‍ നടത്തുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കും മാറ്റണമെന്നാണ് വാദമുയര്‍ന്നത്. 2015 മാര്‍ച്ച് 11ന് ചേര്‍ന്ന ഇപിഎഎഫ്ഒ യോഗത്തില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഈ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ഈ നീക്കങ്ങളുടെ തുടര്‍ച്ചയെന്നോണമായിരുന്നു പിഎഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ശ്രമം.

രോഹിത് വെമുല, ജെഎന്‍യു വിഷയങ്ങളില്‍ വിദ്യാര്‍ഥികളും യുവാക്കളും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പിഎഫ് വിഷയത്തില്‍ തൊഴിലാളികളും സര്‍ക്കാരിനെതിരെ തിരിയുകയാണെന്ന തിരിച്ചറിവില്‍നിന്നാണ് മോഡിയെ മുന്‍നിര്‍ത്തി ഒരു നാടകം കളിച്ച് ധനമന്ത്രി ഈ തീരുമാനം പിന്‍വലിച്ചത്. തീരുമാനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ രംഗത്തുവന്ന തൊഴിലാളികളുടെയും ഇടതുപക്ഷ– പ്രതിപക്ഷ കക്ഷികളുടെയും വിജയം തന്നെയാണിത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top