20 June Thursday

പ്രണയപ്പകയിൽ ഒടുങ്ങരുത്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020


 

പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ കൊലപ്പെടുത്തുന്ന യുവാക്കളുടെ ക്രൂരതയ്‌ക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്‌ കേരളം. പ്രേമനൈരാശ്യം ബാധിച്ച്‌ ഭ്രാന്തുപിടിച്ചവർ കൗമാരക്കാരായ പെൺകുട്ടികളെ കൊല്ലുന്നത്‌ നിത്യസംഭവമാകുന്നു. മലയാളികളുടെ ആത്മവിശ്വാസത്തെപ്പോലും ഉലയ്‌ക്കുന്നവിധം പ്രണയക്കൊലകൾ വർധിക്കുന്നു. വർത്തമാനകാലത്ത്‌ കേരളം നേരിടുന്ന വലിയ സാമൂഹ്യ വിപത്തായിക്കഴിഞ്ഞു ഈ പ്രണയ ഭീകരത. അടുത്ത ഇര ആരാകുമെന്ന ഭീതിയിലും നടുക്കത്തിലുമാണ്‌ പെൺകുട്ടികളുള്ള അച്ഛനമ്മമാർ കഴിയുന്നത്‌.

തിരുവനന്തപുരത്ത്‌ വീട്ടിൽ കയറി പെൺകുട്ടിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി യുവാവ്‌ ആത്മഹത്യ ചെയ്‌തത്‌ ഏതാനും ദിവസം മുമ്പാണ്‌. കഴിഞ്ഞദിവസം എറണാകുളം സ്വദേശിയായ പെൺകുട്ടിയെ കാട്ടിൽ കൊണ്ടുപോയി യുവാവ്‌ കൊലപ്പെടുത്തി. കൊച്ചിയിൽ നടുറോഡിൽ യുവാവിന്റെ കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്‌. സമാനമായ ഒട്ടേറെ സംഭവങ്ങളാണ്‌ അടുത്തിടെ നടന്നത്‌. ഈ പ്രണയപ്പകയുടെ അർഥമറിയാതെ പകച്ചുനിൽക്കുകയാണ്‌ സമൂഹം. നഷ്ടപ്രണയത്തെ ഉൾക്കൊള്ളാനാകാത്ത മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരാണ് ഈ കൊടുംക്രൂരത ചെയ്യുന്നവർ. സ്‌നേഹശൂന്യമായ അന്തരീക്ഷത്തിൽ വളർന്നവരും വ്യക്തിത്വ വൈകല്യമുള്ളവരും ആയിരിക്കും ഇവർ. മനസ്സിലുള്ളതൊന്നും ആരോടും പങ്കുവയ്‌ക്കാനാകാത്തവിധം സാമൂഹ്യ–-കുടുംബ ബന്ധങ്ങളിൽ വന്ന മാറ്റങ്ങളും ഇതിനു കാരണമാകാം. ആഗ്രഹിച്ചതെല്ലാം അപ്പപ്പോൾ നേടി വളർന്നവരും ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ പ്രേമം കിട്ടാതെ വരുമ്പോൾ പ്രതികാരദാഹികളായേക്കാമെന്ന്‌ മനഃശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

ഇഷ്ടം നിരസിച്ച പെൺകുട്ടി ജീവിച്ചിരിക്കേണ്ടെന്ന്‌ വിധിയെഴുതുകയാണ്‌ നഷ്ടപ്രണയികളായ യുവാക്കൾ. എനിക്ക്‌ കിട്ടാത്ത നീ ആർക്കും വേണ്ടെന്ന സ്വാർഥതയാണ്‌ അവരെ നയിക്കുന്നത്‌. പ്രണയം നിരസിക്കുന്നവരുടെയും പാതിയിൽ ഉപേക്ഷിക്കുന്നവരുടെയും മുഖത്ത്‌ ആസിഡ്‌ ഒഴിച്ചും മറ്റുമാണ്‌ മുമ്പ്‌  പ്രതികാരം ചെയ്‌തിരുന്നത്‌. പ്രതികാരബുദ്ധി  ഭ്രാന്തമാകുന്നതോടെ തന്നെ ഇഷ്ടപ്പെടാത്തവൾ ജീവിച്ചിരിക്കേണ്ട എന്ന്‌ ഉറപ്പിക്കുകയാണ്‌ സമനില തെറ്റിയ കാമുകന്മാർ.കടുത്ത ആണധികാര ബോധമാണ്‌ ഇവരെ നയിക്കുന്നത്‌. പുരുഷൻ ഇഷ്ടപ്പെട്ടാൽ സ്‌ത്രീ അതിനു സമ്മതിക്കണമെന്ന്‌ അവർ കരുതുന്നു. പ്രണയം നിരസിക്കുന്ന പെൺകുട്ടിയുടെ ഇടപെടൽ ഉൾക്കൊള്ളാൻ അവർ തയ്യാറാകുന്നില്ല.

സ്‌നേഹംകൊണ്ട്‌ വീർപ്പുമുട്ടിക്കുകയും കോപത്താൽ കടന്നാക്രമിക്കുന്നവരുമായിരിക്കും ഇവർ. അമിതമായ പ്രേമവും ഇഷ്ടവും കാണിക്കുന്ന ഇവരിൽ കൗമാരക്കാരായ പെൺകുട്ടികൾ ആകൃഷ്ടരാകാൻ എളുപ്പമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

പ്രണയ കൊലപാതകികൾ മനോവൈകല്യത്തിന്റെ പല തലങ്ങളിലൂടെ കടന്നുപോകുന്നവരാണെന്ന്‌ മനഃശാസ്‌ത്ര വിദഗ്‌ധർ പറയുന്നു. സ്‌നേഹംകൊണ്ട്‌ വീർപ്പുമുട്ടിക്കുകയും കോപത്താൽ കടന്നാക്രമിക്കുന്നവരുമായിരിക്കും ഇവർ. അമിതമായ പ്രേമവും ഇഷ്ടവും കാണിക്കുന്ന ഇവരിൽ കൗമാരക്കാരായ പെൺകുട്ടികൾ ആകൃഷ്ടരാകാൻ എളുപ്പമാണെന്ന്‌ വിലയിരുത്തപ്പെടുന്നു. ഇഷ്ടം കാണിക്കുന്ന പെൺകുട്ടികളുടെമേൽ ഈ കാമുകന്മാർ വൈകാതെ അധികാരം സ്ഥാപിക്കും. പെൺകുട്ടി എന്തു വസ്‌ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം, എന്തുകൊണ്ട്‌ ഫോൺ എടുക്കാൻ വൈകി, ഓൺലൈനിൽ ആരോടാണ്‌ ചാറ്റ്‌ ചെയ്‌തത്‌ എന്നിങ്ങനെ പല കാര്യത്തിലും കർശനമായ നിബന്ധനകളും ചോദ്യങ്ങളും അടിച്ചേൽപ്പിക്കും. അതിരുകടന്ന ദേഷ്യം കാണിക്കും. പിണങ്ങും. പിന്നീട്‌ എല്ലാത്തിനും കുമ്പസരിക്കും. നീയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന്‌ ആണയിടും... ഇങ്ങനെ പലതരത്തിൽ അതിരുവിട്ട മാനസികനില പ്രകടിപ്പിക്കുന്ന കാമുകന്മാരെ സഹിക്കാനാകാതെ ഒഴിഞ്ഞുപോകാൻ ശ്രമിച്ചാലും പ്രണയിക്കാൻ തയ്യാറായില്ലെങ്കിലും ഇവർ പ്രതികാരം ചെയ്‌തേക്കാമെന്ന്‌ മനഃശാസ്‌ത്രം പറയുന്നു.

കുട്ടികളുടെ കൗമാരകാലത്ത്‌ അച്ഛനമ്മമാർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന്‌ പ്രണയ കൊലപാതകങ്ങൾ മുന്നറിയിപ്പു നൽകുന്നു. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ അംഗീകരിക്കാനും പെൺകുട്ടികളെ തുല്യരായി കാണാനും ആൺകുട്ടികൾ കുടുംബത്തിൽനിന്നു തന്നെ പഠിക്കേണ്ടതുണ്ട്‌. കുടുംബത്തിലും സമൂഹത്തിലും പെൺകുട്ടികൾ തുല്യപരിഗണനയുള്ളവരാണെന്ന്‌ അച്ഛനമ്മമാർ ആൺകുട്ടികളെ ബോധ്യപ്പെടുത്തണം. മറ്റുള്ളവരുടെ വികാരങ്ങൾ അംഗീകരിക്കാനും വിയോജിക്കുന്നവരോട്‌ ദേഷ്യമില്ലാതെ പെരുമാറാനും ആൺകുട്ടികൾ പഠിക്കണം.

എന്തും തുറന്നുപറയാനുള്ള ആത്മബന്ധം കുട്ടികളുമായി അച്ഛനമ്മമാർ ഉണ്ടാക്കിയെടുക്കണം. കൗമാരകാലത്ത്‌ ശരീരത്തിലും മനസ്സിലും വരുന്ന മാറ്റങ്ങളെക്കുറിച്ച്‌ അവരോട്‌ സംസാരിക്കണം. പെൺകുട്ടികൾക്ക്‌ പ്രണയമടക്കം ജീവിതത്തിലെ എല്ലാ കാര്യവും വീട്ടിൽ പങ്കുവയ്‌ക്കാൻ കഴിയുംവിധം ആത്മബന്ധം വളർത്തണം. പ്രണയവും അടുപ്പവും കാണിക്കുന്നവരെ സൂക്ഷിച്ച്‌ പഠിക്കാൻ പെൺകുട്ടികൾക്ക്‌ അറിവും പക്വതയും പകരണം. ആക്രമണോത്സുകമായ പ്രണയത്തിന്റെ  സൂചന കിട്ടുമ്പോൾ അത്തരം ബന്ധം ഉപേക്ഷിക്കാൻ പെൺകുട്ടികളെ പ്രാപ്‌തരാക്കണം. ഹൈസ്‌കൂൾ–-പ്ലസ്‌ ടു തലങ്ങളിലെ പാഠ്യപദ്ധതിയിൽ ഇത്തരം കാര്യങ്ങൾ വിശദമായി ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഭ്രാന്തൻ കാമുകന്മാരുടെ കൊലക്കത്തിയിൽനിന്ന്‌ പെൺകുട്ടികളെ കാത്തുസൂക്ഷിക്കുന്നതിന്‌ ഫലപ്രദമായ ഇടപെടലുകൾ കൂടിയേ തീരൂ. പ്രേമക്കൊലകളിൽനിന്ന്‌ കേരളത്തെ മോചിപ്പിക്കുന്നതിന്‌ സാമൂഹ്യമായ ചികിത്സ അത്യാവശ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top