19 April Friday

മതം അടിസ്ഥാനമാക്കി പൗരത്വമോ?

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

ഭരണഘടനയുടെ അടിസ്ഥാന ധാർമികതയിൽത്തന്നെ കത്തിവച്ചുകൊണ്ടാണ് പൗരത്വ നിയമഭേദഗതി ബിൽ ലോക‌്സഭ ചൊവ്വാഴ‌്ച പാസാക്കിയത്. മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൗരത്വം അനുവദിക്കാനും നിഷേധിക്കാനും വ്യവസ്ഥചെയ്യുന്ന ഈ ബിൽ എതിർപ്പുകൾക്കിടയിലും നിയമമാക്കുകയായിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളായ മുസ്ലിങ്ങൾക്കുമാത്രം പൗരത്വം നിഷേധിക്കുന്നതാണ് നിയമം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ ബില്ലിനെതിരെ വൻ പ്രതിഷേധമുയരുന്നതിനിടയിലും തിരക്കിട്ട്‌ ബിൽ പാസാക്കുകയാണ്‌ കേന്ദ്ര സർക്കാർ ചെയ്‌തത്‌. ബില്ലിൽ പ്രതിഷേധിച്ച്‌ അസം ഗണപരിഷത്ത്‌ ബിജെപി സഖ്യം വിട്ടു. വിവിധ സംഘടനകൾ അനിശ്ചിതകാല റോഡ്‌ ഉപരോധം തുടങ്ങിക്കഴിഞ്ഞു. മേഘാലയയിലും പ്രതിഷേധം ശക്തിപ്പെടുകയാണ്‌. ബിൽ പാസാക്കരുതെന്ന്‌ അവിടെ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ബില്ലിനെപ്പറ്റി അഭിപ്രായം തേടി സംസ്ഥാനങ്ങൾ സന്ദർശിച്ച സംയുക്ത പാർലമെന്ററി സമിതിക്കും ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്നു. ഗുജറാത്തിലും രാജസ്ഥാനിലും പ്രതിഷേധമുണ്ടായി. അസമിലായിരുന്നു ഏറ്റവും ശക്തമായ എതിർപ്പ്‌. അത്‌ കമ്മിറ്റിക്ക‌് ബോധ്യപ്പെട്ടു. സമിതിയിലെ അംഗങ്ങളായ സിപിഐ എം, തൃണമൂൽ, സമാജ്‌വാദി പാർടി പ്രതിനിധികൾ സമിതി റിപ്പോർട്ടിൽ വിയോജനക്കുറിപ്പ്‌ എഴുതിയിരുന്നു. അസമിൽ വീണ്ടും സന്ദർശനംനടത്തിയശേഷമേ റിപ്പോർട്ട്‌ നൽകാനാകൂ എന്ന നിലപാടും അവർ സ്വീകരിച്ചു. എന്നാൽ, കമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ ബിജെപി  പ്രതിപക്ഷാംഗങ്ങളുടെ നിർദേശങ്ങൾ എല്ലാം തള്ളി റിപ്പോർട്ട്‌ അംഗീകരിക്കുകയായിരുന്നു. ബിജെപിക്ക്‌ ഇക്കാര്യത്തിൽ അത്രയേറെ തിരക്കുണ്ട്‌. തെരഞ്ഞെടുപ്പിനുമുമ്പ്‌ അവർക്ക്‌ ഈ മതധ്രുവീകരണ ബിൽ പാസാക്കിയേ തീരൂ.

ബില്ലിന്റെ രണ്ടാംവകുപ്പിലാണ്‌ മൂന്നു രാജ്യങ്ങളെപ്പറ്റിയും ആറ്‌ സമുദായങ്ങളെപ്പറ്റിയും പരാമർശമുള്ളത്‌. പാകിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെപ്പറ്റിയും ഹിന്ദു, ജൈന, സിഖ്‌, ക്രൈസ്‌തവ, ബുദ്ധ, പാഴ്‌സി മതക്കാരെപ്പറ്റിയും ഇവിടെ പറയുന്നു . ഇവർക്ക്‌ ഇന്ത്യൻ പൗരത്വം നൽകുമെന്ന്‌ ബിൽ പറയുന്നു. അതിനർഥം ഈ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളെ ഒഴിവാക്കുമെന്നുതന്നെ. രാജ്യങ്ങളുടെയും സമുദായങ്ങളുടെയും പേരുകൾ ഈ വകുപ്പിൽനിന്ന്‌ ഒഴിവാക്കണം എന്നാണ്‌ സംയുക്ത പാർലമെന്ററി സമിതിയിൽ എംപിമാർ ആവശ്യപ്പെട്ടത്‌. മതത്തെ പൗരത്വവുമായി ബന്ധിപ്പിക്കരുത്‌. മറ്റ്‌ രാജ്യങ്ങളെപ്പറ്റിയുള്ള പരാമർശങ്ങളും ഒഴിവാക്കിയാലേ റിപ്പോർട്ട്‌ അംഗീകരിക്കാനാകൂ എന്നും പറഞ്ഞിരുന്നു. ഇതൊക്കെ തള്ളിയാണ്‌ സഭ പിരിയുന്ന ദിവസം ബിൽ ബിജെപി സർക്കാർ പാസാക്കിയെടുത്തത്‌.

മുസ്ലിങ്ങൾക്ക് അവകാശം നിഷേധിക്കാൻ  മാത്രമല്ല  ഈ ബിൽ. മൊത്തം ഹിന്ദുക്കളുടെ സംരക്ഷകരാണ്‌ ബിജെപി ഭരണം എന്ന പ്രതീതി വളർത്തുക എന്ന ലക്ഷ്യംകൂടി ഇതിനുണ്ട്‌. പാകിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ മുസ്ലിം രാജ്യങ്ങളിൽ അവിടത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ല എന്ന കുറ്റപ്പെടുത്തലും ഈ നിയമത്തിലൂടെ പരോക്ഷമായി  സാധ്യമാക്കുന്നു. വിഭജനകാലത്തെ അനീതി തിരുത്താനാണ്‌ ബിൽ എന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി അസമിൽ പ്രസംഗിച്ചത്‌. എന്നാൽ, യഥാർഥത്തിൽ ജനങ്ങൾക്കിടയിൽ പുതിയൊരു വിഭജനം വിതച്ച്‌ വോട്ടുതട്ടാൻ കഴിയുമോ എന്ന ദുരുദ്ദേശ്യത്തോടെയുള്ള നീക്കമാണിത്.

അസമിലെ ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശികളായി മുദ്രകുത്തി ഒഴിവാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ഇവരിൽ ബഹുഭൂരിപക്ഷവും മുസ്ലിങ്ങൾ ആണെന്നതും ബിജെപിക്ക്‌ സൗകര്യമായി.  അസമിൽ കൂടുതൽ ശക്തമായ പ്രതിഷേധം ഉയരുന്നതിന് കാരണമുണ്ട് . 1979മുതൽ 85വരെ നീണ്ട കലാപത്തിനിടയാക്കിയ മുഖ്യപ്രശ്‌നം പൗരത്വം നിർണയിക്കാനുള്ള അടിസ്ഥാനവർഷം 1955 ആയി നിശ്ചയിച്ചതായിരുന്നു. സിപിഐ എം അടക്കം പല പാർടികളും ഇതിനെ എതിർത്തു. 1971 മാർച്ച് 24നാണ്‌ ബംഗ്ലാദേശ്‌ നിലവിൽവന്നത്‌. അതുകൊണ്ട്‌ ഈ തീയതി വേണം പൗരത്വം നിശ്ചയിക്കാനുള്ള അടിസ്ഥാനതീയതി എന്ന നിലപാട്‌ പാർടി എടുത്തു. 1985ലെ അസം കരാറിൽ ഇത്‌ അംഗീകരിക്കപ്പെട്ടു. അസം ഇന്നത്തെ ശാന്തതയിലേക്ക്‌ മടങ്ങിയത്‌ അതോടെയാണ്‌. എന്നാൽ, ഈ കരാറിനെത്തന്നെ അട്ടിമറിക്കുന്നതാണ്‌ പുതിയ ബിൽ. അത്‌ അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആകെയും  വീണ്ടും അശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കും എന്ന് വ്യക്തമായിക്കഴിഞ്ഞു.

ഭരണഘടന, പാർലമെന്റ്‌, നീതിന്യായവ്യവസ്ഥ ഇവയെല്ലാം മറികടന്ന്‌ വോട്ടുമാത്രം ലക്ഷ്യമിട്ടുള്ള നടപടികളിൽ അവസാനത്തേതാകില്ല ബിജെപിയുടെ ഈ നീക്കം. തെരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ സമൂഹത്തിൽ മതവിഭജനത്തിലൂടെ ഹിന്ദു വോട്ടുബാങ്ക്‌ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി അവർ ഇനിയും വരും. അടുത്ത തെരഞ്ഞെടുപ്പിൽ ഈ ഭരണത്തെ പിഴുതെറിയാൻ ശക്തമായ മുന്നേറ്റത്തിന്റെ ആവശ്യകതയ്‌ക്ക്‌ അടിവരയിടുന്നതാണ്‌ ഈ നീക്കങ്ങൾ ഓരോന്നും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top