25 April Thursday

കോണ്‍ഗ്രസിന്റെ തൊണ്ടകടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 10, 2018


തൊണ്ടകടി പ്രത്യേക തരം അസുഖമാണ്. പനമ്പള്ളിയുടെ തൊണ്ടകടി എന്ന ശീര്‍ഷകത്തില്‍ കൌമുദിയില്‍ പത്രാധിപര്‍ കെ ബാലകൃഷ്ണന്‍ ഒരു മുഖപ്രസംഗമെഴുതിയിരുന്നു. ... പ്രാണഭയത്തോടെ പ്രതിപക്ഷത്തെ ആക്രമിക്കുമ്പോഴാണ് പനമ്പള്ളി ശൈലി വിശ്വരൂപം കൊള്ളുന്നത്. പിന്നെ ഉപമകളുടെ ഒരു ഘോഷയാത്രയാണ്. രാഷ്ട്രീയ സംഘടനകളെ മദാലസയായ വേശ്യകളായും രാഷ്ട്രീയനേതാക്കളെ കരുണയിലെ ചെട്ടിയാന്മാരായും അദ്ദേഹം കണ്ടുതുടങ്ങി. അദ്ദേഹത്തിന്റെ ഉപമകള്‍ക്ക് അങ്ങനെയൊരു പ്രത്യേക വാസനയുണ്ട്. എങ്ങനെയുണ്ടായതെന്ന് നിശ്ചയമില്ല. പക്ഷേ, നാക്കിലാദ്യമൂറുന്നത് വേശ്യാഗൃഹത്തെ ചുറ്റിപ്പറ്റിയുള്ള ഉപമയായിരിക്കും.’കെ ബാലകൃഷ്ണന്റെ ഈ വാക്കുകള്‍ക്ക് കാലികപ്രസക്തിയുണ്ടാകുന്നത് കോണ്‍ഗ്രസിന്റെ അഭിനവ നേതാക്കളും നേതൃത്വമാകെത്തന്നെയും ഈ നാടിന്റെ ചരിത്രത്തിനും സംസ്കാരത്തിനും നേരെ തുടര്‍ച്ചയായി നടത്തുന്ന നികൃഷ്ടമായ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്. എ കെ ജിയെയും സുശീല ഗോപാലനെയും പോരാളികളെ ഭരണകൂടത്തിന്റെ ദംഷ്ട്രകളില്‍നിന്ന് ഒളിപ്പിച്ചുവച്ച ധീര വനിതകളെയും പുത്തന്‍ കോണ്‍ഗ്രസ് ആക്രമിക്കുന്നത് പനമ്പള്ളിക്ക് സഹജമെന്ന് കെ ബാലകൃഷ്ണന്‍ വിശേഷിപ്പിച്ച ഉപമാ വാസനയോടെയാണ്. കോണ്‍ഗ്രസിന്റെ തൃത്താല എംഎല്‍എ തുടങ്ങിവച്ച ആ ശൈലി ആ പാര്‍ടിയുടെ കുറെയേറെ നേതാക്കളും അനുയായികളും കൂടുതല്‍ ശക്തിയോടെ ഏറ്റെടുത്തിരിക്കുന്നു.

എ കെ ജി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പ് നേതാവായിരുന്നു. കേരളത്തിന് കമ്യൂണിസ്റ്റ് നേതാവും കാല്‍നൂറ്റാണ്ടുകാലത്തെ പാര്‍ലമെന്റ് അംഗവും മാത്രമല്ല എ കെ ജി. ഈ നാടിന്റെ മനുഷ്യജീവിതവും സാധാരണ മനുഷ്യന്റെ സാമൂഹിക ജീവിതവും പുരോഗമനാത്മകമായി കരുപ്പിടിപ്പിക്കുന്നതിന് ത്യാഗോജ്വലമായ ഇടപെടല്‍ നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവാണ്. കോണ്‍ഗ്രസിന്റെ കൊടിപിടിച്ച് ഗ്രാമഗ്രാമാന്തരങ്ങള്‍ സഞ്ചരിച്ച് സാമ്രാജ്യവിരുദ്ധ സമരം നയിച്ച സ്വാതന്ത്യ്ര സമര യോദ്ധാവാണ്. ചെങ്കൊടിയേന്തി നാടും നഗരവും തടവറയും പാവങ്ങള്‍ക്കുവേണ്ടി പോര്‍നിലമാക്കിയ പടത്തലവനാണ്. രാജ്യത്തിന്റെ ഏതുകോണില്‍ ചെന്നാലും എ കെ ഗോപാലനെക്കുറിച്ച് ആവേശത്തോടെ ഓര്‍ക്കുന്ന ഒരു തലമുറയുണ്ട്. ക്രൂരമായ കുടിയിറക്കലുകള്‍ക്ക് ഇന്ന് ആരെങ്കിലും മടിച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അമരാവതിയിലും കൊട്ടിയൂരിലും എ കെ ജി കൊളുത്തിയ സമരാഗ്നിയുടെ ചൂടുകൊണ്ടാണത്്. അങ്ങനെ ഒരു ജനതയുടെ, നാടിന്റെ ചരിത്രത്തില്‍ അതുല്യ സ്ഥാനീയനായ നേതാവിനെ ഒരു ദിവസം ഒരു ജനപ്രതിനിധി അകാരണമായി ഹീനഭാഷയില്‍ അധിക്ഷേപിക്കുകയാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പച്ചക്കള്ളം പറയുകയാണ്. എ കെ ജിയോടൊപ്പം സമരഭൂമികളില്‍ സഖാവായും സഹപ്രവര്‍ത്തകയായും ഓടിയെത്തിയ കമ്യൂണിസ്റ്റുകാരിയാണ് സുശീല ഗോപാലന്‍. അവരിരുവര്‍ക്കും മേല്‍ ആക്ഷേപം ചൊരിയുന്നതിനൊപ്പം, സമരനായകരുടെയാകെ ഒളിവുജീവിതത്തിലേക്ക് അശ്ളീലത്തിന്റെ ചെളിവാരിയെറിയാന്‍കൂടി തയ്യാറായിരിക്കുന്നു കോണ്‍ഗ്രസ് എംഎല്‍എ.

പ്രതികരണം രൂക്ഷമാകുമ്പോഴും കൂടുതല്‍ പ്രകോപനത്തിലേക്കാണ് എംഎല്‍എ നീങ്ങുന്നത്. സിപിഐ എമ്മിന്റെ സ്ഥാപക നേതാവും എ കെ ജിയുടെ സഹപ്രവര്‍ത്തകനുമായ വി എസിനെ ഒളിഞ്ഞുനോട്ടക്കാരന്‍’എന്ന് ആക്ഷേപിക്കുകയാണ് അയാള്‍. തനിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് പാരഡി രചിച്ച് ഒരു ജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന ഈ എംഎല്‍എയുടെ തൊണ്ടകടിക്ക് കോണ്‍ഗ്രസ് നേതൃത്വം ഒത്താശ ചെയ്ത് കൊടുക്കുന്നു. വീശിക്കൊടുക്കാന്‍ മുസ്ളിംലീഗില്‍നിന്ന് ആളുകളുണ്ടാകുന്നു. സമൂഹമാധ്യമങ്ങളില്‍ എന്തെല്ലാം പ്രസ്താവനകള്‍ വരുന്നു! ബല്‍റാം ചെയ്തത് തെറ്റാണെന്ന് പാര്‍ടി വ്യക്തമാക്കിക്കഴിഞ്ഞു. അതുതന്നെയാണ് അദ്ദേഹത്തിനെതിരെയുള്ള നടപടി എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിശദീകരണം. അതായത്, തീര്‍ത്തും നിസ്സാരമായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നതെന്ന്. അവിടെയാണ് പ്രശ്നം. കോണ്‍ഗ്രസിന്റെ ജീര്‍ണമായ അവസ്ഥയാണ്, ചരിത്രത്തോടുള്ള പുച്ഛവും രാഷ്ട്രീയകാപട്യവുമാണ് എംഎല്‍എയുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കുന്നത്. ”

ആരും വിമര്‍ശത്തിനതീതരല്ല. സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവയ്ക്കാതെ അവ പരസ്യമായി വിളിച്ചുപറയുന്നതിനെ കമ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുന്നുവെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഭിപ്രായം തുറന്നുപറയുക; വിയോജിപ്പുകള്‍ മറച്ചുവയ്ക്കാതെ ഉന്നയിക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരുടെ രീതി.

എതിരാളികളുടെ അഭിപ്രായസ്വാതന്ത്യ്രത്തെ വിലമതിക്കുകയും വിമര്‍ശത്തോടൊപ്പം സ്വയം വിമര്‍ശം നടത്തുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. അതുകൊണ്ടുതന്നെ, വിമര്‍ശം എത്ര വലുതായാലും അതിനുമുന്നില്‍ അവര്‍ ചൂളിപ്പോകുന്നില്ല. ഉന്നയിക്കുന്നത് ആരെന്നല്ല, വിമര്‍ശങ്ങള്‍ എന്ത് എന്നേ നോക്കാറുള്ളൂ. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇല്ലാത്ത സവിശേഷതയാണത്. വിമര്‍ശങ്ങളോട് സഹിഷ്ണുത കാണിക്കുക എന്നതിനര്‍ഥം ആക്ഷേപങ്ങളോടും വിലകെട്ട പ്രാക്കുകളോടും നുണകളോടും മൃദുസമീപനം സ്വീകരിക്കുക എന്നല്ല. നിലയ്ക്കു നിര്‍ത്തേണ്ടത് കോണ്‍ഗ്രസാണ്. അവര്‍ അതിന് തയ്യാറാകുന്നില്ല. അപ്പോഴാണ് എ കെ ജിയെയും സുശീലയെയും ഈ നാടിന്റെ മഹിതമായ പോരാട്ടപാരമ്പര്യത്തെയും സ്നേഹിക്കുന്നവര്‍ രൂക്ഷമായി പ്രതികരിക്കേണ്ടിവരുന്നത്. അത് കോണ്‍ഗ്രസ് ക്ഷണിച്ചുവരുത്തുന്ന പ്രതികരണമാണ്. ഇന്നത്തെ, അപക്വവും വിവേകശൂന്യവുമായ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതിലപ്പുറം എന്തെങ്കിലും കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ജനങ്ങള്‍ പരസ്യമായി’നിനക്കൊക്കെ തൊണ്ടകടിയാണ്’എന്ന് പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഉപമകള്‍കൊണ്ടും വിവരക്കേടുകൊണ്ടും നടത്തുന്ന വിസര്‍ജനം കോണ്‍ഗ്രസിന്റെ വളപ്പിലേക്കുതന്നെ തിരിച്ചു വലിച്ചെറിയാന്‍ തുടങ്ങിയിരിക്കുന്നു. നരേന്ദ്ര മോഡിയെ നീച് ആദ്മിയെന്നു വിളിച്ച കുറ്റത്തിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ കോണ്‍ഗ്രസിന്, മൂവര്‍ണക്കൊടിയുംകൊണ്ട് ത്യാഗസുരഭില സമരങ്ങള്‍ നയിച്ച എ കെ ജി ആക്ഷേപിക്കപ്പെടുമ്പോള്‍ കണ്ട് പ്രോത്സാഹിപ്പിക്കേണ്ടിവരുന്ന അവസ്ഥ അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗത്തിന്റേതാണ്. വെറും തൊണ്ടകടിയല്ല അത്- മാരകമായ അര്‍ബുദം മനസ്സിനെ ബാധിച്ചേതിന്റെ അസ്ക്യതയാണ്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top