25 April Thursday

നിർഭയയും ദിശയും

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഏഴുവർഷംമുമ്പ് തെക്കൻ ഡൽഹിയിലെ മുനീർക്കയിൽവച്ച് ഒരു പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് വിധേയയാക്കി കൊലപ്പടുത്തിയത്. ആ ഹതഭാഗ്യക്ക് നാം നിർഭയ(ഭയമില്ലാത്തവൾ) എന്ന് പേരിട്ടുവിളിച്ചത് ഇനിയെങ്കിലും സ്ത്രീകൾക്ക് ഭയമില്ലാതെ രാജ്യത്ത് ജീവിക്കാൻ കഴിയുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു. അതിനായി രാജ്യത്തെ ക്രിമിനൽ ശിക്ഷാ നിയമങ്ങൾ കർക്കശമാക്കുകയുംചെയ്‌തു. അതുവരെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തുന്ന കുറ്റത്തിന് ജീവപര്യന്തമായിരുന്നു ശിക്ഷയെങ്കിൽ അത് വധശിക്ഷയായി ഉയർത്തി. എന്നാൽ, നിയമം കർക്കശമാക്കിയതുകൊണ്ടുമാത്രം സ്ത്രീകൾക്ക് നിർഭയമായി രാജ്യത്ത് ജീവിക്കാൻ കഴിയില്ലെന്ന് ഹൈദരാബാദിലും (ദിശ) ഉന്നാവിലും അഗർത്തലയിലും ആവർത്തിച്ച ബലാത്സംഗവും കൊലയും വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കൂട്ട ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെ വാർത്തകളാണ് നിമിഷം പ്രതി വന്നുകൊണ്ടിരിക്കുന്നത്. പിഞ്ചുകുരുന്നുകൾമുതൽ മുത്തശ്ശിമാർ വരെ പിച്ചിച്ചീന്തപ്പെടുകയാണ്.  പരിഷ്കൃതസമൂഹത്തിന് ഒട്ടും ഭൂഷണമായ കാര്യങ്ങളല്ല നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ ഈ കണ്ണീരിന് എന്നാണ് അവസാനം കാണുക?

പ്രതിരോധമന്ത്രി രാജ്നാഥ്സിങ്‌ ലോക്‌സഭയിൽ പറഞ്ഞതുപോലെ നിയമം കർക്കശമാക്കിയതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. നിർഭയ സംഭവത്തിന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽമാത്രം ഇക്കാര്യം വ്യക്തമാകും.  2017ലെ നാഷണൽ ക്രൈം ബ്യൂറോയുടെ റെക്കോഡ് അനുസരിച്ച് സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾക്ക് 3.59 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.   മൂന്നര ലക്ഷം കേസുകളിൽ വിചാരണ നടന്നത് 1.46 ലക്ഷം കേസുകളിൽ മാത്രമാണ്. ഇതിൽ 32,559 എണ്ണവും ബലാത്സംഗ കേസുകളായിരുന്നു. ശിക്ഷിക്കപ്പെട്ടത് 5822 കേസുകൾ മാത്രവും. അതായത് സ്ത്രീകൾക്കെതിരായ ആക്രമണസംഭവങ്ങളിൽ 32.2 ശതമാനം കേസുകളിൽമാത്രമാണ് ശിക്ഷ വിധിക്കപ്പെട്ടത്. മൂന്നിൽരണ്ട് കേസുകളിലും അക്രമികൾ രക്ഷപ്പെടുകയാണെന്നർഥം. ഈ കണക്കുകൾപോലും പുറത്തുവിടാൻ വിമുഖതകാട്ടുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മേൽപ്പറഞ്ഞ 2017ലെ വസ്‌തുതകൾപോലും ഈ വർഷംമാത്രമാണ് പുറത്തുവിട്ടത്.

വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾക്ക് അറുതിവരുത്താൻ രാജ്യത്തെ പൊലീസ് സംവിധാനത്തിനും നീതിന്യായവ്യവസ്ഥയ്‌ക്കും കഴിയുന്നില്ലെന്നർഥം. ഇപ്പോൾ ഏറെയും റിപ്പോർട്ട് ചെയ്യുന്നത് കൂട്ട ബലാത്സംഗങ്ങളും അതിനുശേഷമുള്ള ക്രൂരമായ കൊലപാതകങ്ങളുമാണ്. തെളിവ് നശിപ്പിക്കാൻവേണ്ടിയാണ് ഇരകളെ തീകൊളുത്തി കൊല്ലുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കേസുകളിൽ അധികൃതരുടെ ഭാഗത്തുനിന്ന്‌ ത്വരിതഗതിയിലുള്ള നീക്കങ്ങളാണ് വേണ്ടത്. എന്നാൽ, പല സ്ത്രീകളും പീഡനപരാതികളുമായി പൊലീസിനെ സമീപിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നതാണ് യാഥാർഥ്യം.  ഉന്നാവിൽ തീ കൊളുത്തിക്കൊന്ന യുവതി മാറി മാറി രണ്ട് പൊലീസ് സ്റ്റേഷനുകളിൽ തന്നെ പീഡിപ്പിക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തില്ലെന്നുമാത്രമല്ല, അവരെ ഇറക്കി വിടുകയാണ് ചെയ്‌തത്.  കേസെടുക്കാൻ കോടതി ഇടപെടേണ്ടിവന്നു.  എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതും കാര്യക്ഷമമായ അന്വേഷണം നടത്താത്തതുമാണ് പല കേസുകളിലും പ്രതികൾ രക്ഷപ്പെടാൻ അവസരമൊരുക്കുന്നത്.  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ശരിയായി നിരീക്ഷിക്കുന്നതുപോലെ നീതി ലഭ്യമാക്കുന്നതിലുള്ള കാലതാമസംതന്നെയാണ് പ്രധാന പ്രശ്നം.  നീതിന്യായസംവിധാനത്തിലുള്ള വിശ്വാസ്യത തകരുന്നതിന് പ്രധാന കാരണവും ഇതുതന്നെ.

ഈ ഘട്ടത്തിലാണ് ബലാത്സംഗം ചെയ്‌ത്‌ കൊല നടത്തുന്ന പ്രതികളെ മർദിച്ച് കൊല്ലണമെന്നും വന്ധ്യംകരിക്കണമെന്നും ഏറ്റുമുട്ടൽക്കൊലയ്‌ക്ക് വിധേയമാക്കണമെന്നുമുള്ള ആവശ്യം ഉയരുന്നതും ന്യായീകരിക്കപ്പെടുന്നതും. എന്നാൽ, ഏറ്റമുട്ടൽക്കൊലകൾക്കും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് കരുതാനാകില്ല.  പൊലീസിന്റെ കഴിവിന്റെ മികവായി ഹൈദരാബാദിലേത് ഉൾപ്പെടെയുള്ള ഏറ്റുമുട്ടൽക്കൊലകൾ വിലയിരുത്താനുമാകില്ല. മറിച്ച് പൊലീസിന്റെ കഴിവുകേട് മറച്ചുപിടിക്കാനുള്ള നീക്കമായേ ഇതിനെ വിലയിരുത്താൻ കഴിയൂ. സ്ത്രീകൾ പരാതിപ്പെടുന്ന നിമിഷംമുതൽ പൊലീസ് സജീവമായി ഇടപെട്ടിരുന്നുവെങ്കിൽ സ്ത്രീകൾക്കെതിരൊയ ആക്രമണങ്ങൾ പലതും തടയാനും നീതി ഉറപ്പുവരുത്താനും കഴിയുമായിരുന്നു. എന്നാൽ, സമൂഹത്തിൽ രൂഢമൂലമായ പുരുഷാധിപത്യസംസ്‌കാരത്തിൽനിന്ന്‌ മാറിനിൽക്കാൻ ഭരണസംവിധാനങ്ങൾക്കും അതിന്റെ തലപ്പത്തിരിക്കുന്നവർക്കും കഴിയുന്നില്ല. കമ്പോളവൽക്കൃതസമൂഹവും സിനിമകളും മാധ്യമങ്ങളും എല്ലാംതന്നെ ഈ പുരുഷാധിപത്യ സംസ്‌കാരത്തെയാണ് ഊട്ടിയുറപ്പിക്കുന്നതും. അതുകൊണ്ടുതന്നെ ബഹുമുഖസമരത്തിലൂടെമാത്രമേ സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾക്ക് അറുതിവരുത്താൻ കഴിയൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top